Wednesday, August 21, 2019 Last Updated 31 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 02 Feb 2019 12.49 AM

പ്രത്യക്ഷ നികുതിദായകരെ തൃപ്‌തരാക്കി തെരഞ്ഞെടുപ്പ്‌ ബജറ്റ്‌

uploads/news/2019/02/285000/2.jpg

ആദായനികുതിയില്‍ ഇളവ്‌ പ്രഖ്യാപിച്ചുകൊണ്ട്‌ അവതരിപ്പിക്കപ്പെട്ട ഇടക്കാലബജറ്റ്‌ വികസനബജറ്റാണ്‌ എന്ന്‌ ഭരണപക്ഷവും ഇലക്ഷന്‍ മുന്നില്‍ കണ്ടുകൊണ്ട്‌ വെറും വാഗ്‌ദാനങ്ങള്‍ നല്‍കി ജനങ്ങളെ വഞ്ചിച്ചുവെന്ന്‌ പ്രതിപക്ഷവും വിലയിരുത്തുന്നു. നികുതി ചുമത്താവുന്ന വരുമാനം അഞ്ച്‌ ലക്ഷം രൂപ വരെ ഉയര്‍ത്തി എന്നതാണ്‌ ബജറ്റിന്റെ വലിയ ഒരു പ്രത്യേകതയായി ചൂണ്ടികാണിക്കുന്നത്‌.
ഇടത്തരം വരുമനക്കാര്‍ക്ക്‌ ആശ്വാസകരമായ ഈ നീക്കം ഇളവായാണ്‌ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്‌. ജനങ്ങളുടെ വരുമാനം വര്‍ദ്ധിക്കുകയും നികുതിയില്‍ ഇളവ്‌ ലഭിക്കുകയും ചെയ്യുമ്പോള്‍ ചിലവാക്കുവാനുള്ള വരുമാനം ഉയരുവാന്‍ ഇടയാക്കുന്നു.
കാരണം വരുമാനത്തില്‍നിന്ന്‌ നികുതി കുറക്കുന്നതാണ്‌ ചിലവാക്കുവാനുള്ള തുക അഥവാ ഡിസ്‌പൊസിബിള്‍ വരുമാനം. അത്‌ ജനങ്ങളുടെ വാങ്ങുവാനുള്ള ശേഷി അഥവാ പര്‍ചേസിങ്‌ പവര്‍ വര്‍ദ്ധിപ്പിക്കുന്നു. സാമ്പത്തികശാസ്‌ത്രനായ കോളിന്‍ ക്ലാര്‍ക്കിന്റെ അഭിപ്രായത്തില്‍ ഒരു ജനതയുടെ നികുതി അവരുടെ മൊത്തവരുമാനത്തിന്റെ 25 ശതമാനത്തില്‍ കൂടിയാല്‍ രാജ്യത്തെ മൊത്തവരുമാനം കൂടുന്നതിന്‌ പകരം കുറയുന്നു. അത്‌ രാജ്യത്തിന്റെ ഉല്‍പാദനത്തെയും തൊഴിലിനെയും പ്രതികൂലമായി ബാധിക്കുന്നു.കര്‍ഷകര്‍ക്ക്‌ ആറായിരം രൂപാ മിനിമം വാര്‍ഷികവരുമാനം നടപ്പിലാക്കുമെന്ന്‌ ബജറ്റ്‌ അവകാശപ്പെടുന്നു. ഇത്‌ അവരുടെ പ്രശ്‌നങ്ങളെ നേരിടാന്‍ പര്യാപ്‌തമാണോ എന്നതും ചിന്തനീയമാണ്‌. എന്നാല്‍ തുടര്‍ന്നുവരുന്ന സര്‍ക്കാരുകള്‍ ഇത്‌ കാലാനുസൃതമായി മെച്ചപ്പെടുത്തുമായിരിക്കും എന്ന്‌ പ്രതീക്ഷിക്കാം. ഒരുപക്ഷെ കേരളത്തിന്റെ പശ്‌ചാത്തലത്തില്‍ ഇത്‌ നിസാര തുകയായി അനുഭവപ്പെട്ടേക്കാം. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്‌ഥാനക്കാര്‍ക്ക്‌ വ്യത്യസ്‌തമായി ഉപകാരപ്പെടാന്‍ സാധ്യതയുണ്ട്‌. പ്രത്യേകിച്ച്‌ ക്രയശേഷിയുടെ വളര്‍ച്ച സംഭവിക്കുകയും പണം വിപണിയിലേക്ക്‌ എത്തുകയും ചെയ്‌താല്‍ ഉപകാരമാവും. ഏകദേശം 12 കോടി കര്‍ഷകകുടുംബങ്ങള്‍ക്ക്‌ ഈ പദ്ധതി ഗുണകരമാവുമെന്ന്‌ ബജറ്റ്‌ പ്രതീക്ഷിക്കുന്നു.
അടിസ്‌ഥാനസൗകര്യങ്ങളുടെ വളര്‍ച്ചക്കുള്ള ചുവടുവയ്‌പുകളാണ്‌ ഏതൊരു ബജറ്റിനെയും വികസനോന്മുഖമാക്കുന്നത്‌്. ഇത്തവണത്തെ ബജറ്റിലെ ഈ മേഖലയിലെ പ്രധാനഘടകമായി പരിഗണിക്കുന്നത്‌ റയില്‍വേക്ക്‌ അനുവദിച്ചിരിക്കുന്ന 64000 കോടി രൂപയാണ്‌.
റയില്‍വേയുടെ വികസനം കേവലം യാത്രാസൗകര്യങ്ങളുടെ വികസനം മാത്രമല്ല, സാധനങ്ങളും സേവനങ്ങളും എല്ലായിടത്തും ലഭ്യമാവുന്ന വികേന്ദ്രീകൃതമായ വികസനസാധ്യതയുടെ വളര്‍ച്ചയാണ്‌. അത്‌ വിപണിയെയും വസ്‌തുക്കളുടെ വിലയെയും ഉല്‍പാദനചിലവിനെയും ബന്ധിപ്പിക്കുന്നു. ഇതില്‍ പ്രളയാനന്തര അതിജീവനത്തിന്‌ പരിശ്രമിക്കുന്ന കേരളത്തിന്‌ എന്തു കിട്ടുമോ എന്നത്‌ സാധാരണക്കാരുടെ മനസ്സിലെ ആശങ്കയാണ്‌. എന്നാല്‍ കേരളത്തിനുള്ള നികുതി വിഹിതം വര്‍ദ്ധിപ്പിച്ചുവെന്നത്‌ ഫെഡറല്‍ സംവിധാനത്തില്‍ ആശ്വാസമാണ്‌.
ഇത്‌ ഡിഫന്‍സ്‌ ബജറ്റാണ്‌ എന്ന്‌ അവകാശപ്പെട്ടുകൊണ്ട്‌തന്നെ പ്രതിരോധ മേഖലക്ക്‌ വന്‍തുകയാണ്‌ നീക്കിവച്ചിരിക്കുന്നത്‌. ആഗോളഭൂമികയില്‍ ഭാരതത്തിന്റെ സ്‌ഥാനവും സുരക്ഷിതത്വവും ഉറപ്പിക്കാനായാല്‍ വിദേശബന്ധങ്ങളും അന്താരാഷ്‌ട്രവ്യാപാരങ്ങളും വഴിയായി ഭാരതത്തെ സാമ്പത്തികമായി മെച്ചപ്പെട്ട അവസ്‌ഥയിലേക്കെത്തിക്കാനും നിക്ഷേപസൗഹൃദമേഖലയാക്കി മാറ്റാനും സാധിക്കും.
സ്‌ത്രീകള്‍ക്ക്‌ എത്രമാത്രം ഗുണകരമാകും എന്ന്‌ മനസ്സിലാകുന്ന വിധത്തില്‍ ഏതൊരു ബജറ്റിന്റെയും ജന്‍ഡര്‍ വായന ആവശ്യമാണ്‌. കഴിഞ്ഞ വര്‍ഷത്തേക്കാളും അധികമായി പ്രഖ്യാപിച്ചിരിക്കുന്ന തുക സ്‌ത്രീശക്‌തീകരണത്തിനും സ്‌ത്രികളുടെ സുരക്ഷിതത്വത്തിനുമായി ചിലവഴിക്കുമെന്നും സ്‌ത്രീസംരംഭകര്‍ക്ക്‌ മുദ്രാവായ്‌പ കൂടുതല്‍ സാധ്യാമാക്കുമെന്നുമുള്ള ബജറ്റിലെ പ്രഖ്യാപനം നടപ്പിലായാല്‍ ആശ്വാസകരമാണ്‌.
സാമൂഹ്യസുരക്ഷിതത്വം ഉറപ്പിലാക്കുന്നത്‌ സാമൂഹ്യഭദ്രതക്ക്‌ ആവശ്യമാണ്‌. ഭാരതതൊഴില്‍മേഖലയിലെ മഹാപഭൂരിപക്ഷവും വരുന്നത്‌ അസംഘിടതമേഖലയില്‍ നിന്നാണ്‌. അസംഘിടതതൊഴിലാളികള്‍ക്ക്‌ പ്രതിമാസം 3000 രുപ വീതം പങ്കാളിത്തപെന്‍ഷന്‍ ലഭിക്കുമെന്നും ബജറ്റ്‌ വാഗ്‌ദാനം ചെയ്യുന്നു. ഒരു ക്ഷേമരാഷ്‌ട്രസംവിധാനത്തില്‍ ഇതു ഒരു സപ്പോര്‍ട്ട്‌ സിസ്‌റ്റം മാത്രമാണ്‌.ഇപ്രകാരം വാഗ്‌ദാനങ്ങളുടെ പെരുമഴയുള്ളതിനാല്‍ സമീപസ്‌ഥമായ ഇലക്ഷന്റെ പശ്‌ചാത്തലത്തില്‍ ബജറ്റിനെ ഒരു വിഷന്‍ ഡോക്കുമെന്റ്‌ ആയും വിവക്ഷിക്കാനാവും.

ഡോ. കൊച്ചുറാണി ജോസഫ്‌

(ലേഖിക ഭാരത്‌ മാതാ കോളജിലെ സാമ്പത്തിക
വിഭാഗം അസോസിയേറ്റ്‌ പ്രഫസറായിരുന്നു)

Ads by Google
Saturday 02 Feb 2019 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW