Sunday, August 18, 2019 Last Updated 58 Min 8 Sec ago English Edition
Todays E paper
Ads by Google
Wednesday 03 Apr 2019 12.40 PM

അഴകോടെ 40 ദൃശ്യവര്‍ഷങ്ങള്‍

uploads/news/2019/04/299061/AzhakappanINW030419d.jpg

അഴകപ്പന് കടലിനോട് വല്ലാത്ത പ്രണയമായിരുന്നു. കടല്‍ത്തീരത്തെ പഞ്ചാര മണലില്‍ കളിവീടുണ്ടാക്കി കളിക്കുമ്പോഴും കടലിന്റെ സൗന്ദര്യം പെയ്തിറങ്ങുന്ന നിശബ്ദതയും ആര്‍ത്തുലച്ചുയരുന്ന തിരമാലകളുടെ ഭീകരതയും അഴകപ്പന്റെ മനസ്സില്‍ പുതിയ ഫ്രെയിമുകള്‍ക്ക് പിറവി നല്‍കി.

മലയാള സിനിമയിലെ പ്രതിഭാധനനായ ഛായാഗ്രാഹകന്‍ അഴകപ്പന്‍ ക്യാമറകൊണ്ട് കവിത രചിക്കാന്‍ തുടങ്ങിയിട്ട് 40 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഒഴിവുദിവസങ്ങളിലെ സായന്തനങ്ങളില്‍ കന്യാകുമാരിയിലെ കടല്‍ തീരത്തിലൂടെ അച്ഛന്റെ കൈപിടിച്ചു നടന്നു പോകുമ്പോഴാണ് അഴകപ്പന്റെ മനസില്‍ കടല്‍ ഒരനുഭവമായി മാറുന്നത്.

സ്‌കൂള്‍ പഠനകാലത്ത് അച്ഛന്‍ വാങ്ങി കൊടുത്ത കൊഡാക്കിന്റെ ബോക്‌സ് ക്യാമറയിലൂടെ മുന്നിലെ കാഴ്ചകളെല്ലാം പകര്‍ത്തി കൊണ്ടിരുന്നു. നാഗര്‍കോവില്‍ എസ്.ടി ഹിന്ദു കോളജില്‍ നിന്നും ബി.എസ്.സി.ഫിസിക്‌സ് പൂര്‍ത്തിയാക്കി പുറത്തിറങ്ങുമ്പോഴാണ് അഴകപ്പന് എന്‍ജിനീയറിങ്ങിന് അഡ്മിഷന്‍ ലഭിച്ചത്. പക്ഷേ അഴകപ്പന്റെ മനസ്സില്‍ നിറഞ്ഞു നിന്നത് ഫോട്ടോഗ്രാഫി ആയിരുന്നു.

അഴകപ്പന്റെ മനസറിഞ്ഞ ചെറിയച്ഛനാണ് അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അപേക്ഷ അയയ്ക്കാന്‍ പ്രേരിപ്പിച്ചത്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനം പൂര്‍ത്തിയാക്കിയ അഴകപ്പന്‍ പരുവത്തിന്‍ വാസലിലെ എന്ന തമിഴ് ചിത്രത്തില്‍ ഓപ്പറേറ്റിങ് ക്യാമറാമാനായിട്ടാണ് തന്റെ ചലച്ചിത്ര യാത്രയ്ക്ക് തുടക്കം കുറിച്ചത്.

ഒ.എസ്.ശിവകുമാര്‍ സംവിധാനം ചെയ്ത എന്‍ പ്രിയം എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായത്. തുടര്‍ന്ന് ജലന്ധര്‍ ദൂരദര്‍ശനില്‍ ജോലിക്കു ചേര്‍ന്ന അഴകപ്പന്‍ ചിട്ടാലോഗു, ഗര്‍ദ്ദീഷ്, ബുനിയാദ് തുടങ്ങിയ ടെലിവിഷന്‍ സീരിയലുകളുടെ ക്യാമറാമാനായി പ്രതിഭ തെളിയിച്ചു. പഞ്ചാബിലെ ശ്രദ്ധേയമായ ബ്ലൂസ്റ്റാര്‍ ഓപ്പറേഷനില്‍ ക്യാമറ ചലിപ്പിച്ച അഴകപ്പന്‍ പിന്നീട് തിരുവനന്തപുരം ദൂരദര്‍ശന്‍ എത്തി. മാധവികുട്ടിയുടെ വേനലിന്റെ ഒഴിവായിരുന്നു ആദ്യ ടെലിഫിലിം.

ശ്യാമപ്രസാദിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്, മരണം ദുര്‍ബലം, ഗണിതം, നിലാവറിയുന്നു, മലയാറ്റൂരിന്റെ വേരുകള്‍, തോറ്റങ്ങള്‍, സ്മാരകശിലകള്‍, എം.ടി.യുടെ നാലുകെട്ട് തുടങ്ങിയ സീരിയലുകളിലും ക്യാമറ ചലിപ്പിച്ച അഴകപ്പന്‍ സുന്ദര്‍ദാസ് സംവിധാനം ചെയ്ത സമ്മാനം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് കടന്നുവന്നത്.

ഇതിനിടെ ദുല്‍ഖറെ നായകനാക്കി പട്ടംപോലെ എന്ന സിനിമ സംവിധാനവും ചെയ്തു മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച അഴകപ്പന്‍ ക്യാമറയുമായി ചങ്ങാത്തം തുടങ്ങിയിട്ട് 40 വര്‍ഷം പിന്നിട്ടതിന്റെ ആഹ്ലാദത്തിലാണ്.പാലക്കാട് ചിത്രീകരണം നടന്ന സ്വര്‍ണ്ണമത്സ്യങ്ങള്‍ എന്ന സിനിമയുടെ സെറ്റില്‍ അഴകപ്പന്‍ സിനിമാ മംഗളത്തിന്റെ വായനക്കാരുമായി സംസാരിക്കുകയാണ്.

uploads/news/2019/04/299061/AzhakappanINW030419b.jpg

ഛായാഗ്രഹണകലയെ ഹൃദയത്തിന്റെ ഭാഗമാക്കാന്‍ തുടങ്ങിയിട്ട് 40 വര്‍ഷം പിന്നിട്ടിരിക്കുന്നു...?


അതെ, ക്യാമറയും ഞാനും തമ്മിലുള്ള ആത്മബന്ധം തന്നെയാണ് പ്രധാനം. നാല്‍പതു വര്‍ഷം പിന്നിടുമ്പോള്‍ ഒരുപാട് അനുഭവങ്ങളാണ് മനസ്സിലൂടെ കടന്നു പോകുന്നത്. തിരിഞ്ഞുനോക്കുമ്പോള്‍ നിറഞ്ഞ സംതൃപ്തിയാണ് എനിക്കുള്ളത്.

സംവിധായകന്‍ കഥ പറയുമ്പോള്‍ ഛായാഗ്രാഹകന്‍ എന്ന നിലയില്‍ കഥയ്ക്ക് അനുസൃതമായ സീക്വന്‍സുകളും താങ്കളുടെ മനസ്സില്‍ പതിയാറുണ്ടോ?


സ്വാഭാവിക പ്രക്രിയയാണിത്. കഥ കേള്‍ക്കുമ്പോഴും സ്‌ക്രിപ്റ്റ് വായിക്കുമ്പോഴും കഥാപരിസരം ആവശ്യപ്പെടുന്ന സിറ്റുവേഷന്‍ മനസ്സില്‍ കടന്നു വരാറുണ്ട്. സ്‌റ്റോറിയാണ് പ്രധാനം. വ്യത്യസ്ത പാറ്റേണിലൂടെ ക്യാമറ ചലിപ്പിക്കുന്നതിനെ കുറിച്ചാണ് ഞാന്‍ ചിന്തിക്കാറ്. ഒരു സിനിമ ചെയ്യുമ്പോള്‍ ഫുള്‍സ്‌ക്രിപ്റ്റ് വായിച്ചറിഞ്ഞ് മുന്നോട്ടുപോകുമ്പോള്‍ പുതുമയുള്ള ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ കഴിയും.

കഥയ്ക്കനുയോജ്യമായ ലൊക്കേഷന്‍ കണ്ടെത്തുമ്പോള്‍ ക്യാമറാമാനെന്ന നിലയില്‍ താങ്കളുടെ പങ്കാളിത്തം?


കഥ ആവശ്യപ്പെടുന്ന തരത്തില്‍ സംവിധായകന്റെ മനസറിഞ്ഞ് ക്യാമറ ചലിപ്പിക്കാന്‍ ഞാന്‍ മുന്നില്‍ നില്‍ക്കാറുണ്ട്. ഇപ്പോള്‍ പഴയ കാല മനകളും ഗ്രാമങ്ങളും ചിത്രീകരിക്കണമെങ്കില്‍ പാലക്കാട്ടേക്ക് വരണം.

പാലക്കാട്ടെ ഗ്രാമ സൗന്ദര്യം ഏറെ ആകര്‍ഷണീയമാണ്. തിളക്കത്തിന്റെ ചിത്രീകരണത്തിനാണ് ഞാന്‍ പാലക്കാട്ടെത്തിയത്. പാലക്കാട്ടെ ലൊക്കേഷനുകളുടെ സവിശേഷത റിയാലിറ്റിയാണ്. ഓരോ സിനിമയും വ്യത്യസ്തതയോടെ ചിത്രീകരിക്കാനാണ് ശ്രമിക്കാറത്. ഇതില്‍ ലൊക്കേഷനുകള്‍ക്കും അതിപ്രധാനമായ പങ്കുണ്ട്.

നവാഗത സംവിധായകരുടെ സിനിമകള്‍ ചെയ്യുമ്പോള്‍ താങ്കളുടേതായ കോണ്‍ട്രിബ്യൂഷന്‍?


തീര്‍ച്ചയായും. നവാഗതരുടെ സിനിമ ചെയ്യുമ്പോള്‍ ഓരോ സീനുും അവരുടെ മനസറിഞ്ഞ് ചിത്രീകരിക്കാറുണ്ട്. അശ്വമേധത്തിലൂടെ ശ്രദ്ധേയനായ ജി.എസ്.പ്രദീപ് സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്വര്‍ണ്ണമത്സ്യങ്ങള്‍. ദൂരദര്‍ശനില്‍ ജോലി ചെയ്യുന്ന കാലം മുതല്‍ എനിക്ക് ജി. എസ്.പ്രദീപിനെ അറിയാം. പരിചിതനായ സംവിധായകനെ പോലെ ഓരോ സീനും അനായാസമായി ചിത്രീകരിക്കാന്‍ പ്രദീപിന് കഴിയുന്നുണ്ട്.

ശ്യാമപ്രസാദ്, മധുപാല്‍, ഗിരീഷ് ദാമോദര്‍, തമിഴില്‍ വസന്ത്ബാല തുടങ്ങിയ സംവിധായകരുടെ ആദ്യ സിനിമകളുടെ ഛായാഗ്രഹണം നിര്‍വഹിക്കാന്‍ കഴിഞ്ഞതില്‍ അതിയായ ആഹ്‌ളാദമുണ്ട്...

uploads/news/2019/04/299061/AzhakappanINW030419c.jpg

ഒരേ പാറ്റേണില്‍ നിന്നു മാറി പുതുമയുള്ള പ്രമേയം അടിസ്ഥാനമായ സിനിമകള്‍ ചെയ്യുന്നത് ഒരനുഭവം തന്നെയല്ലേ...?


അതെ, പുതിയ കഥാസന്ദര്‍ഭങ്ങള്‍ നിന്നുകൊണ്ട് സിനിമകള്‍ ചെയ്യുമ്പോള്‍ വ്യത്യസ്തത പുലര്‍ത്താന്‍ ശ്രമിക്കാറുണ്ട്. നല്ല സ്‌റ്റോറി ആവുമ്പോള്‍ വ്യത്യസ്തമായ ദൃശ്യ ഭംഗിയും പ്രധാനമാണ്. ന്യൂ ജനറേഷന്‍ എന്ന് പറഞ്ഞു മിസ്‌യൂസ് ചെയ്യുന്നവരും ഇവിടെയുണ്ട്. ന്യൂ വേവ് ഫിലിം എടുക്കുന്നവരും ധാരാളമുണ്ട്. യഥാര്‍ത്ഥത്തില്‍ ന്യൂജെന്‍ എന്നത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ട വാക്കാണ്.

ഛായാഗ്രഹണകലയിലെ പുതിയ തലമുറയെ കുറിച്ച്?


യഥാര്‍ത്ഥകാര്യങ്ങല്‍ പഠിക്കുക എന്നതിനേക്കാള്‍ മത്സരിക്കാനാണ് പലരും ശ്രമിക്കുന്നത്. ബ്രില്ല്യന്റായ സിനിമകള്‍ ഉണ്ടാക്കാനുള്ള പരിശ്രമമെന്നാണ് പലരും പറയുന്നത്. സിനിമയില്‍ നടക്കുന്ന മത്സരത്തില്‍ എന്താണ് പുതുമയെന്ന് കണ്ടെത്താനാവുന്നില്ല. ഹാര്‍ഡ് വര്‍ക്ക് ചെയ്യാന്‍ കഴിവുള്ള ടാലന്റുള്ള ഛായാഗ്രാഹകന് മാത്രമേ സിനിമയില്‍ സക്‌സസാവാന്‍ കഴിയുകയുള്ളൂ.

താങ്കളുടെ മനസ്സിനെ സ്പര്‍ശിച്ച സ്വന്തം സിനിമകള്‍...?


ഇതേവരെ 60 സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചു. ഭൂരിഭാഗം സിനിമകളും സൂപ്പര്‍ ഹിറ്റുകളായിരുന്നു. അഗ്‌നിസാക്ഷി , ഒരേ കടല്‍, മനസ്സിനക്കരെ, ചാന്തുപോട്ട്, രസതന്ത്രം, പട്ടം പോലെ തുടങ്ങിയ ചിത്രങ്ങളൊക്കെ എന്റെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നു.

സംവിധായകന്‍ ആയതിനെകുറിച്ച്?


സംവിധാനം റിസ്‌കുള്ള വര്‍ക്ക് തന്നെയാണ്. നല്ലൊരു സ്‌റ്റോറി കിട്ടിയപ്പോള്‍ ഇത്രയും വര്‍ഷത്തെ ചലച്ചിത്ര എക്‌സ്പീരിയന്‍സിനെ മുന്‍നിര്‍ത്തിയാണ് പട്ടം പോലെ സംവിധാനം ചെയ്തത്. ക്യാമറയുടെ പിറകില്‍ നില്‍ക്കുന്ന ഞാന്‍ സംവിധായകനായത് മറക്കാനാവാത്ത അനുഭവം തന്നെയാണ്. പട്ടം പോലെ നല്ലൊരു സിനിമയായിരുന്നു.

രജത് കപൂറും ശോഭനയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച അഗ്‌നി സാക്ഷിയിലെ ദൃശ്യ ഭംഗി ഏറെ ചര്‍ച്ചയായിരുന്നല്ലോ. സംവിധായകന്‍ ശ്യാമപ്രസാദും താങ്കളും തമ്മിലുള്ള ആത്മബന്ധത്തെക്കുറിച്ച്?


ദൂരദര്‍ശനില്‍ ജോലി ചെയ്യുമ്പോഴാണ് ഞാനും ശ്യാമപ്രസാദും ഒന്നിക്കുന്നത്. ശ്യാമിന്റെ ആദ്യ ടെലിഫിലിമായ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ ഛായാഗ്രഹണം ഞാനായിരുന്നു.തുടര്‍ന്ന് മരണം ദുര്‍ബലം, ഗണിതം, നിലാവറിയുന്നു ...മരണം ദുര്‍ബലം, ഗണിതം, ഉയര്‍ത്തെഴുന്നേല്‍പ്പ് തുടങ്ങി മൂന്ന് സീരിയലുകളിലൂടെ തുടര്‍ച്ചയായി മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാര്‍ഡുകള്‍ എനിക്ക് ലഭിച്ചു.നാഷണല്‍ ടിവി-സീരിയല്‍ മത്സരത്തില്‍ നിലാവറിയുന്നു എന്ന സീരിയലിലൂടെ ബെസ്റ്റ് ക്യാമറാമാനുള്ള നാഷണല്‍ അവാര്‍ഡ് എനിക്ക് ലഭിച്ചു.

തുടര്‍ന്ന് ശ്യാമപ്രസാദ് സംവിധാനം ചെയ്ത അഗ്നിസാക്ഷി എന്ന ചിത്രത്തിലൂടെ മികച്ച ക്യാമറാമാനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എനിക്ക് ലഭിച്ചു. ശ്യാമപ്രസാദിന്റെ ഒരേകടല്‍, അരികെ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചത് ഞാനായിരുന്നു.ഞങ്ങള്‍ ഒരുമിച്ചു വര്‍ക്ക് ചെയ്യുന്നത് കണ്ട് നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും എങ്ങനെയാണ് കൃത്യമായി കാര്യങ്ങള്‍ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതെന്ന് ഒരിക്കല്‍ മമ്മൂക്ക ചോദിച്ചു.

കഥയും സീനും പറയുമ്പോള്‍ ഞങ്ങള്‍ക്കു 100% മനസ്സിലാക്കാന്‍ കഴിയുന്നുവെന്നായിരുന്നു ഞാന്‍ മമ്മൂക്കയോട് പറഞ്ഞത്. ശ്യാമും ഞാനും വര്‍ക്ക് ചെയ്യുമ്പോള്‍ ഡിസ്‌കഷനാണ് പ്രധാനമായും നടത്താറ്. അതുതന്നെയാണ് ഞങ്ങള്‍ തമ്മിലുള്ള ആത്മബന്ധം. സീനുകള്‍ ചിത്രീകരിക്കുമ്പോഴുള്ള ഞങ്ങളുടെ കൂടിയാലോചനകള്‍ സിനിമകളുടെ അനായാസമായ ചിത്രീകരണത്തിന് ഗുണകരമായി മാറുന്നു..

uploads/news/2019/04/299061/AzhakappanINW030419a.jpg

ആഗോളതലത്തില്‍ ഛായാഗ്രഹണകലയിലുണ്ടാകുന്ന മാറ്റങ്ങളെ പഠന വിധേയമാക്കാറുണ്ടോ...?


തീര്‍ച്ചയായും, ഛായാഗ്രഹണകലയില്‍ നടക്കുന്ന നിരന്തരമായ മാറ്റങ്ങളെ നിരീക്ഷിക്കാറുണ്ട്. അങ്ങനെ ചെയ്തില്ലെങ്കില്‍ നമ്മള്‍ പിറകിലായി പോകില്ലേ. ലോകസിനിമയില്‍ തന്നെ സീനുകള്‍ ചിത്രീകരിക്കുന്ന ക്യാമറകളുടെ കാര്യത്തിലും അപ്ടുഡേറ്റ് ആവേണ്ടത് അനിവാര്യമാണല്ലോ. ഡിജിറ്റല്‍ തരംഗം സമൂലമായ പരിവര്‍ത്തനമല്ലെ നമ്മുടെ സിനിമയില്‍ ഉണ്ടാക്കിയത്..

കുട്ടികള്‍പോലും ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് സിനിമ ഷൂട്ട് ചെയ്യുന്ന കാലമാണിത്..പുതിയ ക്യാമറകളെ കുറിച്ച് പഠിക്കാനുള്ള സംവിധാനവും ഇപ്പോഴുണ്ട്..മമ്മൂക്ക നായകനായ അങ്കിള്‍ എന്ന സിനിമ പുതിയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി മള്‍ട്ടി ക്യാമറയിലാണ് ചിത്രീകരിച്ചത്...

നല്ല സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു: അഴകപ്പന്‍


കഴിഞ്ഞ 40 വര്‍ഷമായി ഛായാഗ്രഹണകലയില്‍ ഞാന്‍ ഉപവസിക്കുകയായിരുന്നു. മാറ്റങ്ങള്‍ കൃത്യമായി ഉള്‍ക്കൊണ്ടാണ് ഞാന്‍ മുന്നോട്ടു പോയത്. 60 സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ച ക്യാമറാമാന്‍ എന്ന നിലയില്‍ എന്നോട് ചിലര്‍ ഇക്കാലയളവില്‍ എത്ര നല്ല സിനിമകള്‍ ചെയ്തു എന്ന് ചോദിക്കാറുണ്ട്.

പക്ഷേ ഞാന്‍ അവരോട് നല്ല സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു എന്നാണ് പറയാറുള്ളത്. നല്ല സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പാണ് എന്നെ മുന്നോട്ടു നയിക്കുന്നത്.

ഞാന്‍ ഛായാഗ്രഹണം നിര്‍വഹിച്ച് റിലീസ് ചെയ്ത അവസാന ചിത്രം ഡ്രാമയാണ്.ഈ ചിത്രത്തില്‍ ഉണ്ടായിരുന്ന സംവിധായകരായ രഞ്ജിത്, ശ്യാമപ്രസാദ്, മുരളി മേനോന്‍ തുടങ്ങിയവരുടെ ചിത്രങ്ങളിലൊക്കെ ഞാന്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്..

ഇവരോടൊപ്പമുള്ള വര്‍ക്കില്‍ വിഷ്വല്‍ കോണ്‍ട്രിബ്യൂഷന്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്...ഓരോ സിനിമകളിലും വ്യത്യസ്തത ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്.. ഒരു പടം ചിത്രീകരിച്ച രീതി പിന്തുടര്‍ന്ന് മറ്റൊരു പടം ചെയ്യരുതെന്നാണ് തന്റെ ആഗ്രഹം...

താങ്കളുടെ കുടുംബത്തെക്കുറിച്ച്?


ഭാര്യ ഉമ. മകന്‍ ശ്രീനാഥ് ശിവ യുകെയില്‍ ലിബാറയെന്ന കമ്പനിയില്‍ പ്രൊമോഷന്‍ മാനേജരാണ്. മരുമകള്‍ ചൈനക്കാരിയായ ഷോയിന്‍ലി. ബ്രൂസ്ലിയുടെ ഫാമിലിയിലുള്ള കുട്ടിയാണ്

വാഴൂര്‍ ജോസ്
സുരേഷ് കുനിശ്ശേരി

Ads by Google
Wednesday 03 Apr 2019 12.40 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW