Wednesday, August 21, 2019 Last Updated 29 Min 15 Sec ago English Edition
Todays E paper
Ads by Google
Monday 04 Feb 2019 01.44 AM

സമരം ചെയ്യിച്ചതിന്‌ നീതീകരണമില്ല

uploads/news/2019/02/285521/editorial.jpg

സമരം ചെയ്‌താലേ അര്‍ഹമായ അവകാശങ്ങള്‍ ലഭ്യമാകൂവെന്നു വരുന്നത്‌ ഒരു ജനാധിപത്യ സര്‍ക്കാരിന്‌ അലങ്കാരമല്ല. അര്‍ഹമായ ആനുകൂല്യങ്ങള്‍ ബലം പ്രയോഗിച്ച്‌ നേടിയെടുക്കേണ്ടിവരുന്നത്‌ ഒരു ജനതയുടെ ഗതികേടാണ്‌. ഇതു തിരിച്ചറിയാത്ത ജനപ്രതിനിധികള്‍ ആ ദേശത്തിന്റെ ശാപവുമാണ്‌. സമരത്തിനു നോട്ടീസ്‌ കൊടുത്തിട്ടും നടപടിയെടുക്കാത്ത കെ.എസ്‌.ആര്‍.ടി.സി. എം.ഡിയോട്‌ കോടതി ചോദിച്ചതു മാത്രമേ അത്തരം ഭരണാധികാരികളോട്‌ ചോദിക്കാനുള്ളൂ. നിങ്ങള്‍ക്കെന്താണ്‌ പിന്നെ പണി?

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ സര്‍ക്കാരിനു സമരമുന്നറിയിപ്പ്‌ ആഴ്‌ചകള്‍ക്കു മുമ്പേ നല്‍കിയതാണ്‌. ബൗദ്ധിക, ശാരീരിക വൈകല്യങ്ങളുമായി പിറക്കുന്ന കുഞ്ഞുങ്ങളുടെ അര്‍ഹമായ അവകാശങ്ങള്‍ നേടാന്‍വേണ്ടിയായിരുന്നു ആ അമ്മമാര്‍ കാസര്‍ഗോട്ടുനിന്നും തിരുവനന്തപുരത്തേക്ക്‌ സമരത്തിനെത്തിയത്‌. എന്നാല്‍ മനുഷ്യത്വം മരവിച്ച അധികാരികള്‍ ആവശ്യങ്ങളെ കണ്ടില്ലെന്നു നടിച്ചു. മാത്രമല്ല, സമരം നടത്തുക എന്ന ഗതികേടുവരെ അവരെയെത്തിച്ചു. എല്ലാം തുച്‌ഛവും അര്‍ഹവുമായ ചില ആനുകൂല്യങ്ങള്‍ക്കുവേണ്ടി. ഭിന്നശേഷിയുമായി പിറക്കുന്നവര്‍ ആ കുടുംബത്തിന്റേത്‌ എന്നതിനപ്പുറം നാടിന്റേതു കൂടിയാണ്‌ എന്നു വിചാരിക്കുന്നിടത്താണു സംസ്‌കാരവും നവോത്ഥാനവും. അവരുടെ സംരക്ഷണം തങ്ങളുടെ കടമയാണ്‌ എന്നു കരുതുന്നെങ്കിലേ നാടിനും സര്‍ക്കാരിനും മനുഷ്യമുഖം ഉണ്ടാകുകയുള്ളൂ. വൈകല്യങ്ങളുമായി ഇവിടെ പിറന്നുവീണ ഓരോകുഞ്ഞും സര്‍ക്കാരിന്റെ അബദ്ധത്തിന്റെ സന്തതികളായിരുന്നു.

സര്‍ക്കാര്‍ സംവിധാനം സമ്മാനിച്ച വൈകല്യങ്ങളുമായി പിറന്നവരെ എത്രമാത്രം കഷ്‌ടപ്പെടുത്താം എന്ന ഗവേഷണമായിരുന്നു ഭരിക്കുന്നവര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരോട്‌ ഇതുവരെ നടത്തിയത്‌. ഈ സമരപ്പന്തലിലേക്ക്‌ സ്‌ഥിരം നവോത്ഥാന നായകരാരും തിരിഞ്ഞുനോക്കിയില്ലെന്നതും ലജ്‌ജയോടെ നാം കാണേണ്ടതാണ്‌. ഉദരപൂരണം നടക്കുന്നിടത്തേ സാംസ്‌കാരികനായക സാന്നിധ്യം ഉണ്ടാകുകയുള്ളൂ എന്നതു കേരളം നേരത്തേതന്നെ തിരിച്ചറിഞ്ഞിട്ടുള്ളതാണ്‌. ദുരിതബാധിതരായ കുഞ്ഞുങ്ങളുമായി ആ അമ്മമാരെ കാസര്‍ഗോട്ടുനിന്നും തിരുവനന്തപുരം വരെയെത്തിച്ച അധികാരികളുടെ ധാര്‍ഷ്‌ട്യം പൊറുക്കാവുന്നതല്ല. അവര്‍ ഗതികേടുകൊണ്ടു നടത്തിയ സമരത്തെ, കുട്ടികളെ പ്രദര്‍ശിപ്പിക്കുന്നതു ശരിയല്ല എന്ന പ്രയോഗം കൊണ്ടു നേരിടാന്‍ ശ്രമിച്ച ആരോഗ്യമന്ത്രി കെ.കെ. ശൈലജ കാട്ടിയത്‌ തെറ്റായ മാതൃകയാണ്‌.

താനുള്‍പ്പെടെയുള്ളവര്‍ ഇരിക്കുന്ന കസേരകളുടെ പിടിപ്പുകേടുകൊണ്ടാണ്‌ ആ കുഞ്ഞുങ്ങളുമായി ആ അമ്മമാര്‍ സെക്രട്ടേറിയറ്റിനു മുന്നിലെത്തേണ്ടി വന്നതെന്നു മന്ത്രി മറന്നു. അധികാരത്തിന്റെ ധാര്‍ഷ്‌ട്യം കൊണ്ട്‌ ആ അമ്മമാരെ അടിച്ചമര്‍ത്താമെന്നും കരുതി. കുഞ്ഞുങ്ങളെ പ്രദര്‍ശിപ്പിക്കുന്നതിന്റെ ന്യായാന്യായങ്ങള്‍ നിരത്തി വിരട്ടാമെന്നു ചിന്തിച്ചു. പക്ഷേ വര്‍ഷങ്ങളായി ഈ കുഞ്ഞുങ്ങളുമായി ജീവിതത്തോടു പടപൊരുതുന്ന അമ്മമാര്‍ അങ്ങനെ വിരളില്ലെന്നു ചിന്തിക്കാനുള്ള വിവേകം പോലും മന്ത്രിക്കുണ്ടായില്ല. അതു മനസിലാക്കാന്‍ അവരോടൊപ്പം ഒരു ദിവസം കഴിഞ്ഞാല്‍, അധികാരത്തിന്റെ ആടയാഭരണങ്ങള്‍ അഴിച്ചുവച്ച്‌ ആ സമരപ്പന്തല്‍ ഒന്നു സന്ദര്‍ശിച്ചാല്‍ മതിയായിരുന്നു, അവരനുഭവിക്കുന്ന ജീവിതദുഃഖങ്ങളുടെ തീവ്രത തിരിച്ചറിയാന്‍.രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി നടത്തുന്ന പ്രകടനങ്ങള്‍ക്ക്‌ കുട്ടികളെ അണിനിരത്തുന്നവര്‍ക്ക്‌ ഇതൊക്കെ പറയാന്‍ എന്തു അവകാശമാണുള്ളതെന്ന്‌ അവര്‍ ചിന്തിച്ചില്ല. നാലുദിവസം പൊരിവെയിലത്ത്‌ സെക്രട്ടേറിയറ്റ്‌ നടയില്‍ കിടന്ന്‌ അഞ്ചാം ദിനം മുഖ്യമന്ത്രിയുടെ വസതിയിലേക്ക്‌ സങ്കടമാര്‍ച്ച്‌ നടത്തുന്നിടം വരെയെത്തി കാര്യങ്ങള്‍. അതോടെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ അവര്‍ സമരം അവസാനിപ്പിച്ചു. അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു കിട്ടി.
ഇനി സമരം ചെയ്‌തു നേടിയ അവരുടെ പ്രധാന ആവശ്യങ്ങള്‍ കൂടി കേരളം തിരിച്ചറിയണം. എങ്കിലേ അവര്‍ സമരം ചെയ്‌തത്‌ കോടികള്‍ സമ്പാദിക്കാനല്ല, മറിച്ചു നരകിച്ചു ജീവക്കാനാണെന്നു വ്യക്‌തമാകുകയുള്ളൂ.

1 കഴിഞ്ഞ വര്‍ഷം മെഡിക്കല്‍ ക്യാംപില്‍ രോഗബാധിതരെന്നു കണ്ടെത്തിയ 1,905 പേരില്‍ പതിനെട്ടു വയസ്‌ പൂര്‍ത്തിയായവരെ ഉടന്‍ തന്നെ പട്ടികയില്‍ ഉള്‍പ്പെടുത്തും.
2. പതിനെട്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക്‌ മെഡിക്കല്‍ പരിശോധനയുടെ അടിസ്‌ഥാനത്തില്‍ ആനുകൂല്യങ്ങള്‍ കിട്ടാന്‍ നടപടിയെടുക്കും.
3. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ സ്‌ഥിതിചെയ്യുന്ന പതിനൊന്നു പഞ്ചായത്തുകളിലെ ദുരിതബാധിതരെ മാത്രമേ ഉള്‍പ്പെടുത്തൂ എന്ന മാനദണ്ഡം ഒഴിവാക്കും.
4. കഴിഞ്ഞ മെഡിക്കല്‍ ക്യാംപ്‌ ഹര്‍ത്താല്‍ ദിനത്തിലായതിനാല്‍, അന്നു പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്കും അസുഖങ്ങളുള്ളവര്‍ക്കും വേണ്ടി ക്യാംപ്‌ സംഘടിപ്പിക്കും.
5. ദുരിതബാധിതരുടെ സംരക്ഷണത്തിനായി നാലു ബഡ്‌സ്‌ സ്‌കൂളുകള്‍ പ്രവര്‍ത്തനമാരംഭിക്കും.
ഇവയിലേതെങ്കിലും ആഡംബരമാണോയെന്നു കേരളം ചിന്തിക്കണം. ഇവയിലേതെങ്കിലും കാറും ബംഗ്ലാവും പരിചാരകരെയും നേടി സുഖജീവിതം നയിക്കാനുള്ളതാണോയെന്നു നാം ആലോചിക്കണം. ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാവുന്ന വൈകല്യങ്ങളുമായി ജനിക്കുന്ന ഈ കുഞ്ഞുങ്ങളെ ആനുകൂല്യങ്ങള്‍ക്കായി വരി നിര്‍ത്തുന്നതു പോലും മാപ്പര്‍ഹിക്കാത്ത കുറ്റമാണ്‌. അവരെ സമരത്തിലേക്ക്‌ എത്തിക്കുന്നതിന്‌ മനഃസാക്ഷിക്കു മുന്നില്‍ നീതീകരണമില്ല. ഈ അമ്മമാരുടെയും കുട്ടികളുടെയും ക്ഷേമത്തിനു വേണ്ടിസര്‍ക്കാര്‍ എന്തു ചെയ്‌തു കൊടുത്താലും കേരളം കൈയടിച്ചു പ്രോത്സാഹിപ്പിക്കും. അതു മറക്കരുത്‌.

Ads by Google
Monday 04 Feb 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW