Thursday, August 22, 2019 Last Updated 33 Min 48 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 01.32 AM

പട നയിക്കാന്‍ തയാറായി രാഹുല്‍ , ആവേശം വീണ്ടും ചുരം കയറി

uploads/news/2019/04/298464/d1.jpg

ന്യൂഡല്‍ഹി : വയനാടിന്റെ സ്വയംവരപ്പന്തലിലേക്കു കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെത്തും. "രണ്ടു സീറ്റില്‍നിന്നു മത്സരിക്കാന്‍ രാഹുല്‍ജി സമ്മതമറിയിച്ചിരിക്കുന്നു. അദ്ദേഹം വയനാട്ടില്‍നിന്നും ജനവിധി നേരിടും" - ഒരാഴ്‌ച നീണ്ട അനിശ്‌ചിതത്വത്തിന്‌ മുതിര്‍ന്ന നേതാവ്‌ എ.കെ. ആന്റണിയാണു വിരാമമിട്ടത്‌. മൂന്നിന്‌ രാഹുല്‍ വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. വൈകിട്ടോടെ വടകരയില്‍ കെ. മുരളീധരന്റെ പേരു പ്രഖ്യാപിച്ചതോടെ യു.ഡി.എഫിന്റെ സ്‌ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി.
കേരളത്തിനു പുറമേ തമിഴ്‌നാട്‌, കര്‍ണാടക പി.സി.സികളും രാഹുലിനെ മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു. മൂവരുടെയും സന്തോഷം കണക്കിലെടുത്താണ്‌ തമിഴ്‌നാടുമായും കര്‍ണാടകയുമായും അതിര്‍ത്തി പങ്കിടുന്ന വയനാടിനെ തെരഞ്ഞെടുത്തതെന്ന്‌ ആന്റണി പറഞ്ഞു. സിറ്റിങ്‌ സീറ്റായ അമേഠിക്കു പുറമേയാണു രാഹുല്‍ വയനാട്ടില്‍ക്കൂടി മത്സരിക്കുന്നത്‌. കര്‍മഭൂമിയായ അമേഠിയെ ഒരിക്കലും കൈയൊഴിയില്ലെന്ന്‌ അദ്ദേഹം വ്യക്‌തമാക്കിയിട്ടുണ്ടെന്ന്‌ ആന്റണിക്കൊപ്പമുണ്ടായിരുന്ന കോണ്‍ഗ്രസ്‌ വക്‌താവ്‌ രണ്‍ദീപ്‌ സുര്‍ജേവാല പറഞ്ഞു. ദക്ഷിണേന്ത്യയെ മോഡി അവഗണിക്കുന്നതിലുള്ള പ്രതിഷേധം കൂടിയാണു വയനാട്ടിലെ മത്സരമെന്നും സുര്‍ജേവാല പറഞ്ഞു.
തമിഴ്‌നാട്ടില്‍ ഡി.എം.കെയുമായും കര്‍ണാടകയില്‍ ജെ.ഡി.എസുമായും സഖ്യത്തിലാണു കോണ്‍ഗ്രസ്‌ മത്സരിക്കുന്നത്‌. വയനാട്ടില്‍ രാഹുലിന്റെ സാന്നിധ്യം മൂന്നു സംസ്‌ഥാനങ്ങളിലും തരംഗമായി പടരുമെന്നാണു പ്രതീക്ഷ. സഖ്യകക്ഷികളുമായി ചേര്‍ന്നു ദക്ഷിണേന്ത്യയില്‍ 130 സീറ്റ്‌ പിടിക്കാനായാല്‍ ഡല്‍ഹിയിലെ അധികാരം അകലെയല്ലെന്നു കോണ്‍ഗ്രസ്‌ കണക്കുകൂട്ടുന്നു.
അമേഠിയിലെ പരാജയഭീതിമൂലം രാഹുല്‍ കേരളത്തിലേക്ക്‌ ഓടുകയാണെന്നു ബി.ജെ.പി. പരിഹസിച്ചു. അതേസമയം, വയനാട്ടില്‍ ഇടതുപക്ഷത്തിനെതിരായ മത്സരം ദേശീയതലത്തില്‍ ബി.ജെ.പിയെ തറപറ്റിക്കുകയെന്ന ലക്ഷ്യത്തില്‍നിന്നുള്ള പിന്‍വാങ്ങലാണെന്നു സി.പി.എമ്മും സി.പി.ഐയും വിമര്‍ശിച്ചു. ബി.ജെ.പി. മുഖ്യശത്രുവല്ലാത്ത കേരളത്തില്‍ രാഹുല്‍ മത്സരിക്കുന്നതു തെറ്റായ സന്ദേശമാകും നല്‍കുകയെന്നു നേരത്തേ അഭിപ്രായപ്പെട്ട ഇടതുപക്ഷം, യു.പി.എ. സഖ്യകക്ഷികളെ ഉപയോഗിച്ചും കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ സമ്മര്‍ദം ചെലുത്തിയിരുന്നു.
രാഹുല്‍ ഇന്നലെ കര്‍ണാടകയില്‍ തെരഞ്ഞെടുപ്പു യാത്രയിലായിരുന്നു. ശനിയാഴ്‌ച രാത്രി മുതിര്‍ന്ന നേതാക്കളുമായി രാഹുല്‍ ഗാന്ധി നടത്തിയ കൂടിയാലോചനയിലാണ്‌ വയനാട്ടില്‍ക്കൂടി മത്സരിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായത്‌. ഇന്നലെ രാവിലെ പതിവുപോലെ സുര്‍ജേവാല പാര്‍ട്ടിയാസ്‌ഥാനത്തു വാര്‍ത്താസമ്മേളനത്തിന്‌ എത്തിയെങ്കിലും കാത്തിരിക്കാനായിരുന്നു നിര്‍ദേശം.
ഇതിനിടെ എ.കെ. ആന്റണി, അഹമ്മദ്‌ പട്ടേല്‍, മുകള്‍ വാസ്‌നിക്‌, കെ.സി. വേണുഗോപാല്‍, ഗുലാംനബി ആസാദ്‌ എന്നിവര്‍ അകത്തെ മുറിയില്‍ കൂടിയാലോചന നടത്തി. ഇടതുമുന്നണിയെ മുറിവേല്‍പ്പിക്കുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കാന്‍ അവിടെ ധാരണയായി. തീരുമാനം പ്രഖ്യാപിക്കാന്‍ ആന്റണിയെ ചുമതലപ്പെടുത്തി.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Monday 01 Apr 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW