Wednesday, August 21, 2019 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 08 Feb 2019 01.43 AM

വെനസ്വേലയുടെ ഭാവി തീരുമാനിക്കേണ്ടത്‌ വല്യേട്ടനോ, ജനങ്ങളോ?

uploads/news/2019/02/286631/bft1.jpg

തെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേല ഇപ്പോള്‍ രാഷ്‌ട്രീയ സംഭവ വികാസങ്ങള്‍കൊണ്ട്‌ ലോകശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്‌. കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടുകാലമായി ഇടതുപക്ഷ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്‌ ഇവിടെ അധികാരത്തിലുള്ളത്‌. ആ സര്‍ക്കാരിനെ തകിടം മറിക്കാന്‍ അമേരിക്ക നിരന്തരമായി ശ്രമം നടത്തിക്കൊണ്ടിരിക്കുകയുമാണ്‌.
1498 ഓഗസ്‌റ്റ്‌ ഒന്നിനു ക്രിസ്‌റ്റഫര്‍ കൊംളമ്പസാണു വെനസ്വേല കണ്ടുപിടിച്ചത്‌. "ഭൂമിയിലെ പറുദീസ" എന്നാണ്‌ കൊളംമ്പസ്‌ ഈ പ്രദേശത്തെ വിശേഷിപ്പിച്ചത്‌. ഇവിടുത്തെ തദ്ദേശീയമായ ഗോത്രവിഭാഗം ഇറ്റലിയിലെ വെനിസിലേതുപോലെ വെള്ളത്തിനു മുകളില്‍ പണികഴിപ്പിച്ച വീടുകളിലാണു താമസിച്ചിരുന്നത്‌. വെനസ്വേല എന്ന പേരു വരാന്‍ കാരണമിതാണ്‌.
1521 മുതല്‍ സ്‌പാനിഷ്‌ കോളനി ഭരണത്തിന്‍ കീഴിലായിരുന്നു വെനസ്വേല. തെക്കേ അമേരിക്കയിലെ ആദ്യത്തെ സ്‌പാനിഷ്‌ കുടിയേറ്റം നടന്നത്‌ വെനസ്വേലയിലെ കുമാന പട്ടണത്തിലാണ്‌. 1811 ജൂലൈ 5 നു വെനസ്വേല സ്വാതന്ത്ര്യം നേടി. ഫ്രാന്‍സിസ്‌കോ ഡീ മിറാള്‍ഡയും, സൈമണ്‍ ബോളിവറുമായിരുന്നു സ്വാതന്ത്ര്യ സമരനായകന്‍മാര്‍.
സ്വാതന്ത്ര്യാനന്തരം ഗ്രാന്റ്‌ കൊളമ്പിയയുടെ ഭാഗമായിരുന്നു വെനസ്വേല. 1830 ല്‍ അതില്‍നിന്നും വിട്ട്‌ സ്വതന്ത്ര റിപ്പബ്ലിക്കായി. 1958 വരെ ഏകാധിപത്യ ഭരണവും പട്ടാള അട്ടിമറികളും വെനസ്വേലയില്‍ മാറിമാറി വന്നു. ഇതില്‍ 1908 മുതല്‍ 1935 വരെ ഭരണത്തില്‍ ഇരുന്ന ഹുവാന്‍ ഡിസന്റ്‌ ഗോമസായിരുന്നു ഏറ്റവും കുപ്രസിദ്ധി നേടിയ ഭരണാധികാരി. 1958 ല്‍ ജനാധിപത്യ രീതിയിലുള്ള ഭരണം വെനസ്വേലയില്‍ ആരംഭിച്ചു. 2006 ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഹ്യൂഹോ ഷാവോസ്‌ തുടര്‍ച്ചയായി മൂന്നാമതും പ്രസിഡന്റായി.
എണ്ണ നിക്ഷേപത്തില്‍ ലോകത്തില്‍ മൂന്നാം സ്‌ഥാനത്തില്‍ നില്‍ക്കുന്ന വെനസ്വേല എണ്ണ കയറ്റുമതിയില്‍ അഞ്ചാം സ്‌ഥാനത്താണ്‌. കരീബിയന്‍ കടലിലെ നൂറോളം ദ്വീപുകളും വേനസ്വേലയുടെ ഭാഗമാണ്‌. ബ്രസീല്‍, ഗയാന, കൊളംബിയ എന്നിവയാണ്‌ അയല്‍ രാജ്യങ്ങള്‍.
വെനസ്വേലയുടെ ജനപ്രീയ പ്രസിഡന്റായിരുന്നു ഇടതുപക്ഷക്കാരനായിരുന്ന ഹ്യൂഗോ ഷാവേസ്‌. സൈന്യത്തില്‍ ലഫ്‌റ്റനന്റ്‌ കേണല്‍ ആയിട്ടാണ്‌ അദ്ദേഹം സൈനിക സേവനം ആരംഭിച്ചത്‌. 1992 ല്‍ രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന്‌ പട്ടാള അട്ടിമറിക്ക്‌ ഷാവേസ്‌ ശ്രമിച്ചെങ്കിലും അട്ടിമറി ശ്രമം പരാജയപ്പെടുകയും തടവിലാകുകയും ചെയ്‌തു. 1998 ല്‍ ഷാവേസ്‌ വെനസ്വേലയുടെ പ്രസിഡന്റായി. തുടര്‍ന്ന്‌ അദ്ദേഹം രണ്ടു പ്രാവശ്യം കൂടി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ഇടതുപക്ഷക്കാരനും സോഷ്യലിസ്‌റ്റ്‌ ചിന്താഗതിക്കാരനുമായ ഷാവേസ്‌ അമേരിക്കന്‍ സാമ്പ്രാജ്യത്വത്തിന്റെ കടുത്ത എതിരാളി ആയിരുന്നു. ആഗോളവല്‍ക്കരണം, ഉദാരവത്‌ക്കരണം, നിയോ ലിബറലിസം തുടങ്ങിയവയുടെ കടുത്ത വിമര്‍ശകനുമായിരുന്നു അദ്ദേഹം.
ഹ്യൂഗോ ഷാവേസിന്റെ നിര്യാണത്തെ തുടര്‍ന്നാണ്‌ നിലവിലുള്ള പ്രസിഡന്റ്‌ നിക്കോളാസ്‌ മദൂറോ അധികാരത്തില്‍ വന്നത്‌. ഹ്യൂഗോ ഷാവോസിനുണ്ടായിരുന്നത്ര ജനപിന്തുണയും ഭരണനൈപുണ്യവും മദൂറോയ്‌ക്ക്‌ അവകാശപ്പെടാന്‍ ഇല്ല. എങ്കിലും പാര്‍ട്ടിയുടെയും ജനങ്ങളുടെയും ശക്‌തമായ പിന്തുണ നേടിയെടുക്കാന്‍ അദ്ദേഹത്തിന്‌ സാധിച്ചിട്ടുണ്ട്‌. അമേരിക്കന്‍ സാമ്രാജ്യത്വത്തോട്‌ യാതൊരു ഒത്തുതീര്‍പ്പിനും തയാറല്ലാതിരുന്ന ഹ്യൂഗോ ഷാവോസിന്റെ നയം തന്നെയാണ്‌ മദൂറോയും പിന്തുടരുന്നത്‌. അതുകൊണ്ട്‌ തന്നെ സാമ്രാജ്യത്വത്തിന്റെ കണ്ണിലെ കരടായി അദ്ദേഹം മാറുകയും ചെയ്‌തു.
വെനസ്വേലയിലെ സാമ്പത്തിക സ്‌ഥിതി ഇപ്പോള്‍ വളരെ മോശമാണ്‌. എണ്ണയുടെ വിലയിടിവും അമേരിക്കയുടെ കടുത്ത സാമ്പത്തിക ഉപരോധങ്ങളും സാമ്പത്തിക പ്രതിസന്ധി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്‌. എങ്കിലും കഴിഞ്ഞ മേയില്‍ നടന്ന തെരഞ്ഞെടുപ്പിലും 67.84 % വോട്ടുനേടിക്കൊണ്ട്‌ മദൂറോ രണ്ടാം വട്ടവും പ്രസിഡന്റായി.
ഈ തെരഞ്ഞെടുപ്പിനെ തന്നെ സാമ്രാജ്യത്വ ശക്‌തികള്‍ ചോദ്യം ചെയ്യുകയാണ്‌ ഉണ്ടായത്‌. അതിന്റെ ഭാഗമായിത്തന്നെയാണ്‌ പ്രതിപക്ഷേ നേതാവ്‌ വാന്‍ ഗ്വയ്‌ഡോ പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചത്‌. ആദ്യം അമേരിക്ക തന്നെ അദ്ദേഹത്തെ അംഗീകരിച്ചു. തുടര്‍ന്ന്‌ ഫ്രാന്‍സ്‌, ബ്രിട്ടന്‍, ഓസ്‌ട്രിയ, സ്വീഡന്‍, ഡെന്‍മാര്‍ക്ക്‌, സ്‌പെയിന്‍, പോര്‍ട്ടുഗല്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇടക്കാല പ്രസിഡന്റിനെ അംഗീകരിക്കുകയാണ്‌ ഉണ്ടായത്‌. ഏറ്റവും ഒടുവില്‍ യൂറോപ്യന്‍ യൂണിയനും വാന്‍ ഗ്വയ്‌ഡോയുടെ പാവ സര്‍ക്കാരിനെ അംഗീകരിച്ചിരിക്കുകയാണ്‌.
മദുറോ അധികാരമൊഴിഞ്ഞില്ലെങ്കില്‍ സൈന്യത്തെ വിന്യസിക്കുമെന്നാണ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണാള്‍ഡ്‌ ട്രംപിന്റെ ഭീഷണി. ഈ പ്രസ്‌താവനയ്‌ക്ക്‌ മറുപടിയായി വെനസ്വേല അമേരിക്കയെ പ്രതിരോധിക്കാന്‍ തയാറായിക്കൊണ്ടിരിക്കുകയാണെന്ന്‌ മദുറോ പറഞ്ഞു.
ജനാധിപത്യ രീതിയില്‍ അധികാരത്തില്‍ ഏറിയ ഇടതു പക്ഷ സര്‍ക്കാരിനെ താഴെയിറക്കാന്‍ ഏറ്റവും കടുത്ത നീക്കങ്ങളാണ്‌ അമേരിക്കയും സഖ്യരാജ്യങ്ങളും നടത്തിക്കൊണ്ടിരിക്കുന്നതെങ്കിലും വലിയ ജനപിന്തുണ മദൂറോയ്‌ക്ക്‌ ഇപ്പോഴും ലഭിക്കുന്നുണ്ട്‌. എണ്ണയിലും സ്വര്‍ണമടക്കമുള്ള പ്രകൃതി വിഭവങ്ങളിലും കണ്ണുവെച്ചാണ്‌ വെനസ്വേലയ്‌ക്ക്‌ മേലുള്ള അമേരിക്കയുടെ കടന്നു കയറ്റമെന്ന യാഥാര്‍ത്ഥ്യം അവിടുത്തെ ജനങ്ങള്‍ മനസിലാക്കി കഴിഞ്ഞിട്ടുണ്ട്‌.
റഷ്യയും ചൈനയും ക്യൂബയും ബൊളീവിയയും മറ്റ്‌ ഇടതുപക്ഷ സര്‍ക്കാരുകളും വെനസ്വേലയ്‌ക്ക്‌ ശക്‌തമായ പിന്തുണ നല്‍കുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ നടക്കുമ്പോള്‍ തന്നെ മദൂറോ അനുകൂല പ്രതികരണങ്ങള്‍ക്കും രാജ്യം സാക്ഷിയായി. പ്രതിപക്ഷത്തിന്റെ പ്രതിഷേധങ്ങളിലേതിനെക്കാള്‍ ജനപിന്തുണയോടെയായിരുന്നു സര്‍ക്കാര്‍ അനുകൂല പ്രകടനങ്ങള്‍ നടന്നത്‌. രാജ്യത്ത്‌ ആകെ മദൂറോ സര്‍ക്കാരിന്‌ പിന്തുണയുമായി ജനം ഒഴുകിയെത്തുകയാണ്‌. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്കെതിമര അമേരിക്ക നടത്തുന്ന നീക്കങ്ങളുടെ തുടര്‍ച്ചയാണ്‌ വെനസ്വേലയില്‍ ഇപ്പോള്‍ നടക്കുന്നത്‌. രാജ്യത്തിലെ എണ്ണ ശേഖരണത്തിലാണ്‌ അമേരിക്കയുടെ കണ്ണ്‌.
കഴിഞ്ഞ തെരഞ്ഞെടുപ്പിലും പ്രതിപക്ഷത്തെയും പാശ്‌ചാത്യ മാധ്യമങ്ങളെയും ഉപയോഗപ്പെടുത്തി ഭരണം അട്ടിമറിക്കാന്‍ അമേരിക്ക ശ്രമം നടത്തിയിരുന്നു. വെനസ്വേലയ്‌ക്കെതിരെ ശക്‌തമായ നയതന്ത്ര ആക്രമണമാണ്‌ പാശ്‌ചാത്യ ചേരി നടത്തിയത്‌. എന്നാല്‍ എല്ലാത്തരം കുപ്രചരണങ്ങളേയും അതിജീവിച്ചാണ്‌ വന്‍ ഭൂരിപക്ഷത്തോടെ മദൂറോ രണ്ടാമതും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്‌ എന്നത്‌ പ്രത്യേകം എടുത്തു പറയേണ്ടതാണ്‌.
വെനസ്വേലയില്‍ ഒരു ജനാധിപത്യ സര്‍ക്കാരാണ്‌ അധികാരത്തില്‍ ഇരിക്കുന്നത്‌. സര്‍ക്കാര്‍ നയങ്ങള്‍ക്ക്‌ എതിരായി ജനകീയ പ്രക്ഷോഭണങ്ങള്‍ എല്ലാ രാഷ്‌ട്രങ്ങളിലും നടക്കുന്നുണ്ട്‌. വെനസ്വേലയിലും ജനകീയ സമരങ്ങള്‍ നടക്കുന്നുണ്ടെന്നുള്ളത്‌ ശരിതന്നെയാണ്‌. എന്നാല്‍ ആ രാജ്യത്തെ ജനങ്ങളും സര്‍ക്കാരുമാണ്‌ ഈ സമരങ്ങളുടെ ഭാവി നിശ്‌ചയിക്കേണ്ടത്‌. വെനസ്വേലയുടെ ഭാവി ആ രാജ്യവും ജനതയുമാണ്‌ നിശ്‌ചയിക്കേണ്ടത്‌; അമേരിക്കയല്ല.

Email: avdgsugunangmail.com)

അഡ്വ. ജി. സുഗുണന്‍
ഫോണ്‍: 9847132428

Ads by Google
Friday 08 Feb 2019 01.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW