Wednesday, August 21, 2019 Last Updated 31 Min 21 Sec ago English Edition
Todays E paper
Ads by Google
Saturday 02 Feb 2019 12.49 AM

ജയ്‌ ജവാന്‍ ജയ്‌ കിസാന്‍

uploads/news/2019/02/285001/3.jpg

കാര്‍ഷികമേഖല
സാധാരണക്കാരനായ കര്‍ഷകനു കേന്ദ്ര സര്‍ക്കാര്‍ ബാങ്ക്‌ അക്കൗണ്ടില്‍ 2000 രൂപ നിക്ഷേപിച്ച ശേഷമാകും പൊതുതെരഞ്ഞെടുപ്പിന്‌ തുടക്കമാവുക. ഒരു വര്‍ഷത്തേക്ക്‌ ആറായിരം രൂപയുടെ ധനസഹായമാണ്‌ ഇടക്കാലബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഇതിലൂടെ
കര്‍ഷകരെ താമരക്കുമ്പിളിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വലിയ മാജിക്കാണു പുറത്തെടുത്തിരിക്കുന്നത്‌.
പദ്ധതി 2018 ഡിസംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നടപ്പാക്കുമെന്നാണു പ്രഖ്യാപനം. ആദ്യഗഡുവായാണ്‌ ഇത്രയും തുക നല്‍കുക. എന്നാല്‍, ഇതു വിലകൊടുത്തുളള വോട്ടുവാങ്ങല്‍ തന്ത്രമായി പ്രതിപക്ഷം ആരോപിക്കുന്നു. അധികാരത്തിലേറിയാല്‍ കള്ളപ്പണം തിരിച്ചുപിടിച്ച്‌ ഓരോ പൗരന്റെയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ വീതം എത്തിക്കുമെന്ന മോഡിയുടെ വാഗ്‌ദാനത്തിന്റെ തനിയാവര്‍ത്തനമാണെന്നു കുറ്റപ്പെടുത്തുന്നു. കള്ളപ്പണം തിരിച്ചുപിടിച്ചാല്‍ ഓരോ പൗരന്റെയും വിഹിതമാണു മോഡി അന്നു പരാമര്‍ശിച്ചതെന്നാണ്‌ ഇതിനുളള ബി.ജെ.പിയുടെ മറുപടി.
ദീര്‍ഘവീക്ഷണത്തോടെ അല്ലാത്തതും കാര്‍ഷികമേഖലയുടെ സ്വയംപര്യാപ്‌തതയ്‌ക്ക്‌ ഉതകാത്തതുമാണ്‌ പുതിയ പദ്ധതിയെന്നതാണ്‌ പ്രധാന വിമര്‍ശനം. വര്‍ഷം ആറായിരം രൂപയുടെ വരുമാനംകൊണ്ട്‌ ഒരു കര്‍ഷകനും ഭേദപ്പെട്ട നിലയില്‍ ജീവിക്കാനാകില്ല. വിളകള്‍ക്ക്‌ വിപണി കണ്ടെത്താനോ ഉത്‌പാദനച്ചലവ്‌ കുറയ്‌ക്കാനോ താങ്ങുവില ഏര്‍പ്പെടുത്താനോ ശ്രമിക്കാതെ പണം കൊടുത്ത്‌ മയക്കാനുള്ള നീക്കം തെരഞ്ഞെടുപ്പ്‌ തന്ത്രമായി മാത്രമേ കണക്കാക്കാനാകൂ. വിശക്കുന്നവന്‌ മീന്‍ നല്‍കുന്നതിന്‌ പകരം, മീന്‍ പിടിക്കാന്‍ പഠിപ്പിക്കുകയാണ്‌ പട്ടിണി മാറ്റാനുള്ള ശ്വാശതരിഹാരമെന്ന പാഠം പോലും മറന്നാണ്‌ ബജറ്റ്‌പ്രഖ്യാപനം. ഇതിനായുള്ള ചെലവില്‍ 2000 കോടി മാത്രമാണ്‌ നീക്കിവച്ചത്‌. ബാക്കി 7000 കോടി അടുത്ത വര്‍ഷം കണ്ടെത്തേണ്ടി വരും.
കാര്‍ഷികമേഖലയിലെ പ്രതിസന്ധി മൂലം രാജ്യവ്യാപകമായി കര്‍ഷകര്‍ തെരുവുകളിലിറങ്ങിയിരുന്നു. പല വേള രാജ്യതലസ്‌ഥാനത്തെ മുള്‍മുനയില്‍ നിര്‍ത്തി അവര്‍ മുദ്രാവാക്യം മുഴക്കി. ശക്‌തികേന്ദ്രങ്ങളില്‍ ഇതോടെ ബി.ജെ.പിക്ക്‌ അടിപതറി. രാജ്യത്താകെ വേരോട്ടമുള്ള പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ്‌ കര്‍ഷകരോഷത്തിന്റെ നേട്ടം കൊയ്യാന്‍ കര്‍മപദ്ധതി ആവിഷ്‌കരിച്ച്‌ വിജയകരമായി നടപ്പാക്കിത്തുടങ്ങി. രാജസ്‌ഥാന്‍, മധ്യപ്രദേശ്‌, ഛത്തീസ്‌ഗഢ്‌ സംസ്‌ഥാന തെരഞ്ഞെടുപ്പുകളില്‍ കനത്ത തിരിച്ചടിയേറ്റതോടെ കര്‍ഷക രോഷത്തിന്റെ ആഴവും പരപ്പും മോഡിയും തൊട്ടറിഞ്ഞു. ഇതോടെയാണ്‌ കര്‍ഷകരെ സ്വാന്തനിപ്പിച്ച്‌ ഒപ്പംനിര്‍ത്താനുള്ള പദ്ധതികള്‍ക്ക്‌ തുടക്കംകുറിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്‌.

സൈനികര്‍ക്കു ശമ്പള പരിഷ്‌കരണം

സംഘപരിവാറിന്റെ വിളയിടമായ ദേശീയയ്‌ക്കും ബജറ്റില്‍ പ്രാധാന്യം നല്‍കുന്നുണ്ട്‌. പ്രതിരോധ മേഖലയ്‌ക്ക്‌ മൂന്നു ലക്ഷം കോടി നീക്കിവച്ചതിനൊപ്പം സൈനികരുടെ ശമ്പള പരിഷ്‌കരണവും വാഗ്‌ദാനം ചെയ്യുന്നു. വണ്‍ റാങ്ക്‌ വണ്‍ പെന്‍ഷന്‍ പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയെന്നും ബജറ്റ്‌ പ്രസംഗത്തില്‍ അവകാശപ്പെടുന്നു. അതിര്‍ത്തി കടന്നുള്ള മിന്നലാക്രമണത്തെ തെരഞ്ഞെടുപ്പ്‌ വിഷയമാക്കുന്ന ബി.ജെ.പി, അതി ദേശീയതയും ഹിന്ദുത്വയും ഉയര്‍ത്തി തന്നെയാകും ഇത്തവണ വോട്ട്‌ തേടുകയെന്നും ഉറപ്പാണ്‌. യുദ്ധമില്ലാത്ത സാഹചര്യത്തില്‍ പോലും അതിര്‍ത്തിയില്‍ മരിച്ചു വീഴുന്ന ജവാന്‍മാരുടെ എണ്ണം കൂടുന്നതിനെ ആര്‍.എസ്‌.എസ്‌. തലവന്‍ മോഹന്‍ ഭാഗവത്‌ തന്നെ വിമര്‍ശിച്ചിരുന്നു. പശു സംരക്ഷണ മേഖലയ്‌ക്ക്‌ 750 കോടിയാണ്‌ നീക്കിവച്ചത്‌. ഉത്തരേന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഹിന്ദുത്വയുടെ ചിഹ്‌നങ്ങളിലൊന്നാണ്‌ പശു. മൃദുഹിന്ദുത്വ പരീക്ഷിക്കുന്ന കോണ്‍ഗ്രസ്‌, പശുവിനെ കൂട്ടുപിടിച്ച്‌ കളത്തിലിറങ്ങുന്ന സാഹചര്യത്തിലാണിത്‌.

മധ്യവര്‍ഗത്തിനു തലോടല്‍

മോഡി സര്‍ക്കാര്‍ കോര്‍പ്പറേറ്റുകള്‍ക്കൊപ്പമാണെന്ന പ്രതിപക്ഷത്തിന്റെ പ്രചാരണം മധ്യവര്‍ഗത്തിനിടയില്‍ അസ്വസ്‌ഥതയുണ്ടാക്കി. രാജ്യത്തെ സമ്പത്ത്‌ കോര്‍പ്പറേറ്റ്‌ കുത്തകകളിലേക്ക്‌ കേന്ദ്രീകരിക്കുന്നതായുളള കണക്കുകള്‍ സാധാരണക്കാരില്‍ അമര്‍ഷമായി വളര്‍ന്നു. എക്കാലവും ബി.ജെ.പിക്കൊപ്പം നിന്ന അവര്‍ ഇതോടെ പാര്‍ട്ടിയില്‍നിന്ന്‌ അകന്നു തുടങ്ങി. ആദായനികുതി നിരക്കിലെ പരിധിയില്‍ മാറ്റംവരുത്തിയാണ്‌ മോഡി സര്‍ക്കാര്‍ ഇതിന്‌ മറുമരുന്നു കുറിച്ചത്‌. സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ ആദായനികുതി സ്ലാബിന്‍ മാറ്റംവരുത്തിയെങ്കിലും പിന്നീടു കാര്യമായ മാറ്റമുണ്ടായില്ല. ആദായ നികുതിയുടെ പരിധി അഞ്ചു ലക്ഷമായി ഇക്കുറി ബജറ്റില്‍ ഉയര്‍ത്തി. മറ്റ്‌ ഇളവുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ഫലത്തില്‍ ഏഴ്‌ ലക്ഷം വരെ നികുതി അടയ്‌ക്കേണ്ടതില്ല. രണ്ടു ലക്ഷത്തില്‍നിന്ന്‌ നികുതിയുടെ പരിധി മോഡിയുടെ കന്നിബജറ്റില്‍ രണ്ടര ലക്ഷമാക്കി ഉയര്‍ത്തിയിരുന്നു. ഇതോടെ, സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്‌ മധ്യവര്‍ഗ വോട്ടുബാങ്കാണ്‌. മറ്റേത്‌ പ്രഖ്യാപനങ്ങളെയും എതിര്‍ക്കുന്ന പ്രതിപക്ഷത്തിനും ആദായനികുതി പരിധി ഉയര്‍ത്തിയ തീരുമാനത്തെ സ്വാഗതം ചെയ്യേണ്ടി വന്നതും ശ്രദ്ധേയം. അതേസമയം, മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ പരിധി ഉയര്‍ത്തിയതുകൊണ്ട്‌ മാത്രം ജീവിതം സുരഭിലമാകില്ല. കോര്‍പ്പറേറ്റ്‌ നികുതി 30 ശതമാനത്തില്‍നിന്നു 25 ശതമാനമായി ഘട്ടംഘട്ടമായി കുറയ്‌ക്കുമെന്ന പ്രഖ്യാപനം ആദ്യബജറ്റില്‍ വാഗ്‌ദാനം ചെയ്‌തിരുന്നെങ്കിലും അവസാന ബജറ്റിലും പാലിച്ചിട്ടില്ല. ആളിപ്പടരുന്ന മധ്യവര്‍ഗ,കര്‍ഷകരോഷത്തിനിടെ ഇത്‌ തിരിച്ചടിയാകുമെന്ന ആശങ്കമൂലമാണിത്‌.

തൊഴിലില്ലായ്‌മ റിപ്പോര്‍ട്ട്‌ തള്ളി

2017- 18 കാലഘട്ടത്തില്‍ രാജ്യത്തെ തൊഴിലില്ലായ്‌മാ നിരക്ക്‌ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തിയെന്ന നാഷണല്‍ സാംപിള്‍ സര്‍വേ ഓഫീസി(എന്‍.എസ്‌.എസ്‌.ഒ)ന്റെ റിപ്പോര്‍ട്ട്‌. എന്നാല്‍, ഇതു പുറത്തു വന്നതിന്റെ തൊട്ടടുത്തദിവസം നടത്തിയ ബജറ്റ്‌ പ്രസംഗത്തില്‍ മന്ത്രി ഇക്കാര്യം നിഷേധിച്ചു. രാജ്യത്ത്‌ രണ്ടുകോടി തൊഴിലവസരങ്ങള്‍ വര്‍ധിച്ചുവെന്നാണ്‌ മന്ത്രി പീയൂഷ്‌ ഗോയല്‍ കണക്ക്‌ നിരത്തി അവകാശപ്പെട്ടത്‌. ഇ.എസ്‌.ഐയുടെ വരുമാന പരിധി 21,000 രൂപയാക്കി ഉയര്‍ത്തിയും പെന്‍ഷന്‍ പദ്ധതിയില്‍ സമഗ്ര മാറ്റംകൊണ്ടുവന്നും തൊഴിലാളി വര്‍ഗത്തിന്റെ അതൃപ്‌തി പരിഹരിക്കാനാണ്‌ ശ്രമിക്കുന്നത്‌. 10 ലക്ഷത്തില്‍ നിന്ന്‌ ഗ്രാറ്റുവിറ്റി 30 ലക്ഷമാക്കി ഉയര്‍ത്തി. അസംഘടിതമേഖലയില്‍ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപനവും ശ്രദ്ധേയം. മൂവായിരം രൂപ പ്രതിമാസം പെന്‍ഷന്‍ ലഭിക്കുന്ന തരത്തിലാണ്‌ പദ്ധതി. 500 കോടിയാണ്‌ ഇതിനായി നീക്കിവച്ചത്‌. തൊഴിലാളി വിഹിതമായി നൂറു രൂപ അടക്കുന്ന തരത്തിലാണ്‌ പദ്ധതി ആവിഷ്‌കരിക്കുക. നിലവില്‍ അനിശ്‌ചിതത്വത്തിലുള്ള അസംഘടിത തൊഴില്‍ മേഖലയ്‌ക്കും തൊഴിലാളികള്‍ക്കും കൈത്താങ്ങാകുമെന്നാണു പ്രാഥമിക വിലയിരുത്തല്‍.

കേരളത്തിന്റെ പ്രതീക്ഷ വെറുതേയായി

പ്രളയക്കെടുതിയില്‍ മുങ്ങിത്താഴ്‌ന്ന കേരളം ബജറ്റില്‍ ഒട്ടേറെ പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്യമായ പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല. റെയില്‍വേ പാതയിരട്ടിപ്പിക്കലും കഞ്ചിക്കോട്‌ കോച്ച്‌ ഫാക്‌ടറിയും പരാമര്‍ശിക്കപ്പെട്ടില്ല. അതേ സമയം, മധ്യവര്‍ഗം ഏറെയുള്ള കേരളത്തിന്‌ ആദായനികുതി നിരക്കിലെ മാറ്റം വലിയ നേട്ടമാകും. റബര്‍ ബോര്‍ഡ്‌, കോഫി ബോര്‍ഡ്‌, ടീ ബോര്‍ഡ്‌, സ്‌പൈസസ്‌ ബോര്‍ഡ്‌ തുടങ്ങിയവയ്‌ക്ക്‌ പതിവു പോലെ ഫണ്ട്‌ നീക്കിവച്ചിട്ടുണ്ട്‌.

ലംഘിച്ചത്‌ കീഴ്‌വഴക്കം

കാലാവധി പൂര്‍ത്തിയാക്കുന്ന സര്‍ക്കാര്‍ അവസാന ബജറ്റ്‌ സമ്മേളനത്തില്‍ വോട്ട്‌ ഓണ്‍ അക്കൗണ്ട്‌ ആണ്‌ പാസാക്കാറുള്ളത്‌. നടപ്പു മാസത്തെ വരവു ചെലവ്‌ കണക്കാക്കി അംഗീകാരം നേടും. ഈ സര്‍ക്കാര്‍ തന്നെ തുടര്‍ന്നാലും മറ്റൊരു സര്‍ക്കാര്‍ അധികാരത്തിലേറിയാലും അടുത്ത ജൂലായില്‍ സമ്പൂര്‍ണ ബജറ്റ്‌ അവതരിപ്പിക്കാറാണ്‌ പതിവ്‌. അതേസമയം, വോട്ട്‌ ഓണ്‍ അക്കൗണ്ടിന്‌ പകരം സമ്പൂര്‍ണ ബജറ്റ്‌ അവതരിപ്പിക്കുന്നതില്‍ നിയമപരമായി വിലക്കുമില്ല.
എന്നാല്‍, ഇത്രയും കാലമായുള്ള കീഴ്‌വഴക്കങ്ങള്‍ ഒന്നൊന്നായി തിരുത്തി അധികാരത്തില്‍ തുടര്‍ന്ന മോഡി സര്‍ക്കാര്‍, ഇതും ലംഘിച്ചു. കഴിഞ്ഞ ബജറ്റുകളിലൊന്നും തന്നെ പ്രഖ്യാപിക്കാതെ മാറ്റിവച്ച ജനപ്രിയ പദ്ധതികളത്രയും തെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പായി അവതരിപ്പിക്കാനായി. ഫലത്തില്‍ ബി.ജെ.പിയുടെ പ്രകടനപത്രികയായി മാറിയ ബജറ്റിന്റെ ധാര്‍മികത ചോദ്യം ചെയ്‌ത്‌ പ്രതിപക്ഷം രംഗത്തെത്തുകയും ചെയ്‌തു.ഇന്നലെ രാവിലെ ധനമന്ത്രാലയം സ്‌ഥിതി ചെയ്യുന്ന നോര്‍ത്ത്‌ ബ്ലോക്കില്‍ ഉദ്യോഗസ്‌ഥരുമായി ചര്‍ച്ച നടത്തിയ ശേഷം രാഷ്‌ട്രപതിയെ കണ്ടശേഷമാണു മന്ത്രി പീയൂഷ്‌ ഗോയല്‍ പാര്‍ലമെന്റിലേക്കാണെത്തിയത്‌.

Ads by Google
Saturday 02 Feb 2019 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW