Thursday, August 08, 2019 Last Updated 23 Min 6 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 01.25 AM

ബാബു പോളിന്‌ ഇന്നു വിട

uploads/news/2019/04/301697/k2.jpg

തിരുവനന്തപുരം: മുതിര്‍ന്ന ഐ.എ.എസ്‌. ഉദ്യോഗസ്‌ഥനും സാംസ്‌കാരിക മേഖലയിലെ സജീവ സാന്നിധ്യവുമായിരുന്ന ഡോ. ഡി. ബാബു പോളിനു (78) കേരളം ഇന്നു വിടപറയും. സ്വദേശമായ എറണാകുളം കുറുപ്പംപടിയിലെ സെന്റ്‌ മേരീസ്‌ കത്തീഡ്രലില്‍ ഇന്നു വൈകിട്ടാണു സംസ്‌കാരച്ചടങ്ങുകള്‍. ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. പ്രമേഹം മൂലമുണ്ടായ മുറിവില്‍ നിന്നുള്ള അണുബാധയെത്തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു.
ഉദ്യോഗസ്‌ഥ ഭരണത്തിലെ യാന്ത്രികതയെ ബുദ്ധിയും മനുഷ്യത്വവും കൊണ്ട്‌ മറികടന്ന ഐ.എ.എസ്സുകാരനായിരുന്നു ബാബു പോള്‍. ഇടുക്കി ജില്ല രൂപീകൃതമായപ്പോള്‍ ആദ്യ കലക്‌ടറായി നിയമിതനായ അദ്ദേഹം ഇടുക്കി ജലവൈദ്യുതി പദ്ധതിയുടെ പ്രോജക്‌ട്‌ കോ- ഓര്‍ഡിനേറ്ററായും പ്രവര്‍ത്തിച്ചു. അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയായി ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ചതിനു ശേഷം എഴുത്തുകാരന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും വ്യക്‌തിമുദ്ര പതിപ്പിച്ചു. ഭാര്യ അന്ന ബാബു പോള്‍ 19 വര്‍ഷം മുമ്പു മരിച്ചു. തുടര്‍ന്നു തിരുവനന്തപുരം കവടിയാറില്‍ തനിച്ചായിരുന്നു താമസം.
1964-ല്‍ ഐ.എ.എസ്‌. നേടി. ഇന്‍സ്‌റ്റിറ്റ്യൂഷന്‍ ഓഫ്‌ എന്‍ജിനീയേഴ്‌സ്‌, ഇക്കണോമിക്‌ ഡെവലപ്‌മെന്റ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ എന്നിവയില്‍ ഫെല്ലോ. സിവില്‍ സര്‍വീസില്‍ പ്രവേശിച്ചശേഷം ഹാന്‍ഡ്‌ലൂം ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍ മാനേജിങ്‌ ഡയറക്‌ടറായും പാലക്കാട്‌ ജില്ലാ കലക്‌ടറായും (1970-71) പ്രവര്‍ത്തിച്ചു.
കേരള സര്‍വകലാശാല വൈസ്‌ ചാന്‍സലര്‍, അഡീഷണല്‍ ചീഫ്‌ സെക്രട്ടറി (ചീഫ്‌ സെക്രട്ടറി റാങ്കില്‍), ടൂറിസം-സാംസ്‌കാരിക വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി, ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മിഷണര്‍, കൊച്ചിന്‍ പോര്‍ട്ട്‌ ട്രസ്‌റ്റ്‌ ചെയര്‍മാന്‍, ഫിനാന്‍സ്‌ സെക്രട്ടറി, കെ.എസ്‌.ആര്‍.ടി.സി. ചീഫ്‌ എക്‌സിക്യൂട്ടീവ്‌, ട്രാവന്‍കൂര്‍ ടൈറ്റാനിയം എം.ഡി. എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. തദ്ദേശ സ്‌ഥാപനങ്ങളുടെ ഓംബുഡ്‌സ്‌മാനായും മികച്ച സേവനം കാഴ്‌ചവച്ചു. കിഫ്‌ബി ഭരണസമിതിയംഗവുമായിരുന്നു.
മക്കള്‍: ചെറിയാന്‍ സി. പോള്‍ (ബംഗളുരു), മറിയം സി. പോള്‍. മരുമക്കള്‍: സതീഷ്‌ (ബിസിനസ്‌, എറണാകുളം), ദീപ. കേന്ദ്ര വ്യോമയാന സെക്രട്ടറിയും എയര്‍ ഇന്ത്യ ചെയര്‍മാനുമായിരുന്ന കെ. റോയി പോള്‍ സഹോദരനാണ്‌.
19-ാം വയസില്‍ രാജ്യാന്തര വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ പങ്കെടുക്കാനായി നടത്തിയ യൂറോപ്പ്‌ യാത്രയുടെ ഓര്‍മ്മകള്‍ അടങ്ങിയ ഒരു യാത്രയുടെ ഓര്‍മ്മകള്‍ ആയിരുന്നു ആദ്യപുസ്‌തകം. ആത്മകഥാംശമുള്ള സര്‍വീസ്‌ അനുഭവങ്ങള്‍ അടങ്ങിയ കഥ ഇതുവരെ 2001 ല്‍ പ്രസിദ്ധീകരിച്ചു. വേദശബ്‌ദരത്‌നാകരം എന്ന ബൈബിള്‍ വിജ്‌ഞാനകോശം വൈജ്‌ഞാനിക സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാഡമി പുരസ്‌കാരം നേടി. കവടിയാറിലെ വസതിയില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ മംഗളം സി.ഇ.ഒയും അസോസിയേറ്റ്‌ എഡിറ്ററുമായ ആര്‍. അജിത്‌കുമാര്‍ അന്തിമോപചാരം അര്‍പ്പിച്ചു.

Ads by Google
Sunday 14 Apr 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW