Saturday, August 24, 2019 Last Updated 30 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 17 Apr 2019 01.58 AM

ലോകകപ്പ്‌ ടീമില്‍ റായിഡുവും പന്തുമില്ല , വിമര്‍ശനം രൂക്ഷം

uploads/news/2019/04/302133/s2.jpg

ന്യൂഡല്‍ഹി: അമ്പാട്ടി റായിഡുവിനെ ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ്‌ ലോകകപ്പ്‌ സംഘത്തില്‍നിന്ന്‌ ഒഴിവാക്കിയ നടപടി അമ്പരപ്പിച്ചെന്നു ഗൗതം ഗംഭീര്‍. വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ്‌ പന്തിനെ ഒഴിവാക്കിയതിനെക്കാള്‍ ചര്‍ച്ച ചെയ്യേണ്ടത്‌ അമ്പാട്ടി റായിഡുവിനെ പുറത്തിരുത്തിയ നടപടിയാണെന്നും ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ പറഞ്ഞു. നാലാം നമ്പര്‍ ബാറ്റ്‌സ്മാനായി അമ്പാട്ടി റായിഡുവിനു നായകന്‍ വിരാട്‌ കോഹ്ലി മുന്‍തൂക്കം നല്‍കിയ ശേഷമാണു സെലക്‌ടര്‍മാരുടെ നടപടിയെന്നു ഗംഭീര്‍ ചൂണ്ടിക്കാട്ടി. ഏകദിനത്തില്‍ 48 റണ്‍ ശരാശരിയുള്ള ഒരു താരത്തെ ഒഴിവാക്കുന്നതിന്‌ ഒരു ന്യായീകരണവും കാണുന്നില്ലെന്നും ഗംഭീര്‍ പറഞ്ഞു.
അടുത്ത കാലത്തെ ചില മത്സരങ്ങളില്‍ റായിഡു നിറംമങ്ങിയതിന്റെ അടിസ്‌ഥാനത്തിലായിരുന്നു ലോകകപ്പ്‌ ടീമില്‍നിന്ന്‌ ഒഴിവാക്കിയത്‌. ലോകകപ്പ്‌ ടീമില്‍നിന്ന്‌ ഒഴിവാക്കിയതില്‍ ഋഷഭ്‌ പന്ത്‌ നിരാശപ്പെടേണ്ടെന്നും യുവതാരത്തിന്‌ ഇനിയും സമയമുണ്ടെന്നും ഗംഭീര്‍ പറഞ്ഞു. മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍ ഉള്‍പ്പെടെയുള്ളവര്‍ അമ്പാട്ടി റായിഡുവിനെ ഒഴിവാക്കിയതിനെ വിമര്‍ശിച്ചിരുന്നു.
ഫോമിലുള്ള അമ്പാട്ടി റായിഡുവിനേയും ഋഷഭ്‌ പന്തിനേയും ടീമില്‍ ഉള്‍പ്പെടുത്താത്തതാണു പ്രതിഷേധത്തിനു കാരണം. റായിഡുവിനെ എന്തുകൊണ്ടാണു ടീമില്‍ ഉള്‍പ്പെടുത്താത്തതെന്നു ചോദ്യവുമായി രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലും രംഗത്തെത്തിയിരുന്നു. ട്വിറ്റര്‍ പേജിലായിരുന്നു ഐ.സി.സിയുടെ ചോദ്യം. ഏകദിനത്തില്‍ സച്ചിന്‍ തെണ്ടുല്‍ക്കറേക്കാളും ബാറ്റിങ്‌ ശരാശരിയുള്ള റായിഡു ലോകകപ്പില്‍ വേണ്ടേ എന്നാണു ചോദ്യം. 20 ഇന്നിങ്‌സുകളില്‍ ഏറ്റവും കൂടുതല്‍ ബാറ്റിങ്‌ ശരാശരിയുള്ള താരങ്ങളുടെ പട്ടിക ഐ.സി.സി പങ്കുവച്ചിട്ടുണ്ട്‌. 47.05 റണ്‍ ശരാശരിയുള്ള റായിഡു നാലാം സ്‌ഥാനത്താണ്‌. 44.83 ശരാശരിയുള്ള സച്ചിന്‍ റായിഡുവിനു പിന്നിലാണ്‌. 59.57 ശരാശരിയുമായി വിരാട്‌ കോഹ്ലിയാണ്‌ ഒന്നാമത്‌. എം.എസ്‌ ധോണി (50.37), രോഹിത്‌ ശര്‍മ (47.39) എന്നിവരാണു രണ്ടും മൂന്നും സ്‌ഥാനങ്ങളില്‍. നാലാം പേസ്‌ ബൗളറെ ഉള്‍പ്പെടുത്താത്തതും മധ്യനിരയില്‍ റായിഡുവിനെ തഴഞ്ഞതും വിമര്‍ശനത്തിന്‌ ആക്കം കൂട്ടി. ഇംഗ്ലണ്ടിന്റെ മുന്‍ നായകനും കമന്റേറ്ററുമായ മൈക്കിള്‍ വോണിന്‌ ഋഷഭ്‌ പന്തിനെ തഴഞ്ഞതിനുള്ള കാരണം ഇനിയും ബോധ്യമായിട്ടില്ല.
ഇതു സംബന്ധിച്ച്‌ മൈക്കിള്‍ വോണ്‍ ട്വീറ്ററിലൂടെ പ്രതികരണം വ്യക്‌തമാക്കി. ''പന്തില്ലാത്ത ഇന്ത്യ വിവേകശൂന്യമായ സെലക്ഷനായെന്നു'' വോണ്‍ ട്വീറ്റ്‌ ചെയ്‌തു. മികച്ച ഫോമിലാണ്‌ എന്നുള്ളതും രണ്ടാം വിക്കറ്റ്‌ കീപ്പറാക്കാം എന്നതും പന്തിന്‌ അനുകൂല ഘടകങ്ങളായിരുന്നു. പരിചയസമ്പത്ത്‌ മുന്‍നിര്‍ത്തി ദിനേഷ്‌ കാര്‍ത്തിക്കിനെയാണു ടീമിലേക്കു പരിഗണിച്ചത്‌. പതിനഞ്ച്‌ അംഗ ടീമിനെ വിരാട്‌ കോഹ്ലിയാണു നയിക്കുക. രോഹിത്‌ ശര്‍മയാണ്‌ ഉപനായകന്‍. ദിനേഷ്‌ കാര്‍ത്തിക്കും ലോകേഷ്‌ രാഹുലും ടീമില്‍ ഇടംപിടിച്ചു. ജൂണ്‍ അഞ്ചിന്‌ ദക്ഷിണാഫ്രിക്കയുമായാണ്‌ ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. തിങ്കളാഴ്‌ച മുംബൈയില്‍ നടന്ന സെലക്ഷന്‍ കമ്മിറ്റി യോഗത്തിനു ശേഷമാണു ടീമിനെ പ്രഖ്യാപിച്ചത്‌. ഓസ്‌ട്രേലിയയ്‌ക്കെതിരേ മൊഹാലിയില്‍ നടന്ന ഏകദിനത്തില്‍ ഋഷഭ്‌ പന്ത്‌ വിക്കറ്റിനു പിന്നില്‍ പരാജയമായി. ആഷ്‌ടണ്‍ ടേണറിന്റെ സ്‌റ്റമ്പിങ്‌ പാഴാക്കിയ പന്ത്‌ ഓസീസിനു ജയിക്കാനുള്ള വഴിയൊരുക്കി. മൂന്ന്‌ സ്‌പിന്നര്‍മാരെ ഉള്‍പ്പെടുത്തിയതിനെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം.എസ്‌.കെ. പ്രസാദ്‌ ന്യായീകരിച്ചു. സ്‌പിന്നര്‍മാരാണ്‌ ഇന്ത്യയെ ജയിപ്പിച്ചു കൊണ്ടിരിക്കുന്നത്‌. ഓള്‍റൗണ്ടറുടെ സ്‌ഥാനത്തു രവീന്ദ്ര ജഡേജയും കളിക്കുന്നുണ്ടെന്ന്‌ എം.എസ്‌.കെ. പ്രസാദ്‌ പറഞ്ഞു. പേസര്‍മാരായ ഖലീല്‍ അഹമ്മദ്‌, നവദീപ്‌ സെയ്‌നി എന്നിവരുടെ പേരുകളും പരിഗണനയ്‌ക്കു വന്നിരുന്നു. ആവശ്യം വന്നാല്‍ അവരെ പരിഗണിക്കുമെന്നും എം.എസ്‌.കെ. പ്രസാദ്‌ പറഞ്ഞു. നാലാം നമ്പര്‍ ബാറ്റ്‌സ്മാന്റെ സ്‌ഥാനത്ത്‌ വിജയ്‌ ശങ്കറോ ദിനേഷ്‌ കാര്‍ത്തിക്കോ കളിക്കും. നാലാം നമ്പര്‍ സ്‌ഥാനം ഇന്ത്യയുടെ ദുര്‍ബല മേഖലയായിട്ട്‌ ഏറെനാളായി. ഇന്ത്യയുടെ വാലിനു നീളം കൂടുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നു. കുല്‍ദീപ്‌ യാദവ്‌, യുസ്‌വേന്ദ്ര ചാഹാല്‍, ജസ്‌പ്രീത്‌ ബുംറ, മുഹമ്മദ്‌ ഷമി എന്നിവരുടെ ബാറ്റിങ്‌ ശരാശരിയാണ്‌ ഇതിനു തെളിവ്‌. രവീന്ദ്ര ജഡേജ ബാറ്റിങ്ങില്‍ നിറംമങ്ങിയിട്ടു നാളുകളായി. മികച്ച ഫീല്‍ഡര്‍മാരുണ്ടെങ്കിലും ആകെക്കൂടി വിലയിരുത്തിയാല്‍ ഫീല്‍ഡിങ്ങില്‍ പിന്നാക്കമാണ്‌.

Ads by Google
Wednesday 17 Apr 2019 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW