Tuesday, August 20, 2019 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 05 Apr 2019 03.12 PM

മറന്നുപോകരുത് ഈ ഓര്‍മ്മകള്‍

''ഡിമെന്‍ഷ്യ അഥവാ ഓര്‍മ്മ നഷ്ടമാകുന്ന അവസ്ഥ വാര്‍ധക്യത്തില്‍ സാധാരണമാണ്. ഇത്തരത്തില്‍ ഓര്‍മ്മ നഷ്ടമായവരെ സ്‌നേഹത്തോടും കരുതലോടും കൂടി പരിചരിക്കണം''
uploads/news/2019/04/299585/demi050419a.jpg

'വയസുകാലത്ത് നിങ്ങള്‍ ഞങ്ങളെ നന്നായി നോക്കുമോ' എന്ന നിര്‍ദോഷമായ ഒരു ചോദ്യമാണ് വിദേശ മലയാളികളായ ആ ദമ്പതിമാര്‍ കൗമാരക്കാരായ മക്കള്‍ക്കുമുന്നിലേക്ക് നീട്ടിയത്.

'അതു നിങ്ങളുടെ പെരുമാറ്റം അനുസരിച്ചിരിക്കും' എന്ന ചുട്ട മറുപടി കേട്ടപ്പോള്‍ അവരുടെ പ്രതീക്ഷകള്‍ക്ക് എവിടെയോ ഒരു മങ്ങല്‍ സംഭവിച്ചു. നല്ല രീതിയില്‍ അധ്വാനിച്ചു കുട്ടികളെ വളര്‍ത്തി പഠിപ്പിച്ചു ജോലിയായി, വിവാഹമായി ഇനി അവര്‍ നമ്മളെ സംരക്ഷിച്ചുകൊള്ളും എന്ന പഴയ വിശ്വാസം മാഞ്ഞു പോവുകയാണോ? ഇനി താങ്ങും തണലും ചികിത്സയും വേണ്ടിവരുമ്പോള്‍ നമുക്കായി അല്പസമയവും കരുതലും ഇവര്‍ക്ക് മാറ്റിവയ്ക്കാനാകുമോ? ഈ ആകുലതയാണ് ഇന്ന് മുതിര്‍ന്ന തലമുറയെ അലട്ടുന്ന ചിന്തകള്‍.

ഹോംനഴ്‌സിന്റെ തണലില്‍


കരുതിവച്ചിരിക്കുന്ന പണവും സൗകരങ്ങളും ഇന്‍ഷുറന്‍സ് കവറേജും ഉണ്ടെങ്കിലും ഊഷ്മളതയോടെ, ക്ഷമയോടെ പരിപാലിക്കാന്‍ മക്കള്‍ ഉണ്ടാകുമോ? ബന്ധുക്കള്‍ ഉണ്ടാകുമോ? പകരം ലഭിക്കുന്നതോ, ഹോം നഴ്‌സ് എന്നപേരില്‍ പെന്‍ഷന്‍ അത്രയും അതേപടി നല്‍കേണ്ടിവരുന്നവരാകും കൂടെയുണ്ടാവുക. എന്നാല്‍ യാതൊരു യോഗ്യതയോ, പരിശീലനമോ ലഭിക്കാത്തവരാണ് ഇവരില്‍ ഏറെപ്പേരും.

ജന്മനാ ക്ഷമയം സഹനവും ഉള്ളവരെ ഹോം നഴ്‌സായി ലഭിച്ചാല്‍ നന്ന്. ഇല്ലെങ്കില്‍ അവര്‍ക്ക് മീന്‍കറി കൂട്ടിയുള്ള ഭക്ഷണവും സദാസമയവും മൊബൈലില്‍ സംസാരിക്കാനുള്ള സൗകര്യവും തടസമില്ലാത്ത ഉറക്കവും നല്‍കാന്‍ നമ്മള്‍ ബാധ്യസ്ഥരാവും. പണ്ടൊക്കെ അയലത്തെ നല്ല സുഹൃത്തുക്കള്‍ നമ്മുടെ വിഷമതകളിലും ആലോഷങ്ങളിലും കൂട്ടിനെത്തുമായിരുന്നു. പക്ഷേ, പൊക്കമേറെയുള്ള മതിലുകള്‍ കൊണ്ടു മനുഷ്യരെയും സുമനസുകളെയും അകറ്റി.

uploads/news/2019/04/299585/demi050419b.jpg

ഓര്‍മ്മകള്‍ മാഞ്ഞുപോകുമ്പോള്‍


ഇത്തരം ഒറ്റപ്പെടലുകള്‍ക്കിടെയാണ് ഓര്‍മ്മ മാഞ്ഞുപോകുന്ന മേധാക്ഷയം (ഡിമെന്‍ഷ്യ) എന്ന അവസ്ഥ വാര്‍ധക്യത്തെ പിടിമുറുക്കുന്നത്. ഓര്‍മ്മ നഷ്ടപ്പെട്ടു എന്നു പറയുന്നതിനപ്പുറം എന്താണ് ഡിമെന്‍ഷ്യ എന്നതിനെക്കുറിച്ച് ആര്‍ക്കും അത്ര അറിവില്ല എന്നതാണ് വാസ്തവം. 'എനിക്ക് അല്‍ഷിമേഴ്‌സാണോ ഡോക്ടര്‍...? സാധാനങ്ങള്‍ വച്ചുമറക്കുന്നു, പേരുകള്‍ ഓര്‍മ്മവരുന്നില്ല' എന്നു പറഞ്ഞെത്തുന്ന അനവധി പേരുണ്ട്.

അതുപോലെ 'ആശുപത്രിയിലായിരുന്നു... സോഡിയം കുറഞ്ഞു പോയി, ഉറക്കക്കുറവും പെരുമാറ്റ വ്യത്യാവസവുമുണ്ടായി, ഇപ്പോള്‍ സുഖമായി' എന്നൊക്കെ ഇടയ്ക്ക് കേള്‍ക്കാറുള്ള രോഗവിവരങ്ങളാണ്. മേധാക്ഷയം, അല്‍ഷിമേഴ്‌സ് എന്ന പേരിലാണ് കൂടുതലും അറിയപ്പെടുന്നത്. ക്രമേണ തലച്ചോറിലെ കോശങ്ങള്‍ ചുരുങ്ങി നശിക്കുന്ന, തിരിച്ചു വരാന്‍ ബുദ്ധിമുട്ടുള്ള അവസ്ഥയാണിത്.

മുറിവുകള്‍, അണുബാധ, ധാതുലവണങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍, ഹോര്‍മോണുകുടെ വ്യത്യാസം എന്നിവയൊക്കെ ചികിത്സിച്ചു ഭേദമാക്കാമെങ്കിലും ഇതേത്തുടര്‍ന്ന് മറ്റ് നാഡികോശങ്ങള്‍ നശിക്കാതെ സംരക്ഷിക്കുന്നതാണ് ഇന്നത്തെ ചികിത്സാ രീതികള്‍.

കണക്കുകള്‍ അറിയുക


60 വയസു കഴിഞ്ഞവരെയാണ് ഡിമെന്‍ഷ്യ കൂടുതല്‍ ബാധിക്കുന്നത് എങ്കിലും ചെറുപ്പക്കാരെയും രോഗം ബാധിക്കാം. പ്രായമായവര്‍ക്ക് നല്ല ചികിത്സ ലഭിക്കുന്നതിനാലാണ് അവര്‍ കൂടുതല്‍ ആയുര്‍ദൈര്‍ഘ്യത്തോടെ ജീവിക്കുന്നതും അതുകൊണ്ടുതന്നെ ഡിമെന്‍ഷ്യ രോഗികളുടെ തോത് കൂടുന്നതും.പ്രായമേറിയവരില്‍ 5 - 7 ശതമാനം ഡിമെന്‍ഷ്യ ബാധിച്ചവരാണ്. ഇന്ത്യ, ചൈനപോലുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ 4 വൃദ്ധരില്‍ ഒരാള്‍ക്ക് ഈ അവസ്ഥ ഉള്ളതായി കണക്കുകള്‍ പറയുന്നു. 2030 - 35 ആകുമ്പോഴേക്കും ഇതു ഇരട്ടിയും 2050 ആകുമ്പോള്‍ ഇത് 3 ഇരട്ടിയും ആകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
uploads/news/2019/04/299585/demi050419c.jpg

തിരിച്ചറിയണം ഈ മാറ്റങ്ങള്‍


ഓര്‍മ്മക്കുറവാണ് പ്രധാന ലക്ഷണമെങ്കിലും അകാരണമായ വാശി, ഉറക്കക്കുറവ്, ദേഷ്യം, ആഹാരം നിരസിക്കുക, ഭയം, സംശയം, മിഥ്യാ ധാരണകളും ഉണ്ടാകും. ആദ്യകാല ലക്ഷണങ്ങള്‍ മാനസിക വൈകല്യങ്ങള്‍ എന്ന് തെറ്റിദ്ധരിപ്പിക്കപ്പെടുമെങ്കിലും അടുത്തിടെ നടന്ന കാര്യങ്ങള്‍ മറക്കുന്നത് പ്രധാന ലക്ഷണമാണ്. പഴയകാര്യങ്ങള്‍ വ്യക്തമായി ഓര്‍ത്തെടുത്ത് പറയുകയും ചെയ്യും.

ആവര്‍ത്തനം, വാശി, ഉറക്കക്കുറവ് എന്നിവ പ്രകടിപ്പിക്കും. ദിനചര്യകങ്ങള്‍ പോലും ചെയ്യുവാന്‍ ബുദ്ധിമുട്ടും. ഇവര്‍ക്ക് പ്രത്യേക പരിപാലനവും ആവശ്യമായിവരും. ആഹാരം കഴിച്ചിട്ട് 'ഇവര്‍ എനിക്ക് ഒന്നും തരുന്നില്ല' എന്നു കുറ്റപ്പെടുത്തിയേക്കാം. 'എന്റെ തലയണക്കീഴില്‍ നിന്നും നീ പൈസ എടുത്തു ' എന്ന് ചിലര്‍ പരാതി പറയാറുണ്ട്.

മുറികള്‍ തെറ്റിക്കയറാം. 'എന്റെ വീടല്ലിത്' എന്ന് പറഞ്ഞു തടയാന്‍ ശ്രമിക്കുന്നവരെ തള്ളിമാറ്റി വീടുവിട്ട് ഇറങ്ങിപ്പോകാം. ആഹാരം അല്‍പം പോലും കഴിക്കാതെയും ചിലപ്പോള്‍ കൂടെക്കൂടെ കഴിക്കുകയും ചെയ്യാം. നഗ്നത മറന്നുപോകാം. സാധനങ്ങള്‍ ഭാണ്ഡം കെട്ടുക, വച്ചുമറക്കുക എന്നിവ സാധാരണമാണ്. ഉറങ്ങാതെയും മറ്റുള്ളവരെ ഉറക്കാതെയും വിളിക്കുകയും പറയുകയും ചെയ്യുക ഇവയൊക്കെ ക്രമേണ കൂടുതലാകാം. മലമൂത്രവിസര്‍ജനം നിയന്ത്രിക്കുവാനുള്ള കഴിവ് നഷ്ടപ്പെട്ടേക്കാം. മണിക്കൂറുകളോളം ടൊയ്‌ലെറ്റിലിരിക്കുകയും ചെയ്‌തേക്കാം.

മരിച്ചുപോയവര്‍ വന്നു നില്‍ക്കുന്നതായും മറ്റ് മിഥ്യാഭ്രമങ്ങളുടെയും മിഥ്യാധാരണകളുടെയും ഭാഗമാകാം. പകല്‍ തൂങ്ങിയിരിക്കുകയും രാത്രി ഉറങ്ങാതിരിക്കുകയും ചെയ്യാം. തട്ടിത്തടഞ്ഞ് വീണ് കാലും ഇടുപ്പും അസ്ഥികള്‍ക്ക് ഒടിവ് സംഭവിക്കാം. ഒരേ കിടപ്പ് കിടന്ന് ബെഡ് സോര്‍ വന്നേക്കാം. ആഹാരം കൊടുത്താല്‍ വായില്‍ തന്നെ വയ്ക്കുകയോ തുപ്പുകയോ ചെയ്യാം. ഡിമെന്‍ഷ്യക്ക് ശാശ്വത പരിഹാര മാര്‍ഗങ്ങള്‍ ഇല്ലെങ്കിലും മരുന്നുകള്‍ വഴി രോഗലക്ഷണങ്ങളുടെ കാഠിന്യം കുറയ്ക്കാം. മേധാക്ഷയത്തില്‍ സദൃശമായ മറ്റു ലക്ഷണങ്ങള്‍ ഡോക്ടറെ കാണിച്ച് ഇല്ലെന്ന് ഉറപ്പുവരുത്തണം.

ഡിമെന്‍ഷ്യ പ്രതിരോധിക്കാം


കൊളസ്‌ട്രോള്‍ അടിഞ്ഞു കൂടുന്നത് തടയാനുള്ള മരുന്നുകളും വ്യായാമവും വേണം. തൈറോയിഡ് പോലുള്ള അസുഖങ്ങള്‍ക്ക് ചികിത്സ നിര്‍ബന്ധമായും തുടരണം. ഒപ്പം ആരോഗ്യ ശീലങ്ങള്‍ വളര്‍ത്തുകയും വേണം. ഡിമെന്‍ഷ്യ ആരംഭിച്ചാല്‍ അത്യാവശ്യമുള്ള കാര്യങ്ങള്‍ക്ക് മരുന്നും ചെക്കപ്പും ചെയ്യുക. ഈ രോഗികള്‍ക്ക് അത്യാവശ്യം വേണ്ടത് ശ്രദ്ധാപൂര്‍വവും സ്‌നേഹത്തോടും ക്ഷമയോടും കൂടിയ പരിചരണമാണ്.

ദൈനംദിന കാര്യങ്ങളും ദ്രവരൂപത്തിലുള്ള ആഹാരവും നല്‍കുക. രോഗിക്കു തന്നെ ചെയ്യുവാന്‍ പറ്റുന്ന കാര്യങ്ങള്‍ പ്രോത്സാഹിപ്പിച്ചു ചെയ്യിക്കുക. രോഗിക്കായി വീട്ടിലെ ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. നമ്മുടെ ചര്‍ച്ചകള്‍ അവരുടെ മുന്നിലാക്കാം. രോഗിയോട് സംസാരിക്കുകയും സമയം ചെലവഴിക്കുകയും ചെയ്യുക. തെറ്റായ കാര്യങ്ങള്‍ പറഞ്ഞാലും ക്ഷമയോടെ കേള്‍ക്കുക. അവരോട്‌ദേഷ്യപ്പെടുകയും തര്‍ക്കിക്കുകയും അരുത്. 'അമ്മയ്ക്ക് എന്നെ മനസിലായോ... ആരാ? തുടങ്ങിയ ചോദ്യങ്ങള്‍ ചോദിച്ച് വിഷമിപ്പിക്കാതിരിക്കുക. ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വില കല്‍പ്പിക്കുക.

അവരെ ഒറ്റപ്പെടുത്തരുത്


രോഗിയുടെ അവസ്ഥയെക്കുറിച്ച് അവരുടെ മുന്നില്‍ വച്ച് മറ്റുള്ളവരോട് പറയാതിരിക്കുക. ഗ്യാസ്, കറന്റ് എന്നിവയില്‍ നിന്നും അപകടം വരാനുള്ള സാധ്യതകള്‍ ഉണ്ടാകാതെ സൂക്ഷിക്കുക. ഒരിക്കലും തനിച്ചാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.രോഗിയേക്കാള്‍ പരിചാരകന്മാര്‍ക്കാണ് കൂടുതല്‍ ബോധവല്‍ക്കരണം ആവശ്യം. അവരുടെ ക്ഷമയും മാനസികാരോഗ്യവും പ്രധാനപ്പെട്ടതാണ്.
uploads/news/2019/04/299585/demi050419d.jpg

വികാരങ്ങളെ നിയന്ത്രിച്ച്, രോഗി ഓര്‍മ്മയില്ലാതെ പറയുന്ന കാര്യങ്ങള്‍ സംയമനത്തോടെ നേരിടണം. നല്ല മനസോടും സന്തോഷത്തോടും പരിചരിക്കണമെങ്കില്‍ രോഗത്തെക്കുറിച്ചുള്ള അറിവ് മാത്രമല്ല, ക്ഷമയും മാനസികാരോഗ്യവും വേണം. പണ്ടും ഈ അസുഖങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കൂടുതല്‍ അംഗങ്ങളും അലയത്തുകാരുടെ ശ്രദ്ധയും ഇന്നത്തെ തിരക്കിന്റ അഭാവവും ക്ഷമയോടെ കേട്ടിരുന്ന ഇളം തലമുറക്കാരും കാരണം അത്ര ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടാവില്ല.

ഈ അവസരത്തില്‍ നമുക്കു വേണ്ടിനിര്‍ദേശങ്ങളും സഹായങ്ങളും നല്‍കാന്‍ 'എആര്‍ഡിഎസ്‌ഐ' (അല്‍ഷിമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേര്‍സ് സൊസൈറ്റി ഓഫ് ഇന്ത്യ) എന്ന സംഘടയുണ്ട്. അവരുടെ ശാഖകള്‍ കേരളത്തില്‍ മിക്കവാറും എല്ലാ ജില്ലയിലുമുണ്ട്. അവരുടെ വിദഗ്‌ധോപദേശങ്ങള്‍, ലഘു ലേഖകള്‍ എന്നിവ പരിചാരകര്‍ക്കും കുടുംബാംഗങ്ങള്‍ക്കും സഹായകരമായിരിക്കും.

ഇനി നമ്മുടെ രാജ്യത്തിന് വേണ്ടത് ഡിമെന്‍ഷ്യക്ക് ശാശ്വത പരിഹാരം നല്‍കുന്ന മരുന്നുകള്‍ക്ക് വേണ്ടിയുള്ള റിസേര്‍ച്ചിന് സര്‍ക്കാര്‍ അവരുടെ ആരോഗ്യവിദ്യാഭ്യാസ വകുപ്പുകള്‍ വഴി ശ്രദ്ധചെലുത്തണം.

കൂട്ടത്തില്‍ സമൂഹത്തിലെ ഡിമെന്‍ഷ്യരോഗികളുടെ പരിചരണത്തിന് വീടുകള്‍ തോറുമുള്ള പരിചരണവും ഡേ ക്ലിനിക്കുകയും പരിചാരകര്‍ക്കുള്ള പരിശീലന പരിപാടികളും വിപുലീകരിക്കുക എന്നതാണ്. ഡിമെന്‍ഷ്യ വില്ലേജ് നല്ലൊരു സംരംഭമാണ്. വരും കാലം വാര്‍ധക്യം സന്തോഷകരമായ അനുഭവമായിരിക്കട്ടെ.

ഡോ. ജയകുമാര്‍
റിട്ട. സിവില്‍ സര്‍ജന്‍, സൈക്യാട്രിസ്റ്റ്,
സഹൃദയ ഹോസ്പിറ്റല്‍, ആലപ്പുഴ

Ads by Google
Ads by Google
Loading...
TRENDING NOW