Tuesday, August 20, 2019 Last Updated 12 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 10 Feb 2019 12.38 AM

ജീവിതത്തിന്റെ അടിത്തട്ടിലുള്ള അസ്‌തിത്വമാണ്‌ സാഹിത്യം

uploads/news/2019/02/286920/3.jpg

വളരെ നിശിതമായ വിമര്‍ശനങ്ങളിലൂടെ എം.കെ. ഹരികുമാര്‍ സാഹിത്യരംഗത്ത്‌ സ്വതന്ത്രചിന്തയുടെയും സൈദ്ധാന്തിക നിലപാടുകളുടെയും നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്‌. ആത്മായനങ്ങളുടെ ഖസാക്ക്‌ എന്ന കൃതിയിലൂടെ 1984-ല്‍ തന്നെ അദ്ദേഹം തന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കം കുറിച്ചതാണ്‌. ദാര്‍ശനികവും സൗന്ദര്യാത്മകവുമായ സമീപനങ്ങളുടെ വിശുദ്ധി പൂര്‍ണതയിലെത്തിക്കാന്‍ ഹരികുമാര്‍ നവാദൈ്വതം, തനിമനസ്‌ തുടങ്ങിയ സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചതിനു പുറമേ ജലഛായ, ശ്രീനാരായണായ, വാന്‍ഗോഗിന്‌ എന്നീ നോവല്‍ത്രയത്തിലൂടെ സ്യൂഡോ റിയലിസം എന്ന ആഖ്യാനഗണത്തിനും ജന്മം നല്‍കി. ഇതെല്ലാം സ്വന്തമായ താത്ത്വിക അടിത്തറയിലാണ്‌ അദ്ദേഹം നിര്‍മ്മിച്ചത്‌.
ഹരികുമാര്‍ ആഗോളതലത്തിലുള്ള സാഹിത്യാവബോധം നേടുകയും പ്രസിദ്ധ പാശ്‌ചാത്യ എഴുത്തുകാരായ അലന്‍ കിര്‍ബി, നിക്കോളാ ബോറിയ, റയോള്‍ ഇഷെന്‍മെന്‍ തുടങ്ങിയവരുമായി ആശയവിനിമയം നടത്തി ഉത്തര-ഉത്തരാധുനികത എന്ന പുസ്‌തകമെഴുതി നവ ആശയങ്ങള്‍ മലയാളിക്ക്‌ പരിചയപ്പെടുത്തുകയും ചെയ്‌തു. ഇരുപത്തഞ്ച്‌ പുസ്‌തകങ്ങള്‍ ഹരികുമാറിന്റേതായി പുറത്തുവന്നു. ഇരുപത്തിയൊന്ന്‌ വര്‍ഷമായി അക്ഷരജാലകം എന്ന പംക്‌തി സൂപ്പര്‍ഹിറ്റായി നിലനിര്‍ത്തുന്ന ഹരികുമാറിന്റെ സാഹിത്യ സമീപനങ്ങളെ അടുത്തറിയുന്ന ഒരു സംഭാഷണമാണ്‌ ചുവടെ:

താങ്കളുടെ ശ്രീനാരായണായ നൂറ്‌ വര്‍ഷങ്ങള്‍ക്കുളളില്‍ സംഭവിച്ച ഏറ്റവും വലിയ നോവലാണെന്ന്‌ പരസ്യത്തില്‍ വായിച്ചു. ഇത്‌ എത്രമാത്രം ശരിയാണ്‌?
ഞാന്‍ സമകാലീനമായ സാഹിത്യത്തില്‍ നേടിയ അറിവുകൊണ്ടാണ്‌ ഇതൊക്കെ എഴുതുന്നത്‌. നമ്മള്‍ നിരന്തരം സ്വയം പുതുക്കണം. ഞാന്‍ ദിവസവും യു.എസ്‌.എ. ടുഡെയും ഗാര്‍ഡിയനും ഇന്‍ഡിപെന്റന്റും വായിക്കുന്നയാളാണ്‌. സമയം കിട്ടിയാല്‍ റഷ്യ ടുഡെ കാണും. പ്രമുഖ നരവംശശാസ്‌ത്രജ്‌ഞനായ നോവാ ഹരാരിയുടെ ഇ-മെയില്‍ ബുള്ളറ്റിന്‍ എനിക്ക്‌ വരുന്നുണ്ട്‌. ഇതൊക്കെ എന്നെ അപ്‌ഡേറ്റാക്കുന്നു. ഇതാണ്‌ എന്നെ പുതിയ നോവല്‍ എങ്ങനെ വേണമെന്ന്‌ ചിന്തിപ്പിക്കുന്നത്‌. എന്റെ നോവലുകള്‍ സാഹിത്യവിപ്ലവങ്ങളാണെന്ന്‌ ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. അറിവില്ലാത്തതിന്റെ ബലത്തില്‍ തെറിപറയരുതെന്നും അഭ്യര്‍ത്ഥിക്കുന്നു.

ശ്രീനാരായണായയെ ശിവഗിരിയും മറ്റും ഏറ്റെടുത്തില്ലേ?
അത്‌ രണ്ടിടത്ത്‌ പ്രകാശനം ചെയ്‌തു. തിരുവനന്തപുരത്ത്‌ യൂഹാനോന്‍ മാര്‍ ക്രിസോസ്‌റ്റമോസ്‌ മെത്രാപ്പോലീത്തയും മരുത്വാമലയില്‍ വിശുദ്ധാനന്ദ സ്വാമിയുമാണ്‌ പ്രകാശനം നിര്‍വഹിച്ചത്‌. എന്നാല്‍ എന്റെ നോവല്‍ ഉയര്‍ത്തുന്ന സൗന്ദര്യാത്മക നവഅനുഭവങ്ങളെയും തത്ത്വചിന്താപരമായ സമസ്യകളെയും അഭിസംബോധന ചെയ്യാന്‍ കഴിവുള്ളവര്‍ ശിവഗിരിയില്‍ ഇല്ല എന്നതാണ്‌ യാഥാര്‍ത്ഥ്യം.

സാഹിത്യത്തില്‍ ശ്രദ്ധ നേടുന്നതെങ്ങനെയാണ്‌?
നന്നായി എഴുതിയാല്‍, അത്‌ ആസ്വദിക്കാനോ, ഉള്‍ക്കൊള്ളാനോ പറ്റുന്ന തരത്തിലുള്ള ആളുകള്‍ വളരെ കുറവാണ്‌. ഉന്നതമായ സൗന്ദര്യബോധമുള്ളവര്‍ കുറവാണ്‌. പ്രശസ്‌തരെന്ന്‌ പറഞ്ഞ്‌ നടക്കുന്ന പലര്‍ക്കും ആസ്വാദനശേഷിയില്ല. അവര്‍ വളരെ പഴകിയ ഉപമകളും ജീര്‍ണിച്ച ഭാഷയും മനസ്സില്‍ പേറുന്നവരാണ്‌. എന്നാല്‍ അവരെ എല്ലാവരും അറിയും. കാരണം അവര്‍ പാര്‍ട്ടികളുടെയും വലിയ സ്‌ഥാപനങ്ങളുടെയും പൊന്നോമനകളാണ്‌.

താങ്കള്‍ക്ക്‌ സ്വന്തം ജീവിതത്തെയും സാഹിത്യത്തെയും സമന്വയിപ്പിച്ചുകൊണ്ട്‌ എന്തെങ്കിലും പറയാനൊക്കുമോ?
ജീവിതത്തിലെ വെറും അനുഭവങ്ങളല്ല സാഹിത്യം. അതിന്റെ അടിത്തട്ടിലുള്ള അസ്‌തിത്വത്തെ അല്‍പമെങ്കിലും അറിയാനുള്ള ശ്രമമാണ്‌. പുറമേ നാം കാണുന്നത്‌, യുക്‌തിയുടെ ഒരു ഘടനയാണ്‌. അത്‌ നമ്മുടെ ആവശ്യത്തിനായി സൃഷ്‌ടിക്കുന്നതാണ്‌. സാമൂഹ്യനിര്‍മ്മിതി എന്ന്‌ പറയാം. ഇതിനടിയില്‍ വ്യക്‌തിയെ ചൂഴുന്ന അനേകം സമസ്യകളുണ്ട്‌. പ്രകൃതിയിലും അചേതനവസ്‌തുക്കളിലും നമ്മെ കാത്തിരിക്കുന്ന ഒരു മനസുണ്ടെന്ന അറിവ്‌ തന്നെ ഭ്രമിപ്പിക്കുന്നതാണ്‌. അതില്‍ സൗന്ദര്യത്തെ തേടാന്‍ പ്രേരിപ്പിക്കുന്ന എന്തോ ഉണ്ട്‌. അതിലേക്ക്‌ അടുക്കുമ്പോഴാണ്‌ സാഹിത്യമുണ്ടാകുന്നത്‌.

അക്കാദമിക്‌ പശ്‌ചാത്തലമുള്ള വിമര്‍ശകരെ എങ്ങനെ കാണുന്നു?
അവര്‍ എന്നെ എപ്പോഴും നിരാശപ്പെടുത്തുകയാണ്‌. അവര്‍ക്ക്‌ വികാരവതിയായ ഒരു ഭാഷയില്ല. അവരുടെ ഭാഷ ഒരു പ്രാചീന ലോഹക്കുഴലാണ്‌. ലോഹക്കുഴലില്‍ കൂടി എന്ത്‌ കടന്നുപോയാലും ലോഹം അതറിയില്ലല്ലോ. എന്റെ ഭാഷാസങ്കല്‍പത്തെ സര്‍പ്പത്തിനോട്‌ ഉപമിക്കാവുന്നതാണ്‌. സര്‍പ്പം ഇര വിഴുങ്ങുമ്പോള്‍, ഇര ഉള്ളിലൂടെ കടന്നുപോകുന്ന ഭാഗത്ത്‌ ചെറുതായി മുഴച്ചുവരും. ഇരയെ ഉള്‍ക്കൊള്ളാനായി സര്‍പ്പം ഉടലിനെ വികസിപ്പിക്കുകയാണ്‌; ഇലാസ്‌തികമായ ശരീരസ്വഭാവം. ഇതുപോലെയാകണം ഗദ്യവും. അതിനു ജീവനുള്ളതുപോലെ തോന്നണം. അത്‌ എടുക്കുന്ന ഇരയ്‌ക്കനുസരിച്ച്‌ ഇലാസ്‌തികമാവണം.

മുപ്പത്തഞ്ച്‌ വര്‍ഷമായി എഴുതുന്ന താങ്കള്‍ക്ക്‌ അര്‍ഹിക്കുന്ന ആദരവ്‌ ലഭിച്ചില്ല എന്നു കരുതുന്നുണ്ടോ?
ആദരവൊക്കെ കിട്ടുന്നുണ്ട്‌. എന്നെ സ്‌നേഹിച്ചവരുണ്ട്‌. ഞാനെന്ത്‌ എഴുതുന്നു എന്ന്‌ സശ്രദ്ധം നോക്കിയിരിക്കുന്നവരുണ്ട്‌. ഞാന്‍ സാഹസികമായി എഴുതുകയാണ്‌ ചെയ്‌തത്‌. സര്‍വ്വസ്വാതന്ത്ര്യവും എടുത്തു. എനിക്ക്‌ അനുഭവപ്പെട്ട സൗന്ദര്യാവസ്‌ഥയെ എനിക്ക്‌ ആവുന്നതുപോലെ തീവ്രമായി അവതരിപ്പിച്ചു. സൂര്യജ്വാലയോടെ ഒരു ഭാഷയെ ഉള്‍ക്കൊണ്ടു. പക്ഷേ, പലരും അത്‌ വേണ്ടപോലെ മനസിലാക്കിയോ എന്ന്‌ സംശയമാണ്‌. ചിലര്‍ പരിചയപ്പെടുത്തിയാലേ ചിലര്‍ക്ക്‌ സ്വീകാര്യമാവൂ. വസ്‌തുനിഷ്‌ഠമായ അപഗ്രഥനം ഉണ്ടാകണമെന്നില്ല. എന്റെ വളരെ വ്യത്യസ്‌തമായ ലേഖനങ്ങള്‍ ആസ്വദിക്കാന്‍ കഴിവില്ലാത്തവരും കണ്ടേക്കാം. പലതും ഞാന്‍ പുതുതായി സൃഷ്‌ടിച്ചതാണ്‌. ഒരു വാചകമെങ്കിലും എന്റേതായി സൃഷ്‌ടിക്കാതിരിക്കില്ല. ഇതുവരെയുണ്ടായിട്ടില്ലാത്ത മട്ടില്‍ പലതും ചിന്തിക്കുകയും എഴുതുകയും ചെയ്‌തു. പാരമ്പര്യത്തെ അതേപടി പാടിപ്പുകഴ്‌ത്തുന്നതിനു പകരം, എന്റെ സ്വന്തം രചനയിലേക്കാണ്‌ എത്തിയിട്ടുള്ളത്‌. ഒരു പുതിയ താത്ത്വികസമീപനം വാശിയോടെ പാലിച്ചിട്ടുണ്ട്‌. എന്റെ സ്വന്തം ദര്‍ശനങ്ങളുണ്ടല്ലോ. നവാദൈ്വതം, തനിമനസ്‌, വിനിയോഗ സൗന്ദര്യശാസ്‌ത്രം തുടങ്ങിയവ. എത്രപേര്‍ അത്‌ അറിയാന്‍ ശ്രമിച്ചു? ചിലര്‍ മുന്‍വിധിയോടെയാണ്‌ എല്ലാം കാണുന്നത്‌. മനപ്പൂര്‍വ്വം തഴയാന്‍ ശ്രമിച്ചവരുണ്ട്‌. എത്ര പുതുമകൊണ്ടുവന്നാലും, അഗാധമായ ആശയങ്ങള്‍ അവതരിപ്പിച്ചാലും ചിലര്‍ അവഗണിക്കാന്‍ നോക്കും. ഇന്ത്യയുടെ ചരിത്രത്തില്‍ താമരപ്പൂവിനെക്കുറിച്ച്‌ ഒരു ദാര്‍ശനിക ആഖ്യാനം ഉണ്ടായിട്ടില്ല. എന്തുകൊണ്ടാണ്‌ ഈ പൂവ്‌ ഇത്ര പ്രാധാന്യം നേടിയത്‌? ഞാന്‍ അത്‌ എഴുതിയിട്ടുണ്ട്‌. പുതിയ ടെക്‌സ്റ്റ്‌ ഉണ്ടാകുന്നത്‌ ഇങ്ങനെയാണ്‌. ദാര്‍ശനികവും വ്യാഖ്യാനപ്രധാനവുമായ ഒരു മേഖല കണ്ടുപിടിച്ച്‌ അതിന്റെ സൗന്ദര്യശാസ്‌ത്രം മൗലികമായി അവതരിപ്പിക്കുകയെന്ന വളരെ സൃഷ്‌ടിപരമായ ഒരു മാര്‍ഗമാണ്‌ ഞാന്‍ അവലംബിച്ചത്‌. നമ്മുടെ കലാശാലകളൊക്കെ ഇത്‌ കാണുന്നുണ്ടോ? ഒരാള്‍ വര്‍ഷങ്ങളായി അധ്വാനിച്ച്‌ സകല ക്ലേശങ്ങളും സഹിച്ച്‌ ഒരു ആശയം സ്വന്തമായി നിര്‍മ്മിക്കുമ്പോള്‍ അതുപോലും ചര്‍ച്ച ചെയ്യാന്‍ തയ്യാറാകുന്നില്ല.

എഴുത്തുകാരന്‌ തിരിച്ചടികള്‍ നേരിടേണ്ടിവരുന്നു. അല്ലേ?
തിരിച്ചടികളൊന്നുമില്ല. സംവേദനത്തിന്റെ പ്രശ്‌നമുണ്ടാകാം. നമ്മള്‍ ബുദ്ധിപരമായി, സര്‍ഗാത്മകമായി പരീക്ഷണങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ഉടനെ ആളുകള്‍ക്ക്‌ മനസിലാകണമെന്നില്ല. അതിനു പറ്റിയ വായനക്കാരുടെ ഒരു സമൂഹം ഉണ്ടാകണം. ജലഛായ, ശ്രീനാരായണായ, വാന്‍ഗോഗിന്‌ എന്നീ നോവലുകളുടെ കാര്യത്തില്‍ ആ പ്രത്യേക അഭിരുചിയുടെ നിര്‍മ്മാണമാണ്‌ നടക്കേണ്ടത്‌.

എന്താണ്‌ ആ പ്രത്യേക അഭിരുചി?
അത്‌ പുതിയൊരു സൗന്ദര്യത്തിന്റെ കണ്ടെത്തലാണ്‌. ഞാന്‍ പരമ്പരാഗതമായ രീതികളോട്‌ കലഹിച്ച്‌ നേടിയതാണിത്‌. എന്റെ ആഖ്യാനത്തില്‍ ഒരു വ്യാജയാഥാര്‍ത്ഥ്യമുണ്ട്‌. കഥപറയുന്നതിനിടയില്‍ ഒരിക്കലുമുണ്ടായിട്ടില്ലാത്ത പാഠങ്ങളും പുസ്‌തകങ്ങളും ചരിത്രവും ചരിത്ര വ്യക്‌തികളും കടന്നുവരുന്നു. അത്‌ ഒരു മിഥ്യയായിട്ടല്ല നില്‍ക്കുന്നത്‌. യാഥാര്‍ത്ഥ്യം തന്നെയായി പരിണമിക്കുന്നു. വ്യാജവസ്‌തുതകളാണ്‌ യഥാര്‍ത്ഥ വസ്‌തുതകളായി പുറത്തു വരുന്നത്‌. യഥാര്‍ത്ഥ വസ്‌തുത തന്നെ ഇല്ലാതാവുകയാണ്‌. എന്നാല്‍ അതിനു ബദലായി അതിനേക്കാള്‍ വാസ്‌തവമായി, സകല വിശദാംശങ്ങളോടെ മറ്റൊരു വ്യാജയാഥാര്‍ത്ഥ്യം ഉണ്ടാവുന്നു. ജലഛായയിലും ശ്രീനാരായണായയിലും അതാണുള്ളത്‌. ശ്രീനാരായണായ എന്ന നോവല്‍ ഗുരുവിനെക്കുറിച്ചല്ല പ്രതിപാദിക്കുന്നതെന്ന്‌ പോലും ഞാന്‍ പറയും. അത്‌ വളരെ സ്വതന്ത്രമായ ഒരാത്മീയ സര്‍ഗധാരയാണ്‌. ചരിത്രത്തിലേക്കും പ്രകൃതിയിലേക്കും നിര്‍ബാധം സഞ്ചരിക്കുകയാണ്‌. സൂക്ഷ്‌മമായ അറിവുകള്‍ വന്ന്‌ സൗന്ദര്യം പ്രസരിപ്പിക്കുകയാണ്‌. ഇത്‌ ഋജുരേഖയില്‍ മാത്രം എഴുതി, ദേശത്തിന്റെയോ വ്യക്‌തികളുടെയോ ഭൗതികമായ ജീവിതകഥ പറയുന്ന ശരാശരി നോവലുകളില്‍നിന്ന്‌ എത്രയോ വ്യത്യസ്‌തമാണ്‌. സാഹിത്യകലയില്‍ പുതിയ രൂപവും ഉള്ളടക്കവും പരീക്ഷിക്കുകയും മനുഷ്യാവസ്‌ഥയുടെ ഒരു കണമെങ്കിലും അനാവരണം ചെയ്യുകയും വേണം. അതിലുപരി, സമകാലിക ലോകസാഹിത്യാവബോധത്തിന്റെയും സമീപനത്തിന്റെയും ഒപ്പം നില്‍ക്കുകയും വേണം.

താങ്കള്‍ ഒരു വായനക്കാരനാവുന്നത്‌ എങ്ങനെയാണ്‌?
എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ എന്റെ പിതാവ്‌ എം.കെ. കൃഷ്‌ണന്‍ എനിക്ക്‌ കൂത്താട്ടുകുളം സി.ജെ. മെമ്മോറിയല്‍ ലൈബ്രറിയില്‍ ഒരു മെമ്പര്‍ഷിപ്പ്‌ വാങ്ങിത്തന്നു. അത്‌ വായനയില്‍ വിശാലത ഉണ്ടാക്കി.
ഞാന്‍ മലയാളം എം.എ. പഠിക്കാത്തതുകൊണ്ടാണ്‌ എന്റെ സാഹിത്യചിന്ത സര്‍വതന്ത്ര സ്വതന്ത്രമായത്‌. എനിക്ക്‌ സ്വന്തമായി സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞു. മലയാളം എം.എ. പഠിച്ച ഒരാളും അങ്ങനെ ചിന്തിക്കുകയില്ല. കാരണം ആ മലയാളപഠനം നമ്മെ കണ്ടിഷന്‍ ചെയ്യുന്നുണ്ട്‌, ചിന്താരീതിയിലും ഭാഷയിലും. അത്‌ ആനയുടെ കാലിലെ ചങ്ങലപോലെയാണ്‌. കുട്ടിക്കാലത്ത്‌ പാപ്പാന്‍ പരിശീലിപ്പിക്കുന്നതിന്റെ ഭാഗമായി കാലില്‍ വീഴുന്ന ചങ്ങല വര്‍ഷങ്ങള്‍ കഴിഞ്ഞാലും ആനയ്‌ക്ക് ഉപേക്ഷിക്കാനാവില്ല. കുട്ടിയായിരിക്കുമ്പോള്‍ ആനയ്‌ക്ക് അത്‌ ഒരു നിയന്ത്രണമാണ്‌. ചങ്ങല പൊട്ടിക്കാന്‍ കെല്‌പുമില്ല. എന്നാല്‍ ആ ചങ്ങല മനസിനെ ബാധിക്കുന്നു. അത്‌ ഒരിക്കലും പൊട്ടിക്കാന്‍ തനിക്കാവില്ല എന്ന ചിന്തയുടെ അടിമയായി ആന മാറുന്നു. ഇത്‌ ജീവിതത്തില്‍ എപ്പോഴുമുണ്ടാവും. മലയാളം എം.എ. പഠനം നടത്തിയവരെ ചങ്ങല സിന്‍ഡ്രം ബാധിച്ചിട്ടുണ്ട്‌. അവര്‍ ഒരിക്കലും ആ ചങ്ങല പൊട്ടിക്കുകയില്ല. മാത്രമല്ല, ആരെങ്കിലും പൊട്ടിക്കാന്‍ ശ്രമിച്ചാല്‍ അവരെ വെറുക്കുകയും ചെയ്യും.
ഒരു ജോലിയിലും പ്രവേശിക്കാനാവാതെ ആറുകൊല്ലം ഞാന്‍ അലഞ്ഞു. വളരെ വൈകിയാണ്‌ പത്രപ്രവര്‍ത്തനത്തിലെത്തിയത്‌. അത്‌ എനിക്ക്‌ ഒരുപാട്‌ അനുഭവങ്ങള്‍ തന്നു. മനുഷ്യസ്വഭാവത്തെക്കുറിച്ച്‌ ഉള്‍ക്കാഴ്‌ച നല്‍കി. പത്രപ്രവര്‍ത്തനം സ്വമേധയാ ഉപേക്ഷിക്കുകയായിരുന്നു. പിന്നെ പ്രത്യേകിച്ചൊരു ജോലിയുമില്ലാതെ പത്തുവര്‍ഷം.

എഴുത്തുകാരനായിരിക്കുന്നത്‌ ഒരു പീഡനമാണോ?
എഴുതാതെ ജീവിക്കാനാവില്ല. എഴുത്ത്‌ എന്ന വിചാരം എന്നെ എങ്ങനെയോ കീഴടക്കുന്നുണ്ട്‌. രണ്ടുതരം എഴുത്തുകാരുണ്ട്‌ - ഒരു ഹോബിയായി എഴുതുന്നവരും എഴുതിയില്ലെങ്കില്‍ ജീവിച്ചിട്ട്‌ കാര്യമില്ലെന്ന്‌ കരുതുന്നവരും. ഞാന്‍ രണ്ടാമത്തെ വിഭാഗത്തിലാണ്‌. എനിക്ക്‌ എഴുതുമ്പോള്‍ ഒരു വിശുദ്ധി ലഭിക്കുന്നു. ഞാന്‍ മനുഷ്യജീവിതത്തിന്റെ വളരെ ദുരൂഹമായ ചില പന്ഥാവുകളിലൂടെ കടന്നുപോയി. നമ്മുടെ സ്‌നേഹത്തിന്റെയും പ്രണയത്തിന്റെയും ബന്ധത്തിന്റെയും ഇടുങ്ങിയ വഴികള്‍ക്ക്‌ പുറത്ത്‌, നമ്മെ കാത്തിരിക്കുന്നത്‌ അനാഥത്വമാണ്‌. നാം ആരുടേതുമല്ല. ഒരു സംഘടിതശക്‌തിയും നമ്മോടൊപ്പമില്ല. നിസ്വമായിതീര്‍ന്ന മനുഷ്യാവസ്‌ഥയുടെ ലോകത്ത്‌ എത്തിച്ചേരുന്നതിന്റെ വ്യഥയാണിത്‌.
ഒരു ഉറുമ്പിന്‍ കൂട്ടിനകത്തേക്ക്‌ നോക്കൂ. എത്രയോ ഉറുമ്പുകള്‍. ആരുടെയും പേര്‌ നമുക്കറിയില്ല. ഒരു ഉറുമ്പിന്‌ മറ്റൊന്നിനെ പകരം വയ്‌ക്കാനാവില്ല. ഓരോ ഉറുമ്പും അതാതിന്റെ ജീവിതമാണ്‌ സഹിക്കുന്നത്‌. മറ്റൊന്നിന്റേത്‌ അത്‌ എങ്ങനെ ഉള്‍ക്കൊള്ളും? ഓരോ ജീവിതവും അതാതിന്റെ മാത്രം അവബോധമാണ്‌. അത്‌ അനന്യമായിരിക്കാം. അതിനു വളരെ രഹസ്യാത്മകമായ ഒരു തലമാണുള്ളത്‌. അതുല്യമായ പ്രതിഭാസം എന്ന്‌ ജീവിതത്തെ വിളിക്കുമ്പോഴും അത്‌ ഒരു ഉത്തരവും തരാതെ നിഷ്‌കാസിതമാവുകയാണ്‌. എങ്ങോട്ട്‌? ഒരിക്കലും തിരിച്ചുവരാത്തവിധം അനന്തമായ വിസ്‌മൃതിയിലേക്ക്‌.

താങ്കള്‍ വിമര്‍ശകന്‍ എന്ന നിലയില്‍ ദീര്‍ഘകാലം പ്രവര്‍ത്തിച്ചശേഷമാണ്‌ ഒരു സര്‍ഗാത്മക സാഹിത്യകാരനാവുന്നത്‌? നേരെ തിരിച്ചല്ലേ സംഭവിക്കാറുള്ളത്‌?
വിമര്‍ശകനില്‍ സര്‍ഗാത്മകതയില്ലെന്ന ധാരണ ചിലര്‍ക്കുണ്ട്‌. അവരാണ്‌ വിമര്‍ശകനില്‍ നിന്ന്‌ മറ്റൊന്നും പ്രതീക്ഷിക്കാത്തത്‌. വിമര്‍ശനം അവസാനത്തെ താവളമല്ല; അത്‌ ഒരാളുടെ ബുദ്ധിപരമായ തിരഞ്ഞെടുപ്പാണ്‌. മറ്റൊന്നും എഴുതാന്‍ കഴിവില്ലാത്തതുകൊണ്ടല്ല. പലതും എഴുതാതെ വിടുകയാണ്‌. മുപ്പതുവര്‍ഷം വിമര്‍ശനമെഴുതിയശേഷം ഞാന്‍ മറ്റൊരു വന്‍കര കണ്ടെത്തുകയാണ്‌. സര്‍ഗാത്മകതയുടെ ഒരു പുതിയ മേഖലയാണത്‌. നോവലില്‍ പുതിയൊരു ഗണം - വ്യാജയാഥാര്‍ത്ഥ്യം അഥവാ സ്യൂഡോ റിയലിസം - ഞാന്‍ സൃഷ്‌ടിച്ചു. സാമ്പ്രദായിക നോവല്‍ എഴുതി തൃപ്‌തിപ്പെടുന്നതിനു പകരം പൂര്‍ണമായും നോവലിനെ കലയിലേക്ക്‌ കൊണ്ടുപോയി. കലാപരമായ തൃഷ്‌ണ ശമിപ്പിക്കുന്നതിനാണ്‌ ഞാന്‍ നോവലെഴുതുന്നത്‌. മറ്റെല്ലാം എനിക്കു രണ്ടാമതാണ്‌. ശ്രീനാരായണായ വായിച്ചിട്ട്‌ ഒരു വായനക്കാരന്‍ പറഞ്ഞു, നിങ്ങള്‍ ഇനി ഒന്നും എഴുതണ്ട; ഇത്‌ വായിപ്പിച്ചാല്‍ മതിയെന്ന്‌. ഇതില്‍ എല്ലാമുണ്ട്‌ എന്ന്‌ എനിക്കു തോന്നുന്നു.

താങ്കള്‍ എപ്പോഴും എഴുതുന്നു. കോളങ്ങള്‍, ലേഖനങ്ങള്‍, ചെറുകഥകള്‍, നോവല്‍ എന്നിങ്ങനെ താങ്കള്‍ എഴുതിക്കൊണ്ടേയിരിക്കുന്നു?
ഞാന്‍ എഴുത്തില്‍ നിന്ന്‌ ജീവിതം തേടുന്നവനാണ്‌. എനിക്ക്‌ എഴുതുമ്പോഴാണ്‌ വ്യക്‌തത ലഭിക്കുന്നത്‌. ഹോബിയല്ല, പ്രാണനാണ്‌ എഴുത്ത്‌. ഇപ്പോള്‍ ഇരുപത്തിരണ്ട്‌ പുസ്‌തകങ്ങള്‍ എഴുതി. അക്ഷരജാലകം പുസ്‌തകമായിട്ടില്ല. അത്‌ രണ്ടായിരം പേജെങ്കിലും വരും. മാസികകളില്‍ വന്ന ലേഖനങ്ങള്‍ വേറെയുമുണ്ട്‌. പത്തു പുസ്‌തകത്തിനുള്ള വിഭവം പ്രസിദ്ധീകരണം കഴിഞ്ഞ്‌ ശേഷിക്കുന്നുണ്ട്‌. ആശയജീവിയാകുകയാണ്‌ പ്രധാനം. എനിക്ക്‌ സംഘടനാപ്രവര്‍ത്തനമില്ല. അതുകൊണ്ട്‌ ഏകാന്തതയും ഏകാഗ്രതയുമുണ്ട്‌. പുതിയത്‌ എന്തെങ്കിലും ഉണ്ടോ എന്നാണ്‌ ഞാന്‍ ആലോചിക്കുന്നത്‌. എഴുതാന്‍ ഈ വീര്യം മതി.

താങ്കള്‍ ഉത്തര-ഉത്തരാധുനികത എന്നൊരു പുസ്‌തകം തന്നെയെഴുതി. ഒരു പുതിയ ചിന്തയായിരുന്നു അത്‌. മലയാളസാഹിത്യത്തില്‍ ഇതിന്റെ പ്രസക്‌തി എന്താണ്‌?
ഉത്തരാധുനികത മരിച്ചു എന്ന്‌ ഇവിടെ ഞാനാണ്‌ ആദ്യം പറഞ്ഞത്‌. മാത്രമല്ല ഉത്തര-ഉത്തരാധുനികതയെക്കുറിച്ച്‌ ഒരു പുസ്‌തകവുമെഴുതി. സമകാലചിന്ത എങ്ങനെ ജീര്‍ണിക്കുന്നു എന്ന്‌ മനസിലാക്കിയാലേ അതിന്റെ തത്ത്വചിന്തയിലൊക്കെ പ്രവേശിക്കാന്‍ കഴിയൂ. ഞാന്‍ റിയോള്‍ ഇഷെല്‍മാന്‍, അലന്‍ കിര്‍ബി, നിക്കോളാസ്‌ ബോറിയ തുടങ്ങിയവരുമായി ആശയവിനിമയം നടത്തി എഴുതിയ പുസ്‌തകമാണത്‌. ഏറ്റവും നവമായ ചിന്തയാണത്‌. ക്ലാസിസത്തില്‍ നിന്ന്‌ പൂര്‍ണമായി വിചേ്‌ഛദം നേടിയ ഇന്റര്‍നെറ്റ്‌ കമ്മ്യൂണുകളുടെ സ്വതന്ത്രമായ വ്യക്‌തിഗത ഷോയാണ്‌ ഇന്ന്‌ സര്‍ഗാത്മകത. അത്‌ വളരെ അചുംബിതമായ ഒരാശയമോ നിര്‍മ്മിതിയോ അല്ല. ടെലിവിഷന്‍, ഫേസ്‌ബുക്ക്‌, ഗൂഗിള്‍ തുടങ്ങിയ മാധ്യമങ്ങള്‍ ഉത്തര-ഉത്തരാധുനികമാണ്‌. ഇവയ്‌ക്ക് ആദിമധ്യാന്തമില്ല. എവിടെ വേണമെങ്കിലും തുടങ്ങാം, അവസാനിപ്പിക്കാം. ഒരു പുസ്‌തകം അങ്ങനെയല്ല. അപൂര്‍ണമായതെല്ലാം ഇപ്പോള്‍ കലയായി പരിഗണിക്കപ്പെടുന്നുണ്ട്‌. ഒരു വരയോ വര്‍ണച്ചിന്തോപോലും കലയാണ്‌. ഒന്നിനും പൂര്‍ണത വേണ്ട. എല്ലാം നുറുങ്ങുകളാണ്‌. റിംഗ്‌ടോണ്‍, വാട്‌സ്അപ്പ്‌ വീഡിയോ പോലെയുള്ള തുണ്ടുകള്‍ മതി. അത്‌ ഒരു ചുമതല നിറവേറ്റുകയാണ്‌. വ്യക്‌തികളുടെ മാനസികമായ പ്രശ്‌നമോ സര്‍ഗാത്മകമായ സമസ്യയോ ഒന്നും ആരും തിരയുന്നില്ല. പരിഹാസവും പുച്‌ഛവും തെറിയും അജ്‌ഞതയും കലാരൂപമായി പരിവര്‍ത്തിക്കപ്പെടുകയാണ്‌.

എന്താണ്‌ ക്ലാസിക്‌?
സമകാലിക ക്ലാസിക്കുകള്‍ ഉണ്ടാകുന്നത്‌ ഒരാള്‍ തന്റെ സാഹിത്യജ്‌ഞാനം ആര്‍ജിക്കുന്നതിലൂടെയാണ്‌. ഒരു കഥ വിവരിച്ചാല്‍ ക്ലാസിക്കാകില്ല. നാളിതുവരെയുള്ള രൂപങ്ങളില്‍ നമ്മുടേതായ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കാനുണ്ടാകണം. ഒരു പ്രാപഞ്ചികാനുഭവഘടന വേണം. എന്താണ്‌ ഭാഷയെന്ന്‌ അറിയണം. വെറും ആഖ്യാനത്തിലുപരി, ലോകത്തിനുതന്നെ പുതിയൊരു ഭാഷയുടെ ആവശ്യകത ബോധ്യപ്പെടുത്തുന്നതാവണം. അന്തര്‍ദര്‍ശനമുണ്ടെങ്കില്‍ ഈ കാര്യങ്ങളെല്ലാം തനിയേ സംഭവിക്കും. ഒരു ഉള്ളടക്കം നവീനമാകുന്നത്‌ എങ്ങനെയാണെന്ന്‌ മനസിലാക്കാന്‍ വായന നല്ലതാണ്‌. ആവശ്യമില്ലാത്തത്‌ വായിച്ചിട്ട്‌ കാര്യമില്ല. ലോകാവബോധം നേടുന്നതിനുള്ള മാനസികമായ ഒരുക്കം പ്രധാനമാണ്‌. ഏറ്റവും പുതുതാക്കുന്ന മട്ടില്‍, സ്വന്തം അനുഭവത്തെ സകലരീതിയിലും വ്യാഖ്യാനിക്കുമ്പോഴാണ്‌ ഒരു ക്ലാസിക്‌ ഉണ്ടാകുന്നത്‌.

എം.കെ. ഹരികുമാര്‍, ഫോണ്‍: 9995312097

ശൈലേഷ്‌ നായര്‍

Ads by Google
Sunday 10 Feb 2019 12.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW