Wednesday, August 21, 2019 Last Updated 10 Min 55 Sec ago English Edition
Todays E paper
Ads by Google
Saturday 09 Feb 2019 01.02 AM

ജനാരോഗ്യത്തിന്‌ ഭീഷണിയായ വ്യാജഡോക്‌ടര്‍മാര്‍

uploads/news/2019/02/286806/1.jpg

സംസ്‌ഥാനത്തെ വ്യാജഡോക്‌ടര്‍മാരെ പിടികൂടാനായി സര്‍ക്കാര്‍ ശ്രമം തുടങ്ങുകയാണ്‌. കേരളത്തില്‍ ആയിരത്തിലേറെ വ്യാജ ഡോക്‌ടര്‍മാരുണ്ടെന്നു പറയുന്നത്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ തന്നെയാണ്‌. ഐ.എം.എയില്‍ പോലും വ്യാജഡോക്‌ടര്‍മാര്‍ നുഴഞ്ഞു കയറിയതും കണ്ടുപിടിക്കപ്പെട്ടിരുന്നു. അസോസിയേഷന്‍ അംഗങ്ങള്‍ തന്നെ അവരവരുടെ സ്‌ഥലത്ത്‌ നടത്തിയ അന്വേഷണത്തില്‍ നിന്നാണ്‌ വ്യാജന്മാരെ കുറിച്ച്‌ വിവരം ശേഖരിച്ചത്‌. ഇവരുടെ വിവരങ്ങള അധികൃതര്‍ക്ക്‌ നല്‍കിയിട്ടുമുണ്ട്‌. ഇതേത്തുടര്‍ന്നാണ്‌ വ്യാജന്മാരെ കണ്ടുപിടിക്കാനായി ആരോഗ്യവകുപ്പിന്റെ ശ്രമം. വ്യാജഡോക്‌ടര്‍മാരുടെ ശല്യം വര്‍ഷങ്ങളായി ഉണ്ടെങ്കിലും അവരെ പിടികൂടാന്‍ വിപുലമായ ശ്രമം നടന്നിട്ടില്ല. ഒരിടത്തു പിടിക്കപ്പെട്ടാല്‍ മറ്റൊരിടത്ത്‌ ഡോക്‌ടറായി വേഷം കെട്ടുകയാണ്‌ ഇവരുടെ പതിവ്‌. അതിനാല്‍ വളരെ വിപുലമായ ശ്രമമുണ്ടായാലേ ഇവരെ കണ്ടുപിടിക്കാനാകൂ.
ഗ്രാമീണ മേഖലകളിലും മലയോര പ്രദേശങ്ങളിലുമൊക്കെയാണ്‌ വ്യാജ ഡോക്‌ടര്‍മാരുടെ വിളയാട്ടം കൂടുതല്‍. ഇടുക്കി, വയനാട്‌ ജില്ലകളില്‍ ധാരാളം വ്യാജ ഡോക്‌ടര്‍മാര്‍ പിടിയിലാകുന്നുണ്ട്‌. മികച്ച ആരോഗ്യപരിപാലനം ലഭ്യമല്ലാത്തിടങ്ങളും തോട്ടം തൊഴിലാളികളും അന്യസംസ്‌ഥാനക്കാരുമൊക്കെ ധാരാളം ഉള്ളയിടങ്ങളുമൊക്കെയാണ്‌ സാധാരണ ഇവര്‍ താവളങ്ങളാക്കുന്നത്‌. പലസ്‌ഥലത്തും ദീര്‍ഘനാള്‍ തമ്പടിക്കുന്ന പലരുമുണ്ട്‌. ഇവര്‍ നാട്ടുകാര്‍ക്കിടയില്‍ വിശ്വാസ്യത നേടിയെടുക്കുന്നു. മറ്റു ചിലരാകട്ടെ ഇടയ്‌ക്കിടയ്‌ക്ക്‌ താവളങ്ങള്‍ മാറിക്കൊണ്ടേയിരിക്കും. ചില സ്വകാര്യ ആശുപത്രികളില്‍ പോലും വ്യാജ സര്‍ട്ടിഫിക്കറ്റുമായി പ്രാക്‌ടീസ്‌ ചെയ്‌തവരുണ്ട്‌. പിടിക്കപ്പെട്ടാല്‍ ക്ലിനിക്കല്‍ എസ്‌റ്റാബ്ലിഷ്‌മെന്റ്‌ നിയമത്തില്‍ ജാമ്യം ലഭിക്കാവുന്ന കേസുകളേ രജിസ്‌റ്റര്‍ ചെയ്യാനാവൂ എന്നത്‌ ഇവര്‍ക്ക്‌ പിടിവള്ളിയാണ്‌. കുറച്ചു കാലം പ്രാക്‌ടീസില്‍ നിന്ന്‌ മാറ്റിനിര്‍ത്താനേ ഇതുവഴി സാധിക്കൂ. ഇതിനു ശേഷം അവര്‍ മറ്റെവിടെയെങ്കിലും ചികിത്സിക്കും.
പൊതുജനാരോഗ്യത്തിനു കടുത്ത ഭീഷണിയാണ്‌ വ്യാജ ഡോക്‌ടര്‍മാര്‍. രോഗത്തില്‍ നിന്ന്‌ മുക്‌തി തേടി രോഗികള്‍ ഇവരെ സമീപിക്കുന്നത്‌ തികഞ്ഞ വിശ്വാസത്തിലാണ്‌. അതിനാല്‍ത്തന്നെ മറ്റേതു കുറ്റകൃത്യത്തേക്കാള്‍ ഗുരുതരമാണ്‌ ഇവരുടെ പ്രവൃത്തി. ഇത്തരക്കാരുടെ ചികിത്സ മൂലം ജീവന്‍ നഷ്‌ടപ്പെട്ട അനേകരുണ്ട്‌. അംഗഭംഗം വന്നവരും നിത്യരോഗികളായവരും ധാരാളം. ആരോഗ്യപരിപാലന രംഗം തീരെ വളരാത്ത ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളിലല്ല, ആരോഗ രംഗത്ത്‌ ഏറെ ഉന്നോട്ടു പോയ കേരളത്തിലാണ്‌ രോഗികളെ കുഴപ്പത്തിലാക്കാന്‍ വ്യാജന്മാരുള്ളതെന്നത്‌ വലിയ വിരോധാഭാസമാണ്‌. ഇത്തരക്കാരെ കുറിച്ച്‌ സൂചന കിട്ടിയാല്‍ അത്‌ അധികൃതരെ അറിയിക്കാന്‍ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങണം. വ്യാജന്മാരെ തിരിച്ചറിയുന്നതിനും നിയമത്തിനു മുന്നിലെത്തിക്കാനും ഐ.എം.എയ്‌ക്കും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിനും ഏറെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഡോക്‌ടര്‍മാരുടെ സംഘടനകളും അവയിലെ അംഗങ്ങളും ജാഗരൂകരാവുകയെന്നതാണ്‌ ഇതിനു പോംവഴി. അതു പോലെ തന്നെ നിയമങ്ങള്‍ കര്‍ശനമാക്കാനും ശിക്ഷ വര്‍ധിപ്പിക്കാനും സര്‍ക്കാരും ശ്രദ്ധിക്കണം.

Ads by Google
Saturday 09 Feb 2019 01.02 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW