Wednesday, August 21, 2019 Last Updated 32 Min 19 Sec ago English Edition
Todays E paper
Ads by Google
Thursday 07 Feb 2019 01.34 AM

ചരിത്രം കുറിച്ച പാപ്പാ സന്ദര്‍ശനം

uploads/news/2019/02/286360/editorial.jpg

യു.എ.ഇയില്‍ ഫ്രാന്‍സിസ്‌ മാര്‍പാപ്പ നടത്തിയ മുന്നു ദിവസത്തെ സന്ദര്‍ശനം പല കാരണങ്ങളാല്‍ ചരിത്രപ്രാധാന്യമുള്ളതായിരുന്നു. കത്തോലിക്കാ വിശ്വാസ ലോകത്തിന്റെ തലവന്‍ ഇതാദ്യമായി യു.എ.ഇ. സന്ദര്‍ശിക്കുകയായിരുന്നു. ആ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ്‌ ഒരു ൈക്രസ്‌തവ ദിവ്യബലി പൊതുവിടത്തു നടന്നത്‌. മാര്‍പാപ്പ നേതൃത്വം നല്‍കിയ ദിവ്യബലിയില്‍ ഒന്നേമുക്കാല്‍ ലക്ഷത്തോളം പേരാണ്‌ പങ്കെടുത്തത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനു ൈക്രസ്‌തവ വിശ്വാസികളാണ്‌ യു.എ.ഇയിലുള്ളത്‌. അവര്‍ക്ക്‌ ആരാധനയ്‌ക്കായി ധാരാളം ദേവാലയങ്ങള്‍ ആ രാജ്യത്തുണ്ടെങ്കിലും ആഗോളസഭയുടെ തലവനെ ദര്‍ശിക്കാനും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ദിവ്യബലിയില്‍ പങ്കെടുത്ത്‌ സായുജ്യമടയാനും അവസരം കിട്ടിയെന്നത്‌ അവര്‍ക്കെല്ലാം സ്വപ്‌നസാക്ഷാത്‌കാരമായിരുന്നു. യു.എ.യിലെ ജനസംഖ്യയില്‍ 13 ശതമാനം ൈക്രസ്‌തവരാണ്‌. കേരളത്തില്‍ നിന്ന്‌ ധാരാളം ൈക്രസ്‌തവര്‍ ആ രാജ്യത്തുണ്ട്‌. ഇവര്‍ക്കെല്ലാമുള്ള അംഗീകാരമാണ്‌ മാര്‍പാപ്പയുടെ സന്ദര്‍ശനവും അദ്ദേഹത്തെ അവിടേക്ക്‌ ക്ഷണിച്ചതും.

മധ്യപൂര്‍വേഷ്യയില്‍ സമാധാനം കൈവരുത്തേണ്ടതിന്റെ ആവശ്യകത ഫ്രാന്‍സിസ്‌ മാര്‍പാപ്പ എടുത്തു പറഞ്ഞിരുന്നു. സിറിയയില്‍ സംഘട്ടനം അവസാനിപ്പിക്കണമെന്നും ഗള്‍ഫ്‌ മേഖലയിലെ രാജ്യങ്ങള്‍ തമ്മില്‍ സഹവര്‍ത്തിത്തം ഊര്‍ജിതപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു. ൈക്രസ്‌തവ-മുസ്ലിം സഹകരണത്തിന്‌ ആക്കം കൂട്ടുന്നതായി മാര്‍പാപ്പയുടെ സന്ദര്‍ശനം. മാര്‍പാപ്പയും, മുസ്ലിംകളുടെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ ഈജിപ്‌തിലെ അല്‍ അസ്‌ഹര്‍ ഗ്രാന്‍ഡ്‌ മോസ്‌കിലെ ഇമാം അഹമദ്‌ അല്‍ തയേബും ഒപ്പു വച്ച സമാധാന പത്രിക ഏറെ പ്രതീക്ഷ നല്‍കുന്നതാണ്‌. രണ്ടു പുരോഹിതരും തീവ്രവാദത്തെ തള്ളിപ്പറഞ്ഞു. തന്റെ പേരില്‍ ലോകത്ത്‌ അക്രമം അഴിച്ചു വിടുന്നത്‌ ദൈവം ഒരിക്കലും അംഗീകരിക്കില്ലെന്നതാണ്‌ സമാധാന പത്രികയിലെ പ്രധാന സന്ദേശം. അടുത്തകാലത്തു നടന്നതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായിരുന്നു അബുദബിയില്‍ മാര്‍പാപ്പ പങ്കെടുത്ത മതാന്തര സമ്മേളനം. സമാധാനത്തിന്റെ സന്ദേശം ലോകമെമ്പാടും പ്രചരിക്കാനാണ്‌ ഈ യോഗങ്ങളിലെല്ലാം മാര്‍പാപ്പ ആഹ്വാനം ചെയ്‌തത്‌.

ലോകമൊന്നാകെ ശ്രദ്ധിക്കുന്ന ഒരു വലിയ വ്യക്‌തിത്വത്തിന്‌ ഉചിതമായ സ്വീകരണമാണ്‌ യു.എ.ഇ. ഫ്രാന്‍സിസ്‌ പാപ്പായ്‌ക്ക്‌ നല്‍കിയത്‌. ആ രാജ്യത്തിന്റെ ഔദ്യോഗിക ക്ഷണം അനുസരിച്ചായിരുന്നു സന്ദ്രര്‍ശനം. വിവിധ വിശ്വാസങ്ങള്‍ക്ക്‌ നിയന്ത്രണം ഏര്‍പെടുത്താത്ത യു.എ.ഇയാകട്ടെ ഏവര്‍ക്കും ദിവ്യബലിയില്‍ പങ്കെടുക്കാന്‍ അവസരമൊരുക്കി. ദിവ്യബലിയില്‍ പങ്കെടുക്കാന്‍ അവധി നല്‍കിയതടക്കം മാതൃകാപരമായ സമീപനമായിരുന്നു യു.എ.യുടേത്‌. സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്ന മാര്‍പാപ്പയെ യാത്രയയ്‌ക്കാന്‍ അബുദബി കിരീടാവകാശി ഷെയ്‌ഖ്‌ മുഹമ്മദ്‌ ബിന്‍ സയീദ്‌ അല്‍ നഹ്യാന്‍ നേരിട്ട്‌ എത്തിയതു തന്നെ സന്ദര്‍ശനത്തിന്റെ പ്രാധാന്യം വ്യക്‌തമാക്കുന്നു. കേവലം വിശ്വാസ കാര്യങ്ങള്‍ക്ക്‌ അപ്പുറം ലോകത്തിനു പ്രസക്‌തമായ പലകാര്യങ്ങളിലും വ്യത്യസ്‌തവും പ്രചോദനാത്മകവുമായ നിലപാടുകള്‍ സ്വീകരിച്ചയാളാണ്‌ ഫ്രാന്‍സിസ്‌ മാര്‍പാപ്പ. സമാധാനം, സാഹോദര്യം, മാനവികത, പരിസ്‌ഥിതി സംരക്ഷണം എന്നിങ്ങനെ വിവിധ വിഷയങ്ങളില്‍ ലോകത്തിന്‌ വെളിച്ചമേകുന്ന നിലപാടുകളാണ്‌ അദ്ദേഹത്തിന്റേത്‌. ലോകത്തില്‍ വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചെങ്കിലും ഇന്ത്യ സന്ദര്‍ശിക്കാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം ഇനിയും സാധിച്ചിട്ടില്ല. ഇന്ത്യയിലെ ൈക്രസ്‌തവ സമുഹം അദ്ദേഹത്തിന്റെ സന്ദര്‍ശനത്തിനു കൊതിക്കുന്നുവെങ്കിലും ഇനിയും ഇന്ത്യ ഔദ്യോഗിക ക്ഷണം നല്‍കാന്‍ തയാറായിട്ടില്ല. വലിയൊരു ൈക്രസ്‌തവ സമൂഹമുള്ള ഇന്ത്യ മാര്‍പാപ്പയുടെ സന്ദര്‍ശനം അര്‍ഹിക്കുന്നുണ്ട്‌.

Ads by Google
Thursday 07 Feb 2019 01.34 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW