Wednesday, August 21, 2019 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 12 Feb 2019 01.36 AM

രാജേന്ദ്രനെ തള്ളി സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ്‌; നടപടി വന്നേക്കും

uploads/news/2019/02/287343/k12.jpg

കട്ടപ്പന: മൂന്നാര്‍ പഞ്ചായത്തിന്റെ ഷോപ്പിങ്‌ കോംപ്ലക്‌സ്‌ നിര്‍മാണവുമായി ബന്ധപ്പെട്ട്‌ ദേവികുളം സബ്‌ കലക്‌ടര്‍ക്കെതിരേ എസ്‌. രാജേന്ദ്രന്‍ എം.എല്‍.എ. നടത്തിയ പ്രതികരണം ശരിയല്ലെന്നും അതു തള്ളിക്കളയുന്നതായും സി.പി.എം. ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ്‌.
പാര്‍ട്ടിയുടെ കാഴ്‌ചപ്പാടിനു വിരുദ്ധമായ പരാമര്‍ശമാണ്‌ എം.എല്‍.എ. നടത്തിയത്‌. ഇതു സംബന്ധിച്ച്‌ മാധ്യമങ്ങളിലൂടെ നടത്തിയ അഭിപ്രായപ്രകടനങ്ങളോടും പാര്‍ട്ടി യോജിക്കുന്നില്ല. വിഷയത്തില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്‌ത്‌ നടപടി സ്വീകരിക്കും. സ്‌ത്രീശാക്‌തീകരണത്തിനും സ്‌ത്രീ, പുരുഷ സമത്വത്തിനും വേണ്ടിയാണ്‌ സി.പി.എം. നിലകൊള്ളുന്നതെന്നും സെക്രട്ടേറിയറ്റ്‌ വ്യക്‌തമാക്കി.
കോണ്‍ഗ്രസ്‌ ഭരിക്കുന്ന മൂന്നാര്‍ പഞ്ചായത്തില്‍ ഇടുക്കി ഡി.സി.സി. അംഗമായ കറുപ്പുസ്വാമിയാണ്‌ പ്രസിഡന്റ്‌. 60 ദിവസമായി നടന്നുവന്ന നിര്‍മാണത്തിനു തഹസില്‍ദാര്‍ സ്‌റ്റോപ്പ്‌ മെമ്മോ നല്‍കിയത്‌ കഴിഞ്ഞ ആറിനാണ്‌. ഇതു ലംഘിച്ച്‌ ആറ്‌, ഏഴ്‌ തീയതികളില്‍ നിര്‍മാണം തുടര്‍ന്നു. എട്ടിനാണ്‌ റവന്യു സംഘവും ദൗത്യസംഘവും നിര്‍മാണം നിര്‍ത്തിവയ്‌പ്പിക്കാന്‍ എത്തിയത്‌. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കറുപ്പുസ്വാമി, ജില്ലാ പഞ്ചായത്ത്‌ അംഗം വിജയകുമാര്‍, മറ്റു കോണ്‍ഗ്രസ്‌ നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ്‌ ഉദ്യോഗസ്‌ഥരെ വിരട്ടിയോടിച്ചത്‌. ഇതിനുശേഷം എം.എല്‍.എയെ പ്രസിഡന്റും സംഘവും വിളിച്ചുവരുത്തുകയായിരുന്നു. ജനപ്രതിനിധി എന്ന നിലയില്‍ എസ്‌. രാജേന്ദ്രന്‍ പ്രശ്‌നത്തില്‍ ഇടപെട്ട്‌ പരിഹാരം കാണുകയാണു വേണ്ടിയിരുന്നത്‌. എന്നാല്‍ സബ്‌ കലക്‌ടര്‍ക്കെതിരേ എം.എല്‍.എ. മോശം പ്രതികരണം നടത്തുകയായിരുന്നുവെന്നും ജില്ലാ സെക്രട്ടറിയേറ്റ്‌ കുറ്റപ്പെടുത്തി. യോഗത്തില്‍ എം.എല്‍.എയ്‌ക്കെതിരേ രൂക്ഷ വിമര്‍ശനമാണ്‌ ഉയര്‍ന്നതെന്നാണു വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ അടുത്ത സാഹചര്യത്തില്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്ന കാര്യമാണു സംഭവിച്ചതെന്നും യോഗത്തില്‍ നേതാക്കള്‍ ചൂണ്ടിക്കാട്ടി.
അതിനിടെ, ദേവികുളം സബ്‌കലക്‌ടര്‍ ഡോ. രേണു രാജ്‌ ചീഫ്‌ സെക്രട്ടറിക്കും റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്കും റിപ്പോര്‍ട്ട്‌ നല്‍കി. കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും തന്നെ പൊതുജനമധ്യത്തില്‍ അവഹേളിച്ചെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണു വിവരം. കെട്ടിട നിര്‍മാണത്തിന്‌ റവന്യൂ വകുപ്പിന്റെ എന്‍.ഒ.സി. ആവശ്യമാണ്‌. ഇതു ലംഘിക്കപ്പെട്ടതിനാലാണു നോട്ടീസ്‌ നല്‍കിയത്‌. കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട മറ്റു തര്‍ക്കങ്ങളും റിപ്പോര്‍ട്ടില്‍ വിശദമായി വ്യക്‌തമാക്കിയിട്ടുണ്ട്‌.

Ads by Google
Tuesday 12 Feb 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW