Friday, June 21, 2019 Last Updated 9 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Feb 2019 04.31 PM

കുട്ടികളെ നല്ല ശീലങ്ങള്‍ പഠിപ്പിക്കാം

''മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയും പെരുമാറ്റം കണ്ടാണ് കുട്ടികള്‍ വളരുന്നത്. മുതിര്‍ന്നവര്‍ നല്ല ശീലങ്ങള്‍ പിന്തുടര്‍ന്നാല്‍ മാത്രമേ കുട്ടികളും അതനുകരിക്കൂ.''
uploads/news/2019/02/286171/parenting060219a.jpg

ഈ കുട്ടിയെക്കൊണ്ട് തോറ്റു. ഒരു മിനിറ്റ് അടങ്ങിയിരിക്കില്ല.. ഇങ്ങനെ പരാതിപ്പെടാത്ത അമ്മമാര്‍ കുറവായിരിക്കും. വീട്ടില്‍ അതിഥികള്‍ വരുന്ന സമയത്തോ പുറത്തുപോകുന്ന സമയത്തോ ആണ് കുട്ടികളുടെ വികൃതി എങ്കില്‍ നാണം കെട്ടതുതന്നെ.

കുട്ടികള്‍ നന്നായി വളരണമെങ്കില്‍ ജീവിതമൂല്യങ്ങളും നല്ല ശീലങ്ങളും പഠിപ്പിക്കേണ്ടതുണ്ട്. ചെറുപ്പം മുതല്‍ ആരോഗ്യത്തിന്റെയും ജീവിതത്തിന്റെയും നല്ല പാഠങ്ങള്‍ പഠിപ്പിച്ചാലേ വലുതാകുമ്പോഴും നല്ലൊരു ജീവിതശൈലി രൂപപ്പെടൂ.

ആരോഗ്യകരമായ ഭക്ഷണശീലം


ഭക്ഷണം കഴിക്കാന്‍ മടി കാണിക്കുന്ന കുട്ടികള്‍ക്ക് ജങ്ക്ഫുഡ് കൊടുക്കുകയാണ് മാതാപിതാക്കളുടെ പതിവ്. ഇലക്കറികള്‍, പച്ചക്കറികള്‍, പഴങ്ങള്‍, നട്‌സ്, തവിട് നീക്കാത്ത ധാന്യങ്ങള്‍ ഇവയെല്ലാം കുട്ടികളുടെ ആഹാരത്തില്‍ ഉള്‍പ്പെടുത്തണം.

ജങ്ക്ഫുഡും സംസ്‌ക്കരിച്ച ഭക്ഷണപദാര്‍ത്ഥങ്ങളും കഴിവതും ഒഴിവാക്കുക. പകരം വീട്ടില്‍ ആരോഗ്യകരമായ രീതിയില്‍ ഭക്ഷണമുണ്ടാക്കി നല്‍കാം. ചെറിയ പ്രായത്തിലേ ജങ്ക്ഫുഡ് സൃഷ്ടിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് കുട്ടികളെ പറഞ്ഞുമനസിലാക്കണം.

എന്നും ഒരേ ഭക്ഷണം തന്നെ നല്‍കാതെ ആഴ്ചയിലൊരിക്കല്‍ പച്ചക്കറികള്‍ ചേര്‍ത്ത ഫ്രൈഡ്റൈസോ പുലാവോ ഉണ്ടാക്കി നല്‍കിയാല്‍ കുട്ടികള്‍ക്ക് ഭക്ഷണത്തോട് മടുപ്പ് തോന്നില്ല.

കളിച്ചുവളരട്ടെ


കുട്ടികളെ അടക്കിയിരുത്താന്‍ വേണ്ടി മൊബൈല്‍ ഗെയിം കളിക്കാനും കാര്‍ട്ടൂണ്‍ കാണാന്‍ അനുവദിക്കുകയുമാണ് പുതുതലമുറയിലെ മാതാപിതാക്കളുടെ പതിവ്. ഇത് നല്ല ശീലമല്ല.

കുട്ടികള്‍ അടങ്ങിയിരിക്കാന്‍ വേണ്ടി മണിക്കൂറുകളോളം ടി.വി കാണാന്‍ അനുവദിക്കുന്നതും മൊബൈല്‍ നല്‍കുന്നതും കുട്ടികളെ ദോഷകരമായി ബാധിച്ചേക്കാം.

ഇങ്ങനെ ടി.വിക്കോ മൊബൈലിനോ മുമ്പില്‍ ചടഞ്ഞുകൂടി ഇരിക്കുന്നത് അമിത വണ്ണം, ഉറക്കമില്ലായ്മ, സ്വഭാവത്തിലുള്ള വൈകല്യങ്ങള്‍ തുടങ്ങിയവയ്ക്ക് കാരണമാകാം. കുട്ടികള്‍ പ്രകൃതിയോടിണങ്ങി കളിച്ചു വളരട്ടെ.

ശുചിത്വം


ശുചിത്വം പാലിക്കാന്‍ കുട്ടികളെ പഠിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ നന്നായി വൃത്തിയായി കഴുകാന്‍ ശീലിപ്പിക്കാം.

ഭക്ഷണം കഴിക്കുമ്പോള്‍ ചവയ്ക്കുന്ന ശബ്ദം കേള്‍പ്പിക്കരുത്, ഭക്ഷണം വായില്‍വച്ചു സംസാരിക്കരുത് എന്നീ ടേബിള്‍ മാനേഴ്‌സും കുട്ടികളെ പഠിപ്പിക്കണം. ദിവസവും രണ്ടുനേരം പല്ല് തേക്കാനും ശരീരം വൃത്തിയായി സൂക്ഷിക്കാനും കുട്ടികളെ ശീലിപ്പിക്കുക.

ഉത്തരവാദിത്തം അറിഞ്ഞു വളരട്ടെ


ഭാവിയില്‍ വീട്ടുകാര്യങ്ങള്‍ ചെയ്യാന്‍ ചെറിയ പ്രായം മുതല്‍ കുട്ടികളെ വീട്ടുജോലികള്‍ പഠിപ്പിക്കാം. സ്വന്തം കളിപ്പാട്ടങ്ങള്‍ അടുക്കി വയ്ക്കുക, മുറി വൃത്തിയാക്കുക തുടങ്ങിയ ചെറിയ കാര്യങ്ങള്‍ ആദ്യം ശീലിപ്പിക്കാം.

പഠനമേശ വൃത്തിയാക്കുക, സ്‌കൂള്‍ ബാഗില്‍ വേണ്ടവ എടുത്ത് വയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ കുട്ടി സ്വയം ചെയ്യട്ടെ. കുട്ടികള്‍ മുതിരുന്നതനുസരിച്ച് കൂടുതല്‍ ചുമതലകള്‍ അവര്‍ക്ക്
നല്‍കണം. കഴിച്ച പാത്രം വൃത്തിയാക്കാനും ബെഡ് വിരിക്കാനും മുറി വൃത്തിയാക്കാനും അവര്‍ സ്വയം പഠിക്കട്ടെ.

കുടുംബത്തോടൊപ്പം


കുടുംബത്തിന്റെ കൂടെ സമയം ചെലവഴിക്കേണ്ടത് വളരെ പ്രധാനമാണ്, പ്രത്യേകിച്ച് വളരുന്ന കുഞ്ഞുങ്ങള്‍. ദിവസം ഒരു തവണയെങ്കിലും കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുക.

ചെറിയ കുഞ്ഞുങ്ങള്‍ക്ക് നേരത്തെ ഭക്ഷണം നല്‍കിയതാണെങ്കിലും കുടുംബാംഗങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ഒരു ചെറിയ ബൗളില്‍ ലഘുഭക്ഷണമെന്തെങ്കിലും നല്‍കി അവരെക്കൂടി ഒപ്പമിരുത്തുക.

ആവശ്യത്തിനുള്ള ഉറക്കം


5 മുതല്‍ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് 10 അല്ലെങ്കില്‍ 11 മണിക്കൂര്‍ ഉറക്കം വേണം. നിങ്ങളുടെ കുട്ടികളെ ദിവസവും ഒരേ സമയത്ത് ഉറക്കാന്‍ ശ്രമിക്കണം.

പതിവ് ഉറക്ക പാറ്റേണ്‍ അവരെ ക്ലാസുകളില്‍ കൂടുതല്‍ ശ്രദ്ധാലുക്കളാകാന്‍ സഹായിക്കും. ചെറിയ കുട്ടികള്‍ക്കു കഥപറഞ്ഞുകൊടുക്കുന്നത് അവരെ സമാധാനമായി ഉറങ്ങാന്‍ സഹായിക്കും.

മൂല്യങ്ങള്‍ പഠിപ്പിക്കാം


പങ്കുവയ്ക്കലിന്റെ ഗുണം അറിഞ്ഞുവേണം കുട്ടികള്‍ വളരേണ്ടത്. കരുതല്‍, സ്നേഹം, സൗഹൃദം ഇവയെല്ലാം പ്രകടിപ്പിക്കാന്‍ പങ്ക് വയ്ക്കലിലൂടെ കഴിയുമെന്ന് കുട്ടികളെ പറഞ്ഞു പഠിപ്പിക്കണം.

സൗഹൃദങ്ങള്‍ ജീവിതത്തില്‍ വളരെ പ്രധാനമാണെന്നു കുട്ടിയെ പറഞ്ഞു മനസിലാക്കണം. കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചയ്ക്ക് സൗഹൃദങ്ങള്‍ വളരെ പ്രധാനമാണ്. കുട്ടികള്‍ക്ക് നല്ല കൂട്ടുകാരെ തെരഞ്ഞെടുക്കാന്‍ മാതാപിതാക്കളും സഹായിക്കണം.

എല്ലാ കാര്യങ്ങളും പോസിറ്റീവായി കാണാന്‍ കുട്ടികളെ പഠിപ്പിക്കാം. എപ്പോഴും കുട്ടികളോട് ശാന്തമായും പോസിറ്റീവായും സംസാരിക്കാം. എന്നാല്‍ മാത്രമേ കുട്ടികളും പോസിറ്റീവായി സംസാരിക്കുകയും ചിന്തിക്കുകയും ചെയ്യുകയുള്ളൂ.

മുതിര്‍ന്നവരോട് ബഹുമാനത്തോടെ പെരുമാറാന്‍ പഠിപ്പിക്കുക. സമപ്രായക്കാരും പ്രായത്തില്‍ ഇളപ്പമുള്ളവരും ഉള്‍പ്പെടെ എല്ലാവരും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്ന് കുട്ടിയെ പറഞ്ഞു പഠിപ്പിക്കണം.

മറ്റുള്ളവരോട് അനാവശ്യമായി ദേഷ്യപ്പെട്ട് സംസാരിക്കുക, താഴ്ത്തിക്കെട്ടി സംസാരിക്കുക, നിറം, ആകാരം, രോഗം ഇവയുടെ പേരില്‍ പരിഹസിക്കുക ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കണമെന്ന് കുട്ടിയെ പഠിപ്പിക്കാം. ഉപകാരം ചെയ്താല്‍ നന്ദി പറയുകയും കഴിയുന്ന പ്രത്യുപകാരം തിരികെ ചെയ്യണമെന്നും പഠിപ്പിക്കാം.

മുതിര്‍ന്നവര്‍ ഒരിക്കലും കുട്ടികളുടെ മുമ്പില്‍ വച്ച് നുണ പറയരുത്. മറ്റുള്ളവരുടെ സാധനങ്ങള്‍ അവരുടെ സമ്മതത്തോടെയല്ലാതെ എടുക്കരുതെന്നും അങ്ങനെ ചെയ്യുന്നത് മോഷണമാണെന്നും കുട്ടികളെ പഠിപ്പിക്കാന്‍ ശ്രദ്ധിക്കണം.

Ads by Google
Wednesday 06 Feb 2019 04.31 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW