Wednesday, August 21, 2019 Last Updated 9 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.57 AM

സമരപാതയില്‍ വീണ്ടും ഗുജ്‌ജറുകള്‍

uploads/news/2019/02/287378/editorial.jpg

ചെറിയ ഇടവേളയ്‌ക്കു ശേഷം രാജസ്‌ഥാനില്‍ ഗുജ്‌ജര്‍ സമുദായം സംവരണം ആവശ്യപ്പെട്ട്‌ വീണ്ടും പ്രക്ഷോഭം ആരംഭിച്ചിരിക്കുകയാണ്‌. സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും അഞ്ചു ശതമാനം സംവരണം ആവശ്യപ്പെട്ടാണ്‌ ഇവരുടെ സമരം. ദേശീയപാതകളും റെയില്‍വേ പാതകളും ഉപരോധിച്ച്‌ ഗതാഗതം തടസ്സപ്പെടുത്തുന്നതാണ്‌ ഗുജ്‌ജറുകളുടെ സമരരീതി. ഇത്തവണയും അവര്‍ ഇതുതന്നെ ആവര്‍ത്തിക്കുകയാണ്‌. ആഗ്രാ-മൊറേന ദേശീയപാതയാണ്‌ ഇവര്‍ പ്രധാന സമരരംഗമാക്കിയിരിക്കുന്നത്‌. സവായി മധോപുരില്‍ റെയില്‍വേ ട്രാക്ക്‌ ഉപരോധിച്ചതോടെ 250 ട്രെയിനുകളുടെ യാത്രയെയാണ്‌ ബാധിച്ചത്‌. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള യാത്രക്കാരാണ്‌ വിവിധ സ്‌ഥലങ്ങളിലായി കുടുങ്ങിയത്‌. ഡല്‍ഹിയിലേക്കുള്ള പാതകള്‍ തടയുക എന്നതാണ്‌ മുന്‍പും ഗുജ്‌ജര്‍ സമരത്തിന്റെ രീതി. ഇത്തവണ സമരത്തിന്‌ അക്രമത്തിന്റെ മേമ്പൊടിയുമുണ്ട്‌. സമരക്കാര്‍ ആകാശത്തേക്ക്‌ വെടിവയ്‌ക്കുകയും വാഹനങ്ങള്‍ കത്തിക്കുകയും ചെയ്‌തതും സമരം നാലു ദിവസം പിന്നിട്ടിട്ടും അടങ്ങുന്നില്ല എന്നതും കാര്യങ്ങള്‍ കൈവിട്ടു പോയേക്കുമെന്ന സൂചനയാണ്‌ നല്‍കുന്നത്‌.

2008-ലാണ്‌ ആദ്യമായി ഗുജ്‌ജറുകള്‍ സംവരണം ആവശ്യപ്പെട്ട്‌ സമരരംഗത്ത്‌ ഇറങ്ങിയത്‌. ഒ.ബി.സി. വിഭാഗത്തില്‍പ്പെടുന്ന തങ്ങള്‍ക്ക്‌ അര്‍ഹിക്കുന്ന സംവരണം കിട്ടുന്നില്ല എന്നതാണ്‌ ഇവരുടെ പരാതി. ജാട്ട്‌, മാലി, ബിഷ്‌ണോയി തുടങ്ങിയ സമുദായങ്ങളാണ്‌ രാജസ്‌ഥാനിലെ പ്രബല ഒ.ബി.സി. വിഭാഗങ്ങള്‍. ഇവര്‍ക്കിടയില്‍ പിന്നാക്കം പോകുന്നതിനാല്‍ തങ്ങളെ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുത്തണമെന്നാവശ്യപ്പെട്ടായിരുന്നു സമരത്തിന്റെ തുടക്കം. സമരക്കാര്‍ ഒരു പോലീസുകാരനെ കൊന്നതിന്റെ പേരില്‍ പോലീസ്‌ നടത്തിയ വെടിവയ്‌പില്‍ അന്ന്‌ 15 പേരാണ്‌ കൊല്ലപ്പെട്ടത്‌. സൈന്യം ഇറങ്ങേണ്ടിവന്നു അന്ന്‌ സമരം അവസാനിപ്പിക്കാന്‍. പിന്നീട്‌ 2010-ലും 2015-ലും കഴിഞ്ഞ വര്‍ഷവും ഗുജ്‌ജറുകള്‍ സമരത്തിനിറങ്ങി. പട്ടിക വര്‍ഗക്കാരാകുക എന്നത്‌ നടക്കില്ല എന്നതിനാല്‍, ആവശ്യം അഞ്ചു ശതമാനം സംവരണം എന്നതിലേക്കു മാറി. ഈ സമരങ്ങളിലും റോഡ്‌, റെയില്‍ തടസപ്പെടുത്തലുണ്ടായെങ്കിലും മുന്‍ തവണത്തേതു പോലെ അക്രമം ഉണ്ടായിരുന്നില്ല.

ഇത്തവണ തെരഞ്ഞെടുപ്പ്‌ അടുത്തതോടെ ഗുജ്‌ജറുകള്‍ ഉറച്ച്‌ രംഗത്തെത്തിയിരിക്കുന്നു എന്നു വേണം കരുതേണ്ടത്‌. സമരം അക്രമത്തിലേക്ക്‌ തിരിയുന്നത്‌ അതിന്റെ ലക്ഷണമാണ്‌. ഗുജ്‌ജറുകളുടെ ആവശ്യം പരിഗണിച്ച്‌ ഒ.ബി.സി. സംവരണം 21 ശതമാനത്തില്‍ നിന്ന്‌ 26 ശതമാനമാക്കാന്‍ 2017-ല്‍ രാജസ്‌ഥാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, രാജസ്‌ഥാന്‍ ഹൈക്കോടതി ഇതു സ്‌റ്റേ ചെയ്‌തിരുന്നു. സംവരണം 50 ശതമാനത്തില്‍ കവിയാന്‍ പാടില്ല എന്ന സുപ്രീം കോടതി നിര്‍ദേശം കൂടിയുള്ളതിനാല്‍ ഗുജ്‌ജറുകളുടെ ആവശ്യം അംഗീകരിക്കപ്പെടാന്‍ സാധ്യത കുറവാണ്‌. അതിനനുസരിച്ച്‌ സമരത്തിന്റെ ശക്‌തി കൂടാനിടയുണ്ട്‌. ക്രമസമാധാനനില തകരുന്നതിനൊപ്പം റെയില്‍ ഗതാഗതം താറുമാറാകുന്നത്‌ ലക്ഷക്കണക്കിനു യാത്രക്കാരെ ബാധിക്കും. സമാധാന പൂര്‍ണമായി സമരം അവസാനിപ്പിക്കുക എന്നതാണ്‌ സര്‍ക്കാരിനു ചെയ്യാനുള്ളത്‌.

Ads by Google
Tuesday 12 Feb 2019 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW