Sunday, August 18, 2019 Last Updated 57 Min 44 Sec ago English Edition
Todays E paper
Ads by Google
ജോയിഷ് ജോസ്
Tuesday 05 Feb 2019 09.12 PM

ഈ ചിത്രത്തില്‍ മമ്മൂട്ടിയില്ല! വേദനിപ്പിച്ചും ഓര്‍മ്മിപ്പിച്ചും കൊണ്ടൊരു സിനിമ; പേരന്‍പ് റിവ്യൂ

പ്രേക്ഷകരെ അത്ഭുതപെടുത്തിയ മമ്മൂട്ടിയിലെ മഹാനടനെ ഇവിടുത്തെ പുതിയ സംവിധായകർ മറന്നുപോയപ്പോള്‍, അദ്ദേഹത്തിന്റെ സൗന്ദര്യവും മാര്‍ക്കറ്റ് വാല്യൂവും മാത്രം വിറ്റു കാശാക്കിയപ്പോള്‍ റാം എന്ന തമിഴ് സംവിധായകൻ വേണ്ടിവന്നു അദ്ദേഹത്തിലെ നടനെ തിരിച്ചു കൊണ്ടുവരാന്‍.
peranbu, mammmootty

അവള്‍ ചന്ദ്രനാകുമ്പോള്‍ ഞാന്‍ സൂര്യനും അവള്‍ സൂര്യനാകുമ്പോള്‍ ഞാന്‍ ചന്ദ്രനുമാകുന്നു ' ( അമുദവന്‍ - പേരന്‍പ് )

ചില സിനിമകള്‍ അങ്ങനെയാണ് ഇടയ്ക്കിടെ വേദനിപ്പിച്ചും ഓര്‍മ്മിപ്പിച്ചും കൊണ്ടേയിരിക്കും എന്നിട്ട് സങ്കുചിതമായ ചിന്താഗതികളില്‍ നിന്ന് തിരിച്ചറിവിന്റെ വിശാലമായ തീരത്തേക്ക് പാലായനം ചെയ്യിക്കും. അങ്ങനെ ഒരു സിനിമ കണ്ടിറങ്ങിയതിന്റെ ആവേശത്തിലാണ് ഞാന്‍. പേരന്‍പ്... തമിഴ് സിനിമയുടെ എണ്‍പത് വർഷ ചരിത്രത്തിൽ മാത്രമല്ല അത്രതന്നേ പാരമ്പര്യമുള്ള മലയാള സിനിമയുടെയും എക്കാലത്തേയും മികച്ച പത്ത് സിനിമകളിൽ ഒന്നാവും പേരന്‍പ്. കോട്ടയം അനശ്വര തീയറ്ററില്‍ നിന്ന് സിനിമ കഴിഞ്ഞിറങ്ങിയപ്പോള്‍ അഭിപ്രായം തേടിയ എല്ലാവർക്കും നല്ല അഭിപ്രായങ്ങൾ മാത്രമേ പറയാനുള്ളു.ഒരു പക്ഷേ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ താരാരാധന മാറ്റി വെച്ചു കണ്ട സിനിമയും പേരന്‍പാവും.

peranbu, mammmootty

മതിലുകൾ , അമരം, പൊന്തന്മാട, ഒരു വടക്കൻ വീരഗാഥ ,തനിയാവർത്തനം പിന്നേ മൃഗയായും വിധേയനും ഒക്കെക്കഴിഞ്ഞു വളരെ അപൂര്‍വ്വമായി കാഴ്ചയിലും പാലേരിമാണിക്യത്തിലും പ്രാഞ്ചിയേട്ടനിലുമൊക്കെ മാത്രമേ മമ്മൂട്ടിയുടെ അഭിനയശേഷി മലയാളികൾ കണ്ടിട്ടുള്ളു. പ്രേക്ഷകരെ അത്ഭുതപെടുത്തിയ മമ്മൂട്ടിയിലെ മഹാനടനെ ഇവിടുത്തെ പുതിയ സംവിധായകർ മറന്നുപോയപ്പോള്‍, അദ്ദേഹത്തിന്റെ സൗന്ദര്യവും മാര്‍ക്കറ്റ് വാല്യൂവും മാത്രം വിറ്റു കാശാക്കിയപ്പോള്‍ - തങ്കമീന്‍കള്‍,തരമണി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ റാം എന്ന തമിഴ് സംവിധായകൻ വേണ്ടിവന്നു അദ്ദേഹത്തിലെ നടനെ തിരിച്ചു കൊണ്ടുവരാന്‍. പേരന്‍പ് എന്ന സിനിമയിലൂടെ മമ്മൂട്ടിയുടെ അഭിനയ ചാതുര്യം മങ്ങിയിട്ടില്ല എന്ന് കാണിച്ചു തരുന്നു ഈ സംവിധായകൻ.

peranbu, mammmootty

ശാരീരിക മാനസിക വൈകല്യം ബാധിച്ച പാപ്പ എന്ന പെൺകുട്ടിയും അവളുടെ അച്ഛന്‍ അമുദവനും തമ്മിലുള്ള മാനസികമായ അടുപ്പത്തിന്റെയും പിരിമിറുക്കത്തിന്റെയും കഥയാണ് പേരന്‍പ്. തന്റെ പെൺകുഞ്ഞു വളർന്നു വരുമ്പോൾ അറിയാതെ പോകുന്ന ഇഷ്ടാനിഷ്ടങ്ങളും, അമ്മയുടെ സാന്നിധ്യം ഇല്ലാത്ത ഒരു പെൺകുട്ടി നേരിടുന്ന കൗമാരവും തന്മൂലം അവളുടെ അച്ഛൻ അനുഭവിക്കുന്ന മാനസിക വിഷമവും എല്ലാം ഈ സിനിമയില്‍ മനോഹരമായി ആവിഷ്കരിച്ചിരിക്കുന്നു. മകള്‍ക്ക് തുണ എന്നതിനപ്പുറം ജീവിതത്തിന്റെ നിറങ്ങളെല്ലാം കെട്ടുപോയൊരു മനുഷ്യന്റെ വ്യഥകൂടി പ്രേക്ഷകരുടെ ഉള്ളില്‍ത്തട്ടും വിധം മമ്മൂട്ടി സ്‌ക്രീനിലെത്തിച്ചിട്ടുണ്ട്. സാധന അവതരിപ്പിച്ച പാപയും, അഞ്ജലിയുടെ വിജിയും, ട്രാന്‍സ് ജെന്‍ഡര്‍ ആര്‍ട്ടിസ്റ്റ് നായിക അഞ്ജലി അമീറിന്‍റെ മീരയും അഭിനയിക്കുകയായിരുന്നില്ല മറിച്ച് പകര്‍ന്നാടുകയായിരുന്നു.ഛായാഗ്രഹണം നടത്തിയ തേനി ഈശ്വറും, ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തലസംഗീതവും കൈകാര്യം ചെയ്ത യുവാൻ ശങ്കർ രാജയും ഗാനരചന നടത്തിയ വൈരമുത്തുവുമെല്ലാം അവരുടേതായ സംഭാവനകള്‍ നല്കി ഈ സിനിമയെ മഹത്തരമാക്കി എന്ന് പറയാതെ വയ്യ.

peranbu, mammmootty

ശാരീരിക വൈകല്യങ്ങള്‍ ബാധിച്ച ഒരു കുട്ടി പ്രത്യേകിച്ച് പെണ്‍കുട്ടി ജനിച്ചാൽ മാതാപിതാക്കളുടെ മനസ്സിൽ പിന്നെ ആധിയാണ്. സ്വന്തം കുഞ്ഞ് എന്ന നിലയിൽ ഏറെ സ്നേഹം ആദ്യകാലങ്ങളില്‍ ഉണ്ടാവുമെങ്കിലും ആ കുട്ടി ഒരു ഭാരമായി പിന്നീട് പലഘട്ടത്തിലും തോന്നിയേക്കാം. ചിലപ്പോള്‍ മാതാപിതാക്കള്‍ അവരെ ഉപേക്ഷിച്ചുവെന്നു തന്നേ വരാം.അതുപോലെ തന്നേ കുട്ടികള്‍ക്കുണ്ടാകുന്ന ഇത്തരം അവസ്ഥകളുടെ ശാസ്ത്രീയമായ കാരണങ്ങളെക്കുറിച്ചോ അവയ്ക്കുള്ള ആധുനിക ചികിത്സാ പ്രതിവിധികളെക്കുറിച്ചോ,അവ നല്‍കാന്‍ കഴിവുള്ള ചികിത്സകരെക്കുറിച്ചോ,അവരുടെ യോഗ്യതകളെക്കുറിച്ചോ സമൂഹത്തില്‍ പല മാതാപിതാക്കള്‍ക്കും തികഞ്ഞ അജ്ഞതയാണ്‌ ഇന്നുള്ളത്‌. ഇത്തരം മാതാപിതാക്കള്‍ ഈ അറിവില്ലായ്മ മൂലം അശാസ്ത്രീയവും, വ്യാജവുമായ പല ചികിത്സകള്‍ക്കും പിന്നാലെ പോവുകയും ചതിക്കുഴികളില്‍ വീണ്‌ തട്ടിപ്പുകള്‍ക്ക് വിധേയരാവുകയും ചെയ്യാറുമുണ്ട്. ഇക്കാര്യങ്ങളെല്ലാം പേരന്‍പില്‍ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.

ഒരു സിനിമ തിയേറ്ററിൽ പോയി ബഹളങ്ങളില്ലാതെ കണ്ടിട്ട് കുറച്ച് നാളുകളായി ,കാരണം ഇക്ക, ഏട്ടന്‍, പേട്ടന്‍... തുടങ്ങിയ ആരാധകരുടെ കാറികൂവലുകളായിരുന്നു, മര്യാദയ്ക്കിരുന്ന് ഒറ്റ സിനിമാ കാണാന്‍ ഒരു സമയത്ത് ഇവര്‍ കാരണം കഴിയില്ലയിരുന്നു. എന്നാല്‍ ഇന്ന് തീയറ്ററിലെ അവസ്ഥ തികച്ചും വ്യത്യസ്തമായിരുന്നു. ബാലൻ മാഷിനെയും, മേലേടത്ത് രാഘവൻ നായരെയും, അച്ചൂട്ടിയെയും, മാടയെയും,ഭാസ്ക്കരപട്ടേലരെയും പോലുള്ള മമ്മൂട്ടി കഥാപാത്രങ്ങളെ കാണാതെ, ഓര്‍മ്മിക്കാതെ മമ്മൂട്ടിയുടെ അതിമാനുഷിക കഥാപാത്രങ്ങള്‍ക്ക് മാത്രം കൈയ്യടിച്ച് ആടി തിമിർക്കുന്ന യുവതലമുറക്ക് പേരന്‍പിലെ അമുദവനെ കണ്ടപ്പോൾ അദ്ഭുതവും ആകാംക്ഷയായിരുന്നു. അതുകൊണ്ടുതന്നേ തീര്‍ച്ചയായും പേരന്‍പ് മമ്മൂട്ടി തന്റെ നല്ല സിനിമകളിലേയ്ക്കുള്ള തിരിച്ച് വരവായി എടുക്കും എന്നുതന്നേ കരുതാം...

Ads by Google
ജോയിഷ് ജോസ്
Tuesday 05 Feb 2019 09.12 PM
Ads by Google
Loading...
TRENDING NOW