Tuesday, August 20, 2019 Last Updated 20 Min 56 Sec ago English Edition
Todays E paper
Ads by Google
അനില്‍ ബോസ്
Monday 11 Feb 2019 12.12 PM

ടാര്‍ജെറ്റും അമിത ജോലിഭാരവും, മരണവും ആത്മഹത്യയും, പ്രൊമോഷന്‍ പോലും വേണ്ട ആവശ്യപ്പെടുന്നത് സമാധാനം മാത്രം; പേടിപ്പിക്കുന്ന പോലീസിനുള്ളിലെ നിസ്സഹായത

problems

പോലീസ് സേനയ്ക്കുള്ളില്‍ അധികം പ്രായമാകാതെ മരിക്കുന്നവരുടെയും ആത്മഹത്യ ചെയ്യുന്നവരുടെയും എണ്ണം വര്‍ദ്ധിച്ചു വരികയാണ്. വിശ്രമമില്ലാത്ത ജോലിയും മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദവും മൂലമുണ്ടാകുന്ന മാനസിക സമ്മര്‍ദ്ദം തന്നെയാണ് ഇത്തരത്തില്‍ പ്രായമെത്തുന്നതിന് മുമ്പുള്ള മരണത്തിന് കാരണമാകുന്നത്. സമാധനത്തോടെയും നെഞ്ചുറപ്പോടെയും പല കേസുകളും കൈകാര്യം ചെയ്യേണ്ട ഉദ്യോഗസ്ഥര്‍ക്ക് ഇതിന് സാധിക്കാതെ വരുന്നുണ്ട്. തങ്ങള്‍ അനുഭവിക്കുന്ന കടുത്ത മാനസിക സമ്മര്‍ദ്ദം തന്നെയാണ് ഇതിന് കാരണം.

ഉന്നത നിര്‍ദേശം അനുസരിച്ച് ടാര്‍ജെറ്റ് തികയ്ക്കാനുള്ള ഓട്ടമാണ് ഇപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍. സിഒടിപിഎ(സിഗരറ്റ് ആന്റ് അതര്‍ ടുബാക്കോ പ്രോഡക്ട്‌സ് ആക്ട്) എന്‍ഡിപിഎസ്(നര്‍കോടിക് ഡ്രഗ്‌സ് ആന്‍ഡ് സൈകോട്രോപിക്കല്‍ സബ്സ്റ്റന്‍സെസ് ആക്ട്) എന്നിവയില്‍ ദിവസവും രണ്ട് കേസ് എങ്കിലും പിടിച്ചിരിക്കണം. ഇത് കര്‍ശനമായ നിര്‍ദേശമാണ്. ഇതിനായി മാത്രം എന്നും സെപെഷ്യല്‍ ഡ്രൈവാണ്. ഒരു ദിവസം ഇതിനായി മാത്രം പോലീസ് ഉദ്യോഗസ്ഥര്‍ ഇറങ്ങുന്നു. ഇത് ഉദ്യോഗസ്ഥരെ വലിയ ജോലിഭാരവും മാനസിക സമ്മര്‍ദ്ദവുമാണ് ഉണ്ടാക്കുന്നത്.

പോലീസ് സേനയില്‍ ഇപ്പോഴും തുടരുന്നത് 1988ലെ സ്റ്റാഫ് പാറ്റേണാണ്. കാലം മാറിയിട്ടും സ്റ്റാഫ് പാറ്റേണോ പ്രവര്‍ത്തന രീതിയോ വേണ്ടരീതിയില്‍ മാറ്റാനായി പോലീസില്‍ സാധിക്കുന്നില്ല. ലോ ആന്റ് ഓര്‍ഡര്‍ തിരിച്ചതിന് ശേഷം സര്‍വീസ് പൂര്‍ത്തിയാക്കി ഗ്രേഡ് പ്രൊമോഷന്‍ കിട്ടിയ എസ്‌ഐമാരെ ക്രൈം ചാര്‍ജ് ഏല്‍പ്പിക്കുന്ന രീതി സ്ഥിരമാണ്. ഇവരുടെ തലയിലാണ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന 1000ല്‍ അധികം കേസുകള്‍ വരുന്നത്.

സര്‍വീസ് പൂര്‍ത്തിയായി പിരിഞ്ഞാലും ഈ കേസുകള്‍ക്ക് പിന്നാലെ ഓടേണ്ട അവസ്ഥയാണ് അവര്‍ക്ക്. പെന്‍ഷന്‍ കഴിഞ്ഞും കേസ് വിചാരണയ്ക്കായി കോടതികള്‍ കയറി ഇറങ്ങേണ്ട സ്ഥിതിയാണ്. റിട്ടയര്‍മെന്റിന് ശേഷവും ഫയല് പഠിച്ച് വിചാരണ നേരിടേണ്ടി വരുന്നു. ഇത് പോലീസ് ഉദ്യോഗസ്ഥരില്‍ ഉണ്ടാക്കുന്ന മാനസിക സമ്മര്‍ദ്ദം ചെറുതല്ല.

ഈ മാസം അഞ്ചാം തീയതി മാത്രം മരണപ്പെട്ടത് മൂന്ന് പോലീസ് ഉദ്യോഗസ്ഥരാണ്. കോതമംഗലം പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ എല്‍സി(54), മുന്‍ ഏറ്റുമാനൂര്‍ എസ്‌ഐ ദേവദാസ്(58), പാലാ സ്റ്റേഷനിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥന്‍ സോമന്‍(57) എന്നിവരാണ് ഫെബ്രുവരി അഞ്ചാം തീയതി മാത്രം മരിച്ചത്. പോലീസ് സേനയിലെ പലരും അറുപത് വയസിന് മുന്നെ തന്നെ മരണപ്പെടുകയാണ്. മരിച്ച ദേവദാസും സോമനും റിട്ടയറായി അധികം കാലമായിട്ടില്ല.

പോലീസുകാര്‍ പ്രതിയാക്കപ്പെട്ടാല്‍ ഒരു കുറ്റവാളിക്ക് ലഭിക്കുന്ന അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കപ്പെടും. സനല്‍കുമാര്‍ കൊലപാതകക്കേസില്‍ ഡിവൈഎസ്പി ഹരികുമാര്‍ നേരിടേണ്ടി വന്നത് അതിക്രൂര അനുഭവങ്ങളായിരുന്നു. യാതൊരു രക്ഷയും ഇല്ലാതായപ്പോഴാണ് അദ്ദേഹം ആത്മഹത്യ ചെയ്തത്. അബദ്ധത്തില്‍ തള്ളിയപ്പോഴാണ് സനല്‍കുമാര്‍ കാറിനടിയില്‍ വീണതെന്ന് കണ്ടു നിന്നവരും ഒപ്പമുണ്ടായിരുന്നവരും പറഞ്ഞിട്ട് അതൊന്നും കാര്യമായില്ല. ഇത് മറച്ചുവെച്ച് ഡിവൈഎസ്പിയെ വേട്ടയാടിയ മാധ്യമങ്ങളും ഒരു പരിധിവരെ അദ്ദേഹത്തിന്റെ ആത്മഹത്യയ്ക്ക് കാരണക്കാരനാണെന്ന് പറയാം.

ഡിവൈഎസ്പി ഹരികുമാറിന് മേല്‍ ചുമത്തിയത് 302 വകുപ്പാണ്. അതായത് കൊലക്കുറ്റം. ഒരു സാധാരണക്കാരനായിരുന്നു ഹരികുമാറിന്റെ സ്ഥാനത്തെങ്കില്‍ 304 എ (മനപൂര്‍വമല്ലാത്ത നരഹത്യ) വകുപ്പേ ചുമത്തുകയുള്ളു.

2011ലും സമാന സംഭവം ആവര്‍ത്തിച്ചിട്ടുണ്ട്. ഒരു റിട്ടയര്‍മെന്റ് പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യ വാഹനം തട്ടി സൈക്കിളില്‍ സഞ്ചരിച്ചിരുന്ന രണ്ട് കുട്ടികള്‍ മരിച്ചു. വാഹനം ഓടിച്ചിരുന്നതും സ്വകാര്യ വ്യക്തിയായിരുന്നു. ഇയാള്‍ക്കെതിരെ 304 എ നരഹത്യയ്ക്കും ഹരിജന പീഡനത്തിനും കേസെടുത്തു. ഒപ്പം യാത്ര ചെയ്തിരുന്ന പോലീസുകാര്‍ക്കെതിരെയും ഹരിജന പീഡന കുറ്റം ചുമത്തി. ഈ ഉദ്യോഗസ്ഥര്‍ പിന്നീട് സുപ്രീം കോടതിയില്‍ പോയാണ് ജാമ്യം നേടിയത്. അന്ന് കോടതി ചോദിച്ചത് യാത്ര ചെയ്ത പോലീസുകാര്‍ എന്ത് തെറ്റ് ചെയ്‌തെന്നായിരുന്നു.

problems

കഴിഞ്ഞ ദിവസം അപരിചിതനെ ചെക്ക് ചെയ്തപ്പോള്‍ സമയം തെറ്റായി കുറിച്ചു എന്ന കാരണത്താല്‍ കണ്‍ട്രോള്‍ റൂം എസ്‌ഐ എബ്രഹാമിനെ നിര്‍ദാഷിണ്യം സസ്‌പെന്റ് ചെയ്തു. രണ്ട് മാസം കൂടി മാത്രമായിരുന്നു അദ്ദേഹത്തിന് സര്‍വീസ് ഉണ്ടായിരുന്നത്.

കീഴൂര്‍ ബാങ്ക് തെരഞ്ഞെടുപ്പ് സമയം നിരവധി കേസുകളില്‍ പ്രതിയായ ഡിവൈഎഫ്‌ഐ നേതാവ് കേരള കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയാണുണ്ടായത്. ഡിവൈഎഫ്‌ഐ നേതാവിനെതിരെ നടപടിയെടുക്കാനോ അറസ്റ്റ് ചെയ്യാനോ ഉന്നത ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും യാതൊരു നീക്കവും ഉണ്ടായില്ല.

കെവിന്‍ കേസിന് പിന്നാലെ കോട്ടയത്ത് പുതിയ പോലീസ് മേധാവി ഹരിശങ്കറിന്റെ വരവോടെ ഉദ്യോഗസ്ഥരിലെ അമിത ജോലിഭാരവും മാനസിക സംഘര്‍ഷങ്ങള്‍ക്കും അല്‍പമെങ്കിലും കുറവുണ്ടാകുമെന്നായിരുന്നു ധാരണ. എന്നാല്‍ മേധാവിയെ സന്തോഷത്തോടെ വരവേറ്റ ഉദ്യോഗസ്ഥരെ കാത്തിരുന്നത് അമിതമായ ജോലി ഭാരമായിരുന്നു. വിവിഐപി മൂന്ന് ദിവസം മുമ്പേ തന്നെ ട്രയല്‍ നോക്കുന്നു. വനിത പോലീസുകാര്‍ക്ക് ഉള്‍പ്പെടെ പത്തിലധികം നൈറ്റ് ഡ്യൂട്ടികള്‍ ചെയ്യേണ്ടി വരുന്നുണ്ട്. പിങ്ക് പോലീസ് നൈറ്റ് പെട്രോളിംഗ് കോട്ടയത്ത് മാത്രമാണ് ഇത്രയും കര്‍ശനമായി നടത്തിക്കുന്നത്. അതിന് പിന്നിലും എസ്പിയുടെ കടും പിടുത്തം. ഹരിശങ്കര്‍ എത്തിയതോടെ ജോലിഭാരം ഇരട്ടിച്ചുവെന്നാണ് പോലീസ് സേനയില്‍ തന്നെയുള്ളവര്‍ പറയുന്നത്.

ശബരിമല വിഷയത്തില്‍ ഏറ്റവും അധികം മാനസികമായും ശാരീരികമായും സമ്മര്‍ദ്ദം അനുഭവിച്ചത് കോട്ടയം ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥരാണ്. ശബരിമല സീസണില്‍ സ്‌ക്വാഡുകള്‍ എല്ലാം നിര്‍ത്തി അതത് സ്റ്റേഷനുകളില്‍ ആ സ്ട്രംഗ്ത് കൊടുക്കണമെന്ന് ഡിജിപി നിര്‍ദേശം ഉണ്ടായിട്ടും പാലിക്കപ്പെട്ടില്ല. ഓരോ സ്‌റ്റേഷനില്‍ നിന്നും എട്ട് മുതല്‍ 20 വരെ ഉദ്യോഗസ്ഥരെ ശബരിമല ഡ്യൂട്ടിക്ക് അയച്ചു. ഇതോടെ ഒരു സ്റ്റേഷന്‍ പരിധിയില്‍ വരുന്ന എല്ലാ കാര്യങ്ങളും വളരെ കുറച്ച് ഉദ്യോഗസ്ഥരുടെ തലയിലായി. മാത്രമല്ല 24 മണിക്കൂറും ഉദ്യോഗസ്ഥര്‍ ജോലി ചെയ്യേണ്ട അവസ്ഥയും.

problems

അമിത ജോലി ഭാരവും മറ്റ് മാനസിക സങ്കര്‍ഷങ്ങളും പലപ്രാവശ്യം ശ്രദ്ധയില്‍ പെടുത്തിയിട്ടും പോലീസ് സംഘടനകള്‍ക്ക് പോലും ഒന്നും ചെയ്യാനാകുന്നില്ല. മാത്രമല്ല പലര്‍ക്കും ഗുഡ് സര്‍വീസ് എന്‍ട്രി പോലും ലഭിക്കുന്നില്ല. ഒരു ഗ്രേഡ് എസ് ഐയും ഗ്രേഡ് എസ് സി പി ഒയും(സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍) ഒരു മാസം പത്തിലധികം ക്രൈം കേസുകളും ഇരുപതിലധികം സുമൊട്ടോ കേസുകളും എഴുതേണ്ടി വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.

മറ്റ് ഡിപ്പാര്‍ട്ട് മെന്റുകളുടെ പിഴവുകള്‍ മൂലം സംഭവിക്കുന്നവയ്ക്കും പോലീസിനാണ് പൊല്ലാപ്പാട്. അശാസ്ത്രീയമായ റോഡ് നിര്‍മാണത്തിലൂടെ ഉണ്ടാകുന്ന അപകടങ്ങള്‍ക്കും മറുപടി പറയേണ്ടി വരുന്നത് പോലീസ് സേനയാണ്. എക്‌സൈസ് വിഭാഗം ഉണ്ടായിട്ടും കഞ്ചാവ് ലഹരി മദ്യപിച്ചുള്ള ഡ്രൈവിംഗ് എന്നീ കേസുകള്‍ പിടിക്കേണ്ടതും നടപടിയെടുക്കേണ്ടതും പോലീസിന്റെ ഉത്തരവാദിത്വമായി മാറിയിരിക്കുകയാണ്.

പോലീസ് ഉദ്യോഗസ്ഥരുടെ ചെറിയ ശിക്ഷകള്‍ പ്രൊമോഷനെ ബാധിക്കരുതെന്നതിന് സംരക്ഷണമായി നിന്നിരുന്ന കെപി ആക്ട് 101(ആര്‍) ഓര്‍ഡിനന്‍സ് വഴി റദ്ദ് ചെയ്ത് ഗവര്‍ണര്‍ ഒപ്പിട്ട സര്‍ക്കാര്‍ തീരുമാനം പോലീസിനിടയില്‍ ഇടത് സര്‍ക്കാരിനോട് കനത്ത അമര്‍ഷമാണ് ഉണ്ടാക്കിയിരിക്കുന്നത്.

സര്‍വീസില്‍ ഒരു വര്‍ഷമുള്ള 24 ലീവുകളില്‍ ഒരെണ്ണം പോലും എടുക്കാനാകാത്ത അവസ്ഥയാണ് നിലവില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക്. വീക്കിലി ഓഫ് പോലും അമിത ജോലി ഭാരം കാരണം ഉദ്യോഗസ്ഥര്‍ക്ക് നിഷേധിക്കപ്പെടുന്നു. ഒപ്പം തലപ്പത്ത് നിന്നുണ്ടാകുന്ന സമ്മര്‍ദവും പീഡനവും കൂടിയാകുമ്പോള്‍ ജീവന്‍ അവസാനിപ്പിക്കാന്‍ പോലും ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കുന്നു. സിഐയുടെ പേരെഴുതിവെച്ച് പ്രൊബേഷണറി എസ്‌ഐ ഗോപകുമാര്‍ ജീവനൊടുക്കിയത് ഇതിന് ഏറ്റവും ഉത്തമമായ ഉദാഹരണമാണ്.

കൈക്കൂലി, മധ്യപാനം, പുകവലി എന്നീ സാമൂഹിക തിന്മകളില്‍ മുന്നിലായിരുന്ന പോലീസ് ഇപ്പോള്‍ വളരെ പിന്നാലാണ്. എന്നാല്‍ മാനസിക സമ്മര്‍ദ്ദങ്ങള്‍ പഴയ അവസ്ഥയിലേക്ക് ഇവരെ എത്തിച്ചേക്കുമെന്നാണ് പലരും സംശയം പ്രകടിപ്പിക്കുന്നത്. ഒരു സ്റ്റേഷനിലെ പകുതിയില്‍ അധികം ഉദ്യോഗസ്ഥരും രോഗികളായ അവസ്ഥയാണുള്ളത്. അര്‍ഹമായ ശമ്പളം ലഭിക്കുന്നുണ്ടെങ്കിലും പരിഗണനകൂടി ലഭിക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുന്നത്. സമ്മര്‍ദം കുറക്കാനാണ് ഉവര്‍ ആവശ്യപ്പെടുന്നത്.

പലപ്പോഴും പിരിമുറുക്കങ്ങളില്‍ തകര്‍ന്ന് നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വേണ്ട വിധത്തില്‍ കേസുകള്‍ കൈകാര്യം ചെയ്യാന്‍ സാധിക്കാതെ വരും. മാത്രമല്ല ജനങ്ങളോടുള്ള പെരുമാറ്റവും പരിധിവിടാന്‍ കാരണമായേക്കാം. സേനയ്ക്കുള്ളിലെ ഒരേ ഒരാവശ്യം ജോലിഭാരം കുറയ്ക്കുക എന്നതാണ്. ശബരിമല സീസണ്‍ കഴിഞ്ഞപ്പോള്‍ ഒരു ആശ്വസമായെങ്കിലും ലോക്‌സഭ ഇലക്ഷന്‍ വരുന്നതോടെ വീണ്ടും കീകൊടുത്ത കളിപ്പാട്ടം പോലെ ഓടാന്‍ തയ്യാറായിരിക്കുകയാണ് ഉദ്യോഗസ്ഥര്‍.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW