Wednesday, August 21, 2019 Last Updated 53 Min 43 Sec ago English Edition
Todays E paper
Ads by Google
Sunday 10 Feb 2019 01.07 AM

തിരുനാളോ പെരുന്നാളോ?

uploads/news/2019/02/286984/3.jpg

തിരുനാള്‍ പെരുന്നാളാകാം; പക്ഷേ, പെരുന്നാള്‍ തിരുനാളാകണമെന്നില്ല. തിരുനാള്‍ എന്നു പറഞ്ഞാല്‍, പരിശുദ്ധമായ ദിവസം എന്നാണര്‍ത്ഥം. പെരുന്നാളോ? വലിയ ദിവസമെന്നേ അതിനര്‍ത്ഥമുള്ളൂ. വലിയ ദിവസമായതുകൊണ്ട്‌ അതു പരിശുദ്ധമാകണമെന്നില്ല. മനുഷ്യന്‍ ചന്ദ്രനില്‍ കാലുകുത്തിയ ദിവസം വലിയ ദിവസമായിട്ടാണു ലോകം കണക്കാക്കുന്നത്‌. എന്നാല്‍, അതു പരിശുദ്ധമെന്നാരും പറയുന്നില്ല.
ഇന്ന്‌, ക്രൈസ്‌തവസഭയിലെ തിരുനാളുകള്‍ പലപ്പോഴും പെരുന്നാളുകളായിക്കൊണ്ടിരിക്കുകയാണ്‌. ഈ പ്രവണത ഒട്ടും ആശാസ്യമല്ലെന്നു മാത്രമല്ല, ആപല്‍ക്കരവുമാണ്‌. ലക്ഷ്യം തെറ്റിയും ദിശതെറ്റിയുമുള്ള നീക്കമാണിത്‌.
തിരുനാളാഘോഷത്തില്‍ അവശ്യം ഉണ്ടായിരിക്കേണ്ട മൂന്നു ഘടകങ്ങളുണ്ട്‌. ഒന്നാമത്തേത്‌, ഒരു തിരിഞ്ഞുനോട്ടമാണ്‌. തിരിഞ്ഞുനോക്കേണ്ടതു തിരുനാളാഘോഷിക്കുന്ന വിശുദ്ധന്റെ അല്ലെങ്കില്‍ വിശുദ്ധയുടെ ജീവിതത്തിലേക്കാണ്‌. ഈ തിരിഞ്ഞുനോട്ടത്തില്‍നിന്നാണ്‌, അവര്‍ ആരായിരുന്നെന്നും എന്തിനുവേണ്ടി നിലകൊണ്ടെന്നും എങ്ങനെയാണ്‌ അവര്‍ ലക്ഷ്യം നേടിയെടുത്തതെന്നുമെക്കെയുള്ള കാര്യങ്ങള്‍ ഭക്‌തര്‍ മനസിലാക്കുന്നത്‌.
രണ്ടാമതായി വേണ്ടതു തെരഞ്ഞുനോട്ടമാണ്‌. ആ തെരച്ചിലിലാണു വിശുദ്ധര്‍ ഉയര്‍ത്തിക്കാട്ടിയ ധാര്‍മിക-ആത്മീയ മൂല്യങ്ങള്‍ ഭക്‌തര്‍ കണ്ടെത്തുന്നത്‌. ആ മൂല്യങ്ങളുടെ കാലികപ്രസക്‌തിയും ഭക്‌തരുടെ ജീവിതവുമായുള്ള ബന്ധവും വിശകലനം ചെയ്യാനും വിലയിരുത്താനുമൊക്കെയുള്ള ആഗ്രഹവും അഭിനിവേശവും ഈ തെരച്ചില്‍, ഭക്‌തരില്‍ സന്നിവേശിപ്പിക്കുന്നു. അതു മൂന്നാമത്തെ ഘടകത്തിലേക്കു നയിക്കും. അതായത്‌, തിരിഞ്ഞെടുക്കല്‍. ചുരുക്കത്തില്‍, തിരിഞ്ഞുനോക്കി, തെരഞ്ഞുനോക്കി കണ്ടെത്തുന്നവയില്‍നിന്നു സ്വജീവിതത്തിനാവശ്യമായവ തിരിഞ്ഞെടുക്കുകയും അതു സ്വജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുകയും ചെയ്യുമ്പോള്‍ തിരുനാളാഘോഷം സാര്‍ത്ഥകമാകും, ഫലദായകവുമാകും.
തിരുനാളിനെ തിരുന്നാളാക്കുന്നതു തിരുക്കര്‍മങ്ങളാണ്‌; തിരുക്കര്‍മങ്ങളില്‍ പരമപ്രധാനമായത്‌ പരിശുദ്ധ കുര്‍ബാനയും. പരിശുദ്ധ കുര്‍ബാന ബലിയും വിരുന്നുമാണ്‌. രക്ഷയുടെ മഹാരഹസ്യങ്ങളാണ്‌ ഇവിടെ പരികര്‍മം ചെയ്യപ്പെടുന്നത്‌; ദിവ്യരക്ഷകന്റെ മാംസരക്‌തങ്ങളുടെ പങ്കുവയ്‌ക്കലാണ്‌ ഇവിടെ നടക്കുന്നത്‌. ഏറ്റവും പരിശുദ്ധവും പരിപാവനവുമായ പരിശുദ്ധ കുര്‍ബാനയുടെ പരികര്‍മം ഏറ്റവും ഭക്‌തിനിര്‍ഭരവും ഭക്‌തിദ്യോതകവുമായ വിധത്തില്‍വേണം നിര്‍വഹിക്കപ്പെടാന്‍. ഒപ്പം, ആഘോഷപൂര്‍വകവുമാകണമെന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമില്ല. ആഘോഷപ്പെരുമയ്‌ക്കുള്ള ശ്രമത്തില്‍ പലപ്പോഴും പാളിച്ച സംഭവിക്കുന്നു. ഭക്‌തഗീതങ്ങള്‍ ഗാനമേളയുടെ തലത്തിലേക്കു താഴുന്നു.
അടിപൊളിപ്പാട്ടിന്റെയോ ചവിട്ടുനാടകത്തിന്റെയോ ഒക്കെ തലത്തിലേക്കു താഴുന്ന ഈ പ്രവണത തിരുക്കര്‍മങ്ങളെയാകമാനം അനാകര്‍ഷകവും അരോചകവുമാക്കുന്നു. തിരുക്കര്‍മഗീതങ്ങളിലെ ഗീതങ്ങളുടെ ഭാവം ഭക്‌തിയുടേതാണ്‌. ഗായകരുടെയും സംഗീതോപകരണങ്ങള്‍ കൈകാര്യം ചെയ്യുന്നവരുടെയും ഭാവങ്ങളും ചേഷ്‌ടകളും സിനിമാരംഗങ്ങളിലെയും പക്കമേളങ്ങളിലെയുമൊക്കെ തലത്തിലേക്കു താഴുമ്പോള്‍ ഭക്‌തിഭാവം അമ്പേ അപ്രത്യക്ഷമാകുന്നു.
ദൈവാലയത്തിനുള്ളില്‍, തിരുക്കര്‍മപരികര്‍മത്തില്‍പോലും സ്വരാതിപ്രസരം വരുന്നെങ്കില്‍ പള്ളിക്കുപുറത്തും പള്ളിപ്പരിസരത്തും സ്‌ഥിതി എന്താകുമെന്ന്‌ ഊഹിക്കാമല്ലോ. ഇനിനര്‍ത്ഥം പള്ളിപ്പരിസരത്തു ധ്യാനാന്തരീക്ഷം വേണമെന്നല്ല. ബാന്‍ഡ്‌ മേളവും ചെണ്ടമേളവുമെല്ലാം ആഘോഷങ്ങളിലെ അവശ്യഘടകങ്ങളാണ്‌. ഇവ നടക്കുന്നത്‌ പള്ളിക്കു പുറത്താണല്ലോ. മേളത്തിനൊപ്പിച്ചു മദ്യലഹരിയില്‍ തുള്ളാനിറങ്ങുന്ന സാമൂഹിക ദ്രോഹികളെ നിലയ്‌ക്കുനിറുത്താനുള്ള ക്രമീകരണം ആവശ്യമാണെന്നുമാത്രം. നിവൃത്തിയുണ്ടെങ്കില്‍ മദ്യപിക്കാത്ത വളണ്ടിയര്‍മാര്‍ തന്നെ അവരെ നിയന്ത്രിക്കുക; നിയന്ത്രണവിധേയമല്ലാതെ വന്നാല്‍ പോലീസിടപെടലിലൂടെ പ്രശ്‌നം പരിഹരിക്കാന്‍ പറ്റും.
തിരുനാള്‍ പെരുന്നാളാക്കുന്ന മറ്റൊരു ഘടകമാണു കരിമരുന്നുകലാപ്രകടനം. തത്വത്തില്‍ വെടിക്കെട്ട്‌ നിരോധിച്ചിട്ടുണ്ടെങ്കിലും പുറംവാതിലിലൂടെ നിയന്ത്രണരേഖ മറികടക്കാന്‍ പഴുതുകളിന്നുമുണ്ട്‌. ഈ പഴുതുകള്‍ കൃത്യമായി കണ്ടുപിടിച്ച്‌, ഏതു വളഞ്ഞവഴിയിലൂടെയും നിയന്ത്രണരേഖ മറികടക്കാനുള്ള ആവേശം ഇന്നും കെട്ടടങ്ങിയിട്ടില്ല. ഇതില്‍ വൈദികര്‍ക്കും നല്ല പങ്കുണ്ടെന്നു പറയാതെ വയ്യ. ഈ നിലപാടിനോടു സഹകരിക്കുന്ന പള്ളിപ്രമാണിമാരും രാഷ്‌ട്രീയ ലോബികളും ബിസിനസ്‌ ലോബികളും മദ്യലോബികളും ചേര്‍ന്നു സഹകരണാടിസ്‌ഥാനത്തില്‍ ഈ ക്രൂരകൃത്യം നിര്‍വഹിച്ചുകൊണ്ടേയിരിക്കുന്നു.
തിരുനാളിനെ പെരുന്നാളാക്കാനുപയോഗിക്കുന്ന മറ്റൊരിനമാണു കലാപരിപാടികള്‍. നല്ല കലാപരിപാടികള്‍ തിരുനാളാഘോഷങ്ങള്‍ക്കു മാറ്റുകൂട്ടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ആകര്‍ഷകമായ കലാവിഷ്‌കാരം ശക്‌തവും തീക്‌ഷണവുമായ വചനപ്രഘോഷണോപാധിയാണ്‌. ഭക്‌തഹൃദയങ്ങളെ വിശുദ്ധിയിലേക്കും വിശുദ്ധരിലേക്കും ഉയര്‍ത്താന്‍ കലാപരിപാടികള്‍ക്കു സാധിക്കും.
പക്ഷേ, ഇന്നത്‌ പലപ്പോഴും എതിര്‍സാക്ഷ്യമായി മാറുന്നു എന്നത്‌ തികച്ചും നിര്‍ഭാഗ്യകരമാണ്‌! കലാപരിപാടികളില്‍ ഒരു പ്രധാനയിനമാണു നാടകം. അതിശക്‌തമായ ഒരു കലാസങ്കേതമാണത്‌. പക്ഷേ, ഇന്നതിന്റെ ശക്‌തി വല്ലാതെ ക്ഷയിച്ചുപോയിരിക്കുന്നു; ഇന്നത്തെ നാടകങ്ങള്‍ക്കു കാമ്പില്ല, കഴമ്പില്ല, സന്ദേശവുമില്ല. ബഹുജനപ്രീതിക്കുവേണ്ടി ചിലതെല്ലാം വെട്ടിയെടുത്തുതട്ടിക്കൂട്ടിത്തട്ടേക്കേറ്റുന്നു. തരംതാണ കാണികള്‍ക്കുവേണ്ടി തറപ്രമേയവും തറസംഭാഷണവും തറസെറ്റിങ്ങുകളുമൊരുക്കുന്നു.
സ്‌ഥിരം കഥയെഴുത്തുകാരും നടന്മാരും നടിമാരുമെല്ലാം ചേര്‍ന്നു വയറ്റിപ്പിഴപ്പിനുവേണ്ടിയുള്ള കലോപാസന! തിരുനാള്‍ പെരുന്നാളാക്കാന്‍ മുറവിളികൂട്ടുന്ന പള്ളിപ്രമാണികളില്‍ ഒരുത്തനെയോ ഒരു സംഘത്തെയോ നാടകം ബുക്ക്‌ ചെയ്യാന്‍ ചുമതലപ്പെടുത്തുന്നു. ഇടിച്ചുനില്‍ക്കുന്ന ദല്ലാളന്മാരിലൊരുവന്‌, അയാള്‍ പറയുന്ന, ഏറ്റവും നല്ല നാടകം ബുക്ക്‌ ചെയ്യാന്‍ അനുവാദം കൊടുക്കുന്നു. അയാള്‍ ഏതെങ്കിലുമൊരു നാടകക്കമ്പനിയുടെ നാടകം ഏര്‍പ്പാടാക്കി പെരുന്നാള്‍ ദിവസം അവതരിപ്പിക്കുന്നു. ഭക്‌തജനങ്ങള്‍ പ്രദക്ഷിണം കഴിഞ്ഞു നേരേ വീട്ടില്‍പോകുന്നു. സ്‌ഥിരം കലാസ്വാദകര്‍ കുടിച്ചുകൂത്താടി മൈതാനിയിലെത്തുന്നു. അവര്‍ കാറിക്കൂവി ചെരുപ്പൂരിയെറിഞ്ഞോ സ്‌റ്റേജ്‌ തല്ലിത്തകര്‍ത്തോ നാടകം ആസ്വദിച്ചു സ്‌ഥലം കാലിയാക്കുന്നു..!
ഇതു പതിവായതിനാല്‍, ആലോചനായോഗത്തില്‍തന്നെ നാടകപ്പരിപാടി റദ്ദാക്കുന്നു. പിന്നെയുള്ളത്‌, മിമിക്‌സ്‌ പരേഡ്‌, കോമഡി ഷോ, സൗന്ദര്യമത്സരം, ഗാനമേള എന്നിങ്ങനെപോകുന്നു... ഇതിലേതെങ്കിലുമില്ലെങ്കില്‍ ന്യൂജെന്‍ വിട്ടുനില്‍ക്കും! അതുകൊണ്ട്‌, ഇതിലേതെങ്കിലുമൊന്നുണ്ടാകും! കുടി-പൊടി-പുക ആസ്വദിച്ച്‌ ആനന്ദലഹരിയിലാറാടുന്ന ആസ്വാദകര്‍ കലാസ്വാദനത്തിനായി മൈതാനത്തെത്തുന്നു. പിന്നെ ആടിപ്പാടിക്കാറിക്കൂവിച്ചാടിമറിഞ്ഞ്‌ അരങ്ങു തകര്‍ക്കുന്നു. അവസാനം, പോലീസ്‌ വന്ന്‌ എല്ലാത്തിനെയും അടിച്ചോടിക്കുകയോ ചിലതിനെപിടിച്ചകത്തിടുകയോ ചെയ്യുന്നതോടുകൂടി കലാപരിപാടികളുടെ തിരശീല താഴും.
പകല്‍പ്പെരുന്നാളിന്‌, കണ്ടുവരുന്ന ഒരു വെറൈറ്റിയാണ്‌ ടൂവീലര്‍ ഫാന്‍സീഡ്രസ്‌ മത്സരം! ചട്ടയും മുണ്ടുമുടുത്തു, കുണുക്കും കിണുക്കി ബൈക്കില്‍ ചീറിപ്പാഞ്ഞുപോകുന്ന നസ്രാണി സ്‌ത്രീയും ഒറ്റമുണ്ടുത്തു വെന്തിങ്ങയിട്ട്‌ അവരുടെ പിന്നില്‍ അള്ളിപ്പിടിച്ചിരിക്കുന്ന ഭര്‍ത്താവും ഒരിനം. യൗസേപ്പിതാവും മാതാവും ഉണ്ണിയും സ്‌കൂട്ടറില്‍ ഈജിപ്‌തിലേക്ക്‌ ഓടിപ്പോകുന്ന മറ്റൊരു കാഴ്‌ച. മോശയും അഹറോനുകൂടി ടൂവിലറില്‍ ഈജിപ്‌തില്‍കൂടി ചെത്തിനടക്കുന്ന മറ്റൊരുദൃശ്യം..! അവസാനം വിജയികളുടെ പട്ടിക സ്‌ഥിരം അനൗണ്‍സര്‍ പ്രഖ്യാപിക്കുന്നു, ഒന്നാം സ്‌ഥാനം പാര്‍വതീപരമശിവ ദമ്പതിമാര്‍ക്ക്‌! ഉള്ളിലെ ഊര്‍ജത്തിന്റെ തിരത്തള്ളലില്‍ അനൗണ്‍സര്‍ പെരുന്നാള്‍ പ്രോഗ്രാം ഒന്നുകൂടി ഓര്‍മ്മിപ്പിക്കുന്നു, പ്രിയപ്പെട്ടവരേ, വൈകുന്നേരം കൃത്യം അഞ്ചുമണിക്കു നയനമനോഹരമായ തിരുനാള്‍ കുര്‍ബാനയും രാത്രി എട്ടുമണിക്ക്‌ ഭക്‌തിനിര്‍ഭരമായ കരിമരുന്നുകലാപ്രകടനവുമുണ്ടാകും! കൊച്ചച്ചന്‍ കേറി മൈക്ക്‌ ഓഫാക്കുന്നതോടുകൂടി പരിപാടി അവസാനിക്കുന്നു.
അനൗണ്‍സര്‍ വിട്ടുപോയ പ്രധാനപ്പെട്ട ഒരിനമാണ്‌ പെരുന്നാള്‍ പ്രദക്ഷിണം. അതായത്‌ പെരുന്നാള്‍ ക്ലൈമാക്‌സ്‌! അഷ്‌ടപ്രദക്ഷിണസംഗമം, ഷഷ്‌ടപ്രദക്ഷിണസംഗമം, പഞ്ചപ്രദക്ഷിണസംഗമം തുടങ്ങി ഒറ്റപ്രദക്ഷിണത്തിലൊതുങ്ങുന്ന പെരുന്നാള്‍ പ്രദക്ഷിണങ്ങള്‍! നെറ്റിപ്പട്ടംകെട്ടിയ ഗജവീരന്മാര്‍! അലങ്കരിച്ച ജെ.സി.ബി. ബക്കറ്റിലെ വെട്ടിത്തിളങ്ങുന്ന സിംഹാസനത്തില്‍ ആസനസ്‌ഥനായിരിക്കുന്ന വിശുദ്ധനെ മന്ദംമന്ദം ഉയര്‍ത്തുകയും താഴ്‌ത്തുകയും ചെയ്യുന്ന അത്ഭുതക്കാഴ്‌ച! എന്തെല്ലാം പ്രകടനങ്ങള്‍...!
പന്തല്‍പ്രദക്ഷിണം, കപ്പലോട്ടം, തേരോട്ടം, മലയുന്ത്‌ മുതലായ പ്രത്യേക പരിപാടികള്‍ ചില പള്ളികളിലുള്ള പാരമ്പര്യത്തില്‍പെട്ടതാണ്‌. പന്തല്‍പ്രദക്ഷിണത്തിനന്തിക്കള്ളാകാം, മലയുന്താന്‍ മരവെള്ളമാകാം, കപ്പല്‍ വെള്ളത്തിലേ ഓടൂ എന്നിങ്ങനെയുള്ള ചൊല്ലുകളുടെ ബലത്തിലാണ്‌ ഇവര്‍ കൃത്യനിര്‍വഹണം നടത്തുന്നത്‌. നട്ടെല്ലും നെഞ്ചുറപ്പുമുള്ള ചെറുപ്പക്കാര്‍ മുന്നോട്ടുവന്നാല്‍ ഈ പഴമക്കാരെ മൊഴിചൊല്ലി പറഞ്ഞയക്കാവുന്നതാണ്‌. ചെറുപ്പക്കാരെ സുസജ്‌ജരാക്കാന്‍, സുസജ്‌ജരായ കൊച്ചന്മാര്‍ കളത്തിലിറങ്ങണം...
അരിവറുത്തത്‌, നെയ്യപ്പം, കള്ളപ്പം, പായസം മുതലായവയായിരുന്നു പഴയകാല നേര്‍ച്ചയിനങ്ങള്‍. ഇന്നത്‌ ഊട്ടുനേര്‍ച്ച, പുഴുക്കുനേര്‍ച്ച, കപ്പബിരിയാണി, ചിക്കന്‍ബിരിയാണി മുതലായവയിലെത്തിനില്‍ക്കുന്നു! ഒരു പെരുന്നാളു കഴിഞ്ഞാല്‍ അടുത്ത പെരുന്നാളിനുവേണ്ടിയുള്ള ആട്‌, പോത്ത്‌, കാള മുതലായവയെ വാങ്ങിനിറുത്തി തീറ്റിപ്പോറ്റുന്ന സമ്പ്രദായം ചിലപള്ളികളില്‍ ആരംഭിച്ചിട്ടുണ്ടെന്നും കേട്ടു.
പെരുന്നാളിന്റെ പകിട്ട്‌ ഏറ്റവും കൂടുതല്‍ ഉയര്‍ത്തുന്ന ഇനമാണു സപ്ലിമെന്റ്‌. കഴിഞ്ഞ ദിവസത്തെ ഒരു സപ്ലിമെന്റ്‌ കണ്ടു. അതില്‍, ഒരു പേജില്‍ 47 പടമുണ്ട്‌. മാര്‍പാപ്പ, കര്‍ദ്ദിനാളന്മാര്‍, മെത്രാന്മാര്‍ തുടങ്ങി മരിച്ചടക്കപ്പെട്ട നാലുപേരുള്‍പ്പെടെയുള്ളവരുടേതാണ്‌ ഈ 47 പടങ്ങള്‍. മൂലയ്‌ക്കടുപ്പിച്ചു വച്ചിരിക്കുന്ന കൊച്ചുത്രേസ്യാപുണ്യവതിയെ കണ്ടുപിടിച്ചത്‌ ഏറെപണിപ്പെട്ടിട്ടാണ്‌! മഠത്തിന്റെ നാലു ഭിത്തിക്കുള്ളില്‍ ഒതുങ്ങിക്കൂടിയിരുന്ന വിശുദ്ധയ്‌ക്ക്‌ പടം ചെറുതായതില്‍ പരിഭവമൊന്നുമില്ലെന്നു വിചാരിക്കാം. പടത്തിന്റെ വലുപ്പത്തില്‍ ഒന്നാം സ്‌ഥാനം പാപ്പായ്‌ക്കു തന്നെകൊടുത്തു. കര്‍ദ്ദിനാള്‍ മുതല്‍ കൊച്ചച്ചന്‍വരെയുള്ളവര്‍ക്കു തൊട്ടടുത്ത സ്‌ഥാനം. വികാരിയും മാര്‍പാപ്പായും കട്ടെക്കട്ടെ നില്‍ക്കുന്നു. കേരളത്തിലെ ഏതെങ്കിലും മെത്രാന്‌ തന്റെ പടം പെരുന്നാള്‍ സപ്ലിമെന്റില്‍ കാണാനുള്ള കമ്പം കാണുമോ? മെത്രാന്‍മാരുടെയെന്നല്ല, ആരുടെയാണെങ്കിലും പടം പത്രത്തില്‍ കൊടുക്കണമെങ്കില്‍ രേഖാമൂലം അവരുടെ അനുവാദം വാങ്ങണമെന്ന ഒരു സാമാന്യമര്യാദയുണ്ട്‌. അതിനും പുല്ലുവില!
സാമ്പത്തികമുള്ള പള്ളികളിലെ ഒരു പ്രത്യേക ജാതിയോ വര്‍ഗമോ ആണ്‌ വളണ്ടിയര്‍ പട! അവരെതന്നെ രണ്ടായി തിരിക്കാം, പള്ളിയെ സേവിക്കുന്നവരും പള്ളീന്നു സേവിക്കുന്നവരും. ഒന്നാമത്തെ കൂട്ടരെ നിലനിറുത്തിക്കൊണ്ടു രണ്ടാമത്തെ കൂട്ടരെ ഒഴിവാക്കാന്‍ സാധിച്ചാല്‍ പെരുന്നാള്‍ തിരുനാളായി അനായാസം മാറ്റിയെടുക്കാം. പള്ളീന്നുസേവിക്കാന്‍ വകയുള്ള പള്ളികളില്‍നിന്ന്‌ ഇക്കൂട്ടരെ ഒഴിവാക്കുക എളുപ്പമല്ല.
പള്ളിയെ സേവിക്കണ്ട സാഹചര്യമുള്ളിടത്ത്‌ ഇക്കൂട്ടരുടെ ശല്യമുണ്ടാകാറുമില്ല. വികാരിയോടു സഹകരിക്കുന്ന ഒരു ടീം കൈക്കാരന്മാരും പള്ളിയെ സേവിക്കാന്‍ സന്നദ്ധതയുള്ള ഒരു സംഘം യോഗക്കാരും ആത്മാര്‍ത്ഥതയുള്ള ഒരുസംഘം വേദപാഠാദ്ധ്യാപകരുമുണ്ടെങ്കില്‍, നൂറുകണക്കിനുവരുന്ന വോളണ്ടിയര്‍പടയെ തടയാം. പരിധിവിട്ട പോലീസ്‌ സന്നാഹവും വേണ്ടിവരില്ല. അതുപോലെ, ഇടവകയിലെ ഭക്‌തസംഘടനകളെ സജീവമാക്കാമെങ്കില്‍, അവരുടെ പ്രതിനിധികളും ചേര്‍ന്നാല്‍ അനായാസം തിരുനാളാഘോഷം മനോഹരവും മാതൃകാപരവുമാക്കാം.
ജനപ്രതിനിധികകളെ യോഗപ്രതിനിധികളായി നോമിനേറ്റു ചെയ്യാനുള്ള വകുപ്പ്‌ കാനോന്‍നിയമത്തിലുണ്ട്‌. അങ്ങനെ യോഗപ്രതിനിധികളാകുന്നവര്‍ ആ നിലയില്‍നിന്നുകൊണ്ടു സഹകരിക്കാനുള്ള സന്മനസുള്ളവരായിരിക്കണം. ജനപ്രതിനിധികള്‍ മന്ത്രിയോ എം.എല്‍.എ.യോ ആണെങ്കിലും പള്ളിയിലെ അധികാരി വികാരിയാണ്‌. മന്ത്രിയും എം.എല്‍.എ യുമൊക്കെ അജഗണത്തില്‍പ്പെട്ടവരാണ്‌. അവര്‍ ഗജഗണമായി മാറരുത്‌. ആടിനെ ആനയാക്കാന്‍ വികാരി പോയാല്‍ അതിന്റെ ഫലം പിന്നീടുവരുന്ന വികാരി അനുഭവിക്കേണ്ടിവരും. പെരുന്നാളിന്‌ കൊടിയേറ്റാന്‍ അവര്‍കേറി ചരടേല്‍ പിടിച്ചെന്നിരിക്കും.
ഇന്നത്തെ സാഹചര്യത്തില്‍ നേര്‍ച്ചവിതരണത്തിനു നേതൃത്വം നല്‍കി സഹകരിച്ചു പിരിയാനുള്ള സന്മനസ്സ്‌ അവര്‍ കാണിക്കുന്നുണ്ട്‌; അള്‍ത്താരയില്‍ കയറി പ്രസംഗം പറയാന്‍ ധൈര്യപ്പെടുന്നില്ല. ഭാവിയില്‍ എന്താകുമെന്നറിയില്ല..!

റവ. ഡോ.തോമസ്‌ മൂലയില്‍

ലേഖകന്റെ ഫോണ്‍ നമ്പര്‍: 9048117875

Ads by Google
Sunday 10 Feb 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW