Thursday, August 22, 2019 Last Updated 32 Min 52 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 01.25 AM

അയ്യപ്പന്‍ ശരണം : കമ്മിഷന്റെ വിലക്ക്‌ കൂസാതെ ബി.ജെ.പി

uploads/news/2019/04/301696/k1.jpg

തിരുവനന്തപുരം/കോഴിക്കോട്‌ : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ കര്‍ശനനിര്‍ദേശങ്ങള്‍ അവഗണിച്ചും ശബരിമല സജീവചര്‍ച്ചയാക്കി ബി.ജെ.പി. നേതൃത്വം. വോട്ടെടുപ്പിന്‌ ഒന്‍പതു ദിവസം മാത്രം ശേഷിക്കേ, പ്രചാരണം ശബരിമല വിഷയത്തില്‍ ഊന്നാന്‍ എന്‍.ഡി.എ. സ്‌ഥാനാര്‍ഥികള്‍ക്കു നിര്‍ദേശം.
ദൈവത്തിന്റെ പേരില്‍ വോട്ട്‌ ചോദിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നാണു തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ നിലപാട്‌. വര്‍ഗീയത പറഞ്ഞു വോട്ട്‌ തേടുന്നതിനെ ശക്‌തമായി എതിര്‍ക്കുമെന്ന്‌ എല്‍.ഡി.എഫും ശബരിമല സജീവവിഷയമാണെങ്കിലും ശ്രദ്ധയോടെ കൈകാര്യ ചെയ്യുമെന്നു യു.ഡി.എഫും വ്യക്‌തമാക്കി. പ്രസംഗത്തില്‍ ശരണം വിളിച്ചും നാമജപഘോഷയാത്രകള്‍ നടത്തിയും പ്രചാരണം കൊഴുപ്പിക്കാനാണു ബി.ജെ.പി. സംസ്‌ഥാനനേതൃത്വം സ്‌ഥാനാര്‍ഥികള്‍ക്കു നല്‍കിയ നിര്‍ദേശം. ഹിന്ദു ഭൂരിപക്ഷമേഖലകളില്‍ ശബരിമല വിഷയമുന്നയിച്ചപ്പോള്‍ ശക്‌തമായ പിന്തുണ ലഭിച്ചെന്നാണു നേതാക്കള്‍ ബി.ജെ.പി. നേതൃത്വത്തെ അറിയിച്ചത്‌. ശബരിമല പ്രധാനവിഷയമാക്കണമെന്നു ദേശീയനേതാക്കളും അഭിപ്രായപ്പെട്ടതോടെയാണു തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ താക്കീത്‌ അവഗണിക്കാന്‍ ബി.ജെ.പി. തീരുമാനിച്ചത്‌. ബി.ജെ.പിക്കു പൂര്‍ണപിന്തുണയുമായി ശബരിമല കര്‍മസമിതിയും രംഗത്തുണ്ട്‌.
പ്രധാനമന്ത്രി നരേന്ദ്ര മോഡി കേരളത്തില്‍ എത്തിയതിനു പിന്നാലെയാണു ശബരിമല മുഖ്യപ്രചാരണവിഷയമാക്കാന്‍ ബി.ജെ.പി. തീരുമാനിച്ചത്‌. കോഴിക്കോട്ടെ പ്രസംഗത്തില്‍ ശബരിമല എടുത്തുപറയാതെ പ്രസംഗിച്ച മോഡി, കേരളത്തിനു പുറത്ത്‌ ഈ വിഷയം ശക്‌തമായ പ്രചാരണായുധമാക്കുകയാണ്‌. ഇന്നലെ തമിഴ്‌നാട്ടിലെ തേനിയില്‍ നടന്ന സമ്മേളനത്തിലും മോഡി ശബരിമല വിഷയം ഉന്നയിച്ചു. കോണ്‍ഗ്രസും മുസ്ലിം ലീഗും ശബരിമലയെവച്ച്‌ അപകടകരമായി കളിക്കുകയാണെന്നായിരുന്നു മോഡിയുടെ പരാമര്‍ശം. കര്‍ണാടകയിലെ മംഗലാപുരത്തും ബംഗളുരുവിലും തമിഴ്‌നാട്ടിലെ രാമനാഥപുരത്തും മോഡി ശബരിമല വിഷയം ഉന്നയിച്ചു. "ഞാന്‍ കഴിഞ്ഞ ദിവസം കേരളത്തിലായിരുന്നു. ഇടതുപക്ഷം ഭരിക്കുന്ന അവിടെ അയ്യപ്പനെക്കുറിച്ചു മിണ്ടാന്‍പോലും പറ്റാത്ത അവസ്‌ഥയാണ്‌. മിണ്ടുന്നവരെ ജയിലില്‍ അടയ്‌ക്കും". ശബരിമലയില്‍ യുവതീപ്രവേശം അനുവദിച്ച സുപ്രീം കോടതി വിധി പുനഃപരിശോധിക്കണമെന്നും മോഡി ആവശ്യപ്പെട്ടു.
മുമ്പു ശബരിമല വിഷയത്തില്‍ വ്യത്യസ്‌തനിലപാട്‌ പ്രകടിപ്പിച്ച ബി.ജെ.പി. സംസ്‌ഥാനാധ്യക്ഷന്‍ പി.എസ്‌. ശ്രീധരന്‍ പിള്ളയും ഇപ്പോള്‍ ഇക്കാര്യത്തില്‍ തീവ്രനിലപാടിലാണ്‌. തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിന്റെ പ്രാരംഭഘട്ടത്തില്‍ ശബരിമല വിഷയം ബി.ജെ.പി. ഉയര്‍ത്തിക്കൊണ്ടുവന്നെങ്കിലും തെരഞ്ഞെടുപ്പ്‌ കമ്മിഷന്റെ താക്കീതിനേത്തുടര്‍ന്ന്‌ മയപ്പെടുത്തിയിരുന്നു. എന്നാല്‍, വോട്ടെടുപ്പ്‌ അടുത്തതോടെ സാഹചര്യം മാറി. പത്തനംതിട്ടയില്‍ കെ. സുരേന്ദ്രനും തൃശൂരില്‍ സുരേഷ്‌ ഗോപിക്കും ലഭിക്കുന്ന പിന്തുണ ശബരിമല വിഷയത്തിലെ നിലപാടിനുള്ള സ്വീകാര്യതയാണെന്നു ബി.ജെ.പി. വിലയിരുത്തുന്നു. ഇതേത്തുടര്‍ന്നാണു പ്രകടനപത്രികയില്‍ ആചാരസംരക്ഷണം ഉള്‍പ്പെടുത്തിയത്‌.
ശബരിമല വിഷയത്തില്‍ ബി.ജെ.പിയുടെ വര്‍ഗീയനിലപാടിനെതിരേയാണ്‌ ഇടതുപക്ഷത്തിന്റെ പ്രചാരണം. വിശ്വാസികള്‍ക്കൊപ്പമാണെങ്കിലും വര്‍ഗീയതയ്‌ക്ക്‌ എതിരാണെന്ന നിലപാടിലാണു യു.ഡി.എഫ്‌. നേതൃത്വം.
ശബരിമല വിഷയത്തില്‍ വ്യക്‌തമായ നിലപാട്‌ കൈക്കൊള്ളാന്‍ യു.ഡി.എഫിനു കഴിഞ്ഞിട്ടില്ല. ശബരിമല വിഷയം ബി.ജെ.പി. കൂടുതല്‍ ചര്‍ച്ചയാക്കിയാല്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷനു പരാതി നല്‍കാന്‍ എല്‍.ഡി.എഫും യു.ഡി.എഫും തീരുമാനിച്ചിട്ടുണ്ട്‌. ദൈവത്തിന്റെ പേരില്‍ വോട്ട്‌ തേടിയാല്‍ ശക്‌തമായ നടപടിയുണ്ടാകുമെന്നാണു മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ടീക്കാ റാം മീണയുടെ മുന്നറിയിപ്പ്‌.
അതേസമയം, ശബരിമല കര്‍മസമിതി നേതാക്കള്‍ ഇന്നലെ ടീക്കാ റാം മീണയെ സന്ദര്‍ശിച്ചു. ശബരിമലയുമായി ബന്ധപ്പെട്ട സാമൂഹികവിഷയങ്ങള്‍ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചചെയ്യാന്‍ തടസമില്ലെന്നു മീണ അറിയിച്ചതായി കര്‍മസമിതി നേതാക്കള്‍ അവകാശപ്പെട്ടു. അയ്പ്പന്റെ ചിയത്രം ഉപയോഗിക്കുന്നതിനും മതസൗഹാര്‍ദം തകര്‍ക്കുന്ന പ്രചാരണത്തിനുമാണു വിലക്കുള്ളത്‌. ശബരിമലയിലെ പോലീസ്‌ നടപടിയെക്കുറിച്ചു പ്രചാരണം നടത്താന്‍ തടസമില്ലെന്നും നേതാക്കള്‍ അവകാശപ്പെട്ടു.

സി.എസ്‌. സിദ്ധാര്‍ത്ഥന്‍/എം. ബിജുശങ്കര്‍

Ads by Google
Sunday 14 Apr 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW