Wednesday, August 21, 2019 Last Updated 40 Min 13 Sec ago English Edition
Todays E paper
Ads by Google
Friday 01 Feb 2019 01.38 AM

തലോടലിനൊപ്പം തല്ലും

uploads/news/2019/02/284843/editorial.jpg

മഹാപ്രളയത്തില്‍ നിന്ന്‌ കരകയറാന്‍ കൊതിക്കുന്ന സംസ്‌ഥാനത്തിന്‌ വരുമാനം കൂടുതലായി കണ്ടെത്താന്‍ വലിയ നികുതിഭാരം ചെലുത്തുമെന്ന്‌ കരുതപ്പെട്ടിരുന്നെങ്കിലും ക്ഷേമത്തിനും അടിസ്‌ഥാന സൗകര്യ വികസനത്തിനും കൂടുതല്‍ ശ്രദ്ധ ചെലുത്തുന്ന ബജറ്റാണ്‌ ധനകാര്യമന്ത്രി തോമസ്‌ ഐസക്ക്‌ അവതരിപ്പിച്ചത്‌. രണ്ടു വര്‍ഷത്തേക്ക്‌ ഏര്‍പെടുത്തിയ പ്രളയ സെസ്‌ വിലക്കയറ്റത്തിന്‌ കാരണമാകുമെന്ന്‌ വിമര്‍ശനമുണ്ടെങ്കിലും അതെത്രമാത്രം ആഘാതം സൃഷ്‌ടിക്കുമെന്ന്‌ കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. ജനപ്രിയ പദ്ധതികള്‍ പലതും ഉള്‍ക്കൊള്ളിച്ച ബജറ്റ്‌ ഏതാനും മാസത്തിനുള്ളില്‍ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കൂടി ലക്ഷ്യമിട്ടുള്ളതാണ്‌. പ്രതീക്ഷിച്ചതു പോലെ നവകേരള നിര്‍മിതിക്കാണ്‌ ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്‌. വ്യവസായ പാര്‍ക്ക്‌, കോര്‍പറേറ്റ്‌ നിക്ഷേപ വര്‍ധന, സ്‌റ്റാര്‍ട്ടപ്പ്‌ പദ്ധതികള്‍ തുടങ്ങിയവയടക്കം 25 പദ്ധതികള്‍ നവകേരളം എന്ന ലക്ഷ്യത്തോടെ മുന്നോട്ടുവയ്‌ക്കുന്നു. പ്രളയദുരിതം മറികടക്കാന്‍ ജീവനോപാധി പാക്കേജിന്‌ 4700 കോടി രൂപ നീക്കിവച്ചിരിക്കുന്നത്‌ അനേകര്‍ക്ക്‌ പ്രതീക്ഷ നല്‍കുന്നതാണ്‌.

മാരക രോഗങ്ങള്‍ക്ക്‌ അഞ്ചു ലക്ഷം വരെനല്‍കുന്നതടക്കമുള്ള സഹായം നിരാലംബരായ ലക്ഷക്കണക്കിന്‌ ജനങ്ങള്‍ക്ക്‌ ആശ്വാസമേകും. സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സില്‍ 42 ലക്ഷം കുടുംബങ്ങളെ ഉള്‍പെടുത്താനുള്ള തീരുമാനം ലക്ഷ്യം കണ്ടാല്‍ സാധാരണക്കാര്‍ക്ക്‌ ശക്‌തമായ കൈത്താങ്ങാകുകയും ചെയ്യും. ക്ഷേമ പെന്‍ഷന്‍ നൂറു രൂപ വര്‍ധിപ്പിച്ചതും നിരാലംബര്‍ക്കാണ്‌ സഹായകമാകുക. വ്യാവസായിക രംഗത്തും ബജറ്റ്‌ ശ്രദ്ധയൂന്നുന്നുണ്ട്‌. വ്യവസായ പാര്‍ക്കുകള്‍ക്ക്‌ സ്‌ഥലമേറ്റെടുക്കുന്നതും കൂടുതല്‍ തൊഴിലവസരമൊരുക്കാന്‍ ബഹുരാഷ്‌ട്ര കമ്പനികളെയടക്കം എത്തിക്കുന്നതും സ്വാഗതാര്‍ഹമാണ്‌. വന്‍കിട കമ്പനികള്‍ക്കൊപ്പം യുവസംരംഭകര്‍ക്ക്‌ സീഡ്‌ ഫണ്ടിങ്‌ ഏര്‍പെടുത്തുന്നുമുണ്ട്‌. കാര്‍ഷിക രംഗത്തിനു നീക്കിവച്ചതും കാര്യമായ വിഹിതം തന്നെ. കേരളത്തില്‍ ഇലക്‌ട്രിക്‌ വാഹനങ്ങള്‍ വ്യാപിപ്പിക്കുമെന്നത്‌ സാധാരണ ബജറ്റ്‌ പ്രഖ്യാപനങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌. ഇലക്‌ട്രിക്‌ വാഹനങ്ങളുടെ എണ്ണം 10 ലക്ഷമാക്കുകയാണ്‌ ലക്ഷ്യം. തിരുവനന്തപുരം കോര്‍പറേഷനില്‍ മുഴുവന്‍ ബസുകളും ഇലക്‌ട്രിക്‌ ബസുകളാക്കുമെന്നാണ്‌ പ്രഖ്യാപനം. ഇലക്‌ട്രിക്‌ വാഹനങ്ങള്‍ വ്യാപകമാകുന്നതോടെ പുതിയ തരത്തിലുള്ള പാരിസ്‌ഥിതിക മാറ്റങ്ങള്‍ ഉണ്ടാകുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്‌.

പുതിയ സെസ്‌ ഏര്‍പെടുത്തുന്നതോടെ നിത്യോപയോഗ സാധനങ്ങള്‍ അടക്കമുള്ളവയ്‌ക്ക്‌ വിലകയറുമെന്ന നിരീക്ഷണം കാണാതിരുന്നുകൂടാ. ഇത്‌ വലിയ ആഘാതമുണ്ടാക്കില്ലെന്നാണ്‌ ധനമന്ത്രിയുടെ നിലപാട്‌. അവശ്യ ഉത്‌പന്നങ്ങളെയും ഭക്ഷ്യ ഉത്‌പന്നങ്ങളെയും സെസില്‍ നിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌ എന്നത്‌ ആശ്വാസമാണ്‌. പക്ഷേ, നിര്‍മാണസാമഗ്രികള്‍ക്ക്‌ സെസ്‌ വരുന്നതോടെ കെട്ടിട നിര്‍മാണത്തിനു ചെലവേറും. ശബരിമലയില്‍ വരുമാന നഷ്‌ടമുണ്ടാക്കാന്‍ രാഷ്‌ട്രീയലാക്കോടെ അഴിച്ചു വിട്ട പ്രചാരണങ്ങള്‍ മൂലം കാണിക്ക കുറഞ്ഞതിന്റെ കേടു തീര്‍ക്കാന്‍ ദേവസ്വം ബോര്‍ഡിന്‌ നൂറു കോടി രൂപ നല്‍കിയത്‌ സര്‍ക്കാര്‍ വിശ്വാസികള്‍ക്കും ആരാധനാലയങ്ങള്‍ക്കും എതിരല്ലെന്നു തെളിയിക്കാനാണ്‌. പക്ഷേ, വിവിധ രാഷ്‌ട്രീയപാര്‍ട്ടികളുടെ വടംവലിയുടെ തലവേദന ജനങ്ങളുടെ തലയിലേക്ക്‌ വച്ചതിനു തുല്യമാണ്‌. നടത്തിപ്പിന്റെ കെടുകാര്യസ്‌ഥതകൊണ്ട്‌ കടക്കെണിയിലായ കെ.എസ്‌.ആര്‍.ടി.സിക്ക്‌ ആയിരം കോടി രൂപ നല്‍കിയതും ജനതാത്‌പര്യം പാലിക്കുന്നതല്ല. അധിക വരുമാനം കണ്ടെത്താന്‍ ഭാവനാത്മകമായ നിര്‍ദേശങ്ങള്‍ ഒന്നും ബജറ്റില്‍ ഇല്ലെന്നതും പോരായ്‌മ തന്നെയാണ്‌.

Ads by Google
Friday 01 Feb 2019 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW