Wednesday, August 21, 2019 Last Updated 13 Min 56 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 01.02 AM

സഭാ അധികാരികള്‍ അധിപന്മാരല്ല

uploads/news/2019/02/286807/2.jpg

അധികാരികള്‍ ശുശ്രൂഷകരാണ്‌, അധിപന്മാരല്ല. യേശു ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും അനേകര്‍ക്ക്‌ മോചനദ്രവ്യമായി സ്വയം നല്‍കാനുമാണു ഭൂമിയില്‍ പിറന്നത്‌. ഈ മനോഭാവം കൊണ്ട്‌ കത്തോലിക്കാസഭയുടെയും സന്യാസഭവനങ്ങളുടെയെും നേതൃത്വങ്ങള്‍ അനുഗ്രഹിക്കപ്പെടട്ടെ.
സഭയില്‍ ഒരാള്‍ക്കു പോലും മനുഷ്യാവകാശ നീതി നിഷേധിക്കപ്പെടാന്‍ ഇടയാകരുത്‌. അനീതിയെ മാത്രം സ്വീകരിച്ച്‌, വായടച്ച്‌, വ്രതങ്ങളുടെ പേരില്‍ നിരാശരായി കഴിയേണ്ടിവരുന്നവരുണ്ട്‌. സ്‌നേഹത്തിന്റെ പൂര്‍ണതയില്‍ എത്താനുള്ള മാര്‍ഗം മാത്രമാണ്‌ വ്രത ത്രയങ്ങളായ അനുസരണം, ദാരിദ്ര്യം, ബ്രഹ്‌മചര്യം എന്നിവ. വ്രതമെന്നത്‌ സന്യാസലക്ഷ്യമെന്നാണു ചിലരുടെ ധാരണ. കണ്ണടച്ച്‌ ഇരുട്ടാക്കിയിട്ട്‌ തട്ടിവീഴുന്നു എന്ന്‌ പറയാനിടയാകരുത്‌. സന്യാസസമൂഹാംഗമാകുന്നതോടെ വ്രതങ്ങളുടെ പേരില്‍ സ്വാതന്ത്ര്യം നഷ്‌ടപ്പെടുത്തണമെന്നു പറയുന്നവര്‍; സമ്പൂര്‍ണ സ്വാതന്ത്ര്യത്തോടെയും സന്തോഷത്തോടെയും െദെവവേല ചെയ്യാനാണ്‌ ഒരാള്‍ സന്യാസം സ്വീകരിക്കുന്നത്‌ എന്നറിയുക. ഒരു വ്യക്‌തി അദ്ദേഹത്തിന്റെതന്നെ നന്മ തീരുമാനിക്കുന്നതാണ്‌ മനുഷ്യന്റെ അടിസ്‌ഥാന തെറ്റ്‌ എന്നു പറയുന്നവരോട്‌ മനുഷ്യന്‍ അടിസ്‌ഥാനപരമായി നന്മയിലേക്കു തിരിഞ്ഞിരിക്കുന്നു എന്ന സത്യത്തെ നിഷേധിക്കുകയാണ്‌ നിങ്ങള്‍ ചെയ്യുന്നത്‌.
വിവിധ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ എന്താകണമെന്ന്‌ ആരാണു തീരുമാനിക്കുക? മാധ്യമവേട്ടയെന്നപേരില്‍ പംക്‌തികള്‍ എഴുതിയാലും സത്യസന്ധരായ മാധ്യമപ്രവര്‍ത്തകര്‍ ഭയക്കില്ല. സത്യം പുറത്തുകൊണ്ടുവരാന്‍ അപ്രിയസത്യം വിളിച്ചുപറയാന്‍ െധെര്യംകാട്ടുന്ന മാധ്യമ പ്രവര്‍ത്തകരെ സര്‍ക്കാര്‍ അനുമോദിക്കണം. സഭാനേതൃത്വം നടത്തിയ സാമ്പത്തിക ക്രമക്കേടുകളും െലെംഗിക ആരോപണങ്ങളുമെല്ലാം മാധ്യമങ്ങളിലൂടെ ലോകം അറിഞ്ഞപ്പോഴും സഭ കളങ്കപ്പെട്ടില്ലെന്നാണ്‌ ഇക്കൂട്ടര്‍ കരുതുന്നത്‌. അതുകൊണ്ടായിരിക്കും റോബിന്റെ കുറ്റകൃത്യത്തിലും സണ്‍ഡേ ശാലോം എഡിറ്റോറിയല്‍ 17 വയസ്‌ തികയാത്ത പെണ്‍കുട്ടിയുടെമേല്‍ കുറ്റം ചാര്‍ത്തിയത്‌. റോബിന്‍ പുരോഹിതനാണെന്നു പെണ്‍കുട്ടി എന്തുകൊണ്ടു മറന്നു? അദ്ദേഹത്തെ തെറ്റിലേക്കു നയിച്ച പെണ്‍കുട്ടി തെറ്റുകാരി തന്നെ, ഗര്‍ഭത്തിന്‌ ഉത്തരവാദിയായ റോബിന്‍ എങ്ങനെ കുറ്റക്കാരനാകും?... കേരളത്തിനു ലജ്‌ജ തോന്നുന്ന വരികളെയും അതിനു പിന്നിലെ ചിന്താധാരകളെയും നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ഒരു വിശ്വാസിയോ സന്യാസിയോ ആരുടെയും അടിമകളല്ല. പുണ്യങ്ങളുടെ പേരില്‍ ഒരു മനുഷ്യന്റെ അടിസ്‌ഥാന അവകാശങ്ങള്‍ നിഷേധിക്കുന്നതു പാപമാണ്‌. നിങ്ങള്‍ ബൈബിള്‍ വ്യാഖ്യാനിക്കുന്നു, ജീവിക്കുന്നില്ല. നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ പീഡിപ്പിക്കപ്പെട്ട കന്യാസ്‌ത്രീകളെ വീണ്ടും പീഡിപ്പിക്കുന്നു. നിങ്ങള്‍ക്കു ഹാ കഷ്‌ടം! നിങ്ങള്‍ െലെംഗികചൂഷണത്തിനിരയായവരെ കുറ്റക്കാരായും പീഡകരെ രക്ഷകരായും കാണുന്നു. നിങ്ങള്‍ക്കു ദുരിതം! വ്രതങ്ങളുടെ പേരുപറഞ്ഞ്‌ അവരുടെ യാത്രാസ്വാതന്ത്ര്യത്തേയും ആവിഷ്‌കാര സ്വാതന്ത്ര്യത്തേയും കൊല്ലാന്‍ ശ്രമിക്കുന്നു. നിങ്ങള്‍ കാഴ്‌ചയില്ലാത്തവരാണ്‌. െലെസന്‍സ്‌ എടുക്കുന്നതും കാറോടിക്കുന്നതും പാപമായി സഭയും കണ്ടപ്പോള്‍ സാധാരണക്കാര്‍ ചോദിച്ചുപോയി അതും പാപമാണോ?
ഇവിടെ ആര്‍ക്കാണു തെറ്റു പറ്റുന്നത്‌? സഭയുടെ സ്വത്തിനു സഭാംഗങ്ങള്‍ക്കു തുല്യ അവകാശമുണ്ട്‌. അര്‍ഹിക്കുന്ന അവകാശം നിഷേധിക്കുന്നതു വലിയ പാപമാണ്‌. അതിലൂടെ അധികാരികള്‍ മൂന്നു വ്രതങ്ങളുടെയും ലംഘനം നടത്തുകയാണ്‌. ഇതൊന്നും ചോദ്യം ചെയ്യാനോ ബോധ്യപ്പെടുത്താനോ െധെര്യമില്ലേ? ഇല്ലെങ്കില്‍ നിങ്ങള്‍ ഇപ്പോഴും ബലഹീനരെ ചവിട്ടിത്താഴ്‌ത്താന്‍ ശ്രമിക്കുന്നവരാണ്‌.
സന്യാസസഭ വിട്ടുപോയവരില്‍ ബഹുഭൂരിപക്ഷവും അനീതിക്കും ചൂഷണത്തിനും അടിമത്വത്തിനും വിധേയരായവരാണെന്ന്‌ ആരെങ്കിലും മനസിലാക്കിയിട്ടുണ്ടോ? എന്നിട്ടൊരുപദേശവും കൂടി; പരാതി കൊടുത്താല്‍ വ്രതം ഒഴിവാക്കല്‍ പ്രക്രിയ വളരെ ബുദ്ധിമുട്ടാകും. അതുകൊണ്ട്‌ വ്രതപാലനം ബുദ്ധിമുട്ടാണെന്നെഴുതി ഒപ്പിട്ടു തരികയെന്ന്‌. എങ്ങിനെയെങ്കിലും രക്ഷപ്പെട്ടേക്കാം എന്ന്‌ വിചാരിക്കുന്നവര്‍ വേറെ എന്തു ചെയ്യും. എത്ര വലിയ തെറ്റു ചെയ്‌താലും മേലധികാരികളുടെ പ്രീതി നേടിയാല്‍ തെറ്റ്‌ ശരിയാകുന്നതും എത്ര ശരി ചെയ്‌താലും പ്രീതി നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ശരി തെറ്റാകുന്നതും കണ്‍മുന്നില്‍ത്തന്നെ.
വ്രതരഹിത സന്യാസിനി എന്ന്‌ സംബോധന ചെയ്‌തു ഡോ. തോമസ്‌ മൂലേക്കാട്ടെഴുതിയ ലേഖനവും വായിച്ചു. സാധാരണ കന്യാസ്‌ത്രീകള്‍, അവരോടുള്ള പരിചയം, അവരുടെ ജീവിതത്തിലെ യാഥാര്‍ഥ്യങ്ങള്‍ നിങ്ങള്‍ക്ക്‌ അന്യമാണെന്നു മനസിലായി. മൊെബെല്‍ ഫോണ്‍ റീചാര്‍ജ്‌ ചെയ്യാന്‍ മാസം 50 രൂപ ചോദിച്ചാല്‍ പോലും കൊടുക്കാന്‍ മടികാണിക്കുകയും എന്നാല്‍ ഇഷ്‌ടം പോലെ പണം സ്വന്തം കാര്യങ്ങള്‍ക്കായി വ്യയം ചെയ്യുന്ന മേലധികാരികളും കാലത്തിന്റെ യാഥാര്‍ഥ്യങ്ങളാണ്‌. വീട്ടുകാരും കൂട്ടുകാരും സഹായിച്ച്‌ കാര്യങ്ങള്‍ നിര്‍വഹിക്കുന്നവരും ഇന്നുണ്ട്‌. ഈ കൂട്ടുകാര്‍ െവെദികരോ, സന്യാസികളോ, വീട്ടുകാരോ ആകാം. ആനുകൂല്യങ്ങള്‍ പുറത്തുള്ളവരില്‍നിന്ന്‌ സ്വീകരിക്കുമ്പോള്‍ കൂടുതല്‍ സമയവും അവര്‍ക്ക്‌ അടിമപ്പെടേണ്ടിയും വരാം.
സന്യാസസഭയുടെ നിയമങ്ങള്‍ നിരന്തരം ലംഘിച്ചതും തിരുത്തലുകള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്‌തത്‌ ആരാണ്‌? ഏതൊരു കമ്പനിക്കും അതിലെ ജീവനക്കാര്‍ക്ക്‌ ഒരു പൗരന്‍ എന്ന നിലയിലുള്ള അവകാശങ്ങള്‍ നിഷേധിക്കാന്‍ അവകാശമുണ്ടോ? ഏതു കമ്പനിയും അതിന്റെ യശസ്‌ ഉയര്‍ത്തണമെങ്കില്‍ ജീവനക്കാരില്‍ ഏല്‍പ്പിക്കപ്പെട്ട ജോലികള്‍ ഇഷ്‌ടത്തോടെയും സ്വാതന്ത്ര്യത്തോടെയും ചെയ്യാനുള്ള അവസരം കൊടുക്കണം. ഒരു പ്രസ്‌ഥാനം വിജയിക്കണമെങ്കില്‍ അവിടെ നിയമങ്ങളുടെ അടിമത്തമല്ല വേണ്ടത്‌, പ്രത്യുത ജീവനക്കാരുടെ സര്‍ഗാത്മകതയെ പരിപോഷിപ്പിക്കുന്ന ദീര്‍ഘവീക്ഷണമാണ്‌ ആവശ്യം.
സന്യാസത്തിന്റെ വിശുദ്ധിയും മാധുര്യവും കയ്‌പും ശരിതെറ്റുകളും അതിനുള്ളില്‍ ജീവിക്കുന്നവര്‍ക്കാണു കൃത്യമായി അറിയാവുന്നത്‌. സന്യാസഭവനങ്ങളില്‍ അവകാശങ്ങള്‍ നിരന്തരമായി നിഷേധിക്കപ്പെട്ടാലും അനങ്ങരുത്‌. അനങ്ങിയാല്‍ അച്ചടക്ക ലംഘനമായി നോട്ടീസുകളും മുന്നറിയിപ്പുകളും അവസാനം പുറത്താക്കലും ഉണ്ടാകും. എല്ലാം വ്രതങ്ങളുടെ പേരിലെന്നതാണ്‌ അത്ഭുതം. സ്‌നേഹം നിഷേധിക്കുന്നിടത്ത്‌ ഏതു വ്രതമാണ്‌ പാലിക്കപ്പെടുന്നത്‌? വിശ്വാസം, സ്‌നേഹം, പ്രത്യാശ എന്നിവയില്‍ ശ്രേഷ്‌ഠം സ്‌നേഹമെന്നാണ്‌ െബെബിള്‍ പറയുന്നത്‌. സന്യാസം ഉപേക്ഷിക്കുന്ന പലരും ഇത്തരത്തിലുള്ള അനീതികളില്‍ ചങ്ക്‌ നീറിയവരാണ്‌. അവസാനം വ്രതമോചനം കിട്ടണമെങ്കില്‍ ഒരു പരാതിയുമില്ലെന്നും വ്രതപാലനത്തിനുള്ള ബുദ്ധിമുട്ടുള്ളതിനാല്‍ സന്യാസം സ്വയം ഉപേക്ഷിക്കുകയാണെന്നും എഴുതി ഒപ്പിട്ടു വാങ്ങുന്നു.
ഇത്തരം സന്യാസയാഥാര്‍ഥ്യങ്ങള്‍ കാണാന്‍ കഴിയാത്ത ഒരാത്മീയ അധികാരവും ഇനി വാഴരുത്‌. എന്തും പറഞ്ഞ്‌ എല്ലാവരെയും വിശ്വസിപ്പിക്കാമെന്നു കരുതിയവരുടെ കാല്‍ച്ചുവട്ടിലെ മണ്ണിളകിത്തുടങ്ങി. "നീയൊന്നു ഞങ്ങളുടെ സഭയില്‍ നിന്നു പോയിത്തരാമോ" എന്ന്‌ അലറിയ ഒരു പ്ര?വിന്‍ഷ്യലിന,്‌ മിടുക്കിയായ ഒരു കന്യാസ്‌ത്രീ സഭയില്‍നിന്ന്‌ കരഞ്ഞിറങ്ങിയപ്പോള്‍ സമാധാനം കിട്ടിയോ? അധികാരികളേ, നിങ്ങള്‍ വേദനിക്കുന്നവരിലേക്ക്‌, ഒറ്റപ്പെട്ടവരിലേക്ക്‌ ഇറങ്ങൂ. അവിടെക്കാണൂ തിരുസഭ. അവരുടെ കണ്ണുകളില്‍ നിങ്ങള്‍ പ്രസംഗിക്കുന്ന യേശു ഒളിഞ്ഞിരിപ്പുണ്ട്‌. പരിധി കഴിഞ്ഞാല്‍ ഉപദേശങ്ങള്‍ മനുഷ്യഹൃദയത്തില്‍നിന്ന്‌ ഛര്‍ദിക്കപ്പെടും. അതിനാല്‍ പറയാന്‍ ഇമ്പമുള്ളവയില്‍നിന്നു മാറിനില്‍ക്കുവിന്‍.
യഥാര്‍ഥ വിശ്വാസം സ്‌നേഹം മാത്രമാണ്‌. സന്യാസത്തിലെ അടിമത്വത്തിന്റെ ചങ്ങലകള്‍ പൊട്ടിച്ചെറിയൂ. അവിടെ ആനന്ദത്തിന്റെയും ആത്മാര്‍ഥതയുടെയും അരുവികള്‍ ഒഴുകട്ടെ. ക്രിസ്‌തുവിന്റെ ആശയങ്ങളും ജീവിതവും ജീവിക്കുന്നവര്‍ സംതൃപ്‌തരാകുന്ന സന്യാസം വാഴട്ടെ. ദേവാലയത്തെ കച്ചവടസ്‌ഥലമാക്കിയപ്പോള്‍ ചാട്ടവാറെടുത്ത ധീരനാണ്‌ യേശുവെന്നു വിസ്‌മരിക്കരുത്‌.
ബിഷപ്പുമാരും െവെദികരും ചെയ്‌തുകൂട്ടുന്ന െലെംഗികചൂഷണങ്ങള്‍ പരിശുദ്ധ ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പ ഏറ്റുപറഞ്ഞതില്‍ വിശ്വാസികള്‍ സന്തോഷിക്കുന്നു. കേരളത്തില്‍ തങ്ങളുടെ െവെദികരും ബിഷപ്പുമാരും ഇത്തരത്തിലുള്ള പാപങ്ങള്‍ ചെയ്യുന്നില്ല എന്ന്‌ വാദിക്കുന്ന ആത്മീയ നേതൃത്വവും വിശ്വാസസംഘവുമുണ്ടെന്ന്‌ നാം കണ്ടു. പാലാ സബ്‌ജയിലില്‍ നിന്ന്‌ ജാമ്യത്തിലിറങ്ങിയ ഫ്രാങ്കോ എന്ന കുറ്റാരോപിതനെ കന്യാസ്‌ത്രീകളടക്കം സ്വീകരിച്ചാനയിച്ചതിനു പിന്നിലെ നിഗൂഢത ആര്‍ക്കു മനസിലാകും. നീതിക്കുവേണ്ടി ശബ്‌ദമുയര്‍ത്തിയ ഏതാനും കന്യാസ്‌ത്രീകള്‍ സഭയുടെ പീഡനത്തിന്‌ ഇന്നും ഇരയാകുന്നു.
നീതി നിഷേധിക്കപ്പെട്ടവര്‍ക്കു്‌ വേണ്ടി ശബ്‌ദമുയര്‍ത്തിയവരും ഇന്ന്‌ സഭയുടെ കാഴ്‌ചപ്പാടില്‍ കുറ്റവാളികള്‍. സഭാവിരുദ്ധരുടെ ഗണത്തിലാക്കി അവരെ ഒറ്റപ്പെടുത്തുന്നു. അങ്ങനെയൊരു കൂട്ടരുണ്ടെന്നു പറഞ്ഞു സാധാരണ വിശ്വാസികളെ വഞ്ചിക്കുന്നു. സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരേയുണ്ടാകുന്ന െലെംഗികാതിക്രമങ്ങള്‍ തടയാന്‍ തയാറാക്കിയ മാര്‍ഗരേഖ പൂഴ്‌ത്തിവച്ച്‌ ഫ്രാങ്കോയെ രക്ഷിക്കാന്‍ ശ്രമിച്ച കെ.സി.ബി.സി. നിലപാട്‌ ഖേദകരം.
െലെംഗികാതിക്രമ വിഷയങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന ഫ്രാന്‍സിസ്‌ മാര്‍പ്പാപ്പയുടെ നിലപാടുമാത്രമാണ്‌ ആശ്വാസകരം. െലെംഗികാതിക്രമങ്ങള്‍ തടയാന്‍ കെ.സി.ബി.സിയും മാര്‍ഗരേഖ തയാറാക്കിയത്‌ പ്രതീക്ഷ നല്‍കുന്നു. ഫ്രാങ്കോയ്‌ക്കും റോബിനുമെതിരേ നടപടികള്‍ െകെക്കൊള്ളുന്നതില്‍ ശക്‌തമായ നിലപാടെടുത്ത്‌ കെ.സി.ബി.സി. മാര്‍പ്പാപ്പയുടെ വാക്കുകള്‍ പാലിക്കട്ടെ. പുരോഹിതര്‍ ചെയ്‌തുകൂട്ടുന്ന െലെംഗികാരാജകത്വം അവസാനിക്കട്ടെ. തെറ്റുകാര്‍ശിക്ഷിക്കപ്പെടട്ടെ. വിശ്വാസികളും കന്യാസ്‌ത്രീകളും ആരുടേയും അടിമകളല്ല എന്ന സത്യം വിജയിക്കട്ടെ.

സിസ്‌റ്റര്‍ ലൂസി കളപ്പുര

Ads by Google
Saturday 09 Feb 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW