Tuesday, August 20, 2019 Last Updated 30 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.36 AM

ഷുക്കൂര്‍ വധം പ്രചാരണവിഷയമാകും; ശബരിമല വിഷയത്തില്‍ ഹിന്ദു വോട്ടുകള്‍ക്കൊപ്പം ന്യൂനപക്ഷ വോട്ടുകളും ചോരും? സി.പി.എം. പ്രതിരോധത്തിലേക്ക്‌

uploads/news/2019/02/287352/k7.jpg

കണ്ണൂര്‍ : അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനും ടി.വി. രാജേഷ്‌ എം.എല്‍.എയും സി.ബി.ഐയുടെ പ്രതിപ്പട്ടികയിലായത്‌ പൊതുതെരഞ്ഞെടുപ്പു പ്രചാരണവേളയില്‍ സി.പി.എമ്മിനു പ്രഹരമാകും. കൊലപാതക രാഷ്‌ട്രീയത്തിന്റെ പേരില്‍ കുറ്റപ്പെടുത്തല്‍ ഉയരുമെന്നതിനുപരി, ന്യൂനപക്ഷ വോട്ട്‌ സമാഹരിക്കാന്‍ നടത്തുന്ന ശ്രമങ്ങളെ ബാധിച്ചേക്കുമെന്നാണ്‌ ആശങ്ക.

മുസ്ലിം ലീഗ്‌ പ്രവര്‍ത്തകനായിരുന്ന ഷുക്കൂറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതിനു പിന്നില്‍ ജയരാജനും രാജേഷുമുള്‍പ്പെട്ട ഗൂഢാലോചയുണ്ടെന്നാണു സി.ബി.ഐയുടെ കണ്ടെത്തല്‍. ഷുക്കൂറിനെ ആക്രമിക്കുന്നതിനു മുമ്പ്‌ കൊലയാളിസംഘം ആശുപത്രിയിലായിരുന്ന ഇവരുമായി ഫോണില്‍ ബന്ധപ്പെട്ടതു കണ്ടെത്തി പോലീസ്‌ ഇരുവരെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അറസ്‌റ്റിലായ ജയരാജന്‌ 28 ദിവസത്തിനു ശേഷമാണു ജാമ്യം ലഭിച്ചത്‌.

ഷുക്കൂര്‍ കേസ്‌ സര്‍ക്കാര്‍ സി.ബി.ഐയെ ഏല്‍പ്പിച്ചപ്പോഴും സി.പി.എം. വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു. സി.ബി.ഐ. അന്വേഷണം വേണമെങ്കില്‍ കോടതിയാണ്‌ ഉത്തരവിടേണ്ടത്‌ എന്നായിരുന്നു വാദം. സി.ബി.ഐ. അന്വേഷണം തുടരാന്‍ പിന്നീടു കോടതിയുടെ ഉത്തരവുണ്ടായി. കണ്ണൂരിലെ രാഷ്‌ട്രീയ അക്രമങ്ങളുടെ പിന്നിലെ ഗൂഢാലോചന പോലീസ്‌ അന്വേഷിക്കാറില്ലെന്നതു നേതാക്കന്മാര്‍ സൗകര്യമായി ഉപയോഗപ്പെടുത്തിയിരുന്നു. സി.ബി.ഐ. ഇതും അന്വേഷിച്ചതോടെ കതിരൂര്‍ മനോജ്‌, ഷുക്കൂര്‍ വധക്കേസുകളില്‍ സി.പി.എമ്മിന്റെ ഉന്നത നേതാക്കള്‍ പ്രതികളാകുകയും ചെയ്‌തു.
സി.ബി.ഐ. കേസിനെ രാഷ്‌ട്രീയപ്രേരിതമെന്ന വാദം കൊണ്ട്‌ ഏറെക്കാലം നേരിടാന്‍ സാധ്യമല്ലെന്നു സി.പി.എമ്മിനു ബോധ്യമുണ്ട്‌. കൊലപാതക രാഷ്‌ട്രീയം ചര്‍ച്ചയായി തുടരുമെന്നതാണു കാരണം.

ശബരിമല വിഷയത്തില്‍ ഹിന്ദു വോട്ടുകള്‍ ചോരാനിടയുണ്ടെന്നു കരുതുമ്പോഴും ന്യൂനപക്ഷ വോട്ടുകള്‍ സമാഹരിക്കാന്‍ കഴിയുമെന്നു സി.പി.എം. കണക്കുകൂട്ടിയിരുന്നു. ഷുക്കൂര്‍ കൊലക്കേസില്‍ പാര്‍ട്ടിയുടെ ഏറ്റവും കരുത്തനായ ജില്ലാ സെക്രട്ടറി പ്രതിക്കൂട്ടിലായതോടെ ആ പ്രതീക്ഷയ്‌ക്കു മങ്ങലേറ്റു. വടകര മണ്ഡലത്തില്‍ പി. ജയരാജനെ മത്സരിപ്പിക്കാന്‍ ആലോചിക്കുന്നതിനിടെയുള്ള സി.ബി.ഐ. നടപടി ആഘാതം ഇരട്ടിയാക്കി.

കെ. സുജിത്ത്‌

Ads by Google
Tuesday 12 Feb 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW