Friday, August 23, 2019 Last Updated 11 Min 0 Sec ago English Edition
Todays E paper
Ads by Google
Sunday 03 Feb 2019 01.57 AM

ആദ്യത്തെ ചുവട്‌

uploads/news/2019/02/285290/re6.jpg

ജയിലറയില്‍ വച്ചാണ്‌ ഗാന്ധിജി തുന്നല്‍ വശമാക്കിയത്‌. പഠിച്ചത്‌ പല സമയത്തും ഉപകരിക്കുകയുണ്ടായി. ഒരു തടവു പുള്ളിയുടെ തുണി കീറിയിരിക്കുന്നതു കണ്ട്‌ അയാളെ അടുത്തു വിളിച്ചു.
'ഉടുത്ത തുണി കീറിയതു കണ്ടില്ലേ?'
'കണ്ടു. പിന്നെന്താ അത്‌ മാറാത്തത്‌?'
'പുതിയത്‌ തരാമെന്ന്‌ പറഞ്ഞിട്ടുണ്ട്‌.'
'അതുവരെ കീറിയത്‌ തുന്നിക്കൂട്ടിയിടരുതോ?'
' എനിക്ക്‌ തുന്നാനറിയില്ല.ദ
'എനിക്ക്‌ തുന്നലറിയും. നന്നായിട്ടുതന്നെ. തുണി ഇങ്ങോട്ടു തരൂ. ഞാന്‍ തുന്നിത്തരാം. ' ഗാന്ധിജി തുണി വാങ്ങി നന്നായി തുന്നിക്കൊടുത്തു.
'വിശ്രമിക്കുന്ന സമയം ഇത്തരം കൈവേലകള്‍ പഠിക്കുന്നത്‌ നല്ലതാണ്‌.ഉപകാരവുമാണ്‌. പണത്തിനും ലാഭമുണ്ട്‌.'
ഗാന്ധിജിയുടെ ഉപദേശത്തിന്‌ വേഗം ഫലമുണ്ടായി. ഒരാഴ്‌ചക്കകം ആ തടവുപുള്ളി തുന്നല്‍ പഠിച്ചു വശമാക്കി.
പട്ടിണിയും ദാരിദ്ര്യവും വസ്‌ത്രമില്ലായ്‌മയും നിലവിളിയും രോഗവും ദു:ഖവുമൊക്കെ ആത്മീയത്തിന്റെ ഭാഗമാണ്‌ അല്ലെങ്കില്‍ ദൈവം തമ്പുരാന്‍ നമ്മെ എന്തോ പഠിപ്പിക്കുവാന്‍ വേണ്ടി ഇതൊക്കെ അയയ്‌ക്കുന്നതാണ്‌ എന്നൊരു ചിന്ത നമ്മില്‍ പലര്‍ക്കും ഉണ്ട്‌.
ഒരു വ്യക്‌തി യഥാര്‍ഥത്തില്‍ ആത്മീയനാണെങ്കില്‍ അവന്‍ പണക്കാരന്‍ ആകുവാന്‍ പാടില്ല. അത്‌ പാപമാണെന്ന്‌ ചിന്തിക്കുന്ന ധാരാളം ആളുകള്‍ ഇന്നുമുണ്ട്‌. എന്നാല്‍ ഒരു കാര്യം നാം അറിഞ്ഞിരിക്കണം. ദൈവം തമ്പുരാന്‍ പട്ടിണിക്കാരനല്ല. ഈ കാണുന്നതും കാണപ്പെടാത്തതുമായ അനന്തകോടി ഗ്യാലക്‌സികളും ഈ മനോഹര പ്രപഞ്ചവും ജീവജാലങ്ങളേയുമെല്ലാം ഉണ്ടാക്കിയ ദൈവം പട്ടിണിക്കാരനാണോ?
ഈ ദൈവത്തെപ്പറ്റി തിരുവെഴുത്തില്‍ പറയുന്നത്‌; ദൈവം സ്‌നേഹം ആകുന്നു, മാത്രമല്ല ദൈവം നമ്മുടെ പിതാവുമാണ്‌. അതുകൊണ്ടാണ്‌ നാം സ്വര്‍ഗസ്‌ഥനായ ഞങ്ങളുടെ പിതാവേ, എന്നു പ്രാര്‍ഥിക്കണമെന്ന്‌ യേശു പറഞ്ഞത്‌.
ദൈവം നമ്മെ അനുഗ്രഹിക്കുമ്പോള്‍ മറ്റുള്ളവരെ സഹായിക്കുവാന്‍ നമുക്ക്‌ കഴിയും. ഇല്ലെങ്കില്‍ നമുക്ക്‌ എങ്ങനെ മറ്റുള്ളവര്‍ക്ക്‌ നന്മ ചെയ്യുവാന്‍ കഴിയും? ഇതൊക്കെ ചോദ്യങ്ങളാണ്‌. ഉത്തരം നിങ്ങള്‍ക്കറിയാം. എന്നാല്‍ ഒരു ചോദ്യമുണ്ട്‌. എങ്ങനെ നിങ്ങളുടെ ജീവിതത്തില്‍ സമൃദ്ധിയുടെ ജീവിതം കൈവരിക്കുവാന്‍ കഴിയും?
ചിലപ്പോള്‍ ഇന്ന്‌ നിങ്ങള്‍ ചെറിയ വീട്ടില്‍ ജീവിക്കുന്ന വ്യക്‌തിയായിരിക്കാം. അല്ലെങ്കില്‍ ബിസിനസിന്റെ തകര്‍ച്ച നേരിടുന്ന വ്യക്‌തി ആയിരിക്കാം. രാവിലെ ചായക്കടയില്‍ പോയിരുന്ന്‌ ചായയും കുടിച്ചോണ്ട്‌, അയ്യോ, ഇന്ന്‌ ചുമട്‌ ചുമക്കാനായിട്ട്‌ എവിടെ ജോലി കിട്ടും? ആരെങ്കിലും എന്നെ വിളിക്കുമോ? എന്നു വ്യാകുലപ്പെടുന്നുണ്ടാകാം, അല്ലെങ്കില്‍ ജോലി ലഭിക്കാനായിട്ട്‌ പത്ര പേജുകള്‍ അരിച്ചുപെറുക്കി നോക്കിക്കൊണ്ടിരിക്കുകയായിരിക്കാം.
നിരവധി പ്രശ്‌നങ്ങള്‍ നിങ്ങളെ ദുഃഖത്തിലും നിരാശയിലും ആഴ്‌ത്തുന്നുണ്ടാകും. പ്രശ്‌നങ്ങളുടെ നിലയില്ലാക്കയത്തില്‍ വീണ്‌ രക്ഷപ്പെടുവാന്‍ യാതൊരു വഴിയും ഇല്ലാതെ കൈയും കാലും ഇട്ടടിക്കുന്ന വ്യക്‌തികളായിരിക്കും നിങ്ങള്‍. എന്നാല്‍ സകല പ്രശ്‌നങ്ങള്‍ക്കും പരിഹാരം ഉണ്ട്‌. ഇത്‌ വായിക്കുന്ന നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ നേരിടുന്നതായ പ്രശ്‌നത്തിന്‌, തകര്‍ച്ചയ്‌ക്ക്, രോഗത്തിന്‌, കടഭാരത്തിന്‌ ആത്മഹത്യ ഒരിക്കലും പരിഹാരമല്ല. നിങ്ങളെ സ്‌നേഹിക്കുന്ന സര്‍വശക്‌തനായ ദൈവം നിങ്ങള്‍ക്ക്‌ പരിഹാരം നല്‍കും.
പരാജയം ആരും ഇഷ്‌ടപ്പെടുന്നില്ല. എങ്കില്‍തന്നെയും അത്‌ അനുഭവിച്ചേ പറ്റുകയുള്ളു. ജീവിതത്തിലെ പല അനുഗ്രഹങ്ങളും നേട്ടങ്ങളും ഉയര്‍ച്ചയും ദൈവം നമ്മുടെ കയ്യില്‍ തരുന്നത്‌ നഷ്‌ടവും തോല്‍വിയും എന്ന കടലാസുകൊണ്ട്‌ പൊതിഞ്ഞാണ്‌.
വിശുദ്ധ ബൈബിള്‍ ഇങ്ങനെ പറയുന്നുണ്ട്‌ : 'സകല ജാഗ്രതയോടും കൂടെ നിന്റെ മനസ്സിനെ നിന്റെ ചിന്തകളെ നീ സൂക്ഷിച്ചു കൊള്‍ക.' എന്നു പറഞ്ഞാല്‍ നന്മയും ഉയര്‍ച്ചയും ഉണ്ടാകുന്നതിന്റെ ആരംഭം നമ്മുടെ ചിന്താമണ്ഡലത്തില്‍ ആരംഭിക്കണം. ലാവോസെ എന്ന പൗരാണിക ചൈനീസ്‌ ദാര്‍ശനികന്‍ ഇപ്രകാരം പറഞ്ഞിട്ടുണ്ട്‌: 'ആയിരം മൈല്‍ ദൈര്‍ഘ്യമുള്ള ഒരു യാത്ര ആരംഭിക്കുന്നത്‌ ഒരു ചുവടു വച്ചാണ്‌. നിങ്ങള്‍ ധൈര്യത്തോടെ, വിശ്വാസത്തോടെ, ശുഭചിന്തയോടെ ആദ്യചുവടുകള്‍ വയ്‌ക്കുവാന്‍ തയാറാകണം. എങ്കില്‍ മാത്രമേ ഈ ആയുഷ്‌കാലം മുഴുവനും, ജീവിതത്തിന്റെ ദീര്‍ഘയാത്രയില്‍ അനുഗ്രഹത്തോടെ മുന്നേറുവാന്‍ കഴിയൂ.
അയ്യോ, വയ്യേ, ഞാന്‍ ചത്തുപോകുമേ എന്ന നിരാശയുടെ വാക്കുകള്‍ പറകയും ചിന്തിക്കുകയും ചെയ്യാതെ ദൈവം എന്നെ അനുഗ്രഹിക്കും എന്ന ചിന്തയാല്‍ അധ്വാനശീലമുള്ളവരാകുക. അതാണ്‌ ആരംഭം. ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിന്‌ ദീര്‍ഘായുസ്‌ ഇച്‌ഛിക്കുകയും ചെയ്യുന്നവന്‍.... ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊള്‍ക എന്നാണ്‌ സങ്കീര്‍ത്തനങ്ങളില്‍ കാണുന്നത്‌. നിങ്ങളുടെ ചിന്തകളെ ഭദ്രമായി സൂക്ഷിക്കുക. നമ്മുടെ ചിന്തകള്‍ സ്വര്‍ഗത്ത്‌ കേള്‍ക്കുന്നു എന്ന്‌ ചിന്തകനായ യങ്ങിന്റെ വാക്കുകള്‍ അര്‍ത്ഥവത്താണ്‌.

Ads by Google
Sunday 03 Feb 2019 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW