Sunday, August 18, 2019 Last Updated 56 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 18 Feb 2019 11.49 AM

രക്തബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ അവര്‍ക്കുണ്ടാകുന്ന കുഞ്ഞിന് ഹൃദ്രോഗ സാധ്യതയുണ്ടോ ?

ഹൃദയപൂര്‍വം
uploads/news/2019/02/288850/askdrheart180219.jpg

''പ്രായം കുറഞ്ഞ സ്ത്രീകളില്‍ ഹാര്‍ട്ട്അറ്റാക്കുണ്ടാകുന്നതിന്റെ ഒരപൂര്‍വകാരണം, കൊറോണറി ധമനികള്‍ക്ക് അജ്ഞാത കാരണങ്ങളാലുണ്ടാകുന്ന അമിത സങ്കോചനക്ഷമതയാണ് ''

കൊളസ്‌ട്രോള്‍ കുറയ്ക്കാം


എനിക്ക് 45 വയസ്്. രക്തത്തില്‍ കൊളസ്‌ട്രോള്‍ അളവ് വളരെ കൂടുതലാണ്. ഭക്ഷണ നിയന്ത്രണമുണ്ട്. വൈകുന്നേരം രണ്ടു കിലോമീറ്റര്‍ നടത്തമുണ്ട്. എന്നിട്ടും കൊളസ്‌ട്രോള്‍ നിലയില്‍ മാറ്റമില്ല. കൊളസ്‌ട്രോള്‍ കൂടുന്നത് ഹൃദ്രോഗത്തിന് കാരണമാവുകയില്ലേ? എങ്ങനെയാണ് രക്തത്തില്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ കഴിയുന്നത്?
---- സോമന്‍ ,കോതമംഗലം

പതിവായി വ്യായാമം ചെയ്തിട്ടും കൊളസ്‌ട്രോള്‍ കുറയുന്നില്ലെന്ന പരാതിയുമായി കത്തുകള്‍ ലഭിക്കുന്നുണ്ട്. കൊളസ്‌ട്രോള്‍ എന്ന കൊഴുപ്പിന്റെ ഘടകം ശരീരത്തിന് പ്രധാനപ്പെട്ടതുതന്നെ.

ജീവപ്രധാനമായ ഹോര്‍മോണുകളുടെ ഉല്പാദനത്തിനും കോശങ്ങളുടെ നിര്‍മ്മിതിക്കും മറ്റും ഇത് ഒഴിച്ചുകൂടാന്‍ കഴിയാത്തതാണ്. എന്നാല്‍ ഇതിന്റെ അളവ് രക്തത്തില്‍ അധികരിക്കുമ്പോഴാണ് പ്രശ്‌നം ഗുതുതരമാകുന്നത്.

ഹൃദയധമനികളില്‍ അടിഞ്ഞുകൂടി ബ്ലോക്കുണ്ടായി ഹാര്‍ട്ടാക്കിലേക്ക് നയിക്കുന്നു. രണ്ടുവിധത്തിലാണ് കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ കുറയുക. ഒന്ന്, കൃത്യമായ ഭക്ഷണക്രമീക
രണം.

രണ്ട്, ഊര്‍ജസ്വലമായ വ്യായാമരീതി. കൊഴുപ്പുകൂടിയ എല്ലാ ഭക്ഷണ പദാര്‍ഥങ്ങളും, പ്രത്യേകിച്ച് പൂരിതകൊഴുപ്പും ട്രാന്‍സ്ഫാറ്റുകളുമടങ്ങുന്ന പദാര്‍ഥങ്ങള്‍ വെടിയുകതന്നെ വേണം. കൂടുതലായി പച്ചക്കറികളിലേക്കും പഴവര്‍ഗങ്ങളിലേക്കും മടങ്ങുക.

കുറഞ്ഞത് 45 മിനിട്ടെങ്കിലും ആഴ്ചയില്‍ 6 ദിവസം വേഗത്തില്‍ നടക്കുക. ഒരു കിലോമീറ്റര്‍ ഏകദേശം 7 മിനിട്ടുകൊണ്ട് നടന്നുതീര്‍ക്കാന്‍ ശ്രമിക്കണം. ഇത് കൃത്യമായിത്തന്നെ ചെയ്യുകയും വേണം. എന്നാല്‍ കൊളസ്‌ട്രോള്‍ ക്രമാതീതമായി വര്‍ധിച്ചവരില്‍ പലര്‍ക്കും ഭക്ഷണ നിയന്ത്രണവും വ്യായാമവും കൊണ്ട് അത് പരിധികള്‍ക്കുള്ളിലൊതുക്കാന്‍ കഴിഞ്ഞെന്നുവരില്ല.

ഈ അവസരത്തില്‍ ഔഷധങ്ങളെ അഭയം പ്രാപിക്കുകതന്നെവേണം.
കൃത്യമായ കാലയളവുകളില്‍ കൊളസ്‌ട്രോള്‍ പരിശോധിക്കുകയും വേണ്ടിവന്നാല്‍ മരുന്നു സേവിക്കുകയും വേണം. ചിലര്‍ക്ക് മരുന്ന് സ്ഥിരമായി കഴിക്കേണ്ടിവരും.

പ്രായം കുറഞ്ഞ സ്ത്രീകളിലെ ഹൃദ്രോഗം


ഞാനൊരു വീട്ടമ്മയാണ്. 32 വയസ്. അടുത്തിടെ എനിക്ക് നെഞ്ചില്‍ വേദനയുണ്ടായി. ഉടന്‍ ആശുപത്രിയിലെത്തി പരിശോധിച്ചു. ഹാര്‍ട്ടറ്റാക്കിന്റെ തുടക്കമായിരുന്നു അത്. ചെറുപ്പക്കാരില്‍ ഹാര്‍ട്ടറ്റാക്ക് ഉണ്ടാവുക സാധാരണമല്ലെന്ന് എവിടെയോ വായിച്ചു. എനിക്ക് ഇത്തരമൊരു അവസ്ഥ ഉണ്ടാകാന്‍ കാരണം എന്താണ്?
----- ഗീതാ കുമാരി , തിരുവനന്തപുരം

പ്രായം കുറഞ്ഞ സ്ത്രീകളില്‍ ഹാര്‍ട്ട്അറ്റാക്കുണ്ടാകുന്നതിന്റെ ഒരപൂര്‍വകാരണം, കൊറോണറി ധമനികള്‍ക്ക് അജ്ഞാത കാരണങ്ങളാലുണ്ടാകുന്ന അമിത സങ്കോചനക്ഷമതയാണ്. ഇതു മൂലം ഒരു കൊറോണറി ധമനി കുറച്ചധിക നേരത്തേക്ക് സങ്കോചിച്ച രീതിയില്‍ നിലകൊള്ളുന്നു. തത്ഫലമായി അവിടേക്കുള്ള രക്തസഞ്ചാരം അപര്യാപ്തമാകുന്നു. അതോടെ ഹാര്‍ട്ട്അറ്റാക്കും ഉണ്ടാകുന്നു.

എന്നാല്‍ കുറച്ചുനേരം കഴിഞ്ഞ് ആ ചുരുങ്ങിയ കൊറോണറി വീണ്ടും വികസിക്കുന്നു. അതോടെ രക്തപ്രവാഹംപൂര്‍വസ്ഥിതിയിലാവുകയും ചെയ്യുന്നു. വിസ്മയാവഹമായ ഈ പ്രതിഭാസത്തെ കൊറോണറിസ്പാസം എന്നു വിളിക്കുന്നു. പിന്നീട് കൊറോണറി ആന്‍ജിയോഗ്രാഫി ചെയ്യുമ്പോള്‍ ഈ ധമനികളില്‍ ബ്ലോക്കുകള്‍ കാണുകയില്ല.

അമിത ആയാസം , ഹൃദ്രോഗത്തിന് കാരണം


എനിക്ക് 53 വയസ്. ഞാന്‍ പതിവായി രണ്ടുനേരം വ്യായാമം ചെയ്യുന്നയാളാണ്. ആരോഗ്യമുള്ള ശരീരമാണ്. എന്നാല്‍ വൈകുന്നേരം കുറച്ച് അധികനേരം വ്യായാമം ചെയ്യും. പക്ഷേ, കഴിഞ്ഞ മാസം എനിക്ക് ഹാര്‍ട്ടറ്റാക്ക് ഉണ്ടായി. കൃത്യമായി വ്യായാമം ചെയ്യുകയും ഭക്ഷണം ക്രമീകരിക്കുകയും ചെയ്യുന്ന എനിക്ക് ഹാര്‍ട്ടറ്റാക്ക് ഉണ്ടായി എന്നത് ആര്‍ക്കും വിശ്വാസിക്കാനായില്ല. അമിതമായി വ്യായാമം ചെയ്യുന്നത് ഹൃദ്രോഗത്തിന് കാരണമാകുമോ?
---- ആന്റണി ജോര്‍ജ് , പെരുമ്പാവൂര്‍

കായികമായും മാനസികമായുമുള്ള അമിതായാസമാണ് പലപ്പോഴും ഹൃദയാഘാതത്തിന് കാരണം. ഈ ഉദ്ദീപനാവസ്ഥ അനിയന്ത്രിതമാകുമ്പോള്‍ ഹൃദയസ്പന്ദനവേഗം വര്‍ധിക്കുകയും തന്മൂലം ഹൃദയപ്രവര്‍ത്തനത്തിന് കൂടുതലായി രക്തം വേണ്ടിവരികയും ചെയ്യുന്നു. ഇത് ബ്ലോക്കുള്ള ധമനിയിലൂടെ ഒഴുകാതെ വരുമ്പോള്‍ ആ ഭാഗം രക്ത ദാരിദ്ര്യത്താല്‍ നിര്‍ജീവമാകുന്നു.

അമിത കായികാധ്വാനം മൂലം ഏതാണ്ട് 15 ശതമാനം പേര്‍ക്ക് ഹൃദയാഘാതമുണ്ടാകുന്നതായി കണക്കുകള്‍ തെളിയിക്കുന്നു. യാതൊരു അധ്വാനവുമില്ലാതെ നിദ്രാവസ്ഥയില്‍ 8 ശതമാനം പേര്‍ക്ക് അറ്റാക്കുണ്ടാകാറുണ്ട്. ഹോര്‍മോണുകളുടെ അതിസ്രാവത്തോടൊപ്പം നിരവധി അവ്യക്ത കാരണങ്ങളും ഇതിനുപിന്നില്‍ പ്രവര്‍ത്തിക്കുന്നു.

മാനസിക പ്രക്ഷുബ്ധാവസ്ഥ പിരിമുറുകുമ്പോള്‍ ഹൃദ്രോഗ സാധ്യത അമിതമായി വര്‍ധിക്കുന്നതായി(18 ശതമാനം) ഗവേഷണങ്ങള്‍ തെളിയിക്കുന്നു.
പ്രിയപ്പെട്ടവരുടെ വേര്‍പാട്, ഉദ്യോഗം നഷ്ടപ്പെടല്‍, ബിസിനസിലുണ്ടാകുന്ന നഷ്ടം, സ്ഥലംമാറ്റം തുടങ്ങിയ അനുഭവങ്ങള്‍ മാനസികാവസ്ഥയെ തകിടംമറിക്കുമ്പോള്‍ ഹൃദ്രോഗം മൂര്‍ഛിക്കുന്നത്. ഇത് കൂടാതെ ശ്വാസകോശ രോഗങ്ങള്‍, ഹൈപ്പോഗ്ലൈസീമിയ, ശസ്ത്രക്രിയ, പതിവിലേറെയുള്ള ആഹാരം തുടങ്ങിയ കാരണങ്ങളും അറ്റാക്കുണ്ടാക്കുന്നു. എടുത്തുപറയത്തക്ക ഉദ്ദീപന ഘടകങ്ങളുടെ അഭാവത്താലും ഹാര്‍ട്ട്അറ്റാക്കുണ്ടാകുന്നവരുടെ എണ്ണം വിരളമല്ല.

ബന്ധുക്കള്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍


എന്റെ വിവാഹം ഉറപ്പിച്ചിരിക്കുകയാണ്. അടുത്ത ബന്ധുവാണ് വധു. രക്തബന്ധമുള്ളവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ അവര്‍ക്കുണ്ടാകുന്ന കുഞ്ഞിന് ഹൃദ്രോഗ സാധ്യതയുണ്ടെന്ന് പറഞ്ഞുകേള്‍ക്കുന്നു. ഞങ്ങളുടെ കുഞ്ഞിനും അതിനുള്ള സാധ്യതയുണ്ടോ?
----- ആദര്‍ശ് , ഇരിങ്ങാലക്കുട

രക്തബന്ധമില്ലാത്തവരെ വിവാഹം ചെയ്യുന്നതാണ് ആരോഗ്യമുള്ള കുട്ടികള്‍ ജനിക്കുന്നതിന് അഭികാമ്യം. അടുത്ത രക്തബന്ധമുള്ളവരില്‍ നിന്നുണ്ടാകുന്ന കുട്ടികളില്‍ കൂടുതലായി ജന്മജാത ഹൃദ്രോഗം കണ്ടുവരാറുണ്ട്. ഇതിനു പിന്നില്‍ ജനിതകമായ പല കാരണങ്ങളുമുള്ളതായി പറയപ്പെടുന്നു. കൂടാതെ ബുദ്ധിമാന്ദ്യം, അംഗവൈകല്യം, വളര്‍ച്ചക്കുറവ് എന്നീ തകരാറുകളും രക്തബന്ധമുള്ളവരിലുണ്ടാകുന്ന കുട്ടികളില്‍ കണ്ടുവരാറുണ്ട്.

ഇത്തരക്കാര്‍ക്ക് സാധാരണ ജന്മജാത ഹൃദ്രോഗമാണുണ്ടാവുക. അത് ജനനശേഷം പ്രകടമാവുകയും ചെയ്യുന്നു. ചിലര്‍ക്ക് ശുദ്ധരക്തവും അശുദ്ധരക്തവും കൂടി കലരുന്ന രോഗാവസ്ഥയുണ്ടാകുന്നു. ഇത് ഗുരുതരമായ രോഗം തന്നെ. ഈ അവസരത്തില്‍ കുഞ്ഞിന് നീലനിറമുണ്ടാകാറുണ്ട്. അടിയന്തിര ചികിത്സ ആവശ്യമായിവരുന്ന സാഹചര്യമാണിത്. ജന്മജാത രോഗങ്ങളില്‍ പലതിനും ശസ്ത്രക്രിയ അനിവാര്യമായിവരുമെന്നോര്‍ക്കുക.

ഡോ. ജോര്‍ജ് തയ്യില്‍
സീനിയര്‍ കാര്‍ഡിയോളജിസ്റ്റ്
ലൂര്‍ദ് ഹോസ്പിറ്റല്‍ , എറണാകുളം

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW