Tuesday, August 20, 2019 Last Updated 4 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 12.19 PM

നവോത്ഥാനവും, അയ്യപ്പസമിതിയും കൊണ്ട് പതിവുകള്‍ തെറ്റിച്ച് സിപിഎമ്മും ബിജെപിയും സമുദായ സംഘടനകളെ വീഴ്ത്തി ; എസ്എന്‍ഡിപിയുടെയും കെപിഎംഎസിന്റെയും വിമതരെയും ക്രൈസ്തവരേയും വലയിട്ട് കോണ്‍ഗ്രസ്

uploads/news/2019/02/287235/benny-behannanan.jpg

തിരുവനന്തപുരം: ശബരിമലവിഷയത്തിന്റെ പശ്ചാത്തലത്തില്‍ പതിവുകള്‍ പലതും തെറ്റിച്ച് സിപിഎമ്മും ബിജെപിയും ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സമീപിക്കുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെട്ട് കോണ്‍ഗ്രസ്. പതിവിന് വിപരീതമായി നവോത്ഥാനം പറഞ്ഞ് ഒരു വിഭാഗം സാമുദായിക സംഘടനകളെ ഒപ്പം നിര്‍ത്തി സിപിഎം വരുമ്പോള്‍ മറുവശത്ത് സിപിഎം വിരുദ്ധരായ സമുദായങ്ങളാണ് ബിജെപിയ്ക്ക് കൂട്ട്. രണ്ടുപേരും കേരള ജനതയെ പങ്കിട്ടെടുത്തപ്പോള്‍ രണ്ടിടത്തും പെടാതെ പോയ സാമുദായിക സംഘടനകളിലെ പൊട്ടും പൊടിയും തേടി കോണ്‍ഗ്രസ്.

കേരളത്തിലെ പ്രബല സമുദായമായ എസ്എന്‍ഡിപിയെയും കെപിഎംഎസിന്റെ പുന്നല വിഭാഗത്തെയും നവോത്ഥാന സമിതി വഴി ഇടതുപക്ഷത്ത് എത്തിച്ച പിണറായി വിജയന്‍ ഒരുവിഭാഗം ക്രൈസ്തവ- ഇസ്‌ളാമിക മത നേതാക്കളുടെയും പിന്തുണ പിടിച്ചു പറ്റി. കേരളത്തിലെ മറ്റൊരു പ്രബലരായ എന്‍എസ്എസ് ഉള്‍പ്പെടെ ശബരിമല വിഷയത്തില്‍ സിപിഎം വിരുദ്ധ ചേരിയില്‍ നില്‍ക്കുന്നവരെ അയ്യപ്പജ്യോതിയും അയ്യപ്പ സംഗമവുമെല്ലാം നടത്തി സംഘപരിവാര്‍ കൃത്യമായി ലക്ഷ്യമിടുകയും വീഴിക്കുകയും ചെയ്തു.

മത-സാമുദായിക സംഘടനകളെ രണ്ടു പാര്‍ട്ടികളും പങ്കിട്ടെടുത്തതോടെ കോണ്‍ഗ്രസ് വെട്ടിലായിരിക്കുകയാണ്. ഇക്കാര്യം തിരിച്ചറിഞ്ഞ് തുടങ്ങിയിട്ടുള്ള കോണ്‍ഗ്രസ് സാമുദായിക പിന്തുണ തേടി ശ്രമം തുടങ്ങിയിട്ടുണ്ട്. എല്‍ഡിഎഫിലും യുിഡഎഫിലും പെടാത്തവരും അവരുമായി പൊരുത്തപ്പെടാതെ പോകുന്ന ബദല്‍ ഗ്രൂപ്പുകളുമാണ് ഇപ്പോഴത്തെ ലക്ഷ്യം. ദളിത് ക്രൈസ്തവര്‍, മുസ്‌ളീം സമുദായ മുന്നണികള്‍, കെപിഎംഎസിന്റെയും എസ്എന്‍ഡിപി യോഗത്തിലെയും വിമതവിഭാഗം, സിപിഎമ്മിലും ബിജെപിയിലും പെടാതെ പോയ വിശ്വകര്‍മ്മജര്‍, വിളക്കിത്തല നായര്‍ സമാജം എന്നിങ്ങനെയുള്ള സാമുദായിക നേതാക്കളുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തി. വരും ദിവസങ്ങളില്‍ എന്‍എസ്എസുമായും ചര്‍ച്ച നടത്തും.

ഇവര്‍ക്ക് പുറമേ ബിഡിജെഎസ്, ജനതാദള്‍, ജെഎസ്എസ് എന്നിവയിലെ ഇടതുപക്ഷത്തോടോ എന്‍ഡിഎയോടോ അടുപ്പമില്ലാത്തവരുടെ നിരയുമായും ചര്‍ച്ചയുണ്ടാകും. പണ്ടുമുതലേ സമുദായ സംഘടനകളുടെ സഹായം തേടുകയും പക്ഷത്താക്കുകയും ചെയ്യാറുള്ള യുഡിഎഫിന് ശബരിമല വിഷയം സമ്മാനിച്ചത് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. നവോത്ഥാന സമിതിയില്‍ ശബരിമല കര്‍മ്മസമിതിയുമായി തങ്ങളുടെ വോട്ടു ബാങ്കുകളെ സിപിഎം ബിജെപി പാര്‍ട്ടികള്‍ പിടിച്ചു കൊണ്ടുപോകുന്നതാണ് കോണ്‍ഗ്രസ് നേരിടുന്ന പ്രതിസന്ധി. അതേസമയം തന്നെ സിപിഎമ്മിനെ തള്ളിപ്പറഞ്ഞ എന്‍എസ്എസ് ബിജെപി ചായ്‌വ് കാട്ടുന്നില്ല എന്നതാണ് കോണ്‍ഗ്രസ് പ്രതീക്ഷയായി കാണുന്നത്.

സിപിഎമ്മിനോടുള്ള ശത്രുത തങ്ങളോട് എന്‍എസ്എസിനില്ല എന്നതാണ് യുഡിഎഫിന് പ്രതീക്ഷ. നിലവില്‍ മുസ്‌ളീംലീഗിനൊപ്പം നില്‍ക്കുന്ന മുസ്‌ളീം സംഘടന മാത്രമാണ് യുഡിഎഫിന് പരസ്യമായി ഒപ്പം നില്‍ക്കുന്നത്. ഈ സാഹചര്യങ്ങളില്‍ വരും ദിവസങ്ങളില്‍ വിവിധ സാമുദായിക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്താനൊരുങ്ങുകയാണ് ബെന്നി ബഹന്നാന്‍. കേരളത്തിലെ 18 സീറ്റെങ്കിലും നേടണമെങ്കില്‍ എന്‍എസ്എസ് അടക്കമുള്ള സംഘടനകളുടെ പിന്തുണ യുഡിഎഫിന് നേടേണ്ടതുണ്ട്. ശബരിമല സമരത്തില്‍ ഭക്തര്‍ക്കൊപ്പമായിരുന്നിട്ടും അതിന്റെ ഗുണം നേടിയത് ബിജെപിയായിരുന്നു. മറുവശത്ത് എന്നും തുണച്ചിരുന്ന ക്രൈസ്തവ സഭകള്‍ ഇടത് ആനുകൂല്യം കാട്ടിത്തുടങ്ങുകയും ചെയ്തിട്ടുണ്ട്.

മുന്നണി ഏതായാലും സമുദായത്തിന്റെ സ്ഥാനാര്‍ത്ഥികള്‍ മതി എന്ന നിലപാട് ചില ക്രൈസ്തവ സഭകള്‍ ഇപ്പോള്‍ തന്നെ എടുത്തിട്ടുണ്ട്. എറണാകുളം, ആലപ്പുഴ, കൊല്ലം മണ്ഡലങ്ങളില്‍ ലത്തീന്‍ കാരെ നിര്‍ത്തുന്നവരെ തുണയ്ക്കുമെന്ന് ലത്തീന്‍ സഭ നിലപാട് എടുത്തിട്ടുള്ളത് ഇതിനുദാഹരണമാണ്. സഭയുടെ രാഷ്ട്രീയ - സാമൂഹിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന കേരളാ ലത്തീന്‍ കാത്തലിക് അസോസിയേഷ( കെ.എല്‍.സി.എ. ) ന്റേതാണ് ആവശ്യം. ഇതോടെ മൂന്ന് മണ്ഡലത്തിലും എല്‍ഡിഎഫും യുഡിഎഫും ലത്തീന്‍കാരെ തേടുകയാണ്. അതേസമയം ഇവര്‍ കെവി തോമസ് മത്സരിക്കുന്നതിനെ അനുകൂലിക്കുന്നുമുണ്ട്. എല്‍ഡിഎഫിലും ഇതേ സമുദായത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥി വേണമെന്നും പറ്റിയയാള്‍ ഇല്ലെങ്കില്‍ ഞങ്ങള്‍ തരാമെന്നുമാണ് സഭയുടെ നിലപാട്.

അതേസമയം തന്നെ മുഖ്യ എതിരാളികളായ സിപിഎമ്മിനെ വിലകുറച്ച് കാണിച്ചുള്ള പ്രചരണവും കോണ്‍ഗ്രസിന് തുണയായേക്കും. കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷത്തിന്റെ ജയം കേന്ദ്രത്തില്‍ കാര്യമായ പ്രതിഫലനം സൃഷ്ടിക്കില്ലെന്ന് ചൂണ്ടിക്കാട്ടുകയാകും യുഡിഎഫിന്റെ പ്രധാന തെരഞ്ഞെടുപ്പ് തന്ത്രം. സാമുദായിക പ്രീണനങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയില്‍ സിപിഎം കാര്‍ എത്തിയാലും കോണ്‍ഗ്രസിന് കൈ കൊടുക്കേണ്ടി വരുമെന്ന കൃത്യമായ പ്രചരണം നടത്താനായാല്‍ വോട്ട് പെട്ടിയില്‍ വീഴുന്നതിന് അനുകൂല ഘടകമാക്കാം എന്ന വിലയിരുത്തലുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW