Tuesday, August 20, 2019 Last Updated 1 Min 0 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 10.52 AM

മൂന്നാര്‍ കയ്യേറ്റത്തില്‍ തൊടരുത്, തൊട്ടാല്‍ കൈപൊള്ളും ; രണ്ടര വര്‍ഷത്തിനിടെ ഭൂമി വിഷയത്തില്‍ തൊട്ടു ഓടിക്കപ്പെട്ടത് മൂന്ന് സബ് കളക്ടര്‍മാര്‍ ; രാജേന്ദ്രനെതിരേ സിപിഎം ജില്ലാക്കമ്മറ്റിക്കും കലിപ്പടിച്ചു

uploads/news/2019/02/287462/sreeram.jpg

മൂന്നാര്‍ : എംഎല്‍എ എസ് രാജേന്ദ്രന്‍ എംഎല്‍എ ചര്‍ച്ചയായ മൂന്നാര്‍ ഭൂമി കയ്യേറ്റവിഷയത്തില്‍ രണ്ടര വര്‍ഷത്തിനിടയില്‍ ഓടിയതും ഓടിക്കപ്പെട്ടതും മൂന്ന് സബ് കളക്ടര്‍മാര്‍. ദേവികുളത്തെത്തുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതും വിവാദത്തിലാകുന്നതും തുടര്‍ക്കഥയായതോടെ എസ് രാജേന്ദ്രനെ കൊണ്ട് ഇടുക്കി ജില്ലാക്കമ്മറ്റിയ്ക്കും കടുത്ത തല വേദന. രേണുരാജാണ് ഏറ്റവും ഒടുവില്‍ മൂന്നാറിലെ വിവാദത്തില്‍ എസ് രാജേന്ദ്രനുമായി കൊമ്പു കോര്‍ത്തത്.

അനധികൃത കയ്യേറ്റം പൊളിക്കുന്നവരെ തടയാന്‍ എത്തിയവരെ അറ്‌സ്റ്റ് ചെയ്യാന്‍ നിര്‍ദേശം നല്‍കി ആദ്യം താരമായത് ശ്രീറാം വെങ്കിട്ടരാമനാണ്. കയ്യും കാലും വെട്ടിക്കളയുമെന്നും ഇഴഞ്ഞു പോകേണ്ടി വരുമെന്നുമായിരുന്നു ഇതിന് രാജേന്ദ്രന്റെ ഭീഷണി. എന്നാല്‍ നടപടികളുമായി മുമ്പോട്ട് പോയ ശ്രീറാമിനെ ഒടുവില്‍ സ്ഥലം മാറ്റേണ്ടി വന്നു. പകരം ദേവികുളത്ത് എത്തിയത് സബ് കളക്ടര്‍ വി ആര്‍ പ്രേംകുമാര്‍. അദ്ദേഹവും കയ്യേറ്റത്തിനും അനധികൃത നിര്‍മ്മാണത്തിനും എതിരേ നിലപാട് കടുപ്പിച്ചതോടെ ഇദ്ദേഹവും രാജേന്ദ്രന് കണ്ണിലെ കരടായി മാറി.

സബ് കളക്ടറെ മന്ദബുദ്ധിയെന്നായിരുന്നു രാജേന്ദ്രന്‍ ആക്ഷേപിച്ചത്. മൂന്നാറിനെ പ്രേംകുമാര്‍ നിശ്ചലമാക്കിയെന്നം കോപ്പിയടിച്ചാണ് ഇദ്ദേഹം ഐഎഎസ് പാസ്സായതെന്നും ആക്ഷേപിച്ചു. പ്രേംകുമാറിനെ സ്ഥലം മാറ്റാന്‍ താനാണ് നിര്‍ദേശിച്ചതെന്നും ഇയാള്‍ അവകാശപ്പെട്ടു. അതിന് ശേഷമായിരുന്നു രേണു രാജിന്റെ വരവ്. ഒരു മാസത്തിനകം പത്തോളം അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് എതിരേയാണ് രേണു രാജ് സ്‌റ്റോപ്പ് മെമ്മോ കൊടുത്തത്. പഞ്ചായത്ത് അനധികൃതമായി നിര്‍മ്മിക്കുന്ന ഷോപ്പിംഗ് കോംപ്‌ളക്‌സിനെതിരേയും സബ് കളക്ടര്‍ നടപടിയെടുത്തു. സബ് കളക്ടര്‍ക്ക് ബുദ്ധിയില്ലെന്നും അവള്‍ എന്നു വിളിച്ചും രാജേന്ദ്രന്‍ സബ് കളക്ടറെ ആക്ഷേപിച്ചു.

വിഷയത്തില്‍ സബ്കലക്ടര്‍ ഡോ. രേണു രാജ് ചീഫ് സെക്രട്ടറിക്കും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും റിപ്പോര്‍ട്ട് നല്‍കി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും തന്നെ പൊതുജനമധ്യത്തില്‍ അവഹേളിച്ചെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണു വിവരം. കെട്ടിട നിര്‍മാണത്തിന് റവന്യൂ വകുപ്പിന്റെ എന്‍.ഒ.സി. ആവശ്യമാണ്. ഇതു ലംഘിക്കപ്പെട്ടതിനാലാണു നോട്ടീസ് നല്‍കിയത്. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട മറ്റു തര്‍ക്കങ്ങളും റിപ്പോര്‍ട്ടില്‍ വിശദമായി വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ സബ് കളക്ടര്‍മാരുമായി നിരന്തരം വഴക്കിടുന്നതും കയ്യേറ്റം തുടര്‍ച്ചയായി വാര്‍ത്തയാകുന്നതും സിപിഎമ്മിനെയും പ്രതിരോധത്തില്‍ ആക്കിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തു നില്‍ക്കേ ഉയരുന്ന വാര്‍ത്തകളില്‍ സിപിഎം അതൃപ്തരുമാണ്. മൂന്നാര്‍ പഞ്ചായത്തിന്റെ ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മാണവുമായി ബന്ധപ്പെട്ട് സബ് കലക്ടര്‍ക്കെതിരേ എസ്. രാജേന്ദ്രന്‍ എം.എല്‍.എ. നടത്തിയ പ്രതികരണം ശരിയല്ലെന്നും അതു തള്ളിക്കളയുന്നതായും സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ് പരസ്യമായി പ്രഖ്യാപിച്ചു.

പാര്‍ട്ടിയുടെ കാഴ്ചപ്പാടിനു വിരുദ്ധമായ പരാമര്‍ശമാണ് എം.എല്‍.എ. നടത്തിയത്. ഇതു സംബന്ധിച്ച് മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായ പ്രകടനങ്ങളോടും പാര്‍ട്ടി യോജിക്കുന്നില്ല. വിഷയത്തില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് നടപടി സ്വീകരിക്കും. സ്ത്രീശാക്തീകരണത്തിനും സ്ത്രീ, പുരുഷ സമത്വത്തിനും വേണ്ടിയാണ് സി.പി.എം. നിലകൊള്ളുന്നതെന്നും സെക്രട്ടേറിയറ്റ് വ്യക്തമാക്കി.

കോണ്‍ഗ്രസ് ഭരിക്കുന്ന മൂന്നാര്‍ പഞ്ചായത്തില്‍ ഇടുക്കി ഡി.സി.സി. അംഗമായ കറുപ്പുസ്വാമിയാണ് പ്രസിഡന്റ്. 60 ദിവസമായി നടന്നുവന്ന നിര്‍മാണത്തിനു തഹസില്‍ദാര്‍ സ്‌റ്റോപ്പ് മെമ്മോ നല്‍കിയത് കഴിഞ്ഞ ആറിനാണ്. ഇതു ലംഘിച്ച് ആറ്, ഏഴ് തീയതികളില്‍ നിര്‍മാണം തുടര്‍ന്നു. എട്ടിനാണ് റവന്യു സംഘവും ദൗത്യസംഘവും നിര്‍മാണം നിര്‍ത്തിവയ്പ്പിക്കാന്‍ എത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് കറുപ്പുസ്വാമി, ജില്ലാ പഞ്ചായത്ത് അംഗം വിജയകുമാര്‍, മറ്റു കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് ഉദ്യോഗസ്ഥരെ വിരട്ടിയോടിച്ചത്.

ഇതിനുശേഷം എം.എല്‍.എയെ പ്രസിഡന്റും സംഘവും വിളിച്ചുവരുത്തുകയായിരുന്നു. ജനപ്രതിനിധി എന്ന നിലയില്‍ എസ്. രാജേന്ദ്രന്‍ പ്രശ്‌നത്തില്‍ ഇടപെട്ട് പരിഹാരം കാണുകയാണു വേണ്ടിയിരുന്നത്. എന്നാല്‍ സബ് കലക്ടര്‍ക്കെതിരേ എം.എല്‍.എ. മോശം പ്രതികരണം നടത്തുകയായിരുന്നു എന്നും ജില്ലാ സെക്രട്ടറിയേറ്റ് കുറ്റപ്പെടുത്തി. യോഗത്തില്‍ എം.എല്‍.എയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ന്നതെന്നാണു വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന കാര്യമാണു സംഭവിച്ചതെന്നും യോഗത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

Ads by Google
Ads by Google
Loading...
TRENDING NOW