Thursday, August 22, 2019 Last Updated 35 Min 44 Sec ago English Edition
Todays E paper
Ads by Google
സ്റ്റീഫന്‍ അരീക്കര
Saturday 13 Apr 2019 08.42 AM

വൈശാഖി ആഘോഷിക്കാന്‍ എത്തിയത് 2000 പേരോളം; പത്തുമിനിറ്റ് 1,650 റൗണ്ട് വെടി ; സ്വാതന്ത്ര്യമോഹികളുടെ നെഞ്ചില്‍നിന്നു വീണ രക്തം കൊണ്ട് മൈതാനം ചുവന്നു ; സ്ത്രീകളും കുട്ടികളും മരിച്ചുവീണു

uploads/news/2019/04/301444/jalianwala-bagh.jpg

1919 ഏപ്രില്‍ 13. ബ്രിട്ടീഷ് പട്ടാളം ഇന്ത്യയില്‍ നിരപരാധികളെ കൂട്ടക്കുരുതി നടത്തിയ ദിനം. പത്തുമിനിറ്റ് കൊണ്ടു സ്വാതന്ത്ര്യമോഹികള്‍ക്കു നേരേ പട്ടാളം 1,650 റൗണ്ട് വെടി ഉതിര്‍ത്തു. ജനങ്ങളുടെ നെഞ്ചില്‍നിന്നു വീണ രക്തം കൊണ്ട് അമൃത്‌സറിലെ ജാലിയാന്‍ ബാലാ ബാഗ് െമെതാനം അന്നു ചുവന്നു. പഞ്ചാബിന്റെയും ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെയും തലവര മാറ്റിയെഴുതിയ കൂട്ടക്കൊലയ്ക്ക് ഇന്നു നൂറു വയസ്.

സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരുടെ വിലാപം ഭാരതത്തിന്റെ ആത്മാവിനെ മുറിപ്പെടുത്തിയ ദുരന്തം. സ്വാതന്ത്ര്യസമരത്തില്‍ ഉയിരു കൊടുത്ത അനേകര്‍ക്കു മുന്നില്‍ ഇവരുടെ മുഖം വേറിട്ടു നില്‍ക്കുന്നു. പോരാട്ടചരിത്രത്തിലെ രക്തലിഖിതമായ അധ്യായം. ഒന്നാംലോകമഹായുദ്ധം കഴിഞ്ഞ് ഏതാനും മാസം കഴിഞ്ഞപ്പോഴായിരുന്നു ഇത്. പലവിധ പ്രശ്‌നങ്ങള്‍ പഞ്ചാബിനെ അലട്ടി. ബ്രിട്ടിഷുകാര്‍ക്കൊപ്പം യുദ്ധം ചെയ്യാന്‍ പോയ അനേകം പേര്‍ക്കു പണിയില്ലാതായി. എല്ലാമേഖലയിലും അനിശ്ചിതത്വം. അതൃപ്തിയില്‍ പുകയുന്ന ജനങ്ങളുടെ ക്ഷമ പരീക്ഷിക്കുന്ന ഭരണപരിഷ്‌കാരങ്ങള്‍ക്കു പഞ്ഞമില്ലായിരുന്നു.

ഇതിനിടെയാണു റൗളട്ട് നിയമം രാജ്യത്തു നടപ്പാക്കിയത്. വിചാരണ കൂടാതെ പോലീസിന് ആരെയും തടവിലാക്കാന്‍ അധികാരം നല്‍കുന്ന നിയമത്തിനെതിരേ പ്രതിഷേധമുയര്‍ന്ന കാലം. സമരനേതാക്കളായ ഡോ. സത്യപാലിനെയും ഡോ. െസെഫ്ദ്ദീന്‍ കിച്ച്‌ലുവിനെയും അറസ്റ്റ് ചെയ്തതിനെതിരേ സമാധാനപരമായി യോഗം നടന്നു. ഇതിനു മുന്നോടിയായി അമൃത് സറില്‍ നിരോധാനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ജനങ്ങളെ ഭിന്നിപ്പിച്ചു ഭരിച്ച ബിട്ടീഷുകാര്‍ക്കെതിരേ പേരാടാന്‍ മുസ്ലിംകളെയും ഗാന്ധിജി ഭാഗമാക്കിയത് ഭരണകൂടത്തെ പ്രകോപിപ്പിച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായവരും പഞ്ചാബില്‍ െകെകോര്‍ത്തു.

ദേശീയപ്രസ്ഥാനത്തില്‍ എല്ലാവരെയും അണിനിരത്താനുള്ള ആഹ്വാനത്തിന് അവിടെയും അലയൊലിയുണ്ടായി. ഇതിന്റെ പേരില്‍ ഗാന്ധിജിക്കു പഞ്ചാബില്‍ പ്രവേശിക്കുന്നതിനു വിലക്ക് ഏര്‍പ്പെടുത്തി. അടുത്ത ദിവസങ്ങളിലായുണ്ടായ സംഘര്‍ഷങ്ങളില്‍ ഇരുപതിലേറെ പേര്‍ കൊല്ലപ്പെട്ടു. അഞ്ചു യുറോപ്യന്‍മാരും മരിച്ചു. ഇതോടെ െസെന്യത്തെയും സര്‍ക്കാരിനെയും നിയന്ത്രിക്കുന്നവരുടെ സമനിലതെറ്റി. ഒരു മിഷണറി സ്ത്രീയെ ജനം ആക്രമിച്ചതോടെ സമരക്കാരെ അടിച്ചമര്‍ത്താന്‍ തീരുമാനമുണ്ടായി.

ഇതേത്തുടര്‍ന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചു. അമൃത്‌സര്‍ നഗരത്തില്‍ നാലു പേരില്‍ കൂടുതല്‍ സംഘടിക്കരുതെന്നു മുന്നറിയിപ്പായി. പക്ഷേ ഇതൊന്നുമറിയാതെ സിഖുകാരുടെ ഏറ്റവും വലിയ ഉത്സവമായ െവെശാഖി ആഘോഷിക്കാന്‍ െകെനിറയെ പണവുമായി ഗ്രാമീണരെത്തി. അവരും സമരക്കാരും െമെതാനിയില്‍ തമ്പടിച്ചു. അയ്യായിരം മുതല്‍ 20,000 വരെ ആളുകളുണ്ടായിരുന്നെന്നാണു കണക്ക്. ഇതില്‍ ഹാലിളകി എത്തിയ ബ്രിഗേഡിയര്‍ ജനറല്‍ റെജിനാള്‍ഡ് ഡയറിന്റെ നേതൃത്വത്തില്‍ നരനായാട്ട് നടത്തുകയായിരുന്നു.

മേധാവിയുടെ ഫയര്‍ എന്ന ആക്രോശത്തെത്തുടര്‍ന്നു െസെനികര്‍ കണ്ണില്‍ക്കണ്ടവരെ വെടിവച്ചിട്ടു. ഏഴോളം ഏക്കറുളള െമെതാനിക്ക് അഞ്ചു കവാടമുണ്ടായിരുന്നു. ഇടുങ്ങിയ കവാടത്തിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചവരെയാണു വെടിക്കോപ്പുകള്‍ തീരുംവരെ ഉന്നംവന്നത്. മരിച്ചവരുടെ കണക്ക് പോലുമെടുക്കാതെ ക്രൂരനായ ഡയറും സംഘവും സ്ഥലംവിട്ടു. പരുക്കേറ്റവരെ നോക്കാനും തയാറായില്ല.

ഒരു നൂറ്റാണ്ടു കഴിഞ്ഞിട്ടും മരിച്ചവരുടെ കൃത്യമായ കണക്കു ലഭ്യമല്ല. മരിച്ചവരെ മുഴുവന്‍ തിരിച്ചറിഞ്ഞിരുന്നില്ല. കോളനി രേഖകള്‍പ്രകാരം 400 പേര്‍ കൊല്ലപ്പെട്ടു. സേവാസമിതുടെ കണക്കനുസരിച്ച് 379 പേരാണു മരിച്ചത്. എന്നാല്‍, 1,600 പേര്‍ മരിച്ചെന്നും ആയിരം പേര്‍ക്കു വെടിവയ്പില്‍ പരുക്കേറ്റെന്നുമാണു കോണ്‍ഗ്രസ് അന്നു പുറത്തുവിട്ട കണക്ക്. മരിച്ചവരുടെ കണക്കെടുക്കാത്തതിനു ഡയറെ ദ് ഹണ്ട് കമ്മിഷന്‍ വിമര്‍ശിച്ചിരുന്നു.

ബ്രിട്ടിഷ് മേല്‍ക്കോയ്മ സംരക്ഷിക്കാന്‍ നടത്തിയ ക്രൂരതയുടെ പേരില്‍ െസെനികമേധാവി പിന്നീട് ''ഹീറോ''യായി. പ്രഭുസഭ അദ്ദേഹത്തെ പ്രകീര്‍ത്തിച്ചു. പക്ഷേ, ഹൗസ് ഓഫ് കോമണ്‍സ് നിഷ്‌കരുണം തളളിപ്പറഞ്ഞു. ഡയറിന്റെ സ്ഥാനക്കയറ്റം തടഞ്ഞ് ഇന്ത്യയില്‍ മേലില്‍ നിയമിക്കരുതെന്നു തീരുമാനിക്കുകയും ചെയ്തു.

കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ബിട്ടീഷ് സര്‍ പദവി രവീന്ദ്ര നാഥ് ടാഗോര്‍ നിരസിച്ചിരുന്നു. തനിക്കു പുരസ്‌കാരം നല്‍കാന്‍ ഇത്തരം കൊലയാളികള്‍ യോഗ്യരല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഈ കൂട്ടക്കൊലയാണ് 1920 മുതല്‍ 22 വരെ നിസഹരണ പ്രസ്ഥാനത്തിനു ഗാന്ധിജിയെ പ്രേരിപ്പിച്ചത്. അരുംകൊലയെ ന്യായീകരിച്ച പഞ്ചാബിലെ മുന്‍ ലെഫ്റ്റ്‌നന്റ് ഗവര്‍ണര്‍ െമെക്കല്‍ ഒഡയറിനെ 21 വര്‍ഷത്തിനുശേഷം ബ്രിട്ടനില്‍ വച്ചു ഉധംസിങ് എന്ന ദേശസ്‌നേഹി വെടിവച്ചുകൊന്നു.

ദുരന്തസ്ഥലത്തു നിന്നു രക്ഷപ്പെട്ട അദ്ദേഹത്തെ പിന്നീട് തൂക്കിലേറ്റി. ജാലിയന്‍ വാലാ ബാഗ് ദുരന്തം കറുത്തപാടാണെന്നും ഖേദിക്കുന്നതായും കഴിഞ്ഞദിവസം ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേയ് വ്യക്തമാക്കി. എന്നാല്‍, എന്നാല്‍, മുറിവുണക്കാന്‍ ബ്രിട്ടന്‍ മാപ്പുപറയണമെന്നാണ് ഇന്ത്യയുടെയും പാകിസ്താന്റെയും ആവശ്യം.

Ads by Google
Ads by Google
Loading...
TRENDING NOW