Wednesday, August 21, 2019 Last Updated 29 Min 9 Sec ago English Edition
Todays E paper
Ads by Google
Sunday 03 Feb 2019 01.59 AM

കമ്യൂണിസ്‌റ്റ്‌ ഐക്യവും സി.എം.പിയും

എം.വി. രാഘവന്റെ നേതൃത്വത്തില്‍ സി.എം.പി. രൂപീകൃതമായിട്ട്‌ മൂന്നേകാല്‍ പതിറ്റാണ്ട്‌ തികയുകയാണ്‌. ദേശീയ രാഷ്‌ട്രീയത്തിലും സംസ്‌ഥാന രാഷ്‌ട്രീയത്തിലും വളരെയധികം മാറ്റങ്ങള്‍ ഇതിനകം സംഭവിച്ചിട്ടുണ്ട്‌. സി.എം.പി. രൂപീകരിച്ച കാലത്തെ കേരള രാഷ്‌ട്രീയമല്ല ഇപ്പോള്‍ ഇവിടെ നമുക്ക്‌ കാണാന്‍ കഴിയുന്നതും.
ദേശീയ രാഷ്‌ട്രീയത്തില്‍ ഇടത്‌-മതേതര ശക്‌തികളുടെ കടമകള്‍ അടിവരയിട്ട്‌ ചൂണ്ടിക്കാട്ടുന്ന ഒന്നായിരുന്നു സി.എം.പിയുടെ കോട്ടയത്തു ചേര്‍ന്ന ഒന്‍പതാം പാര്‍ട്ടി കോണ്‍ഗ്രസ്‌ അംഗീകരിച്ച രാഷ്‌ട്രീയ പ്രമേയം. സാര്‍വദേശീയ സാഹചര്യങ്ങളില്‍ വിലയിരുത്തിക്കൊണ്ട്‌ ഇടതു പക്ഷ പ്രസ്‌ഥാനങ്ങള്‍ ശക്‌തിപ്പെടുത്തേണ്ടതിന്റെയും, കമ്മ്യൂണിസ്‌റ്റ്‌ ഐക്യവും, കമ്മ്യൂണിസ്‌റ്റ്‌ ഏകീകരണവും സാധ്യമാക്കേണ്ടതിന്റേയും പ്രാധാന്യം പ്രമേയത്തില്‍ എടുത്തുപറയുകയും ചെയ്‌തു.
ദേശീയ രാഷ്‌ട്രീയത്തില്‍ ബി.ജെ.പിയുടെ ജനവിരുദ്ധ നയങ്ങളെ എതിര്‍ത്ത്‌ തോല്‍പ്പിക്കാനും, ഈ സര്‍ക്കാരിന്റെ ന്യൂനപക്ഷ-പിന്നോക്ക ജനവിഭാഗങ്ങള്‍ക്ക്‌ എതിരായ കടന്നാക്രമണങ്ങളെ ഫലപ്രദമായി ചെറുക്കാനും മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിന്‌ സാധ്യമല്ലെന്നും തെളിഞ്ഞിരിക്കുകയാണ്‌. സാമ്പത്തിക നയത്തിന്റെ കാര്യത്തിലായാലും ഏറ്റവും സജീവമായ ജനകീയ പ്രശ്‌നങ്ങളുടെ കാര്യത്തിലായാലും ബി.ജെ.പിയുടെയും കോണ്‍ഗ്രസ്സിന്റെയും നയസമീപനങ്ങളില്‍ വലിയ വ്യത്യാസമൊന്നും കാണാന്‍ കഴിയാത്ത സ്‌ഥിതിയാണ്‌. ദേശീയ രാഷ്‌ട്രീയത്തില്‍ ഹിന്ദുത്വ കാര്‍ഡ്‌ മാത്രം െകെമുതലാക്കി ഭരണകക്ഷിയായ ബി.ജെ.പി. മുന്നോട്ട്‌ നീങ്ങുകയാണ്‌. ബാബറി മസ്‌ജിദ്‌ പൊളിച്ചുകൊണ്ടാണ്‌ ഹിന്ദുത്വകാര്‍ഡ്‌ ഉയര്‍ത്തിപിടിച്ചുകൊണ്ടുള്ള െജെത്രയാത്ര ബി.ജെ.പി. ആരംഭിച്ചത്‌. ഈ നയംകൊണ്ടാണ്‌ രാഷ്‌ട്രീയ അധികാരത്തിലേക്ക്‌ അവര്‍ ഉയര്‍ന്നത്‌. ബി.ജെ.പിയും സംഘപരിവാറും തങ്ങളുടെ പ്രഖ്യാപിത പരിപാടികളെല്ലാം നടപ്പിലാക്കാനുള്ള തീവ്രശ്രമത്തിലാണ്‌. പൊതു സിവില്‍ നിയമം നടപ്പിലാക്കി കഴിഞ്ഞിട്ടില്ലെങ്കിലും അതിന്‌ മുന്നോടിയായുള്ള മുത്തലാക്ക്‌ നിയമം പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. എന്തുപ്രത്യാഘാതമുണ്ടായാലും അയോദ്ധ്യയില്‍ ശ്രീരാമക്ഷേത്രം പണിയുമെന്ന്‌ സംഘപരിവാര്‍ സംഘടനകള്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. ഉത്തര്‍പ്രദേശ്‌ മുഖ്യമന്ത്രി യോഗി ആദിത്യനാഥും രാമക്ഷേത്ര നിര്‍മ്മാണത്തിനായി രംഗത്തുണ്ട്‌. ബി.ജെ.പിയുടെ ചില കേന്ദ്രമന്ത്രിമാരും ക്ഷേത്രനിര്‍മ്മാണം ഉടന്‍ ആരംഭിക്കണമെന്ന നിലയിലുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയിരിക്കുകയാണ്‌.
കഴിഞ്ഞ ഗുജറാത്ത്‌ തെരഞ്ഞെടുപ്പ്‌ കാലഘട്ടം മുതല്‍ കോണ്‍ഗ്രസ്‌ മൃദു ഹിന്ദു പ്രീണന നയമാണ്‌ തുടരുന്നതെന്ന്‌ വ്യക്‌തമാണ്‌. അവിടെ ബി.ജെ.പി. ഉയര്‍ത്തിപ്പിടിച്ച ഹിന്ദുത്വ കാര്‍ഡ്‌ തന്നെയാണ്‌ ഫലത്തില്‍ കോണ്‍ഗ്രസും ഉയര്‍ത്തിയത്‌. ഉത്തരേന്ത്യയിലെ ഇക്കഴിഞ്ഞ അഞ്ച്‌ സംസ്‌ഥാന അസംബ്ലിതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്‌ ഹിന്ദുപ്രീണന നയംതന്നെയാണ്‌ തുടര്‍ന്നത്‌. ബി.ജെ.പിയും കോണ്‍ഗ്രസും രാജ്യത്തെ കോടാനുകോടി വരുന്ന ന്യൂനപക്ഷങ്ങളുടെയും പിന്നോക്ക ദളിത്‌ വിഭാഗങ്ങളുടെയും വികാരത്തെ ബോധപൂര്‍വ്വം വസ്‌മരിക്കുകയാണ്‌.
സങ്കീര്‍ണ്ണമായ ദേശീയ രാഷ്‌ട്രീയത്തില്‍ ഇടതു പക്ഷത്തിന്‌ വലിയ കടമകളാണ്‌ നിര്‍വ്വഹിക്കാനുള്ളത്‌. ഈ കടമകള്‍ ഏറ്റെടുക്കാനും ഇടതു പക്ഷത്തെ നേര്‍വഴിക്ക്‌ നയിക്കാനും ഇന്ന്‌ സി.പി.എമ്മിന്‌ മാത്രമേ സാധിക്കുകയുള്ളൂ എന്ന്‌ സി.എം.പി. വിലയിരുത്തുന്നു. രാജ്യത്തെ മുഖ്യ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടി എന്ന നിലയില്‍ കമ്മ്യൂണിസ്‌റ്റ്‌ ഐക്യവും കമ്മ്യൂണിസ്‌റ്റ്‌ ഏകീകരണവും സാധ്യമാക്കാന്‍ നേതൃത്വപരമായ പങ്കുവഹിക്കാന്‍ ഈ പാര്‍ട്ടിക്ക്‌ കഴിയും. കമ്മ്യൂണിസ്‌റ്റ്‌ ഐക്യവും കമ്മ്യൂണിസ്‌റ്റ്‌ ഏകീകരണവും നടപ്പിലാക്കുകയാണ്‌ ഇന്ത്യന്‍ കമ്മ്യൂണിസ്‌റ്റ്‌ പാര്‍ട്ടികളുടെ കടമ എന്ന വിലയരുത്തലിന്റെ അടിസ്‌ഥാനത്തിലാണ്‌ സി.പി.എമ്മുമായി ലയിക്കാന്‍ തൃശ്ശൂരില്‍ ചേര്‍ന്ന സി.എം.പി സ്‌പെഷ്യല്‍ കണ്‍വന്‍ഷന്‍ തീരുമാനിച്ചത്‌.

അഡ്വ. ജി. സുഗുണന്‍

(ലേഖകന്‍ സി.എം.പി. കേന്ദ്ര സെക്രട്ടേറിയറ്റ്‌
അംഗമാണ്‌ ഫോണ്‍: 9847132428)

Ads by Google
Sunday 03 Feb 2019 01.59 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW