Tuesday, August 20, 2019 Last Updated 0 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 19 Feb 2019 03.54 PM

സുരക്ഷിത കൗമാരം മാതാപിതാക്കള്‍ അറിയേണ്ട കാര്യങ്ങള്‍

''സങ്കീര്‍ണമാണ് കൗമാരം. ശാരീരികവും മാനസികവുമായ വളര്‍ച്ചയുടെ കാലഘട്ടം. അവരെ നേര്‍വഴിക്ക് നടത്തേണ്ടത് മാതാപിതാക്കളുടെ കടമയാണ്.''
uploads/news/2019/02/289127/teenagecaretips180219.jpg

കുട്ടികള്‍ കൗമാരപ്രായമെത്തുന്നതോടെ മാതാപിതാക്കളുടെ ആധി കൂടും. മാതാപിതാക്കള്‍ മനസിലാക്കുന്നില്ലെന്ന പരാധി ഏറ്റവും കൂടുതലായി കുട്ടികള്‍ പ്രകടിപ്പിക്കുന്നത് ഈ പ്രായത്തിലാണ്.

എന്നാല്‍ ഈ കുട്ടികളുടെ മനസും ചിന്തയും ഇതെങ്ങോട്ടാണെന്ന വേവലാതിയായിരിക്കും മാതാപിതാക്കളുടെ ഉള്ളില്‍.

13 മുതല്‍ 19 വയസു വരെയുള്ള കാലമാണ് കൗമാരം. ബാല്യത്തില്‍ നിന്നും യൗവനത്തിലേക്കുള്ള പാതയാണ് കൗമാരകാലഘട്ടം. ശാരീരികവും മാനസികവുമായിട്ടുള്ള ഒട്ടനവധി മാറ്റങ്ങള്‍ ഈ കാലഘട്ടത്തില്‍ സംഭവിക്കുന്നു.

കൗമാരക്കാരെ മനസിലാക്കാനും അവരെ നേര്‍വഴിക്ക് നടത്താനും മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട 20 കാര്യങ്ങള്‍

1. മാതാപിതാക്കള്‍ കുട്ടികളുടെ നല്ല സുഹൃത്തുക്കള്‍ ആകുക. കുട്ടികളോട് തുറന്നു സംസാരിക്കാനുള്ള സാഹചര്യം വീട്ടില്‍ ഉണ്ടാകണം. അതിനു മാതാപിതാക്കള്‍ തന്നെ മുന്‍കൈ എടുക്കണം.

കുട്ടികളുടെ സ്‌കൂള്‍ - കോളജ് വിശേഷങ്ങള്‍ കേള്‍ക്കാന്‍ അല്‍പസമയം മാറ്റി വയ്ക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അന്തരീക്ഷത്തെക്കുറിച്ചും കൂട്ടുകാരെക്കുറിച്ചും മാതാപിതാക്കള്‍ തന്നെ ചോദിച്ച് മനസിലാക്കണം.

2. കൗമാരപ്രായത്തില്‍ കുട്ടികള്‍ക്ക് ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ സ്വാഭാവികമാണ്. ആ മാറ്റങ്ങള്‍ നേരിടുവാന്‍ കൃത്യമായ അവബോധം കുട്ടികള്‍ക്ക് നല്‍കുക.

കൗമാരപ്രായത്തില്‍ ശാരീരികമായി ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് പറഞ്ഞു കൊടുക്കാന്‍ മടിക്കേണ്ടതില്ല. വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും അവര്‍ അറിയേണ്ട കാര്യങ്ങള്‍ കൃത്യമായി പറഞ്ഞു കൊടുക്കണം.

3. ടെസ്‌റ്റോസ്റ്റിറോണ്‍, ഈസ്ട്രജന്‍ തുടങ്ങിയ ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ ഈ കാലഘട്ടത്തില്‍ വൈകാരികമായ അസ്ഥിരതയ്ക്ക് കാരണമാകുന്നു. പ്രശ്‌നങ്ങളെ ക്രിയാത്മകമായി കൈകാര്യം ചെയ്യാന്‍ അവരെ പിന്തുണയ്ക്കുക.

അവരുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും നല്‍കുന്ന കാര്യങ്ങള്‍ ചെയ്യുവാന്‍ പ്രോത്സാഹിപ്പിക്കുക. സമാന പ്രശ്‌നങ്ങള്‍ നിങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്തു എന്നത് കുട്ടിയുമായി ചര്‍ച്ച ചെയ്യാം.

uploads/news/2019/02/289127/teenagecaretips180219c.jpg

4. നമ്മുടെ തീരുമാനങ്ങള്‍ കൗമാരക്കാരിലേക്ക് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കരുത്. ന്യായമായ കാര്യങ്ങള്‍ അംഗീകരിക്കുക. യുക്തിഭദ്രമായ തീരുമാനങ്ങള്‍ എടുക്കാന്‍ അവരെ പ്രാപ്തരാക്കുക. അവരുടെ ഭാഗം കേള്‍ക്കുക. ആവശ്യമുള്ള നിര്‍ദേശങ്ങള്‍ നല്‍കുക.

5. ദേഷ്യവും വാശിയും കൂടുതല്‍ പ്രകടിപ്പിക്കുക ഈ പ്രായത്തിലായിരിക്കും. മാതാപിതാക്കള്‍ അവരുടെ ഇഷ്ടങ്ങളെ എതിര്‍ക്കുന്നത് കുട്ടികളുടെ പിടിവാശി വര്‍ധിപ്പിക്കും.

മാതാപിതാക്കള്‍ അവരെ മനസിലാക്കുന്നില്ല, അവരുടെ ആഗ്രഹങ്ങളെയും ഇഷ്ടങ്ങളെയും എപ്പോഴും എതിര്‍ക്കുന്നു എന്ന ധാരണ കുട്ടികള്‍ക്ക് ഉണ്ടാകും. കുട്ടികളോട് എതിര്‍ത്ത് സംസാരിക്കാതെ അവരെ സ്‌നേഹത്തോടെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കുക.

6. സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് കൗമാരക്കാര്‍ അമിതമായി പ്രാധാന്യം നല്‍കാറുണ്ട്. നിരന്തരം ഭക്ഷണം ഒഴിവാക്കുന്നതും ആവശ്യത്തിലധികം സമയം കുട്ടികള്‍ ജിമ്മില്‍ ചെലവഴിക്കുന്നതും സ്വന്തം സൗന്ദര്യത്തിലുള്ള ആത്മവിശ്വാസക്കുറവ് കൊണ്ടല്ല, എന്നു ഉറപ്പുവരുത്തുക.

കുട്ടികളുടെ സൗന്ദര്യത്തെ നിറത്തിന്റെയും ശരീരഘടനയുടെയും അടിസ്ഥാനത്തില്‍ താരതമ്യം ചെയ്യാന്‍ പാടില്ല.

7. ആരോഗ്യകരമായ സൗഹൃദങ്ങള്‍ പ്രോത്സാഹിപ്പിക്കുക. സമപ്രായക്കാരായ കുട്ടികളുമായുള്ള സൗഹൃദമാണ് ഉചിതം. കുട്ടികളുടെ സ്വകാര്യതയെ മാനിക്കുക. വ്യക്തിത്വത്തിനു കോട്ടം തട്ടുന്നവിധം അവരുടെ സൗഹൃദങ്ങളിലും സ്വകാര്യതയിലും മാതാപിതാക്കള്‍ അനാവശ്യമായി കയറി ഇടപെടരുത്.

8. മൊബൈല്‍ ഫോണിന്റെയും ഇന്റര്‍നെറ്റിന്റെയും ഗുണദോഷങ്ങളെക്കുറിച്ച് മാതാപിതാക്കളും ബോധവാന്മാരായിരിക്കണം. 15 വയസ് വരെയുള്ള കൗമാരക്കാര്‍ക്ക് നിങ്ങളുടെ നിയന്ത്രണത്തില്‍ തന്നെ മൊബൈലും ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ നല്‍കുക.

uploads/news/2019/02/289127/teenagecaretips180219a.jpg

9. ഓണ്‍ലൈനില്‍ കുട്ടികള്‍ ചാറ്റ് ചെയ്യുന്ന വ്യക്തികളെക്കുറിച്ച് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. അവരുടെ ഇഷ്ട ഗെയിമുകള്‍, ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകള്‍ എന്നിവ മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. ഓണ്‍ലൈന്‍ ചതിക്കുഴികളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക.

10. വീട്ടില്‍ ഗാഡ്ജറ്റ് ഉപയോഗത്തില്‍ സമയം ക്രമീകരിക്കുക. കുടുംബസദസുകളില്‍ എല്ലാ കുടുംബാംഗങ്ങളും കുറഞ്ഞത് ഒരു മണിക്കൂര്‍ എങ്കിലും മൊബൈല്‍ ഫോണ്‍ ഉപയോഗം പൂര്‍ണമായും ഒഴിവാക്കുക. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് മാതൃകയാകുക.

11. കുടുംബ സദസുകളില്‍ മദ്യപാനത്തെ മഹത്വവത്കരിക്കാതിരിക്കുക. ലഹരിയുടെ ഉപയോഗം കര്‍ശനമായി വിലക്കുക. ഓര്‍ക്കുക, പലപ്പോഴും കൗമാരപ്രായത്തില്‍ തുടങ്ങുന്ന ജിജ്ഞാസ ഒരു പെഗില്‍ നിന്നും ഗുരുതരമായ മദ്യാസക്തിക്ക് കാരണമാകുന്നു.

12. ലൈംഗിക താല്‍പര്യങ്ങള്‍ ഉടലെടുക്കുന്നത് കൗമാരപ്രായത്തിലാണ്. സമപ്രായക്കാരായ കുട്ടികളില്‍ നിന്ന് ലഭിക്കുന്ന തെറ്റായ ധാരണകള്‍ കുട്ടികളെ പല അബന്ധങ്ങളിലും കൊണ്ടെത്തിക്കുന്നു.

കുട്ടികള്‍ക്ക് കൃത്യമായ ലൈംഗിക വിദ്യാഭ്യാസം ലഭ്യമായിട്ടുണ്ടെന്ന് മാതാപിതാക്കള്‍ ഉറപ്പ് വരുത്തുക. അപകടസാധ്യതകളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക.

13. ശാരീരികമായോ മാനസികമായോ യാതൊരു തരത്തിലുള്ള ചൂഷണങ്ങളും അനുവദിച്ചു കൂടാ എന്നു കുട്ടികളെ പഠിപ്പിക്കുക. സമൂഹത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അതിക്രമങ്ങളും ചൂഷണങ്ങളും കുട്ടികളുടെ ശ്രദ്ധയില്‍പ്പെടുത്തുക.

സ്വയം രക്ഷയ്ക്കായുള്ള അറിവുകള്‍ കുട്ടികള്‍ക്ക് നല്‍കുക. പ്രതിസന്ധികളില്‍ മാതാപിതാക്കള്‍ ഒപ്പം ഉണ്ടാകുമെന്ന ധൈര്യം നല്‍കുക.

14. യുവതീ യുവാക്കളില്‍ പോലും ആര്‍ത്തവചക്രത്തെക്കുറിച്ച് പല തരത്തിലുള്ള തെറ്റിധാരണകളും നിലനില്‍ക്കുന്നു. കൗമാരപ്രായത്തില്‍ തന്നെ ആര്‍ത്തവസംബന്ധമായ സംശയങ്ങള്‍ക്ക് കൃത്യവും വ്യക്തവുമായി കുട്ടികള്‍ക്ക് മനസിലാകുന്ന രീതിയില്‍ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുക.

uploads/news/2019/02/289127/teenagecaretips180219d.jpg

15. ആര്‍ത്തവ സംബന്ധമായ വിഷയങ്ങളെക്കുറിച്ച് കുട്ടികളോട് സംസാരിക്കാനും ശുചിത്വത്തെക്കുറിച്ചും മുന്‍കരുതലുകളെക്കുറിച്ചും കൃത്യമായ ധാരണ കുട്ടികള്‍ക്ക് നല്‍കുകയും വേണം. ആര്‍ത്തവസമയത്തുണ്ടാകുന്ന മൂഡ് വ്യതിയാനം സ്വാഭാവികമാണെന്നു കുട്ടികളെ പറഞ്ഞു മനസിലാക്കുക.

16. കഴിയുന്ന സമയങ്ങളിലെല്ലാം കുടുംബാംഗങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാം. തീന്‍മേശയില്‍ മൊബൈല്‍ ഫോണും ടി.വി യും ഒഴിവാക്കി എല്ലാവരും പരസ്പരം സംസാരിക്കുക. ചര്‍ച്ചകളില്‍ കുട്ടികള്‍ക്കും പ്രാധാന്യം നല്‍കുക.

17. സ്ത്രീ പുരുഷ ലിംഗ ബോധം ഉടലെടുക്കുന്നത് കൗമാര കാലയളവിലാണ്. മാതാപിതാക്കള്‍ കുട്ടികള്‍ക്ക് ചെറിയ ചുമതലകള്‍ നല്‍കുക. അവരെ ഉത്തരവാദിത്വങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തേണ്ടതില്ല. വീട്ടില്‍നിന്നു തന്നെ ഉത്തരവാദിത്വങ്ങളും കടമകളും വ്യക്തമാക്കി നല്‍കുക.

18. കൗമാരപ്രായത്തിലാണ് ലൈംഗിക ന്യൂനപക്ഷമായ സ്വവര്‍ഗ പ്രവണതകള്‍ ഉടലെടുക്കുന്നത്. ചികിത്സിച്ച് ഭേദമാക്കാന്‍ പറ്റുന്ന ഒന്നല്ല, സ്വവര്‍ഗാനുരാഗ പ്രവണതകള്‍.

തികച്ചും ജൈവികമായ കാരണങ്ങള്‍ കൊണ്ടുണ്ടാകുന്നതാണ് ഇത്തരത്തിലുള്ള പെരുമാറ്റങ്ങള്‍. അത്തരം കുട്ടികള്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാനുള്ള സാഹചര്യങ്ങള്‍ വീടുകളില്‍ ഉണ്ടാകണം.

uploads/news/2019/02/289127/teenagecaretips180219b.jpg

19. സ്വന്തം വ്യക്തിത്വവും കാഴ്ചപ്പാടുകളും ഉടലെടുക്കുന്ന പ്രായമാണ് കൗമാരക്കാലം. ഈ പ്രായത്തില്‍ ജീവിതത്തെക്കുറിച്ച് കൃത്യമായ കാഴ്ചപ്പാടുകള്‍ ഉണ്ടാകണം. മാതാപിതാക്കള്‍ മറ്റു കുട്ടികളുമായി താരതമ്യം ചെയ്ത് സംസാരിക്കാതിരിക്കുക.

നിങ്ങളുടെ കുട്ടിയുടെ വ്യക്തിത്വം, ബുദ്ധിക്ഷമത, താല്‍പര്യങ്ങള്‍, അഭിരുചി എന്നിവ മറ്റു കുട്ടികളില്‍ നിന്നും വിഭിന്നമാണ്. കുട്ടികളുടെ നല്ല ഗുണങ്ങളും, കുറവുകളും ഒരുപോലെ അംഗീകരിക്കുക. കുറവുകള്‍ നേരിടാന്‍ അവരെ പ്രാപ്തരാക്കുക.

20. പഠനസംബന്ധമായി ഏറെ സമ്മര്‍ദങ്ങള്‍ ഈ പ്രായത്തില്‍ ഉണ്ടാകാം. സ്വന്തമായി പഠനശൈലി സ്വയം രൂപീകരിക്കുന്നതിനൊപ്പം കൃത്യമായ പഠനപദ്ധതികള്‍ ക്രമീകരിക്കാനും കുട്ടികളെ ശീലിപ്പിക്കുക. പഠനത്തോടൊപ്പം മറ്റ് ആക്ടിവിറ്റികള്‍ക്കും അല്‍പം സമയം അനുവദിക്കുക.

കൗമാരക്കാരായ കുട്ടികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ഒരു മനഃശാസ്ത്രജ്ഞന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ മാതാപിതാക്കള്‍ക്ക് തേടാവുന്നതാണ്.

ബര്‍സ്ലിബി അലക്‌സ് ദാനിയേല്‍
കണ്‍സള്‍ട്ടന്റ് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്
മന്ദിരം ആശുപത്രി, മാങ്ങാനം, കോട്ടയം

തയാറാക്കിയത്:
നീതു സാറാ ഫിലിപ്പ്

Ads by Google
Tuesday 19 Feb 2019 03.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW