Saturday, August 24, 2019 Last Updated 30 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.55 AM

ആനവണ്ടിയെ ആരു രക്ഷിക്കും?

uploads/news/2019/02/287203/bft1.jpg

കെ.എസ്‌.ആര്‍.ടി.സി.യില്‍ സി.എം.ഡി.യെ മാറ്റുന്നത്‌ ഒരിക്കലും ഇത്രമാത്രം ചര്‍ച്ചാവിഷയമായിട്ടില്ല. മന്ത്രി എ.കെ. ശശീന്ദ്രനു കീഴില്‍ ചുമതലയേല്‍ക്കുന്ന നാലാമത്തെ സി.എം.ഡി.യും, 1965 ഏപ്രില്‍ 1-ന്‌ രൂപീകരിച്ച കെ.എസ്‌.ആര്‍.ടി.സി.യുടെ 51-ാമത്തെ സി.എം.ഡി.യുമായിരുന്നു ടോമിന്‍ ജെ. തച്ചങ്കരി. നിയമസഭയില്‍ മുഖ്യമന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റാനും അദ്ദേഹത്തിനു സാധിച്ചു. രാജമാണിക്യത്തിനുശേഷം കെ.എസ്‌.ആര്‍.ടി.സി.യില്‍ വലിയ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ചും കടമെടുക്കാതെ തന്നെ വരുമാനത്തില്‍നിന്നു ജീവനക്കാര്‍ക്കു ശമ്പളം കൊടുത്തും ശ്രദ്ധേയനായി. പൊതുജനങ്ങള്‍ക്കിടയില്‍ അദ്ദേഹം ഒരു ഹീറോ ആയി കണക്കാക്കപ്പെടുകയും ചെയ്‌തു. സ്‌ഥാനമാറ്റം സാധാരണ പ്രക്രിയ മാത്രമാണെന്നും ഒരു വ്യക്‌തിയെ സ്‌ഥാനത്തുനിന്നു മാറ്റിയാല്‍ ആ വ്യക്‌തി നല്ലതോ ചീത്തയോ എന്ന്‌ അതിനര്‍ഥമില്ലെന്നും ഗതാഗതമന്ത്രി വിശദീകരണം നല്‍കുകയും ചെയ്‌തു. എന്നാല്‍ തച്ചങ്കരി പറയുന്നു, കെ.എസ്‌.ആര്‍.ടി.സി.യുടെ ശാപം യൂണിയനിസമാണെന്ന്‌. എല്ലാത്തിനും പരിധിയുണ്ട്‌. കാര്യങ്ങള്‍ പഠിച്ചു വന്നപ്പോഴേക്കും സ്‌ഥലം മാറ്റി. കെ.എസ്‌.ആര്‍.ടി.സി. സ്വര്‍ണ ഖനിയാണ്‌. സ്വര്‍ണം കൂടുതല്‍ കിട്ടാന്‍ തുടങ്ങിയപ്പോള്‍ ഖനനം നിര്‍ത്തി. യൂണിയന്‍ നേതാക്കളുടെ അമിത സമ്മര്‍ദമാണ്‌ തന്റെ സ്‌ഥാനചലനത്തിനു പിന്നിലെന്ന്‌ അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.
ഇത്ര വലിയ സ്വര്‍ണഖനിയുടെ ഉടമയായ കെ.എസ്‌.ആര്‍.ടി.സി. വലിയ കടത്തില്‍ മുങ്ങിത്താണ്‌ കൈകാലിട്ടടിക്കുന്നത്‌ എന്തുകൊണ്ടാണ്‌? ഇപ്രാവശ്യത്തെ ബജറ്റിലും 1000 കോടി രൂപ കെ.എസ്‌.ആര്‍.ടി.സി.യെ രക്ഷിക്കാനായി നല്‍കിയിരിക്കുന്നു. ഇതുപോലുള്ള സഹായങ്ങള്‍ ധാരാളം മുമ്പ്‌ കിട്ടിയിട്ടുമുണ്ട്‌. എങ്കിലും ശമ്പളം നല്‍കണമെങ്കില്‍ കൈനീട്ടി നടക്കണം. 35,000 തൊഴിലാളികള്‍ ജോലി ചെയ്യുന്ന കെ.എസ്‌.ആര്‍.ടി.സി.യുടെ ഇപ്പോഴത്തെ കടം 3100 കോടിയാണ്‌. 6200 ബസുകളും 5400 ഷെഡ്യൂളുകളുമാണ്‌ നടത്തിയിരുന്നതെങ്കിലും ഇപ്പോള്‍ 4800 ഷെ്യൂളുകളായി കുറഞ്ഞിരിക്കുന്നു. ഒരു ദിവസം 32 ലക്ഷം യാത്രക്കാര്‍ യാത്ര ചെയ്‌തിരുന്നത്‌ ഇപ്പോള്‍ 28 ലക്ഷമായി കുറഞ്ഞിരിക്കുന്നു.
ഡബിള്‍ ഡ്യൂട്ടി, ത്രിബിള്‍ ഡ്യൂട്ടി, അദര്‍ ഡ്യൂട്ടി തുടങ്ങിയവ നിയന്ത്രിച്ച്‌ സിംഗിള്‍ ഡ്യൂട്ടിയിലേക്കു കൊണ്ടുവന്നതും ഡ്രൈവര്‍ കം കണ്ടക്‌ടര്‍ തസ്‌തികയിലുള്ളവര്‍ ദീര്‍ഘദൂര ബസുകള്‍ ഓടിക്കാനും തുടങ്ങിയത്‌ കെ.എസ്‌.ആര്‍.ടി.സിയെ സംബന്ധിച്ച്‌ വലിയ മാറ്റംതന്നെയായിരുന്നു. മറ്റു സംസ്‌ഥാനങ്ങളില്‍ നേരത്തേതന്നെ ഈ തസ്‌തികയുണ്ട്‌. ക്ഷീണം കുറച്ച്‌ ഡ്രൈവിങ്‌ സുഗമമാക്കാനും അപകടങ്ങള്‍ കുറയ്‌ക്കാനും ഇതുപകരിക്കും. ഇപ്പോള്‍ത്തന്നെ ഒരുമാസത്തില്‍ 120 അപകടങ്ങള്‍ ഉണ്ടായിരുന്ന സ്‌ഥാനത്ത്‌ 98 ആയി കുറഞ്ഞു. ഡ്രൈവര്‍മാര്‍ക്ക്‌ കണ്ടക്‌ടര്‍മാരെ അപേക്ഷിച്ച്‌ സ്‌ഥാനക്കയറ്റം കുറവാണ്‌. ഈ പരിഷ്‌ക്കരണത്തിനുശേഷം ഇക്കാര്യത്തിലും തുല്യനീതി നടപ്പിലാക്കാനുമാകും. ഇനി നടത്തുന്ന മുഴുവന്‍ നിയമനങ്ങളും ഇത്തരത്തിലാക്കുകയും നിലവിലുള്ളവര്‍ക്ക്‌ ട്രെയിനിങ്‌ നല്‍കി എല്ലാവരേയും ഡ്രൈവര്‍ കം കണ്ടക്‌ടറാക്കിയാല്‍ കൂടുതല്‍ സര്‍വീസുകള്‍ കൃത്യമായും ലാഭകരമായും നടത്താനാകും. ഡ്രൈവറുള്ളപ്പോള്‍ കണ്ടക്‌ടറില്ല, കണ്ടക്‌ടറുള്ളപ്പോള്‍ ഡ്രൈവറില്ല എന്ന പ്രശ്‌നത്തില്‍ എത്ര സര്‍വീസുകളാണ്‌ ഓരോ ദിവസവും മുടങ്ങിപ്പോകുന്നത്‌. ഇന്ന്‌ ഓടുന്ന വണ്ടി നാളെ വരുമോ ഇല്ലയോ എന്നറിഞ്ഞുകൂടാ. സമയക്ലിപ്‌തത പാലിക്കാേന സാധിക്കുന്നില്ല. ഗ്രാമീണമേഖലയിലോടുന്ന ബസുകള്‍ പലപ്പോഴും അരമണിക്കൂര്‍ മുതല്‍ ഒരുമണിക്കൂര്‍വരെ വൈകിയോടുന്നു. ആ വണ്ടി പ്രതീക്ഷിച്ചു നില്‍ക്കുന്നത്‌ വലിയ ഭാഗ്യപരീക്ഷണമായി യാത്രക്കാര്‍ക്ക്‌ അനുഭവപ്പെടുന്ന അവസ്‌ഥ മാറിയേ തീരൂ. സമയക്ലിപ്‌തത പാലിച്ചാല്‍ത്തന്നെ യാത്രക്കാരുടെ എണ്ണം വര്‍ധിക്കും.
ബസ്‌ അപകടങ്ങളുടെ എണ്ണം വളരെയധികമാണ്‌. ഇടുക്കി ജില്ലയിലെ ചേലച്ചുവട്‌-വണ്ണപ്പുറം റൂട്ടില്‍ ഒരേ ബസ്‌ തന്നെ അടുത്തടുത്ത ആഴ്‌ചകളില്‍ ബ്രേക്ക്‌ നഷ്‌ടമായി ഇടിച്ചുനിന്നത്‌ കഴിഞ്ഞ മാസത്തിലാണ്‌. മെക്കാനിക്കല്‍ ജീവനക്കാരുടെ അശ്രദ്ധയാണോ വണ്ടിയുടെ കാലപ്പഴക്കമാണോ ഡ്രൈവിങ്ങിലെ പിശകാണോ ഇതെല്ലാംകൂടിച്ചേര്‍ന്നതാണോ അപകടകാരണം എന്നു പഠനം നടത്തേണ്ടതുതന്നെയാണ്‌. അതിനുള്ള സംവിധാനം അടിയന്തരമായി നടപ്പിലാക്കണം. കണ്ടീഷന്‍ കുറവുള്ള ബസുകള്‍ ഒരു കാരണവശാലും ദീര്‍ഘദൂര സര്‍വീസുകള്‍ക്കും കുത്തിറക്കങ്ങളും വളവുകളുമുള്ള പ്രദേശങ്ങളിലും സര്‍വീസ്‌ നടത്താന്‍ ഉപയോഗിക്കരുത്‌. ഭയംമൂലം യാത്രക്കാര്‍ ആ ബസില്‍ കയറാതാകും.
ബോഡി പൊടിപിടിച്ച്‌ സര്‍വീസ്‌ നടത്തുന്ന ബസുകളുടെ ഗ്ലാസില്‍ "ദയവായി എന്നെയൊന്നു കുളിപ്പിക്കൂ" എന്ന്‌ വിരല്‍കൊണ്ട്‌ എഴുതിവച്ചിരിക്കുന്നതു കണ്ടിട്ടുണ്ട്‌. ബസ്‌ ഓടുമ്പോള്‍ ചപ്പുചവറുകള്‍ ബസിനകത്ത്‌ മുന്നോട്ടും പിന്നോട്ടും പറന്നുകളിക്കുന്ന കാഴ്‌ചയുമുണ്ട്‌. കെ.എസ്‌.ആര്‍.ടി.സി.ക്ക്‌ വണ്ടിയുടെ കണ്ടീഷന്‍ ഉറപ്പാക്കാനും വൃത്തിയായി കൊണ്ടുനടക്കാനുമുള്ള സംവിധാനമില്ലേ? പ്രൈവറ്റ്‌ ബസുകളെ കാണുമ്പോള്‍ നാണം തോന്നുന്നില്ലേ?
സര്‍ക്കാര്‍ സഹായം ഇടയ്‌ക്കിടെ കിട്ടുന്നതിനു പുറമേ കെ.എസ്‌.ആര്‍.ടി.സിക്ക്‌ നികുതി വേണ്ട, പെര്‍മിറ്റും വേണ്ട. എന്നിട്ടും വലിയ നഷ്‌ടങ്ങളുടെ കണക്കും പറഞ്ഞ്‌ 20 ശതമാനത്തില്‍ താഴെ യാത്രക്കാരെ മാത്രമാണ്‌ ആകര്‍ഷിക്കാന്‍ കഴിയുന്നത്‌. സ്വര്‍ണ ഖനിയില്‍നിന്ന്‌ സ്വര്‍ണം വാരിയെടുക്കാന്‍ കഴവില്ലാത്തവരല്ല ജീവനക്കാരും മാനേജ്‌മെന്റും. ഒരു ബസിന്‌ 9 സ്‌റ്റാഫ്‌ എന്നത്‌ 6, 7 എന്നായി ഇപ്പോള്‍ മാറി. ഈ അനുപാതം ഇനിയും കുറയ്‌ക്കണം. ശബരിമല സീസണ്‍ മുഴുവന്‍ 57 ഇന്‍സ്‌പെക്‌ടര്‍മാര്‍ക്ക്‌ ശമ്പളത്തിനു പുറമേ വീടും മറ്റു വാഹനങ്ങളും സൗകര്യപ്പെടുത്തിക്കൊടുത്തിട്ട്‌ മൂന്നുപേരില്‍നിന്ന്‌ 1500 രൂപ മാത്രമാണ്‌ ഫൈന്‍ ആയി കിട്ടിയത്‌. ഇന്‍സ്‌പെക്‌ടര്‍മാരുടെ എണ്ണം വെട്ടിക്കുറക്കേണ്ടതാണ്‌. കൂടാതെ കണ്‍ട്രോളിങ്‌ ഇന്‍സ്‌പെക്‌ടര്‍ എന്നത്‌ അനധികൃത തസ്‌തികയാണെന്നും കണ്ടെത്തി. ഇവര്‍ക്കൊക്കെ മറ്റു ഡ്യൂട്ടികള്‍ നല്‍കി തസ്‌തികകള്‍ പുനഃസംഘടിപ്പിച്ച്‌ ചെലവു ചുരുക്കണം. മെക്കാനിക്കല്‍ ജീവനക്കാര്‍ക്കും ഡ്രൈവര്‍ക്കും പ്രമോഷന്‍ തീരെയില്ല. മെക്കാനിക്‌ കം കണ്ടക്‌ടര്‍/ഡ്രൈവര്‍ തസ്‌തികകളുമുണ്ടാക്കി പ്ര?മോഷന്‍ സാധ്യത എല്ലാവര്‍ക്കും നല്‍കണം. കൂടാതെ കളക്ഷന്‍ ബാറ്റയും നല്‍കണം.
കെ.എസ്‌.ആര്‍.ടി.സിയെ പല സോണുകളാക്കി വിഭജിക്കുന്നത്‌ കൂടുതല്‍ കാര്യക്ഷമത കൈവരിക്കുന്നതിന്‌ ഉപകാരപ്പെടും. ട്രെയിനുകളില്‍ എപ്പോഴും രണ്ടു ലോക്കോ പൈലറ്റുമാരാണുള്ളത്‌. നിശ്‌ചിതദൂരം ഓടിച്ചിട്ട്‌ മറ്റൊരു വണ്ടിയുമായി തിരികെ മാതൃസ്‌റ്റേഷനില്‍ എത്തും. ദീര്‍ഘദൂര ട്രെയിനുകളില്‍ പലപ്രാവശ്യം ഡ്യൂട്ടി ചെയ്‌തുവരുന്നു. ഇതുപോലെ ദീര്‍ഘദൂര സര്‍വീസുകള്‍ ഒന്നിലധികം ഡിപ്പോകളിലെ ജീവനക്കാരെ ഉപയോഗിച്ച്‌ സര്‍വീസ്‌ നടത്തുന്നതു കൂടാതെ കൃത്യമായ കണക്ഷന്‍ ബസുകളും അറേഞ്ച്‌ ചെയ്യണം. ജീവനക്കാര്‍ക്ക്‌ വീടിനടുത്തേക്ക്‌ ട്രാന്‍സ്‌ഫര്‍ നല്‍കണം. ജില്ലകളില്‍ 28 ഡിസ്‌ട്രിക്‌ട്‌ ട്രാന്‍സ്‌പോര്‍ട്ട്‌ ഓഫീസര്‍മാര്‍ ആവശ്യമുണ്ടോ എന്നും പരിശോധിക്കപ്പെടേണ്ടതാണ്‌.
ബസുകളിലെ പരസ്യങ്ങളില്‍നിന്നുള്ള വരുമാനം വര്‍ധിപ്പിക്കാന്‍ എളുപ്പമാണ്‌. ഇത്രയും സംവിധാനങ്ങളുമുള്ള കെ.എസ്‌.ആര്‍.ടി.സിക്ക്‌ കൊറിയര്‍ സര്‍വീസ്‌ വളരെ വിപുലമായി നടത്താനും വലിയ വരുമാനം അതില്‍നിന്നുണ്ടാക്കാനും സാധിക്കും. ബസ്‌ സ്‌റ്റേഷനുകളിലെ ഹോട്ടലുകളിലെയും ശുചിമുറികളിലേയും സ്‌ഥിതി പലയിടത്തും വളരെ ദയനീയമാണ്‌. ചാര്‍ജ്‌ കൂടുതല്‍ വാങ്ങിയാലും ഭംഗിയായും ശുചിയായും സൂക്ഷിക്കണം. ടൗണുകളിലെ ചങ്കായ സ്‌ഥലങ്ങളില്‍ സ്‌ഥലങ്ങളും കെട്ടിടങ്ങളുമുള്ള കെ.എസ്‌.ആര്‍.ടി.സി.ക്ക്‌ ബിസിനസിനായി കെട്ടിടങ്ങള്‍ വാടകയ്‌ക്കു കൊടുത്ത്‌ നല്ല വരുമാനമുണ്ടാക്കാം. കൂടുതല്‍ ഗ്രൗണ്ട്‌ ഫ്‌ളോറുകള്‍ വാടകയ്‌ക്കുകൊടുത്ത്‌ ഓഫീസ്‌ കാര്യങ്ങള്‍ മുകള്‍നിലയിലാക്കാന്‍ സാധിക്കും. ജീവനക്കാരുടെ സൊസൈറ്റികള്‍ക്കോ കുടുംബശ്രീപോലുള്ള ഏജന്‍സികള്‍ക്കോ ഹോട്ടലുകള്‍ നന്നായി നടത്താന്‍ സാധിക്കും. സൂപ്പര്‍ക്ലാസ്‌ സര്‍വീസുകള്‍ കെ.എസ്‌.ആര്‍.ടി.സിക്കുതന്നെ നടത്താമെന്ന്‌ 2003-ല്‍തന്നെ ഹൈക്കോടതി ഉത്തരവ്‌ ലഭിച്ചിട്ടുള്ളത്‌ ഉപയോഗപ്രദമാക്കിയെടുക്കണം.
യാത്രയയപ്പില്‍ ടോമിന്‍ തച്ചങ്കരി പറഞ്ഞത്‌, താന്‍ കാമിനിയെപ്പോലെ കെ.എസ്‌.ആര്‍.ടി.സിയെ സ്‌നേഹിച്ചു. ആരോടും പിണക്കമില്ല, വിരോധവുമില്ല, ആരും തെറ്റുകാരല്ല എന്നാണ്‌. ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത വ്യക്‌തമാണ്‌. ഡീസല്‍വില എണ്ണക്കമ്പനിയുമായി ചര്‍ച്ച നടത്തി 5.85 പൈസ കുറക്കാന്‍ സാധിച്ചതും 407 ഇലക്‌ട്രിക്‌ വാഹനങ്ങള്‍ക്കുള്ള പ്രപ്പോസല്‍ അംഗീകരിച്ചു പാസാക്കിയതുള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും പരിഷ്‌കാരങ്ങളും കെ.എസ്‌.ആര്‍.ടി.സിക്ക്‌ പുതുജീവന്‍ പകര്‍ന്നുനല്‍കിയെന്നതിനു സംശയമില്ല. ഭാവിയിലും എല്ലാ സഹകരണങ്ങളും അദ്ദേഹം വാഗ്‌ദാനം ചെയ്യുന്നു.
തുച്‌ഛമായ വേതനത്തില്‍ ജോലി ചെയ്‌ത എമ്പാനല്‍കാരോട്‌ നീതികാട്ടണം. ജനങ്ങളും കെ.എഎസ്‌.ആര്‍.ടി.സിയെ സ്‌നേഹിക്കുന്നു. മിടുക്കായ സി.എം.ഡിയെ നിയമിച്ച്‌ സംതൃപ്‌തരായ ജീവനക്കാരുള്ള, ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന, ജനങ്ങള്‍ക്കു മികച്ച സേവനം നല്‍കുന്ന ഒരു സ്‌ഥാപനമായി മാറി കേരളത്തിന്റെ മുഖമുദ്രയാകുവാന്‍ കെ.എസ്‌.ആര്‍.ടി.സിക്കു സാധിക്കട്ടെ.

ഡോ. ഏബ്രഹാം ജോസഫ്‌

ഫോണ്‍: 9747036236
(ഹ്യൂമന്‍ പ്ര?ട്ടക്ഷന്‍ പീസ്‌ കൗണ്‍സില്‍ അംഗമാണ്‌ ലേഖകന്‍)

Ads by Google
Monday 11 Feb 2019 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW