Sunday, August 18, 2019 Last Updated 58 Min 7 Sec ago English Edition
Todays E paper
Ads by Google
Wednesday 20 Mar 2019 10.24 AM

പ്രളയത്തിന്റെ പേരില്‍ കോടികള്‍; ദുരിതാശ്വാസമെന്നാല്‍ ദുരിതം ജനങ്ങള്‍ക്കും ആശ്വാസം സിപിഎമ്മിനും- ശ്രീനിവാസന്‍ തുറന്നു പറയുന്നു

uploads/news/2019/03/295805/CiniINWSrenivasan200319b.jpg

ശ്രീനിവാസന്‍ ചിരിക്കുകയാണ്. അര്‍ത്ഥവത്തായ ആ ചിരി പൊട്ടിച്ചിരിയായി രൂപാന്തരപ്പെടുമ്പോള്‍ സാമൂഹിക വിമര്‍ശനത്തിന്റെ കണ്ണാടിയില്‍ ജീവിതാനുഭവങ്ങളുടെ ദര്‍ശനം തെളിയുകയാണ്. മുഖാഭിനയത്തിന്റെ ദീപ്ത പൂര്‍ണ്ണിമയില്‍ വിരാജിക്കുമ്പോഴും കഥകളുടെ മഹാസാഗരം ശ്രീനിവാസന്റെ മനസ്സില്‍ തിരയിളക്കമായി മാറുന്നു.

ആര്‍ക്കിലൈറ്റുകളുടെ വെള്ളിവെളിച്ചത്തില്‍ കഥാപാത്രങ്ങളുടെ ഹൃദയംതൊട്ടറിയുമ്പോഴും താര പരിവേഷത്തിന്റെ കാപട്യത്തില്‍ വീണുപോകാതെ പച്ചമണ്ണില്‍ ചവിട്ടിനിന്ന് ശ്രീനിവാസന്‍ ജീവിതം അനുഭവവേദ്യമാക്കുകയാണ്.

സാമൂഹിക പ്രശ്‌നങ്ങളില്‍ നിര്‍ഭയമായി പ്രതികരിക്കുമ്പോള്‍ അവരുടെ മനസ്സുകളില്‍ കവികളുടെ ഊര്‍ജ്ജം പമ്പുചെയ്യാന്‍ ശ്രീനിവാസന്‍ മുന്നില്‍ നില്‍ക്കുകയാണ്.

കേരളീയ സമൂഹം അഭിമുഖീകരിക്കുന്ന ചില നിര്‍ണായക വിഷയങ്ങളെക്കുറിച്ച് സമീപകാലത്താണ് ശ്രീനിവാസന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഇതോടെ ശ്രീനിവാസന്റെ നിരീക്ഷണങ്ങള്‍ ദഹിക്കാത്ത ചിലര്‍ ശ്രീനിവാസനെതിരെ തിരിഞ്ഞു.

പക്ഷേ പറഞ്ഞകാര്യങ്ങളില്‍ ഉറച്ചു നിന്ന് തന്റെ നാവിനെ ചങ്ങലയിട്ട് പൂട്ടാന്‍ ആരെയും അനുവദിക്കാതെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ കര്‍മ്മ പഥത്തിലൂടെ ശ്രീനിവാസന്‍ സഞ്ചരിക്കുകയാണ്...

കൊല്ലംകോട് കുട്ടിമാമ എന്ന ചിത്രത്തിന്റെ സെറ്റിലാണ് ശ്രീനിവാസനെ കണ്ടത്. ചിത്രീകരണത്തിന്റെ ഇടവേളയില്‍ സെറ്റിലുണ്ടായിരുന്ന കാരവനകത്തിരുന്നാണ് ശ്രീനി സംസാരിക്കാന്‍ തുടങ്ങിയത്.

വി.എം. വിനു സംവിധാനം ചെയ്യുന്ന കുട്ടിമാമയിലെ കേന്ദ്ര കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതയെ കുറിച്ച്..?


പട്ടാളക്കാരനായി റിട്ടയര്‍ ചെയ്ത ശേഖരന്‍കുട്ടി എന്ന കഥാപാത്രമാണ്. തികച്ചും രസകരമായ മൂഡ് സമ്മാനിക്കുന്ന കഥാപാത്രമാണിത്. ആദ്യമായാണ് ഇത്തരം ഒരു കഥാപാത്രമായഭിനയിക്കുന്നത്.

പട്ടാളത്തില്‍ നിന്നു വിരമിച്ച ശേഖരന്‍കുട്ടി ഗ്രാമത്തിലെത്തി പുതിയ തലമുറയെ പട്ടാളത്തില്‍ എത്തിക്കാന്‍ റിക്രൂട്ട്‌മെന്റ് ട്രെയിനിങ് നടത്തുന്നുണ്ട്. പട്ടാളത്തില്‍ ഉണ്ടായിരുന്നപ്പോള്‍ താന്‍ ചെയ്ത വീരകൃത്യങ്ങളെക്കുറിച്ചുള്ള തള്ള് സഹിക്കാനാവാതെ ഗ്രാമവാസികള്‍ അയാളെ കണ്ടാല്‍ വഴിമാറി നടക്കാന്‍ തുടങ്ങി. ഗ്രാമത്തിലെ വെളിച്ചപ്പാട് പോലും ഇയാളെ കണ്ട് ഓടി രക്ഷപ്പെടുകയാണ്.

uploads/news/2019/03/295805/CiniINWSrenivasan200319a.jpg

ശേഖരന്‍ കുട്ടി എന്ന കഥാപാത്രത്തിന്റെ മനസുമായി ഇഴുകിച്ചേര്‍ന്നാണ് ഞാന്‍ അഭിനയിക്കുന്നത്. എനിക്കറിയാവുന്ന ഒരു പട്ടാളക്കാരനുണ്ട്. ഇയാള്‍ വിരമിച്ചപ്പോള്‍ പട്ടാളക്കാരുടെ വീരകഥകള്‍ പറഞ്ഞു നടക്കുമായിരുന്നു. ഇയാളുടെ മകനും പട്ടാളത്തില്‍ ചേര്‍ന്നു. പുതിയ തലമുറ എന്ന നിലയിലെങ്കിലും അച്ഛനില്‍ നിന്നും അയാള്‍ വ്യത്യസ്തനാകുമെന്ന് പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ മകന്‍ പട്ടാളത്തില്‍ നിന്നും വിരമിച്ചു നാട്ടിലെത്തിയപ്പോള്‍ വീരകൃത്യം പറയുന്ന അച്ഛന്റെ അതേ വഴിയില്‍ എത്തുകയായിരുന്നു. ഇതൊക്കെ വിരമിച്ചു വരുന്ന ചില പട്ടാളക്കാരുടെയെങ്കിലും മുഖമുദ്രയാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്...

നീണ്ട ഇടവേളയ്ക്കു ശേഷം താങ്കളുടെ രചനയില്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന്‍ വന്‍ ഹിറ്റാവുകയാണല്ലോ?


ഞാന്‍ പ്രകാശന്റെ കഥയ്ക്ക് വേണ്ടി ഒരുപാട് ആലോചിക്കേണ്ടിവന്നില്ല. മനസ്സില്‍ കഥയുണ്ടായ ശേഷമാണ് ആലോചനയുണ്ടായത്. നമ്മുടെ നാട്ടില്‍ ജീവിക്കുന്നവരുടെ ജീവിതത്തിലേക്ക് നോക്കിയാല്‍ ഒരുപാട് കാര്യങ്ങള്‍ മനസ്സിലാക്കാം.

അപകര്‍ഷതാബോധമുള്ള മൗലികത ഇല്ലാത്ത ധാരാളം ആളുകള്‍ നമുക്കിടയിലുണ്ട്. പഠിച്ച ജോലി ചെയ്യുന്നതിനുള്ള വൈമുഖ്യമാണ് പ്രധാനം. പഠിച്ചു കഴിഞ്ഞതിന് ശേഷമുള്ള പ്രശ്‌നം ജോലിയാണ്.

സൊസൈറ്റിയില്‍ സ്ഥാനം ലഭിക്കുന്ന ജോലി കിട്ടിയില്ലെങ്കില്‍ അത്തരം ജോലി ചെയ്യില്ല എന്ന് ശഠിച്ച് ജോലി ഒരുതരം ഡിഗ്‌നിറ്റിയായി കൊണ്ട് നടക്കുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. പ്രകാശന്‍ ഇത്തരമൊരു ചെറുപ്പക്കാരനാണ്. കോംപ്ലക്‌സ് മനസ്സില്‍ കൊണ്ടുനടക്കുന്ന മലയാളിയുടെ രസകരമായ യാത്രയാണ് ഞാന്‍ പ്രകാശനില്‍ അനാവരണം ചെയ്തത്.

രാഷ്ട്രീയത്തെക്കുറിച്ചുള്ള താങ്കളുടെ നിഗമനങ്ങള്‍ പലപ്പോഴും വിമര്‍ശന വിധേയമാകാറുണ്ടല്ലോ?


രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നും വിശ്വാസം തോന്നിയിട്ടില്ല. ഏകാധിപതികളായ ആളുകള്‍ ജനാധിപത്യത്തില്‍ വന്നുപോയതാണ് ഇന്നത്തെ പ്രധാന പ്രശ്‌നം. ഇത്തരം ആളുകളുടെ കടന്നുവരവ് സംഘര്‍ഷത്തിന് കാരണമാവുകയും ചെയ്യുന്നു. ഇന്ത്യയിലെ ഭരണ വ്യവസ്ഥയില്‍ ജീവിക്കുമ്പോള്‍ തന്നെ അവര്‍ ആളുകളെ പറഞ്ഞു പറ്റിക്കുന്നു.

വിജിലന്‍സ്, സിബിഐ, സിഎജി ഉള്‍പ്പെടെയുള്ള സംസ്ഥാന സംവിധാനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. പക്ഷേ നമ്മുടെ രാഷ്ട്രീയ സാഹചര്യത്തില്‍ വിവിധ പാര്‍ട്ടികളുടെ ടോപ് ലെവല്‍ നേതാക്കളെല്ലാം ഒറ്റക്കെട്ടാണ്. നോര്‍ത്തിന്ത്യയില്‍ ആണെങ്കിലും കേരളത്തിലാണെങ്കിലും അഴിമതി നടത്തുന്ന നേതാക്കളൊന്നും ശിക്ഷിക്കപ്പെടാറില്ല.

പിണറായി വിജയന്റെ നേതൃത്വത്തില്‍ നവകേരളം നിര്‍മ്മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയല്ലേ?


കോടികള്‍ സമാഹരിച്ചിട്ടും പ്രളയ കെടുതികള്‍ ജനങ്ങള്‍ ഇപ്പോഴും അനുഭവിക്കുകയാണ്. ദുരിതാശ്വാസം എന്നതിന്റെ ഇപ്പോഴത്തെ അര്‍ത്ഥം ദുരിതം ജനങ്ങള്‍ക്കും ആശ്വാസം സിപിഎമ്മിനുമാണ് എന്നതാണ്.

പ്രളയ ദുരിതാശ്വാസത്തിന്റെ പേരില്‍ കോടികള്‍ വരുമ്പോള്‍ ഇവരൊക്കെ ഹാപ്പിയാണ്. യുഎഇയില്‍ നിന്നുള്ള കേരളത്തിലേക്കുള്ള കോടികളുടെ വരവ് നിലച്ചതോടെ ഇവരൊക്കെ പ്രതിഷേധിച്ചു. കേന്ദ്രം അനുവദിക്കുന്ന ഫണ്ടാണെങ്കില്‍ അത് കൃത്യമായി വിലയിരുത്താന്‍ അവരുടെ ആള്‍ക്കാരുണ്ട്.

uploads/news/2019/03/295805/CiniINWSrenivasan200319.jpg

പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടയിലാണ് ശബരിമല വിഷയം കടന്നുവന്നത്?


പ്രളയത്തിനിടയിലേക്ക് ശബരിമല ബോധപൂര്‍വം കടന്നുവന്ന വിഷയമാണ്. ശബരിമലയിലൂടെ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും കോടികളുടെ വരുമാനമാണു ലഭിക്കുന്നത്. ശബരിമലയുടെ പേരില്‍ ബാങ്കുകളില്‍ നിന്നും എടുക്കുന്ന വായ്പകള്‍ ഒരിക്കലും തിരിച്ചടക്കാറില്ല.

വര്‍ത്തമാനകാല കേരളീയ സമൂഹത്തില്‍ രാഷ്ട്രീയ ദര്‍ശനങ്ങള്‍ക്ക് മൂല്യച്യുതി സംഭവിക്കുകയാണോ?


യഥാര്‍ത്ഥ രാഷ്ട്രീയ ദര്‍ശനങ്ങള്‍ക്കൊന്നും ഇന്നത്തെ കാലത്ത് പ്രസക്തി ഇല്ലല്ലോ. രാഷ്ട്രീയം ഏതായാലും നേതാക്കളെല്ലാം ഒറ്റക്കെട്ടാണ്. മൊത്തത്തില്‍ എല്ലാവരും ചേര്‍ന്നുള്ള നാടകമാണ് ഇപ്പോള്‍ നടക്കുന്നത്. പണമുണ്ടാക്കാനാണ് എല്ലാവരും ഒന്നിക്കുന്നത്. ഓരോരുത്തരും എത്ര കൂടുതല്‍ മോഷ്ടിച്ചുവെന്ന കാര്യത്തിലാണ് മത്സരം നടക്കുന്നത്.

സന്ദേശത്തിന് രണ്ടാംഭാഗമില്ല


മലയാളസിനിമയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട സന്ദേശത്തിന് രണ്ടാംഭാഗം ഉണ്ടാവുമോ എന്ന് പലരും ചോദിക്കാറുണ്ട്. എന്നാല്‍ സന്ദേശത്തിന് രണ്ടാംഭാഗം ഉണ്ടാവില്ല എന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്.

സന്ദേശം ഇറങ്ങുന്ന കാലത്ത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കാതലായ മാറ്റമൊന്നുമുണ്ടായിട്ടില്ല. അഴിമതി വ്യാപകമായിട്ടുണ്ട്. ടെലിവിഷന്‍ പരിപാടികളിലെ ആക്ഷേപഹാസ്യ പ്രോഗ്രാമുകളില്‍ സന്ദേശത്തിന്റെ സീനുകള്‍ കാണിക്കുമ്പോള്‍ ആളുകളെന്നും ആസ്വദിക്കാറുണ്ട്.

പഴയകഥയുടെ ചുവട് പിടിക്കാതെ സന്ദേശത്തിനു മുകളില്‍ നില്‍ക്കുന്ന തരത്തിലായിരിക്കണം രണ്ടാംഭാഗം എന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ സന്ദേശത്തിന് മുകളില്‍ നില്‍ക്കുന്ന കാര്യം ചെയ്യാന്‍ പറ്റിയില്ലെങ്കിലോ എന്ന ആശങ്കയാണ് സന്ദേശത്തിന് രണ്ടാംഭാഗം വേണ്ടെന്ന് തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്.

എം.എസ്.ദാസ് മാട്ടുമന്ത
സുരേഷ് കുനിശ്ശേരി

Ads by Google
Wednesday 20 Mar 2019 10.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW