Thursday, August 22, 2019 Last Updated 50 Min 51 Sec ago English Edition
Todays E paper
Ads by Google
Sunday 14 Apr 2019 01.14 AM

സൗപര്‍ണ്ണിക

uploads/news/2019/04/301635/sun2.jpg

മരണം പതുങ്ങിയിരിക്കുന്ന സ്‌ഥലം.
വെടിമരുന്നുശാലയില്‍ പുതച്ചിരിക്കുന്ന മനുഷ്യര്‍. നേരിയ അഗ്നിയുടെ സ്‌പര്‍ശത്തില്‍ ഉരുകിത്തീരുന്ന മനുഷ്യര്‍...
ഒരുനാളും ഭീമന്‍ രാത്രിയില്‍ ഉറങ്ങിയില്ല.
കൈപ്പിഴമൂലം എന്തെങ്കിലും വന്നാലോ-
വിദുരര്‍ക്ക്‌ അറിയിക്കാന്‍ കഴിയാതെപോയാലോ?
ഭീമന്‍ ഗുഹപരിശോധിച്ച്‌ ഉറപ്പുവരുത്തിയിരുന്നു.
ഒരു വര്‍ഷം കഴിഞ്ഞുപോയി.
പാണ്ഡവര്‍ അഗ്നിപ്പുറത്തായിരുന്നു ഇത്രയുംനാള്‍...
ഒരു ദിവസം ഗുഹനിര്‍മിച്ച ഖനകന്‍ വിദുരന്റെ വാക്കനുസരിച്ച്‌ എത്തി.
രാത്രിയില്‍ ഭീമനെ വിളിച്ച്‌ രഹസ്യമായി പറഞ്ഞു.
''ഭീമ, ശ്രേഷ്‌ഠനായ വിദുരര്‍ പറഞ്ഞിട്ടാണ്‌ ഞാന്‍ വന്നത്‌. വരുന്ന കറുത്ത ചതുര്‍ദ്ദശിയില്‍ രാത്രിയില്‍ അരക്കില്ലത്തിന്‌ തീകൊളുത്താനാണ്‌ അവരുടെ നീക്കം. പുരോചനന്‍ ആയിരിക്കും അതു ചെയ്യുക. വേണ്ട മുന്‍കരുതലുകള്‍ എടുത്ത്‌ രക്ഷപ്പെടുക...''
രാത്രിതന്നെ ഖനകന്‍ സ്‌ഥലംവിട്ടു.
ഭയന്ന നാള്‍ വരാന്‍ അധികദിവസം ഇല്ല. കുന്തി പറഞ്ഞു.
''മകനേ... അന്ന്‌ ഒരു സദ്യ നടത്തിയാല്‍ നന്ന്‌. പരിസരത്തുള്ള എല്ലാപേരേയും വിളിച്ചുകൊള്ളുക...''
ധര്‍മ്മജനും ഭീമനും സമ്മതിച്ചു.
പുരോചനനും അതിഷ്‌ടമായി.
അവസാനത്തെ ആഗ്രഹമല്ലേ. അമ്മയും വീരന്മാരായ മക്കളും ഇന്നുരാത്രി അവസാനിക്കും. ആഗ്രഹത്തിന്‌ എതിരു നില്‍ക്കണ്ട. സദ്യയുടെ മറവില്‍ വേഗം കാര്യം നടത്തുകയും ചെയ്യാം. കുന്തിയും ധര്‍മജനും വിഭവസമൃദ്ധമായ സദ്യ നടത്തുന്ന വിവരം ചെവിക്കുചെവി പറഞ്ഞ്‌ അനവധി പേര്‌ അറിഞ്ഞു. സദ്യയുണ്ണാനും പാണ്ഡവരുമായി ചങ്ങാത്തം സ്‌ഥാപിക്കാനും അനേകം ആളുകള്‍ എത്തി.
ആ ദിവസം ഉത്സവമായിരുന്നു എല്ലാവര്‍ക്കും.
ഭീമന്റെ മനസ്‌ സദ്യയില്‍ ഉറച്ചുനിന്നില്ല. ദുര്യോധനന്റെ ദൂതന്മാരായി എത്തിയ രണ്ടു പേരിലായിരുന്നു ഭീമന്റെ കണ്ണ്‌. അവര്‍ പുരോചനന്‌ മുന്നറിവു കൊടുക്കാന്‍ വന്നവരാണെന്ന്‌ ഭീമന്‌ അറിയാം..... അവര്‍ തലേന്ന്‌ എത്തിയതുകൊണ്ടാണ്‌ പാണ്ഡവന്‌ ഉറക്കം പോയത്‌. അവരുമായി പുരോചനന്‍ രഹസ്യമായി സംസാരിക്കുന്നതും ഭീമന്‍ ശ്രദ്ധിച്ചിരുന്നു.
പിറ്റേന്ന്‌ ആ കൃത്യം നടത്താന്‍ പുരോചനന്‍ ഉറച്ചു. രാത്രിയില്‍ പാണ്ഡവരും അമ്മ കുന്തിയും ഉറങ്ങി കിടക്കുമ്പോള്‍ അരക്കില്ലത്തിന്‌ തീ കൊടുക്കുക. എല്ലാം ഒന്നോടെ വെന്തമരും. പുരോചനന്‍ പദ്ധതികള്‍ തയാറാക്കി വച്ചിരുന്നു.
പ്രഭാതം കഴിഞ്ഞതോടെ തന്നെ അനവധി ആളുകള്‍ എത്തി. ആ പുരുഷാരം പാണ്ഡവരെ വാഴ്‌ത്തി.സായാഹ്നമായി.
സദ്യയുണ്ട്‌ എല്ലാവരും പിരിഞ്ഞു.
സദ്യയുണ്ണാന്‍ വന്നവരില്‍ ഒരു നിഷാദിയും അഞ്ച്‌ മക്കളും ഉണ്ടായിരുന്നു. അവരന്നു പോകാതെ കൊട്ടാരത്തിന്റെ മറുതിണ്ണയില്‍ അന്തിയുറങ്ങാന്‍ തീരുമാനിച്ചു.
പതിവിലും നേരത്തെ ഇരുട്ടെത്തി വാരണാവതത്തെ പൊതിഞ്ഞു. നീലാകാശത്ത്‌ നക്ഷത്രം തീരെ ഇല്ലാതായി. സൂചികുത്തിയാല്‍ കയറുന്ന ഇരുട്ട്‌.....
ആദ്യയാമം കഴിഞ്ഞു.
കുന്തിയും മക്കളും നേരത്തെ കിടന്നിരുന്നു.
പുരോചനന്‍ വന്ന്‌ എല്ലായിടവും നോക്കി. തൃപ്‌തിയായി. പാണ്ഡവര്‍ കിടന്നുകഴിഞ്ഞു. പുരോചനനും കിടന്നു. രണ്ടാം യാമത്തിന്റെ മധ്യത്താണ്‌ ആ സംഹാരകര്‍മം.
ചൂട്ടുകറ്റകള്‍ ഒരുക്കി ഒതുക്കിവച്ചിട്ട്‌ ദുര്യോധനന്റെ ദൂതന്മാരും വിശ്രമിച്ചു.
പക്ഷേ, അവര്‍ പെട്ടെന്നുറങ്ങി. പുരോചനനും.
ആദ്യയാമം കഴിഞ്ഞു.
ഭീമന്‍ എഴുന്നേറ്റു.
ധര്‍മജനും കുന്തിയും ഉണര്‍ന്നു.
അവരേയും അനുജന്മാരെയും ഇരുട്ടില്‍ തന്നെ ഗുഹയ്‌ക്കകത്താക്കി. പരസ്‌പരം തിരിച്ചറിയാത്ത അന്ധകാരം. നിശ്വാസത്തെ പോലും അവര്‍ ഭയന്നു. പരസ്‌പരം തൊട്ടാല്‍ പോലും ഞെട്ടി. ശബ്‌ദം തൊണ്ടയില്‍ കുരുങ്ങി വിതുമ്പി.
എന്തൊരവസ്‌ഥ....
ഭീമന്‍ പുറത്താണ്‌. ഇരുട്ടില്‍ തപ്പി നടന്ന ഭീമന്‍ ദൂതന്മാരുടെ അടുത്തുനിന്ന്‌ ചൂട്ടുകറ്റകള്‍ എടുത്തു. അവയില്‍ തീ കൊടുത്തു. പുരോചനന്റെയും ദൂതന്മാരുടെയും സ്‌ഥലത്ത്‌ ആദ്യം തീ കൊളുത്തി. അരക്കില്‍ തീ ആളിപ്പിടിച്ചു. വര്‍ണശോഭയോടെ തീ കത്തിക്കയറി.... ചുറ്റും തീ പിടിച്ചപ്പോള്‍ പുരോചനന്‍ ഉണര്‍ന്നു. ങേ... എന്താണിത്‌?
ഒരു നിമിഷം കൊണ്ട്‌ അപകടം മനസിലാക്കി.
പക്ഷേ, രക്ഷയ്‌ക്കുള്ള മാര്‍ഗം അടഞ്ഞിരുന്നു. ശത്രുക്കളാണ്‌ ചുറ്റും. എപ്പോഴും എന്തും സംഭവിക്കാം. ദുര്യോധനന്റെ മനസ്‌ വ്യക്‌തമായതോടെ വളരെ സൂക്ഷിക്കണം. വനത്തിലും അവന്റെ ആള്‍ക്കാന്‍ ഉണ്ടാവാം. ഗുഹയെക്കുറിച്ച്‌ അറിവ്‌ കിട്ടിയിട്ടുണ്ടെങ്കില്‍ ശത്രുക്കള്‍ വളയാം. അമ്മയെ കാക്കണം. മാതാവിനെ രക്ഷിക്കാനാവാത്ത പുത്രന്‍ ആ പേരിന്‌ യോഗ്യനല്ല....
ഇങ്ങനെയുള്ള ചിന്തകളോടെ ഗദ ഏന്തി ഭീമന്‍ നിന്നു. കുന്തിയും മറ്റുള്ളവരും നിശ്‌ചലരായി.
അര്‍ജുനന്‍ വില്ല്‌ കുലച്ചു. ശത്രു ബലവാന്‍ ആണെങ്കില്‍!
അപ്പോള്‍ വരുന്നപോലെ...
കുതിരക്കുളമ്പടികള്‍ അടുത്തുവന്നു.
നല്ല വെള്ളക്കുതിര. കൗരവരുടെ സൈന്യത്തിലെ കുതിരതന്നെ. ഊഹിച്ചതു ശരിയാവുന്നുവോ?
വിധിയുടെ ക്രൂരത ബോധ്യമായി.
സ്വയം വരുത്തിയ വിന. അതില്‍ ശലഭമായി പതിച്ചു തീരുക. ആലോചനയുടെ മധ്യത്തില്‍ ഭിത്തികള്‍ പൊട്ടിത്തെറിച്ചു. മുകള്‍ഭാഗം കത്തിയമര്‍ന്നു.....
പുരയ്‌ക്ക് തീ കയറിക്കഴിഞ്ഞപ്പോള്‍ ഭീമന്‍ ഗുഹാമുഖത്തേക്കു വന്നു. താഴെ ഇറങ്ങി ഗുഹയടച്ചു....
ഗുഹയിലൂടെ പാണ്ഡവര്‍ അമ്മയ്‌ക്കൊപ്പം നടന്നു.
വിധി, മരണം അവരില്‍ നിന്നു മാറ്റി.
ആരും ഒന്നും മിണ്ടിയില്ല. അല്‌പം മുമ്പ്‌ നടന്ന അഗ്നിയുടെ താണ്ഡവമായിരുന്നു ഓരോ മനസിലും. അതില്‍ പെട്ടിരുന്നെങ്കില്‍. ഊഹിക്കാന്‍ ആവുന്നില്ല. ആ നിഷാദിയും അഞ്ചു മക്കളും അഗ്നിയില്‍ പെട്ടിരിക്കും. എങ്കില്‍ മരണം നിശ്‌ചയം. പല സംശയങ്ങള്‍ക്കും അതു വഴിമരുന്നിടും. കുറച്ചുകാലം ഒളിച്ചു വസിക്കുവാനുള്ള മറയായി. നാളത്തെ പ്രഭാതം പാണ്ഡവരുടെ മരണവാര്‍ത്തയുമായിട്ടായിരിക്കും കണ്ണു തുറക്കുക.
വാരണാവതത്തിലേക്ക്‌ ബന്ധുക്കളും ചങ്ങാതിമാരും പ്രവഹിക്കും. എല്ലാവരും നിലവിളിക്കും.
കൗരവര്‍ മുതലക്കണ്ണീരൊഴുക്കും.....
പാണ്ഡവരുടെ ചിന്ത പോലായിരുന്നു കാര്യങ്ങള്‍!
നിഷാദിയും അഞ്ച്‌ മക്കളും വെന്തു മരിച്ചിരുന്നു. അത്‌ പാണ്ഡവര്‍ തന്നെയെന്ന്‌ എല്ലാവരും ഊഹിച്ചു. രാത്രിയില്‍ തന്നെ കൊട്ടാരം വെന്തതറിഞ്ഞ്‌ ദുര്യോധനനും ശകുനിയും എത്തി. ദുഃഖം കടിച്ചമര്‍ത്തിയാണ്‌ അവര്‍ വാരണാവതത്തില്‍ പ്രവേശിച്ചത്‌. അവരെ കണ്ടാല്‍ ആരും മറിച്ചൊന്നു പറയുകയുമില്ല. ഉള്ളില്‍ നനുത്ത പുഞ്ചിരി. മുഖത്ത്‌ ദുഃഖത്തിന്റെ കാര്‍മേഘം. നിഷാദിയേയും മക്കളേയും രാജോചിതമായി സംസ്‌കരിച്ചു. മരണം അവര്‍ക്കു നല്‍കിയ സ്‌ഥാനം.
ധൃതരാഷ്‌ട്രരുടെ ആജ്‌ഞയനുസരിച്ച്‌ ബലികര്‍മങ്ങള്‍ നടന്നു.
ബ്രാഹ്‌മണ ഭോജനവും പാപപരിഹാര ക്രിയകളും നടത്തി കൗരവര്‍ സന്തോഷിച്ചു.
രാജ്യം തനിച്ച്‌ അനുഭവിക്കാനുള്ള യോഗം വന്നിരിക്കുന്നു. നിസാരമല്ല അത്‌.
കൗരവര്‍ ആര്‍ത്തട്ടഹസിച്ചു രസിച്ചു.
ഈ രംഗം ചിലര്‍ പറഞ്ഞ്‌ ഗാന്ധാരി അറിഞ്ഞു. അവര്‍ ഞെട്ടി വിറച്ചു. പാണ്ഡവരുടെ മരണം കൗരവരില്‍ സന്തോഷം നിറച്ചുവെന്നോ. എങ്കില്‍ ആപത്ത്‌. വിധി കഴുകനായി കൗരവശിരസുകളെ കൊത്തിപ്പറിക്കും. ആ കാഴ്‌ച അഹനീയമാകും. വേഗം തടയേണ്ടതാണത്‌. ഗാന്ധാരി ധൃതരാഷ്‌ട്രരെ കണ്ടു.
മക്കളുടെ അവസ്‌ഥ അറിയിച്ചു. ''നാഥാ, അവരെ തടയൂ. പാണ്ഡവരുടെ ആത്മാക്കള്‍ ഇതു സഹിക്കില്ല. വെള്ളിടി വര്‍ഷിച്ച്‌ അവര്‍ കൗരവര്‍ക്കു നാശം തരും. സാധുക്കളും നല്ലവരും സത്യസന്ധരുമായിരുന്നു പാണ്ഡുവിന്റെ പുത്രന്മാര്‍.
അവരുടെ മരണം സ്വഛന്ദമല്ലായിരുന്നുവെന്നു പോലും എനിക്കു തോന്നുന്നു. അങ്ങയുടെ പ്രിയ സുതന്മാര്‍ ഇങ്ങനെ ആഹ്‌ളാദിക്കുമ്പോള്‍ മറിച്ചു കാണുവാന്‍ എനിക്കു കഴിയുന്നില്ല.''
ഗാന്ധാരിയുടെ അഭിപ്രായം ധൃതരാഷ്‌ട്രര്‍ ചെവിക്കൊണ്ടില്ല.
ഗാന്ധാരി ഉള്ളുരുകി പ്രാര്‍ഥിച്ചു.
'പാണ്ഡവര്‍ക്ക്‌ സ്വര്‍ഗം ലഭിക്കണ്ട.'
വാരണാവതം വെന്തെരിഞ്ഞ നിമിഷത്തില്‍ തന്നെ ഗുഹയിലൂടെ പാണ്ഡവര്‍ നടന്നുകഴിഞ്ഞു. വളരെ വേഗം തീര്‍ത്ത ഗുഹയായതിനാല്‍ വൃത്തിയും ചേലും നന്നേ കുറവായിരുന്നു. അതിനാല്‍ യാത്ര ദുര്‍ഘടവും. ശ്വാസം കിട്ടുന്നതിനുള്ള വായൂദ്വാരങ്ങളും ഗുഹയില്‍ കഷ്‌ടിതന്നെ. നിര്‍മിതി തിരക്കിട്ടായതുകൊണ്ടാണ്‌ ഇങ്ങനെ സംഭവിച്ചത്‌.
പ്രഭാതമായ വിവരം പാണ്ഡവര്‍ അറിഞ്ഞില്ല.
സൂര്യന്‍ ഉയര്‍ന്നപ്പോഴാണ്‌ അവര്‍ ഗുഹാമുഖം കണ്ടത്‌.
പച്ചിലകള്‍ മാറ്റി ഭീമന്‍ അമ്മയെ താങ്ങി പുറത്തിരുത്തി. ധര്‍മജന്‍ തളര്‍ന്നിരുന്നു.
ഭീമനു മാത്രമേ അല്‌പമെങ്കിലും ശക്‌തി ഉണ്ടായിരുന്നുള്ളൂ.
അര്‍ജുനനും നകുലനും സഹദേവനും തീരെ അവശരായിരുന്നു. ശുദ്ധവായുവിന്റെ അഭാവവും മാനസിക പിരിമുറുക്കവും അവരെ നന്നായി ബാധിച്ചു.
പെട്ടെന്നാണ്‌ ഒരു കുതിരക്കുളമ്പടി ശബ്‌ദം അവരുടെ ചെവിയില്‍ വന്നുവീണത്‌.
ഭീമന്‍ ശക്‌തി സംഭരിച്ച്‌ ഗദ കൈയിലെടുത്തു. കുളമ്പടി ശബ്‌ദം അടുത്തു വന്നുകൊണ്ടിരുന്നു. അല്‌പം അകലെ കുതിര നിന്നു. ഒറ്റക്കുതിര മാത്രം. മുഖം മൂടിധരിച്ച ഒരു ഭടന്‍ കുതിരപ്പുറത്തുനിന്നിറങ്ങി. ഭവ്യതയോടെ മുമ്പോട്ടു വന്നു. മൂടി മാറ്റിക്കൊണ്ട്‌ പറഞ്ഞു.
''ശ്രേഷ്‌ഠനായ വിദുരര്‍ അയച്ചുവന്നതാണ്‌. ആപത്തില്ലല്ലോ.''
''ഇല്ല...'
''സന്തോഷം. സുഖം അന്വേഷിക്കുവാന്‍ പറഞ്ഞു.''
''ഞങ്ങള്‍ക്കു സുഖം തന്നെയെന്നു പറയൂ. അമ്മയ്‌ക്കു കടുത്ത പ്രയാസമുണ്ട്‌. എങ്കിലും സഹിക്കുകയേ മാര്‍ഗമുള്ളൂ. ഞങ്ങള്‍ പരുക്കുകള്‍ കൂടാതെ വനത്തിലേക്ക്‌ കടന്നുവെന്ന്‌ അറിയിക്കൂ...''
ഭടന്‍ തുടര്‍ന്നു.... ''ഒന്നുകൂടെ പറഞ്ഞുവിട്ടു. നിങ്ങള്‍ ചെന്നു കയറുന്നത്‌ ഗന്ധമാദനത്തിലാണ്‌. ഗംഗ കടന്നാല്‍ ആ വലിയ വനമായി. അവിടെ ഹിഡുംബന്‍ എന്ന ഉഗ്രരൂപിയായ ഒരു രാക്ഷസന്‍ പാര്‍ക്കുന്നുണ്ട്‌. അമ്മയെ സൂക്ഷിക്കണം. നകുലനേയും സഹദേവനേയും സര്‍വദാ കാത്തുകൊള്ളണം.''
ഭീമന്‍ പറഞ്ഞു ''ശ്രേഷ്‌ഠമായ നമസ്‌കാരം. വിദുരശ്രീയോട്‌ ചെന്നു പറയൂ. എല്ലാം ധരിച്ചുവെന്ന്‌. വെയില്‍ മൂക്കും മുമ്പ്‌ ഈ സ്‌ഥലം വിടണം. വാരണാവതം അകലെയല്ല.''
ഭടന്‍ പിരിഞ്ഞു.
ക്ഷീണമുണ്ടെങ്കിലും അവര്‍ നടന്നു. എപ്പോഴും ശത്രുക്കള്‍ വരാം. ഈ ഭടനെ പിന്തുടര്‍ന്നുപോലും ആളുകള്‍ എത്തിയെന്നുവരാം. അങ്ങനെ സംഭവിക്കുകയും ചെയ്‌തേനെ. നിഷാദ സ്‌ത്രീയും അഞ്ചുമക്കളും മരിച്ചില്ലായിരുന്നെങ്കില്‍! കുന്തിയും മക്കളും ആണ്‌ മരിച്ചതെന്ന്‌ ഇവരിലൂടെ ഉറപ്പായതിനാല്‍ കൗരവര്‍ മറ്റൊന്നും ചിന്തിച്ചില്ല.
ഗംഗ കടന്നു....
വിശാലമായ ഗംഗയില്‍ മുഖം നനച്ചപ്പോള്‍ എല്ലാവര്‍ക്കും കുളിര്‍മ തോന്നി. പക്ഷേ, വാരണാവതത്തിനടുത്താണ്‌ ഗംഗയും. ജനപഥമല്ലെങ്കിലും പുല്‍മേടുകളാണ്‌ ഏറെ. കാലി തെളിക്കുന്നവര്‍ തങ്ങളെ തിരിച്ചറിഞ്ഞുവെന്നു വരാം. അതുകൊണ്ട്‌ വേഗം പോവുകയേ മാര്‍ഗമുള്ളൂ.
ഭീമന്‍ അവരെ നയിച്ചു.
കൊട്ടാരത്തില്‍ കണ്ണാടി തോല്‍ക്കുന്ന തറയില്‍ ചവിട്ടി നടന്നവര്‍ കല്ലും മുള്ളും താണ്ടുമ്പോള്‍ അനുഭവിക്കുന്ന വേദന മുഖത്തു കാണാറായി. പ്രത്യേകിച്ചും കുന്തിയുടെ മുഖം ചുവന്നുതുടുത്തു. കഠിനമായ വെയില്‍ കൂടെ ആയപ്പോള്‍ യാത്ര ക്ലേശം നിറഞ്ഞു. പുല്‍മേടില്‍ തണല്‍ എവിടെ?
തൊട്ടടുത്താണ്‌ ഗന്ധമാദനം തുടങ്ങുക.
പുല്‍മേടുകള്‍ വനത്തിലേക്ക്‌ തള്ളിനില്‍ക്കുന്നു.
നാഴികകളും വിനാഴികകളും നോക്കാന്‍ ആര്‍ക്കും താല്‌പര്യമില്ല. ആ ചൂടിന്റെ കാഠിന്യത്തില്‍ തന്നെ അവര്‍ പുല്‍മേട്‌ കടന്ന്‌ വനത്തില്‍ കയറി. പക്ഷേ, ഏറെ നാളായി മഴ കാണാത്ത വനത്തില്‍ അടിക്കാടുപോലും പൊള്ളി നില്‍ക്കുകയാണ്‌.
വനത്തിലൂടെ നടന്നപ്പോള്‍ കുന്തി ആകെ തളര്‍ന്നു. ഒരടി നടക്കാന്‍ ആവാതെ കുഴഞ്ഞു. അവര്‍ പറഞ്ഞു.
''മകനേ, അമ്മ പ്രായം കവിഞ്ഞ ആളാണ്‌. ഇവിടെ വിടുക. വല്ല നരിയോ നായോ വന്ന്‌ അമ്മയെ ഭക്ഷണമാക്കിക്കൊള്ളും. നിങ്ങള്‍ വേഗം പോവുക....''
ഭീമന്റെ മനസ്‌ തളര്‍ന്നു. എങ്കിലും പറഞ്ഞു. ''അമ്മേ, സുഖദുഃഖങ്ങള്‍ കറ്റയാണ്‌. ഒന്നുമാറി മറ്റൊന്ന്‌. അതാണ്‌ പ്രപഞ്ചഗതി. ആര്‍ക്കും മാറ്റാനാവില്ല ആ സത്യം. അമ്മ തളരരുത്‌. അമ്മ തളര്‍ന്നാല്‍ ഞങ്ങള്‍ വീഴും. നഷ്‌ടപ്പെട്ടതെല്ലാം ഞങ്ങള്‍ വീണ്ടെടുക്കും....''
''ഭീമ... നീ ഉറച്ചവനാണ്‌. ഇതാ നോക്ക്‌ എന്റെ കുഞ്ഞുങ്ങള്‍. നകുലനും സഹദേവനും. വിശപ്പും ദാഹവും അവരെ പൊറുതിമുട്ടിക്കുന്നു. എനിക്കാണെങ്കില്‍ നടക്കാനും വയ്യ.....''
ഭീമന്‍ പറഞ്ഞു ''അമ്മേ, ഭീമന്‍ ഉറച്ചവന്‍ തന്നെയാണ്‌. അമ്മയെ ഞാന്‍ സഹായിക്കാം. എന്റെ തോളില്‍ ഇരുന്നുകൊള്ളൂ...''
അവരുടെ വിസമ്മതം നോക്കാതെ കുന്തിയെ ഭീമന്‍ തോളില്‍ എടുത്തു. അവര്‍ നടന്നു.
നിമിഷങ്ങള്‍ കഴിയുന്തോറും വിശപ്പും ദാഹവും അവരെ പൊറുതി മുട്ടിച്ചു. പരിചയമുള്ള ഒരു ഫലവും ചുറ്റും കാണുന്നില്ല. ചില മരങ്ങള്‍ പഴം കൊണ്ടു നിറഞ്ഞുനില്‍ക്കുകയാണ്‌. പക്ഷേ, ആ മരത്തെക്കുറിച്ചും പഴത്തെക്കുറിച്ചും അറിയാതെ എങ്ങനെ കഴിക്കാനാണ്‌....
മാരക വിഷമുള്ള പഴമാണെങ്കില്‍... വനത്തിലൊരിടത്തും വെള്ളവും കിട്ടാനില്ല. ഉറവയുടെ അടയാളമുള്ള ഒരു പൊന്തക്കാടും എങ്ങും കാണുന്നില്ല....
ധര്‍മജന്‍ പറഞ്ഞു: ''ഭീമ, നടക്കാന്‍ വയ്യ. തണല്‍ നോക്കി ഇരിക്കാം. ഇനി സൂര്യന്‍ ചാഞ്ഞിട്ട്‌ പോകാം.''
സമയം ഇഴഞ്ഞുനീങ്ങി.

(തുടരും)

തുളസി കോട്ടുക്കല്‍

Ads by Google
Sunday 14 Apr 2019 01.14 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW