Saturday, August 24, 2019 Last Updated 15 Min 33 Sec ago English Edition
Todays E paper
Ads by Google
Monday 08 Apr 2019 01.29 AM

ഹൃദയം കവരാന്‍ പ്രചാരണവാക്യങ്ങള്‍ റെഡി

uploads/news/2019/04/300210/d5.jpg

91 ലോക്‌സഭാ മണ്ഡലങ്ങളിലെ ജനവിധിക്കു നാലു ദിവസം മാത്രം ശേഷിക്കെ, ബി.ജെ.പിയും കോണ്‍ഗ്രസും വോട്ടര്‍മാരുടെ മനസിലേക്കു തറച്ചുകയറുന്ന പ്രചാരണ വാക്യങ്ങള്‍ അവതരിപ്പിച്ചു.
കഴിഞ്ഞ തവണത്തെപ്പോലെ മോഡി തന്നെയാണു ബി.ജെ.പിയുടെ വാഗ്‌ദാനങ്ങളുടെയും കേന്ദ്രബിന്ദു. കോണ്‍ഗ്രസാകട്ടെ ദരിദ്ര കുടുംബങ്ങള്‍ക്ക്‌ പ്രതിവര്‍ഷം 72,000 രൂപ വരുമാനം ഉറപ്പുനല്‍കുന്ന ന്യൂനതം ആയ്‌ യോജന എന്ന പ്രധാന വാഗ്‌ദാനം കോണ്‍ഗ്രസ്‌ ആയുധമാക്കുന്നു.

'ഫിര്‍ ഏക്‌ ബാര്‍ മോഡി സര്‍ക്കാര്‍'

"അബ്‌ കീ ബാര്‍ മോഡി സര്‍ക്കാര്‍" (ഇത്തവണ മോഡി സര്‍ക്കാര്‍) എന്ന മുദ്രാവാക്യവുമായാണ്‌ 10 വര്‍ഷമെത്തിയ യു.പി.എ. സര്‍ക്കാരുകള്‍ക്കെതിരേ 2014-ല്‍ ബി.ജെ.പി. പോരിനിറങ്ങിയത്‌.
കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള യു.പി.എ. സര്‍ക്കാരിനെതിരേ ഉയര്‍ത്തിയ വമ്പന്‍ അഴിമതിയാരോപണങ്ങള്‍ അന്ന്‌ ആക്രമണത്തിനു കുന്തമുനയായി. മുന്നില്‍നിന്നു നയിച്ചതു നരേന്ദ്ര മോഡി. പുതിയ പ്രതീക്ഷകള്‍ നല്‍കിയ പ്രചാരണം വോട്ടിങ്‌ യന്ത്രത്തില്‍ വിരലമര്‍ത്താന്‍ നേരം ജനം മറന്നില്ല. ബി.ജെ.പിക്കു തനിയെ കേവല ഭൂരിപക്ഷം! എന്‍.ഡി.എയ്‌ക്കു ലോക്‌സഭയില്‍ വലിയ അംഗബലം.
അന്നു നല്‍കിയ പ്രതീക്ഷകളുടെ വഴിയില്‍ ഏറെ മുന്നേറാന്‍ കഴിഞ്ഞെന്നും സ്‌ഥിരതയുള്ള സര്‍ക്കാരിന്‌ ഇനിയുമേറെ ചെയ്യാന്‍ കഴിയുമെന്നുമാണ്‌ ഇക്കുറിയുള്ള വാഗ്‌ദാനം.
എല്ലാവര്‍ക്കുമൊപ്പം; എല്ലാവര്‍ക്കും വികസനം, പുതിയ ഇന്ത്യ തുടങ്ങി ഭരണകാലത്തു കൂടുതല്‍ വിശേഷണങ്ങളുയര്‍ത്തി. "ഫിര്‍ ഏക്‌ ബാര്‍ മോഡി സര്‍ക്കാര്‍" (ഒരുവട്ടം കൂടി മോഡി സര്‍ക്കാര്‍) എന്നാണു പുതിയ പ്രചാരണ മുദ്രാവാക്യം. മുഖ്യ പ്രചാരണഗാനവും അങ്ങനെതന്നെ.
മോഡിത്തിളക്കം, സര്‍ക്കാരിന്റെ നേട്ടങ്ങള്‍ (ആയുഷ്‌മാന്‍ ഭാരത്‌, എ-സാറ്റ്‌ വിജയം, വണ്‍ റാങ്ക്‌ വണ്‍ പെന്‍ഷന്‍, സര്‍ജിക്കല്‍ ആക്രമണങ്ങള്‍) എന്നിവ പ്രധാന വിഷയങ്ങള്‍. പ്രകടനപത്രിക ഉടനെയുണ്ടാകും.
പ്രവര്‍ത്തിച്ചുകാട്ടിയ സര്‍ക്കാര്‍, സത്യസന്ധ സര്‍ക്കാര്‍, വലിയ തീരുമാനങ്ങളെടുത്ത സര്‍ക്കാര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അനുബന്ധമാകും.

'അബ ്‌ഹോഗാ ന്യായ്‌'

ഇരട്ട ലക്ഷ്യങ്ങളാണു കോണ്‍ഗ്രസിന്റെ പ്രചാരണവാക്യത്തിന്‌. മിനിമം വരുമാനമെന്ന ഏറ്റവും പ്രധാന വാഗ്‌ദാനം വോട്ടര്‍മാരെ സദാ ഓര്‍മിപ്പിക്കുക. മോഡി സര്‍ക്കാരിന്റെ കാലത്തു നീതി നിഷേധിക്കപ്പെട്ടവര്‍ക്ക്‌ ഇനിയതു കിട്ടുമെന്നു വാഗ്‌ദാനം ചെയ്യുക.
അബ്‌ ഹോഗാ ന്യായ്‌ എന്ന്‌ ആവര്‍ത്തിക്കുന്നതിലൂടെ ജനങ്ങളുടെ മനസ്‌ കീഴടക്കാന്‍ കഴിയുമെന്നു കോണ്‍ഗ്രസ്‌ പ്രതീക്ഷിക്കുന്നു.
മേം ഹീ തോ ഹിന്ദുസ്‌ഥാന്‍ ഹൂം എന്നതാണു പ്രധാന പ്രചാരണഗാനം. രചിച്ചത്‌ ജാവേദ്‌ അഖ്‌തര്‍. പ്രചാരണ ചലച്ചിത്രം നിഖില്‍ അദ്വാനിയുടെ സംവിധാനത്തിലാണ്‌ ഒരുക്കിയത്‌.
ന്യായ്‌ പ്രചാരണത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനം, യുവാക്കള്‍ക്കു തൊഴില്‍, കര്‍ഷകര്‍ക്കു വരുമാനം, വനിതകള്‍ക്കു സംവരണം, ലളിതമായ ജി.എസ്‌.ടി. സംവിധാനം, സാര്‍വത്രിക ആരോഗ്യപദ്ധതി തുടങ്ങിയ വാഗ്‌ദാനങ്ങളും ഉള്‍ക്കൊള്ളിക്കും.
ടിവി ഫിലിം, സിനിമാ സ്‌പോട്ട്‌, റേഡിയോ ഗാനം, ബോര്‍ഡുകള്‍, ഡിജിറ്റല്‍ സ്‌ക്രീന്‍, അച്ചടി മാധ്യമങ്ങള്‍, സാമൂഹിക മാധ്യമങ്ങള്‍, വാഹനങ്ങള്‍ എന്നിവയിലുടെ ഓരോ വോട്ടര്‍ക്കും മുന്നില്‍ പരസ്യമെത്തിക്കും. ആയിരക്കണക്കിനു കണ്ടെയ്‌നര്‍ ട്രക്കുകളില്‍ കോണ്‍ഗ്രസിന്റെ പ്രചാരണ പരസ്യങ്ങള്‍ പതിപ്പിക്കും.മലയാളം, മറാത്തി, ബംഗാളി, ഗുജറാത്തി, അസമീസ്‌ ഭാഷകളിലും പ്രചാരണം കൊഴുപ്പിക്കും.
ഹര്‍ ഹാഥ്‌ ശക്‌തി, ഹര്‍ ഹാഥ്‌ തരക്കി (ഓരോ കൈയിലും അധികാരം, ഓരോരുത്തര്‍ക്കും വികസനം) എന്നായിരുന്നു കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ പ്രചാരണ മുദ്രാവാക്യം.

Ads by Google
Monday 08 Apr 2019 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW