Tuesday, August 20, 2019 Last Updated 11 Min 48 Sec ago English Edition
Todays E paper
Ads by Google
Sunday 10 Feb 2019 12.37 AM

ഒരിടത്ത്‌ ഒരു പുണ്യാത്മാവ്‌

പുണ്യം റേഡിയോയിലെ പുണ്യവാളനാണ്‌ കൃഷ്‌ണനുണ്ണി.
സാരോപദേശങ്ങളുടെ ഇളംകാറ്റാണ്‌ പുണ്യം റേഡിയോ. തിന്മയുടേയും പാപത്തിന്റേയും കറ പുരളാത്ത നന്മയുടെ വഴി പറഞ്ഞുകൊടുക്കുന്ന ശബ്‌ദ സമൃദ്ധി. പുരാണങ്ങളും ഇതിഹാസങ്ങളും മതഗ്രന്ഥങ്ങളും ശ്രോതാക്കളെ പരിചയപ്പെടുത്തി മാര്‍ഗദര്‍ശിയാവുന്ന വിളക്ക്‌. മഹാന്മാരുടെ വചനങ്ങള്‍ മുത്തുമണികളായി പെറുക്കിയെടുത്ത്‌ വിതറുന്ന സാഗര ഗാംഭീര്യം.
ഒട്ടും ശുദ്ധിയില്ലാത്ത മനസിന്റെ ഉടമയാണ്‌ കൃഷ്‌ണനുണ്ണി. കുട്ടിക്കാലം മുതലേ സൂത്രശാലിയും മറ്റുള്ളവരെ ഉപദ്രവിക്കുന്നതില്‍ ആഹ്‌ളാദം കണ്ടെത്തുന്നവനുമായിരുന്നു. ഒന്നാം ക്ലാസില്‍ കേട്ടെഴുത്തുവേളയില്‍ മിടുക്കനായ സഹപാഠിയുടെ കൃത്യമായ വാക്കുകള്‍ അവനറിയാതെ മായിച്ചുകളഞ്ഞ്‌ കരയിപ്പിച്ചുകൊണ്ടായിരുന്നു അരങ്ങേറ്റം. പക്ഷേ, ആരും കണ്ടുപിടിച്ചില്ല. കാഴ്‌ചയിലും പ്രകൃതത്തിലും പാവത്താന്‍ നടിച്ച അവനെ അധ്യാപകന്‍ സംശയിച്ചില്ല. മാത്രവുമല്ല, കരിക്കോട്‌ ഗ്രാമത്തിലെ അറിയപ്പെടുന്ന തറവാട്ടിലെ അംഗവുമാണവന്‍.
ഹൈസ്‌കൂളിലെത്തിയപ്പോള്‍ അവന്റെ ഗൂഢമായ വൈകൃതങ്ങള്‍ വളര്‍ന്നു. ക്ലാസില്‍ മികവു പ്രദര്‍ശിപ്പിക്കുന്നവരെ അവന്‍ നോട്ടമിട്ടു. കൃത്യമായ തന്ത്രങ്ങളിലൂടെ അവരെ കുരുക്കില്‍ പെടുത്തി. ഒരിക്കലും സംശയിക്കപ്പെടാതെ...
ക്ലാസ്‌ പുസ്‌തകങ്ങള്‍ക്കൊപ്പം അവന്‍ പ്രസിദ്ധമായ വിശ്വസാഹിത്യ കൃതികള്‍ കൊണ്ടുവരുമായിരുന്നു. അവന്‍ അതൊന്നും തുറന്നുനോക്കാറില്ല. പക്ഷേ അധ്യാപകര്‍ക്കിടയില്‍ വലിയ മതിപ്പുണ്ടായി. 'ഈ പ്രായത്തില്‍ ഇവനെന്തൊക്കെയാണ്‌ വായിക്കുന്നത്‌!' അവര്‍ അത്ഭുതപ്പെട്ടു. സുന്ദരികളായ കുട്ടികള്‍ അവന്റെ ദൗര്‍ബല്യമായിരുന്നു. ഉറക്കത്തില്‍, സ്വപ്‌നങ്ങളില്‍ അവര്‍ നൃത്തമാടി. പക്ഷേ, ആരോടെങ്കിലും പ്രണയാഭ്യര്‍ഥന നടത്താനുള്ള ധൈര്യമുണ്ടായിരുന്നില്ല. അങ്ങനെയൊരപേക്ഷ സ്വീകരിക്കപ്പെടുമോ എന്ന ആശങ്ക. താന്‍ അപമാനിതനായി നിലംപതിക്കുമെന്ന ഭയം.
പക്ഷേ, ഏതെങ്കിലും പെണ്‍കുട്ടി, അടുപ്പം കാണിക്കുന്ന ആണ്‍കുട്ടി അവന്റെ ശത്രുവായി. അസൂയ മൂത്ത്‌ രഹസ്യമായി അവന്‍ ഭിത്തിയില്‍ പേരെഴുതി പരസ്യപ്പെടുത്തിയതിന്റെ പേരില്‍ ഇന്ദുവെന്ന കുട്ടിയുടെ പഠിത്തം അവസാനിച്ചു. അവളെത്ര കരഞ്ഞിട്ടും വീട്ടുകാര്‍ അവളെ സ്‌കൂളില്‍ പോവാന്‍ അനുവദിച്ചില്ല. ആ അരിയെഴുത്തിന്റെ പേരിലുണ്ടായ അന്വേഷണത്തില്‍ കൃഷ്‌ണനുണ്ണി പിടിക്കപ്പെട്ടില്ലെന്നു മാത്രമല്ല, ക്ലാസിലെ സാധുവായ ജോണ്‍സണ്‍ കുറ്റവാളിയാവുകയും ചെയ്‌തു. ഹൃദയം നുറുങ്ങുന്ന വേദനയില്‍ ജോണ്‍സണ്‍ സമാധാനിച്ചു. 'ഇത്‌ ചെയ്‌തവന്‌ ദൈവം കൊടുക്കും.'
അശ്ലീല കഥയിലെ നായകനായി അവന്‍ സ്‌കൂളില്‍ ഒറ്റപ്പെട്ടു.
കൃഷ്‌ണനുണ്ണി ആനന്ദിച്ചു. അന്യനേല്‍ക്കുന്ന ഓരോ മുറിവും അവന്‌ രസക്കുമിളയായിരുന്നു. കേള്‍ക്കാന്‍ സുഖമുള്ള ശബ്‌ദത്തിന്റെ ഉടമയായിരുന്നു അവന്‍. അതുകൊണ്ടുതന്നെ സ്‌കൂള്‍ അസംബ്ലിയില്‍ വാര്‍ത്തകള്‍ വായിക്കാന്‍ ഹെഡ്‌മാസ്‌റ്റര്‍ തെരഞ്ഞെടുത്തത്‌ അവനെയാണ്‌. എല്ലാ പ്രഭാതങ്ങളിലും സ്‌കൂള്‍ അങ്കണത്തില്‍ അവന്റെ ശബ്‌ദം മുഴങ്ങി. 'വാര്‍ത്തകള്‍.... വായിക്കുന്നത്‌ കരിക്കോട്‌ കൃഷ്‌ണനുണ്ണി.'
പ്രശസ്‌തരായ പലരും സ്‌ഥലപ്പേരു ചേര്‍ക്കുന്നതുകൊണ്ടാണ്‌ അവനും അങ്ങനെയൊരു ആകര്‍ഷണവും ആവേശവുമുണ്ടായത്‌. ഗാംഭീര്യമുള്ള ശബ്‌ദത്തിന്റെ കരുത്തിലാണ്‌ കൃഷ്‌ണനുണ്ണി പുണ്യം റേഡിയോയില്‍ നിയമിക്കപ്പെട്ടത്‌.
രാമായണം, മഹാഭാരതം, ബൈബിള്‍, ഖുറാന്‍..... അങ്ങനെ വിശിഷ്‌ട ഗ്രന്ഥങ്ങളുടെ സത്ത 'പുണ്യ'ത്തിലെ എഴുത്തുകാര്‍ ആവിഷ്‌കരിക്കും. അവ വായിക്കുകയാണ്‌ കൃഷ്‌ണനുണ്ണിയുടെ ജോലി. മഹാന്മാരുടെ അന്വേഷണങ്ങളും കണ്ടെത്തലുകളും അയാളുടെ ശബ്‌ദമായി ഒഴുകി.
കൃഷ്‌ണനുണ്ണിയെ നാട്ടുകാര്‍ അറിഞ്ഞു. അയാള്‍ പ്രശസ്‌തനായി.
ശബ്‌ദത്തിന്റെ രാജാവായി.
പിന്നില്‍ പ്രവര്‍ത്തിച്ചവരെ നാട്ടുകാര്‍ കണ്ടില്ല. അവരുടെ പ്രയത്നം തിരിച്ചറിഞ്ഞില്ല. അഭിനന്ദനത്തിന്റെയും ആദരവിന്റെയും പൂമാലകള്‍ കൃഷ്‌ണനുണ്ണിയുടെ കഴുത്തില്‍ മാത്രം അലങ്കാരങ്ങളായി.
ശ്രീകൃഷ്‌ണന്റെയും യേശുദേവന്റെയും മുഹമ്മദ്‌ നബിയുടെയും മനസറിഞ്ഞവനാണ്‌ താനെന്ന്‌ അയാള്‍ സ്വയം പ്രഖ്യാപിച്ചു. ചരിത്രത്തിലെ സ്‌മാരകതുല്യരായ പ്രതിഭകള്‍ ഓര്‍മിക്കപ്പെടുന്നത്‌ തന്റെ സ്വരത്തിലൂടെയാണെന്ന്‌ അയാള്‍ വീമ്പു പറഞ്ഞു.
ഒരുനാള്‍ കറന്റ്‌ ബില്ലടച്ച്‌ പുറത്തിറങ്ങുമ്പോഴാണ്‌ പണമൊടുക്കാന്‍ എതിരെ വന്ന ശോഭനയെ അയാള്‍ കണ്ടത്‌.
ഒരുനിമിഷം ഞെട്ടലില്‍ പെട്ടു.
ഇവള്‍... വീണ്ടും.. മുന്നില്‍..
പക്ഷേ, വിളറി നിന്ന അയാളെ അവള്‍ അഭിമുഖീകരിച്ചത്‌ പരിചയ ഭാവത്തോടെയാണ്‌; സൗഹൃദത്തോടെയാണ്‌.
'മാഷിന്‌ എന്നെ ഓര്‍മയില്ലേ?'
അവളുടെ പുഞ്ചിരിക്കു മുന്നില്‍ വേവലാതിയോടെ അയാള്‍ തലയാട്ടി... ഉണ്ട്‌.
ശോഭനയെ ഓര്‍ക്കാതിരിക്കാനാവുമോ?
ബിരുദത്തിനുശേഷം കരിക്കോടുള്ള ട്യൂട്ടോറിയലില്‍ പഠിപ്പിച്ചിരുന്ന കാലം. ശോഭന വിദ്യാര്‍ഥിനിയായിരുന്നു. അടുത്തിടെ സ്‌ഥലം മാറി വന്ന വില്ലേജ്‌ ഓഫീസറുടെ മകളായിരുന്നു അവള്‍.
മെലിഞ്ഞ, വലിയ കണ്ണുകളുള്ള സുന്ദരിക്കുട്ടി.
ക്ലാസെടുക്കുമ്പോള്‍ അയാള്‍ ഒളികണ്ണാല്‍ അവളെത്തന്നെ നോക്കി. അയാളുടെ മോഹങ്ങളില്‍ അവള്‍ ചിത്രത്തുമ്പിയായി.
അവളുടെ ചിന്തകള്‍ സ്വപ്‌നങ്ങളെ ചേതോഹരമാക്കി. അങ്ങനെയാണ്‌ നിയന്ത്രണം തെറ്റിയത്‌.
പനി ബാധിച്ച്‌ മൂന്നുനാള്‍ ക്ലാസില്‍ വരാന്‍ കഴിഞ്ഞില്ല, ശോഭനയ്‌ക്ക്. വന്നദിവസം നോട്ടുപുസ്‌തകം വാങ്ങാനായി മുറിയിലെത്തിയ അവളെ അയാള്‍ കടന്നുപിടിച്ച്‌ ചുംബിക്കാന്‍ ശ്രമിച്ചു. അവള്‍ കുതറി, ഒച്ചവയ്‌ക്കുമെന്ന്‌ ഭീഷണിപ്പെടുത്തി. പിടി വിട്ട അയാള്‍ തളര്‍ന്നുപോയി. ബോധം വീണു കിട്ടിയ അയാള്‍ യാചിച്ചു. 'ആരോടും പറയല്ലേ... കാലു പിടിക്കാം.'
ഇല്ല. വാക്കുകൊടുത്ത അവള്‍ അത്‌ പാലിക്കുകയും ചെയ്‌തു. മാഷിനെ കളങ്കപ്പെടുത്താന്‍ അവള്‍ക്കാവുമായിരുന്നില്ല. തന്റെ ചന്തവും മേനിയും പുരുഷന്മാരെ ഭ്രമിപ്പിക്കുന്നതാണെന്ന്‌ അവള്‍ക്കറിയാമായിരുന്നു. കുറ്റപ്പെടുത്താന്‍ വയ്യ. മാഷ്‌ ഒരു സാധാരണ മനുഷ്യനല്ലേ?
അറിവിന്റെ തമ്പുരാനെന്ന്‌ അഹങ്കരിക്കുന്ന അയാള്‍ക്കുമില്ലേ വികാരങ്ങള്‍?
രണ്ടു ദിവസങ്ങള്‍ക്കുശേഷം കൃഷ്‌ണനുണ്ണി ആ ട്യൂട്ടോറിയലില്‍ നിന്ന്‌ പിരിഞ്ഞുപോയി. ആര്‍ക്കും കാരണം പിടികിട്ടിയില്ല, ശോഭനയ്‌ക്കൊഴികെ. ആ ശോഭനയാണ്‌ ഇപ്പോള്‍ മുന്നില്‍ നില്‍ക്കുന്നത്‌. തടിച്ചിട്ടുണ്ട്‌. ഭംഗി ഒട്ടും കുറഞ്ഞിട്ടില്ല.
'മാഷിന്റെ സ്വരം കേള്‍ക്കാറുണ്ട്‌.' അവര്‍ പറഞ്ഞു. 'എനിക്ക്‌ പുണ്യപാരായണമൊന്നും ഇഷ്‌ടമല്ല. പാട്ടു മാത്രം മതി. പക്ഷേ, എന്റെ ഭര്‍ത്താവ്‌ മാഷിന്റെ സ്‌ഥിരം ശ്രോതാവാണ്‌.'
അയാള്‍ക്കഭിമാനമുണ്ടായി.
ഇവള്‍ തന്നെ നിരാകരിച്ചവള്‍. ഇവളുടെ ജീവിത പങ്കാളി തന്റെ ആരാധകന്‍. ഇത്‌ കാലത്തിന്റെ കടങ്കഥ.
'ഭര്‍ത്താവ്‌?'
'കാര്‍ഷിക കേന്ദ്രത്തിലാണു ജോലി.'
'ശോഭനയ്‌ക്ക് മകനോ മകളോ-?'
ആ ചോദ്യത്തിനു മുന്നില്‍ അവള്‍ പൊട്ടിച്ചിരിച്ചു. 'രണ്ടുമില്ല.' ചിരിയുടെ ചിറകില്‍ അവള്‍ കൂട്ടിച്ചേര്‍ത്തു. 'അതിനു കാരണം മാഷാ.'
അയാള്‍ ഭയന്നുപോയി.
ആ ഭയം തിരിച്ചറിഞ്ഞ അവള്‍ വീണ്ടും കിലുകിലെ ചിരിച്ചു. 'മാഷെന്നു പറഞ്ഞാല്‍ മാഷിന്റെ സാരോപദേശം. അതു കേട്ടുകേട്ട്‌ ചേട്ടന്‌ ആത്മീയ ചിന്ത മാത്രമായി..'
അവള്‍ നടന്നകന്നപ്പോഴും അയാളുടെ ഉള്ളു പിടച്ചു. ഒരുപാടാഗ്രഹിച്ചതാണ്‌ അവളെ സ്വന്തമാക്കാന്‍. സ്വയം നഷ്‌ടപ്പെട്ട എടുത്തുചാട്ടമില്ലായിരുന്നെങ്കില്‍, മെല്ലെ മെല്ലെ സമീപിച്ചിരുന്നെങ്കില്‍ അവളെ നേടാമായിരുന്നു. വെറുപ്പിനു പകരം സ്‌നേഹത്തിന്റെ പൂക്കള്‍ വിടര്‍ത്താമായിരുന്നു.
അന്ന്‌ വീട്ടിലെത്തിയപ്പോള്‍ അയാള്‍ക്ക്‌ ഭാര്യയോട്‌ നീരസം തോന്നി. കുറത്തുമെലിഞ്ഞ്‌ ചന്തമില്ലാത്തവള്‍ എന്ന തോന്നല്‍. ശോഭനയുടെ സ്‌ഥാനത്ത്‌ മായ. വലിയൊരു പിശക്‌. ജീവിതത്തിലെ തെറ്റ്‌.
ഇന്നെലെവരെ മായ മോശക്കാരിയാണെന്നു തോന്നിയിട്ടില്ല. ഐശ്വര്യവും അഴകും ഉണ്ടെന്നതാണു സത്യം.
ഇന്ന്‌ മനസ്‌ കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. സത്യത്തെ തെറ്റായി വ്യാഖ്യാനിക്കുന്നു. കാരണം, ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന ശോഭന.
പിറ്റേന്ന്‌, ബുദ്ധ തത്വങ്ങളുടെ സംഹിതയാണ്‌ 'പുണ്യ'ത്തിലിരുന്ന അയാള്‍ വായിച്ചത്‌. ശബ്‌ദലേഖനം ചെയ്യുകയായിരുന്ന അശ്വതി ശ്രദ്ധിച്ചു. പലവട്ടം തെറ്റുകയാണ്‌. അക്ഷരങ്ങള്‍ പിണയുകയാണ്‌. ഇങ്ങനെ പതിവില്ലാത്തതാണ്‌.
'ബാക്കി നാളെ വായിക്കാം.' കൃഷ്‌ണനുണ്ണി മൈക്കില്‍ നിന്നകന്നു.
അയാള്‍ പുറത്തിറങ്ങുമ്പോള്‍ അവള്‍ അത്ഭുതപ്പെട്ടു. താന്‍ അരികത്തുണ്ടാവുമ്പോള്‍ ശൃംഗാരം നടിക്കുന്ന പുണ്യവാളന്‌ ഇന്നെന്തു സംഭവിച്ചു? ശബ്‌ദലേഖനം ചെയ്യുന്നത്‌ താനാണെങ്കില്‍ ഇരട്ടി സമയം സാമീപ്യമാസ്വദിക്കുന്നയാളാണ്‌. ഇന്ന്‌ പുഞ്ചിരിക്കുക പോലും ചെയ്യാതെ-
അന്നുരാത്രി കട്ടിലില്‍ പുറം തിരിഞ്ഞുകിടന്ന കൃഷ്‌ണനുണ്ണിയെ മായ തൊട്ടു.
'എന്താ ഒരു പിണക്കം!'
അയാള്‍ ആ കൈ തട്ടിമാറ്റി. അയാള്‍ ശ്രീബുദ്ധന്റെ ജീവിതത്തെക്കുറിച്ച്‌ ചിന്തിച്ചു. യശോധരയെ ഉപേക്ഷിച്ചുപോയ ബുദ്ധന്‍.
ആ ഒരു കാര്യത്തില്‍ മാത്രം ബുദ്ധനാവാന്‍ അയാള്‍ക്ക്‌ തിടുക്കമായി. ഒരിക്കലും ലഭിക്കില്ലെന്നറിയാമായിട്ടും ശോഭന ഹൃദയത്തില്‍ വെണ്ണിലാവായി പരന്നു.
പിറ്റേന്ന്‌, പുണ്യത്തിന്റെ ഓഫീസ്‌ ഫോണില്‍ അയാള്‍ക്കൊരു വിളി വന്നു. ശോഭനയായിരുന്നു അത്‌.
ഒരു വിസ്‌മയം. അപ്രതീക്ഷിത സൗഭാഗ്യം.
മുഖവുരയില്ലാതെ അവള്‍ സംസാരിച്ചു. 'ഞാന്‍ അനിലേട്ടനോടു പറഞ്ഞു. മാഷിനെ കണ്ട കാര്യം. എന്നെ ട്യൂട്ടോറിയലില്‍ പഠിപ്പിച്ചിട്ടുണ്ടെന്ന്‌ ചേട്ടനറിയാം. ചേട്ടന്‌ വലിയ താല്‌പര്യം. മാഷിനെ നേരില്‍ കാണണം. പരിചയപ്പെടണം. ഒരുനേരം ഭക്ഷണം കഴിക്കാന്‍ വീട്ടിലേക്ക്‌ ക്ഷണിക്കണമെന്ന്‌'... വരില്ലേ മാഷേ...'
ഒട്ടും ആലോചിക്കേണ്ടി വന്നില്ല; സമ്മതം മൂളാന്‍. ഭര്‍ത്താവിന്റെ താല്‌പര്യമാണെന്ന്‌ അവള്‍ വെറുതെ പറയുകയാവും. ഇത്‌ അവളുടെ ഇംഗിതമാണ്‌. വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ സംഭവിച്ച നിഷേധമെന്ന തെറ്റു തിരുത്താനാണ്‌. ലൗകിക കാര്യങ്ങള്‍ മറന്ന ഇണയോടുള്ള പ്രതികാരമാണ്‌.
അവള്‍ കൃത്യമായി വീട്ടിലേക്കുള്ള വഴി പറഞ്ഞുകൊടുത്തു.
ഞായറാഴ്‌ച ഉച്ചയൂണിനായിരുന്നു ക്ഷണം.
വെയില്‍ കനത്തപ്പോള്‍ അയാള്‍ 'ശോഭനം' എന്ന വീട്ടിലെത്തി. ഊഷ്‌മളായ സ്വീകരണം.
അനിലും ശോഭനയും അയാളെ വിശിഷ്‌ടാതിഥിയായി സല്‍ക്കരിച്ചു.
'ഈ സ്വരത്തിലൂടെയാണ്‌ ഞാന്‍ സത്യം കണ്ടെത്തിയത്‌. പ്രപഞ്ചമറിഞ്ഞത്‌. മനസ്‌ ശുദ്ധീകരിച്ചത്‌...' അനില്‍ വണങ്ങി.
താനൊരു മഹാനാണെന്ന അംഗീകാരത്തിനു മുന്നില്‍ കൃഷ്‌ണനുണ്ണി അഹന്തയോടെ മന്ദഹസിച്ചു. സ്വാദിഷ്‌ടമായ ഊണ്‌. കുപ്പിവളകള്‍ കിലുങ്ങുന്ന ശോഭനയുടെ കൈയിലേക്ക്‌ ഇടംകണ്ണാല്‍ അയാള്‍ നോക്കി. യാത്ര പറയുമ്പോള്‍ അയാള്‍ മനസില്‍ കുറിച്ചു. ഇനിയും വരും. പലവട്ടം.... ശോഭനയുടെ മിഴികള്‍ തന്നെ ക്ഷണിക്കുകയാണ്‌.
അനിലില്ലാത്ത ഒരുനാള്‍... ഒരു മുഹൂര്‍ത്തം.
അയാള്‍ക്ക്‌ കൊതിയായി. ആര്‍ത്തിയായി.
പെട്ടെന്നാണ്‌ കരുത്തുറ്റ കൈകള്‍ അയാളെ ചുറ്റിപ്പിടിച്ചത്‌. അയാള്‍ വേദനയോടെ പിടഞ്ഞു.
'വിദ്യാര്‍ഥിനിയെ കടന്നുപിടിച്ച മാഷെങ്ങിനെയാ പുണ്യാളനാവുന്നത്‌!' അനിലിന്റെ ശബ്‌ദം കനത്തു. 'കള്ള പുണ്യാളാ... കല്യാണത്തിന്റെ പിറ്റേന്ന്‌ ഇവളെന്നോട്‌ പറഞ്ഞേല്‌പിച്ചതാ, ഇത്‌. എന്തെങ്കിലും തരാന്‍...!
കൃഷ്‌ണനുണ്ണിയുടെ കരണത്ത്‌ ഒരടി വീണു.
കണ്ണു പുകഞ്ഞു. അടുത്ത അടിക്ക്‌ കൈയോങ്ങിയ അനിലിനെ ശോഭന തടുത്തു. 'ഇതു മതി ചേട്ടാ', അനില്‍ കൈ പിന്‍വലിച്ചു.
'മേലാല്‍ നീ ദൈവമാവരുത്‌... ചരിത്രപുരുഷന്മാരുടെ വാക്കുകള്‍ ഉച്ചരിക്കരുത്‌. പുണ്യാളനാവരുത്‌...'
പേടിയോടെ കൃഷ്‌ണനുണ്ണി തലയാട്ടി. ഇല്ല. ഇല്ല...
'ആയാല്‍...' കുത്തിക്കൊല്ലുമെന്ന്‌ അനില്‍ ആംഗ്യം കാട്ടി. തല കുമ്പിട്ട്‌, ഭയന്നുവിറച്ച്‌ പടിയിറങ്ങുന്ന ഉണ്ണിക്കു പിന്നില്‍ ശോഭനയുടെ പൊട്ടിച്ചിരി മുഴങ്ങി.

മുഹമ്മദ്‌ റോഷന്‍

Ads by Google
Sunday 10 Feb 2019 12.37 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW