Wednesday, August 21, 2019 Last Updated 29 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 06 Feb 2019 01.40 AM

വോട്ട്‌ ബാങ്കിനു മുന്നില്‍ എന്തു സാമൂഹിക നീതി!

uploads/news/2019/02/286002/bft1.jpg

എല്ലാ ജനവിഭാഗങ്ങള്‍ക്കും സാമൂഹികനീതിയും സമത്വവും ഉറപ്പു നല്‍കുന്നതാണു ഭാരതത്തിന്റെ ഭരണഘടന. 1950 ജനുവരി 26 ന്‌ നിലവില്‍ വന്നതിനു ശേഷം 69 സംവത്സരം പിന്നിട്ടു. എന്നാല്‍, ഭരണഘടനാശില്‌പികള്‍ അഭിലഷിച്ച സാമൂഹികനീതിയും സമത്വവും ഇനിയും പൂര്‍ണമായി പൂവണിഞ്ഞിട്ടില്ല. സ്വാതന്ത്ര്യത്തിന്‌ മുമ്പ്‌ ചാതുര്‍വര്‍ണ്യവ്യവസ്‌ഥയില്‍ സവര്‍ണനും അവര്‍ണനും എന്ന വേര്‍തിരിവിലൂടെ നൂറ്റാണ്ടുകളോളം ജീവിക്കേണ്ട ദുര്‍ഗതിയുണ്ടായി. ഇതിനെ ഇന്ത്യയിലെ ഇരുണ്ട കാലഘട്ടമെന്നു വിശേഷിപ്പിക്കാം.
ഇതില്‍നിന്നു മുക്‌തരാകാന്‍ കാലങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. കോടികണക്കിന്‌ അവശ ജനവിഭാഗങ്ങളെ വിവേചനങ്ങളില്‍ നിന്ന്‌ മോചിതരാക്കാനും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ ഉയര്‍ത്തെഴുന്നേല്‍പ്പിക്കാനും ഭരണഘടനാ ശില്‌പിയായ ഡോ. ബി.ആര്‍. അംബേദ്‌കര്‍ ഏര്‍പ്പെടുത്തിയതാണു സംവരണവ്യവസ്‌ഥ. ഏറ്റവും കൂടുതല്‍ പീഡനം പേറേണ്ടി വന്ന പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളെ ഭരണഘടനയുടെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തി.
ഇതിലൂടെ അടിച്ചമര്‍ത്തപ്പെട്ടവന്റെ മിശിഹായായി അദ്ദേഹം അറിയപ്പെട്ടു. ഭരണഘടന നിര്‍മാണസഭയില്‍ സാമ്പത്തികവും മറ്റ്‌ ഭൗതികവുമായ വേര്‍തിരിവാണ്‌ പാര്‍ശ്വവത്‌ക്കരണത്തിന്റെ നിദാനമെന്ന വാദമുഖങ്ങളെ അംബേദ്‌കര്‍ തള്ളി. പിന്നീട്‌ അടിച്ചമര്‍ത്തപ്പെട്ടവന്റെ മോചനത്തിനായുള്ള വജ്രായുധമായി ഭരണഘടനയെ അദ്ദേഹം വിനിയോഗിച്ചു. ഇതിലൂടെ വലിയൊരു സാമൂഹികവിപ്ലത്തിന്‌ തന്നെയാണ്‌ അദ്ദേഹം വഴിതെളിച്ചത്‌.
പിന്നീട്‌ സ്വതന്ത്രഭാരതത്തില്‍ രൂപം കൊണ്ട ഭരണഘടനയിലൂടെയാണ്‌ പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക്‌ 15% സംവരണം കേന്ദ്ര സര്‍ക്കാരും 10% സംവരണം സംസ്‌ഥാന സര്‍ക്കാരും ഏര്‍പ്പെടുത്തിയത്‌. ദേശീയ-സംസ്‌ഥാനാടിസ്‌ഥാനത്തില്‍ ജനപ്രതിനിധിതലത്തിലും സംവരണത്തിന്‌ വ്യവസ്‌ഥയുണ്ടായി. വിദ്യാഭ്യാസ മേഖലയിലും ബാധകമാക്കി. ഷെഡ്യൂളില്‍ ഉള്‍പ്പെട്ടതിനാല്‍ സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റിലൂടെ സംവരണം പരിപൂര്‍ണമായി പരിപാലിക്കാന്‍ അധികൃതര്‍ നിര്‍ബന്ധിതരായി. പഞ്ചായത്തുരാജ്‌ - നഗരപാലിക ബില്ലിലൂടെ ഭരണതലത്തിലും ഇത്‌ യാഥാര്‍ഥ്യമാക്കാനായി. അവസാന സെന്‍സസ്‌ പ്രകാരം 23.8% വരുന്ന ഈ വിഭാഗത്തിന്‌ ജനസംഖ്യാനുപാതികമായി പ്രാതിനിധ്യം ലഭിക്കാന്‍ ഇനിയും ഏറെക്കാലം കാത്തിരിക്കേണ്ടിവരും.
എന്നാല്‍, ദളിത്‌ വിഭാഗങ്ങള്‍ക്ക്‌ പുറമെ അസമത്വവും അവശതയും നേരിടുന്ന മറ്റ്‌ പിന്നാക്ക വിഭാഗങ്ങള്‍ക്ക്‌ ഭരണഘടനയുടെ 340-ാം വകുപ്പില്‍ ഉള്‍പ്പെടുത്തി നിര്‍ദേശക തത്വമായി സംവരണത്തിന്‌ വ്യവസ്‌ഥ ചെയ്‌തു. ഈഴവ, മുസ്ലിം, വിശ്വകര്‍മ, നാടാര്‍, വീരശൈവന്‍, വിളക്കിത്തല നായര്‍, തുടങ്ങി അനവധി സമുദായങ്ങള്‍ സംവരണത്തിന്‌ അര്‍ഹരായി. സംവരണം ഏര്‍പ്പെടുത്തുന്നതിന്‌ 1953- ല്‍ അന്നത്തെ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു ആണ്‌ ആദ്യമായി കാക്കാ കലേദ്‌ക്കറിന്റെ നേതൃത്വത്തില്‍ കമ്മിഷനെ നിയമിച്ചത്‌. 1955 -ല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്‌ പാര്‍ലമെന്റിന്റെ മേശപ്പുറത്ത്‌ പോലും എത്തിയില്ല. മൊറാര്‍ജി ദേശായി പ്രധാനമന്ത്രിയായപ്പോള്‍ കാലഹരണപ്പെട്ട ഈ റിപ്പോര്‍ട്ട്‌ തള്ളി. ബി.പി. മണ്ഡലിന്റെ നേതൃത്വത്തില്‍ പുതിയ കമ്മിഷനെ നിയമിച്ചു. എന്നാല്‍, സര്‍ക്കാര്‍ കാലാവധിക്ക്‌ മുമ്പ്‌ തകര്‍ന്നതിനാല്‍ ഒന്നും സംഭവിച്ചില്ല. പിന്നീട്‌ വി.പി.സിംഗിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ്‌ റിപ്പോര്‍ട്ട്‌ ഭാഗികമായെങ്കിലും നടപ്പാക്കിയത്‌. എന്നാല്‍, ഇത്‌ കൊണ്ടും കാര്യമായ പ്രയോജനം സിദ്ധിച്ചില്ല.
ഇതിനിടെയാണ്‌ അനീതിയും അവഗണനയും നേരിടുന്ന മറ്റൊരു പ്രബല ജനവിഭാഗമായ മുസ്ലിം ന്യൂനപക്ഷത്തിന്റെ ജീവിതാവസ്‌ഥ പഠിച്ച്‌ പരിഹാരം നിര്‍ദേശിക്കുന്നതിനായി ജസ്‌റ്റിസ്‌ രജീന്ദര്‍ സച്ചാറിന്റെ നേതൃത്വത്തില്‍ കമ്മിഷനെ കേന്ദ്രസര്‍ക്കാര്‍ നിയമിച്ചത്‌. ഈ കമ്മിഷന്‍ റിപ്പോര്‍ട്ടുപ്രകാരം, പട്ടികജാതി- പട്ടിക വര്‍ഗ വിഭാഗത്തേക്കാള്‍ പശ്‌ചിമ ബംഗാള്‍ അടക്കം നിരവധി പ്രദേശങ്ങളില്‍ മുസ്ലിം ജനവിഭാഗം പിന്നിലാണ്‌. എന്നിട്ടും ഈ റിപ്പോര്‍ട്ട്‌ ഭാഗികമായി മാത്രമേ നടപ്പാക്കാന്‍ തയാറായുള്ളു. ഇന്ത്യയില്‍ താരതമ്യേന കേരളത്തിലാണ്‌ ഈവിഭാഗം മെച്ചപ്പെട്ട സ്‌ഥിതിയില്‍ ജീവിക്കുന്നത്‌. എന്നാല്‍, ജനസംഖ്യയുടെ 28 % ശതമാനമുണ്ടായിട്ടും 12% സംസ്‌ഥാനാടിസ്‌ഥാനത്തില്‍ സംവരണം ഏര്‍പ്പെടുത്തിയിട്ടും കേവലം ഏഴു ശതമാനത്തില്‍ താഴെ മാത്രമേ ഉദ്യോഗസ്‌ഥപ്രാതിനിധ്യം ലഭ്യമായിട്ടുള്ളൂ.
ഭരണഘടനയുടെ സപ്‌തതിയില്‍ എത്തി നില്‍ക്കുന്ന വേളയില്‍ പോലും ദളിത്‌-പിന്നാക്ക-മുസ്ലിം ജനവിഭാഗങ്ങള്‍ സാമൂഹിക നീതിയും സമത്വവും ആര്‍ജിക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണു തിടുക്കത്തില്‍ 10 ശതമാനം സാമ്പത്തികസംവരണം കൊണ്ടുവന്ന കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ നടപടികളെ വിലയിരുത്തേണ്ടത്‌.
മുന്നോക്കക്കാരില്‍ സാമ്പത്തിക പിന്നാക്കാവസ്‌ഥ നേരിടുന്നവരുണ്ടെന്നാണ്‌ സാമ്പത്തിക സംവരണ വാദികളുടെ മുഖ്യവാദം. ഇത്‌ യാഥാര്‍ഥ്യമാണ്‌. പ്രധാനപ്പെട്ട മേഖലകളിലെല്ലാം ജനസംഖ്യയുടെ രണ്ടും മൂന്നും ഇരട്ടി അവസരപ്രാതിനിധ്യം ലഭിച്ച മുന്നാക്ക വിഭാഗത്തിന്റെ അവസ്‌ഥ ഇതാണെങ്കില്‍ പകുതിയില്‍ താഴെയും നാലില്‍ ഒന്നും ലഭിച്ച പിന്നാക്കക്കാരന്റെ സ്‌ഥിതി എത്രമാത്രം ദയനീയമാണെന്ന്‌ ഇക്കൂട്ടര്‍ വ്യക്‌തമാക്കേണ്ടതല്ലേ? എട്ടു ലക്ഷം രൂപ വാര്‍ഷിക വരുമാനവും അഞ്ച്‌ ഏക്കര്‍സ്‌ഥലവും 1200 ചതുശ്രയടി വീടുമുള്ളവന്‍ സാമ്പത്തികമായി പിന്നിലാണെന്നാണു സര്‍ക്കാര്‍ കണക്ക്‌. ഇത്‌ മുന്നാക്കക്കാരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കാണോ അതോ, അതിലെ വരേണ്യ വര്‍ഗത്തിനാണോ ഗുണം ലഭിക്കുകയെന്നു സാമാന്യബുദ്ധിയുള്ള ആര്‍ക്കും ബോധ്യപ്പെടും.
ഭരണഘടനയുടെ അന്തസത്തയ്‌ക്ക്‌ നിരാക്കാത്തതും പിന്നാക്ക വിഭാഗങ്ങളെ വഞ്ചിക്കുന്നതുമായ നിലപാട്‌ സാമ്പത്തിക സംവരണത്തിലൂടെ സര്‍ക്കാരുകള്‍ നടത്തുന്നത്‌ ഒട്ടും ഉചിതമല്ല. എത്രയോ സുപ്രധാന വിധി ന്യായത്തിലൂടെ വിവിധ കോടതികള്‍ സാമുദായിക സംവരണമാണ്‌ ഭരണഘടന വിഭാവന ചെയ്യുന്നതെന്നും സാമ്പത്തികസംവരണം അത്‌ അനുവദിക്കില്ലെന്നതും വ്യക്‌തമാക്കപ്പെട്ടതാണ്‌.
ഭരണഘടനാ വിരുദ്ധമാണെങ്കിലും എങ്ങനെയും മുന്നോക്ക വിഭാഗത്തെ പ്രീണിപ്പിച്ച്‌ വോട്ട്‌ ബാങ്ക്‌ സൃഷ്‌ടിച്ച്‌ അധികാരം നിലനിര്‍ത്തണം. ഈ ഓട്ടപ്പാച്ചിലില്‍ എന്ത്‌ സാമൂഹിക നീതി! എന്ത്‌ സാമൂഹിക സമത്വം ! ദളിത്‌-പിന്നാക്ക വോട്ടുബാങ്കിലൂടെ രാഷ്‌ട്രീയ ശക്‌തിയാര്‍ജിച്ച മായാവതിയും ബി.എസ്‌.പി.യും ഇതിനെ പിന്‍താങ്ങേണ്ട ഗതികേടിലെത്തി. സാമ്പത്തിക സംവരണത്തിന്‌ യോജിപ്പില്ലാത്ത മറ്റെല്ലാ മുഖ്യധാരാരാഷ്‌ട്രീയ പാര്‍ട്ടികളും ബില്ല്‌ പാസാക്കാന്‍ പിന്‍താങ്ങിയതിന്റെയും കാരണം വ്യക്‌തം. സംവരണ വ്യവസ്‌ഥ അട്ടിമറിച്ചാലും നീതി നിഷേധിച്ചാലും സാമ്പത്തിക സംവരണം കൊണ്ടു വന്നാലും പിന്നാക്ക ദളിത്‌ വിഭാഗങ്ങളെ തങ്ങളുടെ വാലാട്ടികളായി കൊണ്ടു നടക്കാമെന്ന യാഥാര്‍ഥ്യം ഇവര്‍ക്കറിയാം. പിന്നാക്കക്കാരന്‍ സടകുടഞ്ഞ്‌ എഴുന്നേറ്റില്ലെങ്കില്‍ കോരന്‌ എന്നും കുമ്പിളില്‍ തന്നെ കഞ്ഞിയാകും.

എ. റഹിംകുട്ടി

(നാഷണല്‍ മുസ്ലിം കൗണ്‍സില്‍ സംസ്‌ഥാന പ്രസിഡന്റാണ്‌ ലേഖകന്‍)

Ads by Google
Wednesday 06 Feb 2019 01.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW