Wednesday, August 14, 2019 Last Updated 2 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 03.17 PM

ജീവിതവിജയത്തിന്: മന്ത്രജപം

''നമ്മുടെ കുട്ടികളെ നല്ല സ്വഭാവമുള്ളവരാക്കി വളര്‍ത്താന്‍ ചെറുപ്പത്തില്‍ത്തന്നെ അവരെക്കൊണ്ട് ജപിക്കാന്‍ പറ്റുന്ന മന്ത്രങ്ങള്‍ നിത്യവും ജപിക്കാന്‍ പ്രാപ്തരാക്കുക. ഉത്തമ വിദ്യാഭ്യാസത്തിനും നല്ല സ്വഭാവരൂപീകരണത്തിനും ആരോഗ്യം നിലനിര്‍ത്താനും, ശത്രുക്കളെ ജയിക്കാനും മഹാവ്യാധികളില്‍നിന്ന് രക്ഷപ്പെടാനും മന്ത്രോപാസന ഒരാളെ പ്രാപ്തനാക്കുന്നു.''
uploads/news/2019/04/300573/joythi090419a.jpg

മന്ത്രജപത്തിന് ഏറ്റവും പറ്റിയ കാലമാണ് മകരം മുതലുള്ള ഉത്തരായനകാലം. ഇപ്പോള്‍ കലിതുള്ളിയാടുന്ന കലികാലം. ദുരിതങ്ങളും കഷ്ടപ്പാടുകളും ഏറിക്കൊണ്ടിരിക്കുന്നു. വളര്‍ന്നുവരുന്ന കുട്ടികളില്‍ ഏറെയും മാതാപിതാക്കളെ അനുസരിക്കാതെ തോന്നിയ രീതിയില്‍ ജീവിക്കുന്നു. പാവപ്പെട്ടവരും പണക്കാരും ഒരുപോലെ കുട്ടികളുടെ പെരുമാറ്റ ദൂഷ്യത്തില്‍ ഉരുകുന്നു.ശരിയായ രീതിയില്‍ നടത്തുന്ന മന്ത്രജപം സകല ദുരിതങ്ങളില്‍നിന്നും നമ്മെ കരകയറ്റും.

ശരിയായ ക്രമമനുസരിച്ചുള്ള മന്ത്രജപം സകല ജീവിതപ്രാരബ്ധങ്ങള്‍ക്കും കുട്ടികളുടെ സ്വഭാവ ക്രമീകരണത്തിനും ഉത്തമമാണ്. ഇത് നമ്മുടെ ഋഷീശ്വരന്മാര്‍ തെളിയിച്ചിട്ടുണ്ട്. ജാതിമത സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാവര്‍ക്കും മന്ത്രോപാസകരാകാം.

നമ്മുടെ ഋഷീശ്വരന്മാര്‍ മന്ത്രജപത്തിന്റെ ശക്തി എന്തെന്ന് തെളിയിച്ചിട്ടുണ്ട്. നമ്മള്‍ ആഗ്രഹിക്കുന്നതെന്തും മന്ത്രോപാസനയിലൂടെ നേടിയെടുക്കാം. പുരാണങ്ങളും വേദങ്ങളും ശാസ്ത്രങ്ങളും പറയുന്നതും ഇതുതന്നെ.

നമ്മുടെ കുട്ടികളെ നല്ല സ്വഭാവമുള്ളവരാക്കി വളര്‍ത്താന്‍ ചെറുപ്പത്തില്‍ത്തന്നെ അവരെക്കൊണ്ട് ജപിക്കാന്‍ പറ്റുന്ന മന്ത്രങ്ങള്‍ നിത്യവും ജപിക്കാന്‍ പ്രാപ്തരാക്കുക. ഉത്തമ വിദ്യാഭ്യാസത്തിനും നല്ല സ്വഭാവരൂപീകരണത്തിനും ആരോഗ്യം നിലനിര്‍ത്താനും, ശത്രുക്കളെ ജയിക്കാനും മഹാവ്യാധികളില്‍നിന്ന് രക്ഷപ്പെടാനും മന്ത്രോപാസന ഒരാളെ പ്രാപ്തനാക്കുന്നു.

കുടുംബജീവിതം നയിക്കുന്നവര്‍ക്ക് മന്ത്രജപം ആകാമോ എന്നാണ് ചിലരുടെ സംശയം. തീര്‍ച്ചയായും ആകാം. പറ്റാത്ത മന്ത്രങ്ങള്‍ വളരെ കുറച്ചേയുള്ളൂ അത് ജപിക്കണ്ടാ. ഋഷീശ്വരന്മാരായ വസിഷ്ഠമുനി അഗസ്ത്യമുനി തുടങ്ങി ധാരാളം മുനിമാരുടെ ഭാര്യമാരും മന്ത്രോപാസകരായിരുന്നുവെന്ന് തെളിവുണ്ട്. ഗൃഹസ്ഥന്മാര്‍ക്കും മന്ത്രജപത്തിലൂടെ സര്‍വ്വദോഷവര്‍ജ്ജിതമായ ജീവിതം നയിക്കാമെന്നുള്ള തെളിവുകളാണ് മേല്‍പ്പറഞ്ഞ മുനീശ്വരന്മാരുടെ ജീവിതം.

മന്ത്രം എന്ന പദത്തിന് ''മനനാത് സര്‍വ്വഭാവനാത്രാണാത് സംസാര സാഗരാത്; മന്ത്രരൂപാഹി തത്ശക്തി മനനത്രാണ രൂപിണ എന്നാണര്‍ത്ഥം. അതായത് സര്‍വ്വഭാവങ്ങളെയും സ്മരിക്കാനും, പ്രപഞ്ചത്തെ രക്ഷിക്കാനും കഴിയുന്നതിനാലും മന്ത്രം എന്നറിയപ്പെടുന്നു. ചുരുക്കത്തില്‍ മനനം കൊണ്ട് രക്ഷിക്കുന്നതെന്തോ അതാണ് മന്ത്രം. നിരന്തരമായ ധ്യാനവും ചിന്തയുമാണ് മനനം.

മന്ത്രം ജപിച്ച് തീ പിടിപ്പിക്കുകയും മഴ പെയ്യിക്കുകയും ചെയ്ത സന്യാസിമാര്‍ ജീവിച്ചിരുന്ന നാടാണ് ഭാരതം. പ്രപഞ്ചം ഉണ്ടായതു തന്നെ ഒരു നാദവിസ്‌ഫോടനത്തിലൂടെയാണെന്ന് പുരാണങ്ങളില്‍ സൂചിപ്പിച്ചിട്ടുണ്ട്. ശാസ്ത്രവും ആ നിഗമനം ശരിവയ്ക്കുന്നു.

പ്രപഞ്ചോല്‍പത്തിക്ക് കാരണമായ മന്ത്രമാണ് 'ഓം'കാരം. എല്ലാ മന്ത്രങ്ങളുടെയും അടിസ്ഥാനമായാണ് ഓംകാരത്തെ കാണുന്നത്. അ, ഉ, മ എന്നീ അക്ഷരങ്ങളുടെ ചേര്‍ച്ചയാണ് 'ഓം'. ബ്രഹ്മ വിഷ്ണു മഹേശ്വരന്മാരെയാണ് ഈ മൂന്നക്ഷരം സൂചിപ്പിക്കുന്നത്.

ഓംകാരത്തെ എല്ലാ മന്ത്രങ്ങളുടെയും അടിസ്ഥാന മന്ത്രമെന്ന് കല്പിക്കുന്നു. ഓങ്കാരത്തെ തന്നെ ചില തത്വങ്ങളായും സൂചിപ്പിക്കുന്നു. (ഭൂമി, ജലം, വായു, ആകാശം, ചന്ദ്രന്‍, ഹൃദയം, ബുദ്ധി, ശാന്തിബീജം, രക്ഷാബീജം) ഇങ്ങനെയുള്ള മന്ത്രജപത്താല്‍ ഏതു കാര്യത്തിനും വിജയപ്രാപ്തിയുണ്ടാകും. ഇഷ്ടദേവതാമന്ത്രങ്ങള്‍ തെരഞ്ഞെടുത്തു ജപിച്ചാല്‍ ആത്മീയ നേട്ടങ്ങള്‍ക്കൊപ്പം ജീവിതസൗഭാഗ്യവും ലഭിക്കും.

സ്വഭാവദൂഷ്യത്തിലേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്ന തലമുറയെ നേര്‍വഴിക്ക് നയിക്കാനും സാധിക്കും. ഇനി ഇഷ്ടദേവത ഏതെന്ന് ചിലര്‍ക്ക് സംശയമുണ്ടാകും. അറിയാതെ വിളിച്ചുപോകുന്ന ചില നാമങ്ങള്‍ എന്റെ കൃഷ്ണാ, എന്റെ ശിവനേ, എന്റെമ്മേ, ദേവീ ഇങ്ങനെ ഏതാണോ അറിയാതെ വിളിച്ചുപോകുന്നത് അതാണ് ഇഷ്ടദേവത. ഒരുപാട് മന്ത്രങ്ങള്‍ ജപിക്കുന്നതിനേക്കാള്‍ നല്ലത് ഒരു മന്ത്രം ആവര്‍ത്തിച്ചു ജപിക്കുന്നതാണ്.

ഗുരുവിന്റെ ഉപദേശപ്രകാരം മന്ത്രജപം തുടങ്ങുന്നത് ഉചിതംതന്നെ. അല്ലാതെയും ഇഷ്ടദേവതാമന്ത്രം തുടരാം. ഇഷ്ടദേവതയില്‍ അകമഴിഞ്ഞ ഭക്തിയോടും, സ്‌നേഹത്തോടും ക്ഷമയോടും വേണം മന്ത്രജപം നടത്താന്‍. കാര്യസിദ്ധിക്കുവേണ്ടി മന്ത്രജപം നടത്തുമ്പോള്‍ ഗര്‍വ്വ്, ദേഷ്യം, അത്യാഗ്രഹം, പരദൂഷണം ഇവയൊന്നും പാടില്ല.

കഴിവതും ഒരേ സ്ഥലത്ത് ശുദ്ധിയോടെ ഇരിപ്പിടത്തില്‍ (പട്ടുവസ്ത്രത്തില്‍) ഇരുന്നു ജപിക്കണം. മന്ത്രജപത്തിനിടയില്‍ മറ്റൊരു ശ്രദ്ധ പാടില്ല. മന്ത്രം വളരെ സാവധാനത്തില്‍ 108, 1008, 10008 എന്നിങ്ങനെ ജപിക്കാം.

ഓം ഗം ഗണപതയെ നമഃ ഓം നമഃ ശിവായ, ഓം നമോ നാരായണായ, ഓം ഹ്രീം ഭും ദുര്‍ഗ്ഗായ, ''ഓം'', ''ഹരേ രാമ ഹരേ രാമ, രാമ രാമ ഹരേ ഹരേ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ'' ഇവ കൂടാതെ ഗുരുമുഖത്തുനിന്നും മന്ത്രങ്ങള്‍ സ്വീകരിച്ചും ജപിക്കാം. ആഗ്രഹിക്കുന്നതെന്തും തരുന്ന മന്ത്രമാണ് ''ഓം നമോ ഭഗവതേ വാസുദേവായ'' ആര്‍ക്കും ജപിക്കാവുന്ന മന്ത്രവും. മന്ത്രജപം ശീലമാക്കാന്‍ എല്ലാവരും ശ്രമിക്കുക- നന്മവരട്ടെ!

എല്‍. ഗോമതി അമ്മ (റിട്ട. ടീച്ചര്‍)
ഫോണ്‍: 9446946945

Ads by Google
Tuesday 09 Apr 2019 03.17 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW