Wednesday, August 21, 2019 Last Updated 3 Min 34 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 01.44 AM

മാതൃകയാവട്ടെ ഇടുക്കി പാക്കേജ്‌

uploads/news/2019/02/286632/editorial.jpg

കഴിഞ്ഞ മഹാപ്രളയത്തില്‍ കനത്ത നാശനഷ്‌ടം സംഭവിച്ച സ്‌ഥലമായിരുന്നു ഇടുക്കി ജില്ല. കനത്ത മഴയില്‍ കോടിക്കണക്കിനു രൂപയുടെ നഷ്‌ടമായിരുന്നു ജില്ലയ്‌ക്കുണ്ടായത്‌. പ്രളയത്തിനു മുന്‍പ്‌ തന്നെ ഇടുക്കി ജില്ല മഴക്കെടുതിയുടെ താണ്ഡവം അനുഭവിച്ചിരുന്നു. നിരവധി സ്‌ഥലങ്ങളില്‍ ഉരുള്‍പൊട്ടലും കൃഷിനാശവുമുണ്ടായി. വീടുകള്‍ക്ക്‌ നാശം സംഭവിച്ചു. അതു കൂടാതെ അണക്കെട്ടുകള്‍ നിറഞ്ഞു കവിയുകയും ചെയ്‌തു. അതിനു ശേഷമാണ്‌ ഓഗസ്‌റ്റില്‍ മഴകനത്തത്‌. ഇടുക്കി ജില്ല ഒറ്റയടിക്ക്‌ മുപ്പതു വര്‍ഷം പിന്നിലേക്ക്‌ പോയതിനു തുല്യമായ നഷ്‌ടമായിരുന്നു മഴയിലും പ്രളയത്തിലുമുണ്ടായത്‌. ആയിരത്തിലെറെ കിലോമീറ്റര്‍ റോഡ്‌ തകര്‍ന്നു താറുമാറായി. ആയിരക്കണക്കിനു വീടുകള്‍ തകര്‍ന്നു. ധാരാളം പേര്‍ ഭവനരഹിതരായി. കൃഷിയിടങ്ങള്‍ വിവരണാതീതമായി തകര്‍ന്നു.

ഇത്രയധികം നാശനഷ്‌ടമുണ്ടായിട്ടും നവകേരളം സൃഷ്‌ടിക്കുമെന്നു പ്രഖ്യാപിച്ച കേരള ബജറ്റില്‍ ഇടുക്കിക്ക്‌ അര്‍ഹമായ വിഹിതമൊന്നും നല്‍കിയില്ലെന്ന്‌ ആരോപണമുയര്‍ന്നിരുന്നു. ഇതിനു പരിഹാരമെന്നവണ്ണം ഇടുക്കിയുടെ പുനരുജ്‌ജീവനത്തിനായി 5000 കോടി രൂപയുടെ പ്രത്യേക പാക്കേജ്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌ കേരള സര്‍ക്കാര്‍. സംസ്‌ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും പദ്ധതികള്‍, തദ്ദേശ പദ്ധതികള്‍, റീബില്‍ഡ്‌ കേരളാ ഇനിഷിയേറ്റീവ്‌, കിഫ്‌ബി തുടങ്ങിയ സ്രോതസ്സുകളില്‍ നിന്നുള്ള പദ്ധതികള്‍ ക്രോഡീകരിച്ച്‌ അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ നവീകരണം സാധ്യമാക്കുക എന്നതാണ്‌ ലക്ഷ്യമിടുന്നത്‌. 38 ഇനങ്ങള്‍ പാക്കേജില്‍ ഉള്‍പെടുത്തിയിട്ടുണ്ട്‌. ഇടുക്കി മെഡിക്കല്‍ കോളജിന്‌ 300 കോടി രൂപ നീക്കിവയ്‌ക്കുന്നതടക്കമുള്ള വികസനപദ്ധതികളും ഇതില്‍ ഉദ്ദേശിക്കുന്നു. ആകെ തകര്‍ന്ന ഒരു മേഖലയിലെ ജനങ്ങളോടുള്ള കരുതലായി സര്‍ക്കാരിന്റെ ഈ നീക്കത്തെ പരിഗണിക്കാം.

ഇടുക്കി എന്നു കേള്‍ക്കുമ്പോഴേ മനസ്സില്‍ വരുന്നത്‌ കാര്‍ഷിക രംഗവും ടൂറിസവുമാണ്‌. ഇതിനു രണ്ടിനും പ്രാധാന്യം കൊടുക്കുന്നതാവണം പാക്കേജ്‌. തകര്‍ന്ന റോഡുകള്‍ പഴയനിലയിലേക്ക്‌ എത്തിക്കുക എന്നത്‌ ഏറെ ശ്രമകരമാണ്‌. ഒരു പടികൂടി കടന്ന്‌ ഏറ്റവും ആധുനിക രീതിയില്‍ ഇടുക്കിയിലെ റോഡുകള്‍ മെച്ചപ്പെടുത്തിയെടുക്കുക എന്നതിനായിരിക്കണം പ്രാധാന്യം കൊടുക്കേണ്ടത്‌. കര്‍ഷകര്‍ക്കുണ്ടായ നഷ്‌ടം പലവിധത്തിലാണ്‌. മണ്ണിടിച്ചിലിലും ഉരുള്‍പൊട്ടലിലുമൊക്കെയായി ഏക്കര്‍ കണക്കിനു കൃഷിയായിരുന്നു നശിച്ചത്‌. ആ കൃഷിയിറക്കാന്‍ നടത്തിയ നിക്ഷേപമൊക്കെ നഷ്‌ടപ്പെടുകയായിരുന്നു. പരുടെയും അടുത്ത ഒരുവര്‍ഷത്തേക്കുള്ള പ്രതീക്ഷകളാണ്‌ ഇതുവഴി താറുമാറായത്‌. വലിയ കല്ലുകളും മറ്റും വന്നു വീണ്‌ കൃഷിയിടങ്ങള്‍ കൃഷിക്ക്‌ യോഗ്യമല്ലാതായിരുന്നു. അതു സജ്‌ജമാക്കുക എന്നത്‌ അതി ബൃഹത്തായ ലക്ഷ്യമാണ്‌. മാസങ്ങള്‍ കഴിഞ്ഞിട്ടും കാര്‍ഷികവൃത്തി പുനരാരംഭിക്കാന്‍ കഴിയാത്ത അനേകരുണ്ട്‌. പാക്കേജ്‌ രൂപപ്പെടുത്തുമ്പോള്‍ ഇവരെല്ലാം സര്‍ക്കാരിന്റെ മനസ്സിലുണ്ടാകണം. റോഡുകള്‍ അടക്കമുള്ള അടിസ്‌ഥാന സൗകര്യങ്ങള്‍ വികസിക്കുന്നതു ജനജീവിതത്തിനെന്നപോലെ ടൂറിസത്തിനും സഹായകമാകും. പ്രളയത്തിനു ശേഷം വീടുകളുമായി സ്‌ഥലങ്ങള്‍ ഇടിഞ്ഞു താഴുന്ന പ്രതിഭാസങ്ങള്‍ ജില്ലയില്‍ പലയിടത്തും കണ്ടിരുന്നു. പതിറ്റാണ്ടുകളായി താമസിക്കുന്ന ഭൂമിയില്‍ തുടര്‍ന്നും ജീവിക്കാനാകാതെ ഭയപ്പെട്ടു കഴിയുന്ന അനേകരുണ്ട്‌. ഇവരുടെയൊക്കെ ഭീതിയകറ്റാനും സുരക്ഷിതമായ ജീവിതസാഹചര്യങ്ങള്‍ സൃഷ്‌ടിക്കാനും സര്‍ക്കാര്‍ ശ്രമിക്കണം.

Ads by Google
Friday 08 Feb 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW