Wednesday, August 14, 2019 Last Updated 31 Min 56 Sec ago English Edition
Todays E paper
Ads by Google
Monday 11 Feb 2019 01.25 AM

ബി.ജെ.പി. വിരുദ്ധ വിശാലസഖ്യം : റാവുവിനും ജഗനും മൗനം; പ്രതിപക്ഷത്ത്‌ ആശങ്ക

uploads/news/2019/02/287091/d5.jpg

ന്യൂഡല്‍ഹി : പൊതുതെരഞ്ഞെടുപ്പ്‌ ആസന്നമായെങ്കിലും ദേശീയതലത്തില്‍ മോഡി വിരുദ്ധ വിശാലപ്രതിപക്ഷസഖ്യത്തിന്റെ സാധ്യത മങ്ങുന്നു. തെരഞ്ഞെടുപ്പിനു മുമ്പ്‌ ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യമുന്നണിയുടെ ഭാഗമാകില്ലെന്ന്‌ സി.പി.എമ്മും വ്യക്‌തമാക്കി. തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പി. വലിയ ഒറ്റകക്ഷിയായാല്‍ പാര്‍ട്ടികളുടെ കൂടുമാറ്റം കുടുതല്‍ പ്രകടമാകുമെന്നും പ്രതിപക്ഷ നിരയില്‍ ആശങ്ക.
കോണ്‍ഗ്രസ്‌, ബി.ജെ.പി. ഇതര ഫെഡറല്‍ മുന്നണിക്കായി സജീവമായി രംഗത്തിറങ്ങിയ തെലുങ്കാന രാഷ്‌്രട സമിതി നേതാവും തെലങ്കാന മുഖ്യമന്ത്രിയുമായ എ. ചന്ദ്രശേഖര്‍ റാവുവിന്റെ മൗനമാണ്‌ പ്രതിപക്ഷത്തിന്റെ പ്രധാന ആശങ്ക. തൃണമൂല്‍ കോണ്‍ഗ്രസ്‌ നേതാവ്‌ മമതാ ബാനര്‍ജിയെ മുന്‍നിര്‍ത്തി ഫെഡറല്‍ മുന്നണിക്കായി നീക്കം നടത്തിയ ചന്ദ്രശേഖര്‍ റാവു, കൊല്‍ക്കത്തയിലെത്തി മമതയുമായി രണ്ടു തവണ കൂടിക്കാഴ്‌ച നടത്തിയിരുന്നു. മറ്റു പ്രതിപക്ഷ നേതാക്കളുമായും ചന്ദ്രശേഖര്‍ റാവു ഇതുസംബന്ധിച്ച്‌ ചര്‍ച്ച നടത്തിയിരുന്നു.
ശാരദാ ചിട്ടിഫണ്ട്‌ കേസുമായി ബന്ധപ്പെട്ട്‌ സി.ബി.ഐയും മോഡിയുമായും കൊമ്പുകോര്‍ത്ത മമത കൊല്‍ക്കത്തയില്‍ നടത്തിയ ധര്‍ണ പ്രതിപക്ഷ ഐക്യ സമരമായി മാറിയിരുന്നു. കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്തുണ പ്രഖ്യാപിച്ചിട്ടും ചന്ദ്രശേഖര്‍ റാവു ഇതുവരെ ഇക്കാര്യത്തില്‍ മമതയ്‌ക്ക്‌ അനുകൂലമായി പ്രതികരിച്ചിട്ടില്ല. നിര്‍ണായകഘട്ടത്തില്‍ തനിക്ക്‌ അനുകൂലമായി നിലപാടെടുക്കാതിരുന്ന ചന്ദ്രശേഖര്‍ റാവുവിനെ ഇനി മമത വിശ്വസിക്കാനും സാധ്യത കുറവാണെന്നു ചൂണ്ടിക്കാട്ടപ്പെടുന്നു.
ഫെഡറല്‍ മുന്നണിക്കായി ചന്ദ്രശേഖര്‍ റാവു ചര്‍ച്ച നടത്താന്‍ ശ്രമിച്ചിരുന്നെങ്കിലും ജെ.ഡി.എസ്‌. നേതാവ്‌ ദേെവഗൗഡ അടക്കമുള്ള നേതാക്കള്‍ തുടക്കം മുതലേ അതില്‍ അവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ബി.ജെ.പിയെ സഹായിക്കാനാണ്‌ റാവുവിന്റെ നീക്കമെന്നായിരുന്നു ദേവെഗൗഡയുടെ വിലയിരുത്തല്‍. അതേസമയം, ആന്ധ്രാപ്രദേശിലെ പ്രതിപക്ഷ നേതാവും വൈ.എസ്‌.ആര്‍. കോണ്‍ഗ്രസ്‌ തലവനുമായ ജഗന്‍മോഹന്‍ റെഡ്‌ഡിയും കൊല്‍ക്കത്ത വിഷയത്തില്‍ മമതയെ കുറ്റപ്പെടുത്തിയാണു പ്രതികരിച്ചത്‌.
ചന്ദ്രബാബു നായിഡു ബന്ധം ഉപേക്ഷിച്ചതോടെ, ആന്ധ്രയില്‍ ജഗന്‍മോഹന്‍ റെഡ്‌ഡിയുമായി അടുക്കാനാണ്‌ ബി.ജെ.പി. ശ്രമിക്കുന്നത്‌. ജഗന്റെ പേരിലുള്ള സി.ബി.ഐ. കേസുകളടക്കം ഇതിനായി ഉപയോഗിക്കുന്നുമുണ്ട്‌. ഈ പശ്‌ചാത്തലത്തിലാണ്‌ ശാരദ ചിട്ടിഫണ്ട്‌ കേസില്‍ മമതയെ തള്ളി ജഗന്‍മോഹന്‍ നിലപാടെടുത്തത്‌.
ഭരണവിരുദ്ധ വികാരം അലയടിക്കുന്ന ആന്ധ്രയില്‍ നില പരുങ്ങലിലായ നായിഡു, പ്രതിപക്ഷ ഐക്യത്തിലൂടെ കരുത്ത്‌ നേടാനുള്ള ശ്രമത്തിലാണ്‌. കേന്ദ്രത്തെ സമ്മര്‍ദത്തിലാക്കാന്‍ കോടികള്‍ മുടക്കി ഡല്‍ഹിയില്‍ പ്രതിഷേധറാലിയും സംഘടിപ്പിക്കുന്നുണ്ട്‌. എന്നാല്‍ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ടി.ഡി.പിയെ ചേര്‍ത്തു നിര്‍ത്തി കൈപൊള്ളിയ കോണ്‍ഗ്രസും ഇത്തവണ മാറി ചിന്തിക്കുമെന്നാണു സൂചന.
തെരഞ്ഞെടുപ്പിനു ശേഷം ബി.ജെ.പി ഭൂരിപക്ഷം നേടുകയോ ഏറ്റവും വലിയ ഒറ്റകക്ഷിയാവുകയോ ചെയ്‌താല്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ പലതും മറുകണ്ടം ചാടാനുള്ള സാധ്യത രഹസ്യമായെങ്കിലും പ്രതിപക്ഷനേതാക്കള്‍ പലരും തള്ളിക്കളയുന്നുമില്ല. കര്‍ണാടകയില്‍ കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ അസംതൃപ്‌തി പലപ്പോഴായി പ്രകടിപ്പിച്ച മുഖ്യമന്ത്രി എച്ച്‌.ഡി. കുമാരസ്വാമിക്ക്‌ ബി.ജെ.പി. ബന്ധത്തിന്റെ ചരിത്രമുണ്ട്‌. മോഡിയ്‌ക്കെതിരേ പ്രതിപക്ഷനിരയുടെ രാഷ്‌ട്രീയമുഖമായി മാറിയ മമതാ ബാനര്‍ജി മുമ്പ്‌ വാജ്‌പേയി മന്ത്രിസഭയില്‍ അംഗമായിരുന്നു.
തമിഴ്‌നാട്ടില്‍ അണ്ണാ എ.ഡി.എം.കെയുമായി കൈകോര്‍ക്കാന്‍ ബി.ജെ.പി തീരുമാനിച്ചെങ്കിലും ഡി.എം.കെയുമായി ഭാവിയില്‍ സൗഹൃദ സാധ്യതയും ബി.ജെ.പി. മുന്നില്‍ കാണുന്നുണ്ട്‌. 2 ജി സ്‌പെക്ര്‌ടം കേസില്‍ ഇപ്പോഴും ഡി.എം.കെ നേതാക്കള്‍ ആരോപണ വിധേയരും സി.ബി.ഐയുടെ അന്വേഷണ പരിധിയിലുമാണ്‌. അതേസമയം തെരഞ്ഞെടുപ്പിന്‌ ശേഷവും ബി.ജെ.പിയുമായി ഒരു തരത്തിലുള്ള ബന്ധവും ഉണ്ടാക്കില്ലെന്ന്‌ ഡി.എം.കെ നേതാവ്‌ കനിമൊഴി വ്യക്‌തമാക്കിയിട്ടുണ്ട്‌.

ജിനേഷ്‌ പൂനത്ത്‌

Ads by Google
Monday 11 Feb 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW