Friday, August 23, 2019 Last Updated 11 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.36 AM

ധോണി @ 300

uploads/news/2019/02/287123/s4.jpg

ഹാമില്‍ട്ടണ്‍: ട്വന്റി20 ക്രിക്കറ്റില്‍ 300 മത്സരങ്ങള്‍ തികയ്‌ക്കുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോഡ്‌ ഇന്ത്യന്‍ ടീം മുന്‍ നായകനും വിക്കറ്റ്‌ കീപ്പറുമായ എം.എസ്‌. ധോണി സ്വന്തമാക്കി. ന്യൂസിലന്‍ഡിനെതിരേ സെഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തോടെയാണു ധോണി റെക്കോഡ്‌ സ്വന്തമാക്കിയത്‌്. രാജ്യാന്തര താരങ്ങളുടെ പട്ടികയില്‍ ധോണിയും ഇംഗ്ലണ്ടിന്റെ ലൂക്‌ റൈറ്റും പന്ത്രണ്ടാം സ്‌ഥാനം പങ്കുവയ്‌ക്കുകയാണ്‌.
300 മത്സരങ്ങളിലായി 38.35 ശരാശരിയില്‍ 6136 റണ്ണാണു ധോണി നേടിയത്‌. 24 അര്‍ധ സെഞ്ചുറികളും ധോണിക്കു കൂട്ടായുണ്ട്‌. 298 ട്വന്റി20 കള്‍ കളിച്ച രോഹിത്‌ ശര്‍മ ധോണിക്കു പിന്നാലെയുണ്ട്‌. 446 മത്സരങ്ങള്‍ കളിച്ച വെസ്‌റ്റിന്‍ഡീസിന്റെ കെയ്‌റോണ്‍ പൊള്ളാര്‍ഡാണ്‌ ഒന്നാമന്‍. പൊള്ളാര്‍ഡ്‌ 29.97 ശരാശരിയില്‍ 8753 റണ്ണെടുത്തു. ഒരു സെഞ്ചുറിയും 43 അര്‍ധ സെഞ്ചുറികളും സ്വന്തമാണ്‌. സുരേഷ്‌ റെയ്‌ന (296), ദിനേഷ്‌ കാര്‍ത്തിക്ക്‌ (260) എന്നിവരാണ്‌ ഏറ്റവും കൂടുതല്‍ ട്വന്റി20 മത്സരങ്ങള്‍ കളിച്ച മറ്റ്‌ ഇന്ത്യക്കാര്‍. ന്യൂസിലന്‍ഡിനെതിരായ മൂന്നാം ട്വന്റി20 യിലും ധോണിയുടെ മിന്നല്‍ വേഗത്തിലുള്ള സ്‌റ്റമ്പിങ്ങുണ്ടായിരുന്നു. ഓപ്പണര്‍ ടിം സീഫര്‍ട്ടിനെയാണു ധോണി കണ്ണടച്ചു തുറക്കുന്നതിനെക്കാള്‍ വേഗത്തില്‍ പുറത്താക്കിയത്‌. കുല്‍ദീപ്‌ യാദവിന്റെ ആദ്യ ഓവറിലെ മൂന്നാം പന്തിലായിരുന്നു ഈ വിക്കറ്റ്‌. യാദവിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നതിനിടെ സീഫര്‍ട്ടിന്റെ പാദം നിമിഷാര്‍ധത്തേക്കു ക്രീസിനു മുകളിലായി. 0.099 സെക്കന്‍ഡ്‌ കൊണ്ട്‌ ധോണി
ബെയ്‌ല്‍ ഇളക്കി. തേഡ്‌ അമ്പയറാണ്‌ ഔട്ട്‌ വിധിച്ചത്‌. ന്യൂസിലന്‍ഡ്‌ വിക്കറ്റ്‌ നഷ്‌ടം കൂടാതെ 80 റണ്‍ എന്ന നിലയിലായിരുന്നു അപ്പോള്‍. സെഡന്‍ പാര്‍ക്കില്‍ നടന്ന മത്സരത്തിനിടെ നുഴഞ്ഞു കയറി ആരാധകന്റെ കൈയിലിരുന്ന ത്രിവര്‍ണ പതാക താഴെ വീഴാതെ കാത്തു ധോണി സാമൂഹിക മാധ്യമങ്ങളുടെ കൈയടി നേടി. കാല്‍തൊട്ടു വന്ദിക്കാന്‍ കുനിഞ്ഞപ്പോഴാണു പതാക കൈയില്‍നിന്നു വഴുതിയത്‌. പതാക നിലത്തു വീഴാതെ പിടിക്കാന്‍ ധോണിക്കായി. കാമറകള്‍ ഇതിന്റെ തത്സമയ ദൃശ്യം ലോകം മുഴുവന്‍ കാണിച്ചു.

Ads by Google
Monday 11 Feb 2019 01.36 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW