Tuesday, August 20, 2019 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 04 Apr 2019 03.37 PM

പ്രമേഹ രോഗികളിലെ നേത്രസംരക്ഷണം

uploads/news/2019/04/299324/DiabetesEyeProblems040419.jpg

ഇത് സര്‍വസാധാരണമായ ഒരു അസുഖമാണ് പ്രമേഹം അഥവാ ഡയബറ്റിസ്. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും ആഗിരണം ചെയ്യപ്പെടുന്ന ഗ്ലൂക്കോസ് ശരീരത്തിന് വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കാതെ വരുന്ന അവസ്ഥയെയാണ് പ്രമേഹം എന്നു പറയുന്നത്. ഗ്ലൂക്കോസിന്റെ ചയാപചയം നടക്കുന്നതിന് പാന്‍ക്രിയാസ് പുറപ്പെടുവിക്കുന്ന ഇന്‍സുലിന്‍ എന്ന ഹോര്‍മോണ്‍ അത്യാവശ്യമാണ്. ഇന്‍സുലിന്‍ വേണ്ടത്ര ശരീരത്തില്‍ നിര്‍മിക്കപ്പെടാതിരിക്കുകയോ വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ കഴിയാതിരിക്കുകയോ ചെയ്യുന്ന അവസ്ഥയാണിത്. പ്രമേഹം രണ്ടു തരത്തിലുണ്ട്.

ടൈപ്പ് 1 ഡയബറ്റിസ്


ഇവിടെ ഇന്‍സുലിന്‍ നിര്‍മിക്കുന്നതിനു പാന്‍ക്രിയാസ് പൂര്‍ണമായും പരാജയപ്പെടുന്നു. കുട്ടികളിലും കൗമാരക്കാരിലും കാണുന്ന പ്രമേഹം ഇത്തരത്തില്‍പ്പെടുന്നു. ഇവയ്ക്ക് ജീവന്‍ നിലനിര്‍ത്തണമെങ്കില്‍ ഇന്‍സുലിന്‍ തന്നെ നല്‍കണം. അതുകൊണ്ട് ഇതിനെ ഇന്‍സുലിന്‍ ഡിപ്പന്‍ഡന്റ് ഡയബറ്റിസ് എന്നു വിളിക്കുന്നു.

ടൈപ്പ് 2 ഡയബറ്റിസ്


ഇത്തരം പ്രമേഹത്തെ നോണ്‍ ഇന്‍സുലിന്‍ ഡിപ്പന്‍ഡന്റ് ഡയബറ്റിസ് എന്നും പറയുന്നു. ഇവരുടെ ശരീരം ഇന്‍സുലിന്‍ നിര്‍മിക്കുന്നെങ്കിലും ശരീരത്തിന് അതു വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. രണ്ടുകൂട്ടരിലും ഭക്ഷണത്തിലെ അന്നജം വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ ശരീരത്തിനു കഴിയുന്നില്ല.

തത്ഫലമായി രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൂടുന്നു. ഉയര്‍ന്ന ഗ്ലൂക്കോസ് നില ശരീരത്തിലെ രക്തക്കുഴലുകള്‍ നാഡിവ്യൂഹം എന്നിവയെ ദോഷകരമായി ബാധിക്കുന്നു. തത്ഫലമായി ശരീരത്തിലെ പല അവയവങ്ങളും പ്രത്യേകിച്ച് കണ്ണ്, തലച്ചോറ്, കിഡ്‌നി മഒതലായവ കേടാകുന്നു.

പ്രമേഹത്തിന്റെ ലക്ഷണങ്ങള്‍


ടൈപ്പ് 1 പ്രമേഹത്തില്‍ അമിതമായ ദാഹം, കൂടെകൂടെയുള്ള മൂത്രമൊഴിക്കല്‍, ക്ഷീണം, ശരീരഭാരം കുറയല്‍ എന്നിവയാണ് ലക്ഷണങ്ങള്‍.
ടൈപ്പ് 2 ല്‍ ഈ ലക്ഷണങ്ങള്‍ കുറഞ്ഞ തോതില്‍ കാണുന്നു. അതുകൊണ്ട് ചിലപ്പോള്‍ രോഗം നിര്‍ണയിക്കപ്പെടുന്നത് തന്നെ കൊല്ലങ്ങള്‍ക്ക് ശേഷമായിരിക്കും.

ഇങ്ങനെയുള്ളവവരില്‍ പ്രമേഹം കണ്ടുപിടിക്കുന്ന സമയത്ത് തന്നെ മറ്റു കലകള്‍ക്കും കേടുണ്ടാകാനുള്ള സാധ്യതയുണ്ട്. കണ്ണിന്റെ കാഴ്ച പെട്ടെന്ന് മങ്ങുന്നതും, കൂടെക്കൂടെ കണ്ണട മാറ്റേണ്ടി വരുന്നതും ചിലരില്‍ കാണാറുണ്ട്. ലോകത്താകെ 150 കോടി ജനങ്ങള്‍ പ്രമേഹബാധിതരായിട്ടുണ്ട്.

പ്രമേഹരോഗികളിലെ നേത്രസംരക്ഷണം


പ്രമേഹം കണ്ണിന്റെ ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നു. കൂടെക്കൂടെയുണ്ടാകുന്ന അണുബാധകള്‍, പോളക്കുരു മുതലായവ പ്രമേഹരോഗികളില്‍ കാണാം. രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്നതു കാരണം കാഴ്ച പെട്ടെന്നു മങ്ങുകയും രോഗി നേത്രരോഗ വിദഗ്ധന്റെയടുത്തെത്തുകയും ചെയ്യും. അതുവരെ ഉപയോഗിച്ചുകൊണ്ടിരുന്ന കണ്ണട പെട്ടെന്ന് ഉപയോഗ ശൂന്യമായി അനുഭവപ്പെടുന്നു.

പ്രമേഹം നന്നായി നിയന്ത്രിക്കുന്നതുകൊണ്ട് തന്നെ ഇതു മാറിക്കിട്ടുന്നു. പലരിലും ഈ സമയത്താണ് പ്രമേഹം ആദ്യമായി കണ്ടുപിടിക്കുന്നത് തന്നെ. ചില രോഗികളില്‍ കൂടെക്കൂടെ കണ്ണട മാറേണ്ടി വരുന്നു എന്ന പരാതിയുമായി നേത്രരോഗ വിദഗ്ധന്റെ അടുത്ത് എത്തുന്നു. നേത്രരോഗികളില്‍ പ്രത്യേകിച്ച് 40 വയസ് കഴിഞ്ഞവരില്‍ രക്തത്തിലെ ഗ്ലൂക്കോസ് പരിശോധിക്കുന്നതിന്റെ പ്രാധാന്യത്തിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. പ്രമേഹരോഗികളില്‍ തിമിരം വരാനുള്ള സാധ്യതയും തിമിരം പെട്ടെന്ന് കൂടാനുള്ള സാധ്യതയും പ്രമേഹമില്ലാത്തവരെ അപേക്ഷിച്ച് കൂടുതലാണ്.

കണ്ണിനുള്ളിലെ പ്രഷര്‍ കൂടുന്നതുകാരണം കാഴ്ച നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഗ്ലോക്കോമ എന്ന രോഗവും സാധാരണക്കാരെക്കാള്‍ പ്രമേഹരോഗികളില്‍ കാണപ്പെടുന്നു. കണ്ണിന്റെ റെറ്റിനയെ ബാധിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി എന്ന രോഗമാണ് കൂട്ടത്തില്‍ ഏറ്റവും ഭീകരന്‍. സ്ഥിരമായി കാഴ്ചക്കുറവുണ്ടാകുന്നതില്‍ പ്രധാനിയാണ് ഡയബറ്റിക് റെറ്റിനോപ്പതി. ഒരിക്കല്‍ നഷ്ടപ്പെട്ട കാഴ്ച തിരിച്ചെടുക്കാന്‍ കഴിയില്ല എന്നതാണ് ഇതിന്റെ പ്രത്യേകത. പ്രമേഹം തുടങ്ങി 5 വര്‍ഷമാകുമ്പോഴേക്കും ഒരാള്‍ റെറ്റിനോപ്പതിയുടെ വ്യത്യാസങ്ങള്‍ കണ്ടുതുടങ്ങും.

രോഗിക്ക് ലക്ഷണങ്ങളൊന്നും അനുഭവപ്പെടുകയില്ല എന്നുള്ളതാണ് തുടക്കത്തിലെ പ്രത്യേകത നേത്ര പരിശോധന കൊണ്ട് മാത്രമേ ഈ സമയത്ത് കണ്ടുപിടിക്കാണ്‍ കഴിയൂ. ചികിത്സിച്ചില്ലെങ്കില്‍ ഏകദേശം 2 ശതമാനം ആള്‍ക്കാര്‍ 15 വര്‍ഷം കഴിയുമ്പോഴേക്കും അന്ധരായി തീരുന്നു. രക്തത്തിലെ ഉയര്‍ന്ന ഗ്ലൂക്കോസ് നില റെറ്റിനയിലെ ചെറിയ രക്തക്കുഴലുകള്‍ക്ക് കേടുവരുയത്തുകയും തത്ഫലമായി റെറ്റിനയുടെ രക്തയോട്ടം കുറയുകയും റെറ്റിനയുടെ ആരോഗ്യം നഷ്ടപ്പെടുത്തുകയും ചെയ്യും.

രക്തയോട്ടം കുറഞ്ഞ സ്ഥലങ്ങളില്‍ പുതിയ രക്തക്കുഴലുകള്‍ വളരുന്നു. വളരെ ലോലമായ ഈ കുഴലുകള്‍ പൊട്ടി കണ്ണില്‍ രക്തമിറങ്ങുകയും കാഴ്ച പെട്ടെന്ന് കുറയുകയും ചെയ്യുന്നു. ചിലരില്‍ ഇങ്ങനെ പല പ്രാവശ്യം സംഭവിക്കുകയും ചികിത്‌സയുടെ അഭാവത്തില്‍ റെറ്റിന വിട്ടുപോവുകയും ചെയ്യുന്നു.

കണ്ണുപരിശോധന നിര്‍ബന്ധം


പ്രമേഹം നന്നായി നിയന്ത്രിച്ചുകൊണ്ട് പോവുകയാണെങ്കില്‍ റെറ്റിനോപ്പതി വളരെ സാവധാനമേ കാഴ്ചക്കുറവ് വരുത്തുകയുള്ളൂ. പ്രമേഹരോഗികള്‍ക്ക് കണ്ണുപരിശോധന എത്രമാത്രം പ്രാധാന്യമുള്ളതാണെന്ന് ഇതു കാണിക്കുന്നു. പ്രമേഹം കണ്ടുപിടിക്കുമ്പോള്‍ തന്നെ നേത്രപരിശോധന നടത്തണം.

പിന്നീട് ഓരോ വര്‍ഷം കഴിയുമ്പോഴും നേത്ര പരിശോധന നടത്തുകയും നേത്രരോഗവിദഗ്ധന്റെ ഉപദേശങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്യണം. ശരിയായ സമയത്തുള്ള ലേസര്‍ ചികിത്സ സ്ഥിരമായ കാഴ്ചകുറവുണ്ടാകാതെ സംരക്ഷിക്കും.

പ്രമേഹരോഗികള്‍ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കൃത്യമായി പരിശോധിക്കുമെങ്കിലും കണ്ണുപരിശോധന തീരെ അവഗണിക്കുന്നതായിട്ടാണ് കണ്ടുവരുന്നത്. ഇത് റെറ്റിനോപ്പതി മൂലം അന്ധരായി തീരുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് സമീപകാലത്ത് ഉണ്ടാക്കിയിരിക്കുന്നത്.

ശാരീരികമായി മറ്റു പ്രശ്‌നങ്ങള്‍ ഇല്ലാത്തവര്‍ ചെറുപ്രായത്തില്‍ തന്നെ അന്ധരായി ജീവിക്കേണ്ടി വരുന്നത് തീര്‍ത്തും നിരാശാജനകമാണ്. ഭക്ഷണനിയന്ത്രണം, ശരിയായ വ്യായാമം, മരുന്ന് എന്നിവ വഴി പ്രമേഹം നിയന്ത്രിക്കുകയും കൃത്യമായി നേത്ര പരിശോധന നടത്തുകയും ചെയ്യുക വഴി ഈ ദുരവസ്ഥയെ ഒരു പരിധി വരെ നമുക്ക് ഒഴിവാക്കാന്‍ കഴിയും.

ഡോ. ചന്ദ്രകാന്ത്
പീഡിയാട്രീഷന്‍
എം. കെ. എം ഹോസ്പിറ്റല്‍, പ്രവിത്താനം

Ads by Google
Ads by Google
Loading...
TRENDING NOW