Tuesday, August 20, 2019 Last Updated 55 Min 4 Sec ago English Edition
Todays E paper
Ads by Google
Saturday 26 Jan 2019 01.21 AM

ഇനിയും കേരളം അഴീക്കോടിനെ കേള്‍ക്കും...

uploads/news/2019/01/283230/sun1.jpg

എണ്‍പത്തിയാറു വര്‍ഷത്തെ ജീവിതത്തിനിടയില്‍ മലയാളികള്‍ക്ക്‌ മറക്കാനാവാത്ത ഒരുപിടി സ്‌മരണകള്‍ ബാക്കിയാക്കിയാണ്‌ പ്രഭാഷണ കലയിലെ മുടിചൂടാമന്നനായ ഡോ. സുകുമാര്‍ അഴീക്കോട്‌ 2012 ജനുവരി 24-ന്‌ ഓര്‍മ്മയായത്‌. ഇദ്ദേഹത്തിന്റെ പ്രഭാഷണ പരമ്പരകളിലൂടെ ഭാരതീയ സംസ്‌കാരം, ഉപനിഷത്ത്‌, രാഷ്‌്രടപുനര്‍നിര്‍മ്മാണം തുടങ്ങി നൂറുകണക്കിന്‌ വിഷയങ്ങളാണ്‌ കേരളം ശ്രവിച്ചിട്ടുള്ളത്‌. ചിന്തകന്‍, വാഗ്മി, സാഹിത്യ വിമര്‍ശകന്‍, അധ്യാപകന്‍ തുടങ്ങിയ നിലകളിലെല്ലാം വ്യക്‌തിമുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹം. തത്ത്വമസി, മഹാത്മാവിന്റെ മാര്‍ഗ്ഗം, പുരോഗമന സാഹിത്യവും മറ്റും, ആശാന്റെ സീതാകാവ്യം, മലയാള സാഹിത്യവിമര്‍ശനം, രമണനും മലയാള കവിതയും, ശങ്കരക്കുറുപ്പ്‌ വിമര്‍ശിക്കപ്പെടുന്നു, വായനയുടെ സ്വര്‍ഗ്ഗത്തില്‍, മലയാള സാഹിത്യ പഠനങ്ങള്‍, തത്ത്വവും മനുഷ്യനും, വിശ്വസാഹിത്യ പഠനങ്ങള്‍, ഖണ്ഡനവും മണ്ഡനവും, എന്തിനു ഭാരതധരേ? ഗുരുവിന്റെ ദുഃഖം, വായിച്ചു വളര്‍ന്ന കഥ, ഈശ്വരന്റെ കഷ്‌ടകാലം, മഹാകവി ഉള്ളൂര്‍, വീണ്ടുവിചാരങ്ങള്‍ തുടങ്ങി നിരവധി കൃതികളും അഴീക്കോട്‌ രചിച്ചിരുന്നു.
അദ്ദേഹത്തിന്റെ തത്ത്വമസിക്കു കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡ്‌, വയലാര്‍ അവാര്‍ഡ്‌, രാജാജി അവാര്‍ഡ്‌ തുടങ്ങി ഒരു ഡസനോളം പുരസ്‌കാരങ്ങളാണ്‌ ലഭിച്ചത്‌. അനശ്വര മഹിമാവാര്‍ന്ന തത്ത്വജ്‌ഞാനത്തിന്റെ നേരെ തന്റെ ഹൃദയം കാലത്തികവില്‍ സമര്‍പ്പിക്കുന്ന കൃതജ്‌ഞതയുടെയും കൃതാര്‍ത്ഥതയുടെയും ഉപഹാരമായാണ്‌് അഴീക്കോടിന്റെ തത്ത്വമസിയെ വിശേഷിപ്പിച്ചിരുന്നത്‌. വേദോപനിഷത്തുകളുടെ സാരസംഗ്രഹം കൂടിയായിരുന്നു അദ്ദേഹത്തിന്റെ ഈ കൃതി. 1980 മുതലുള്ള ഇരുപത്തിയഞ്ച്‌ വര്‍ഷക്കാലം കേരളക്കരയില്‍ മുഴങ്ങിക്കേട്ടിരുന്ന പ്രസംഗസ്വരവും ഡോ. സുകുമാര്‍ അഴിക്കോടിന്റേതായിരുന്നു.
കണ്ണൂരിലെ അഴീക്കോട്‌ എന്ന ഗ്രാമത്തില്‍ ജനിച്ച അദ്ദേഹം സര്‍വീസില്‍ നിന്നും വിരമിച്ചതിനു ശേഷം നിരവധി വേദികളിലായി നിറഞ്ഞു നിന്നു.
ശക്‌തമായ വായനയിലൂടെയും പഠനത്തിലൂടെയും ഗഹനമായ അറിവിന്റെ നിറകുടമായിരുന്ന അഴീക്കോടിന്റെ പ്രഭാഷണ ശൈലിയും ഒന്നു വേറെ തന്നെയായിരുന്നു. സംസ്‌ഥാനത്ത്‌ നൂറുകണക്കിന്‌ ആരാധകരാണ്‌ അദ്ദേഹത്തിന്റെ പ്രസംഗം നേരിട്ട്‌ കേള്‍ക്കുന്നതിന്‌ കിലോമീറ്ററുകള്‍ സഞ്ചരിച്ച്‌ വേദികളില്‍ നിന്നും വേദികളിലേക്ക്‌ എത്തിയിരുന്നത്‌. എന്നാല്‍ ഒട്ടുമിക്ക പ്രഭാഷണങ്ങളും ഓഡിയോ കാസറ്റില്‍ റെക്കോര്‍ഡ്‌ ചെയ്‌ത് സൂക്ഷിച്ച്‌ ആ സാഗരഗര്‍ജ്‌ജനം നെഞ്ചോടു ചേര്‍ത്തുവച്ച ഒരു വൈദികനായിരുന്നു ഫാ. ജില്‍സണ്‍.

റവ. ഡോ. ജില്‍സണ്‍ ജോണ്‍ സി.എം.ഐ

ഇടുക്കിയിലെ അടിമാലിയില്‍ സി.എം.ഐ സഭ നടത്തുന്ന വിശ്വദീപ്‌തി സി.എം.ഐ പബ്ലിക്‌ സ്‌കൂളില്‍ പ്രിന്‍സിപ്പലായി ചുമതല വഹിക്കുന്ന റവ. ഡോ. ജില്‍സണ്‍ ജോണ്‍ എന്ന ഈ സാമ്പത്തിക ശാസ്‌ത്ര വിദഗ്‌ദന്‍ നന്നേ ചെറുപ്പത്തില്‍ തന്നെ ഡോ. സുകുമാര്‍ അഴീക്കോടിന്റെ പ്രസംഗ ശൈലി ഇഷ്‌ടപ്പെട്ടിരുന്നു. ഇത്‌ ഹൃദയത്തിലേക്ക്‌ ആഴ്‌ന്നിറങ്ങിയതോടെയാണ്‌ അഴീക്കോടിന്റെ പ്രസംഗവേദികള്‍ പിന്‍തുടരാന്‍ തീരുമാനിച്ചത്‌. ബാംഗ്ലൂര്‍ ധര്‍മ്മാരാം കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ 1982 നവംബറിലാണ്‌ ആദ്യമായി നേരിട്ട്‌ അഴീക്കോടിന്റെ പ്രസംഗം കേള്‍ക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത്‌. അവധിക്കു കേരളത്തിലെത്തിയ അദ്ദേഹം കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്ററിലെ മൂന്നു ദിവസത്തെ അഴീക്കോടിന്റെ പ്രഭാഷണ പരമ്പര അല്‍പം പോലും പാഴാക്കാതെ കേട്ടിരുന്നു.
ഭാരതീയ സംസ്‌കാരത്തിന്റെ ഭിന്നമുഖങ്ങള്‍ എന്ന വിഷയത്തിലെ പരമ്പരയില്‍ ഭാരതീയ സംസ്‌കാരത്തിലെ ആത്മീയ ദര്‍ശനം, ഭാരതീയ സംസ്‌കാരത്തിലെ സൗന്ദര്യ ദര്‍ശനം, ഭാരതീയ സംസ്‌കാരത്തിലെ ലൗകീക ദര്‍ശനം എന്നിവ ശേഖരിച്ചു. ആകാശവാണി നടത്തിയ പരമ്പരയില്‍ നിന്നും ഭാരതീയ സംസ്‌കാരത്തിലെ വിശ്വദര്‍ശനവും ടേപ്പ്‌ ചെയ്യാനായി. ഉപനിഷത്തുകളും, ഗീതയുമെല്ലാം കോട്ട്‌ ചെയ്‌തുള്ള പ്രസംഗങ്ങളുടെ മൂല്യത്തിനൊപ്പം ശൈലിയും ഏറെ ഇഷ്‌ടപ്പെട്ടതോടെ തുടര്‍ന്നിങ്ങോട്ട്‌ അഴീക്കോടിന്റെ ഗഹനമായ തീപ്പൊരി പ്രസംഗങ്ങളൊക്കെ ഇദ്ദേഹത്തിന്റെ കൈവശം ഭദ്രമാക്കി.

സാമ്പത്തിക ക്ലേശം വില്ലനായപ്പോള്‍

സാമ്പത്തികമായി ക്ലേശമനുഭവിച്ചിരുന്ന ഘട്ടത്തില്‍ അന്നത്തെ കാലത്ത്‌ 35 രൂപ വീതം മുടക്കി സോണിയുടെ കാസറ്റ്‌ വാങ്ങാന്‍ കഴിയാത്ത ഘട്ടം ഏറെ വേദനപ്പിച്ചു. ഒടുവില്‍ ചില പ്രസംഗങ്ങള്‍ മായിച്ചുകളഞ്ഞ്‌ ഇതേ കാസറ്റില്‍ പുതിയ പ്രസംഗങ്ങള്‍ ശേഖരിച്ചു. അറുപതും തൊണ്ണൂറും മിനിറ്റുകള്‍ ദൈര്‍ഘ്യമുള്ള പ്രഭാഷണങ്ങളെല്ലാം പ്രഭാഷണ ശേഖരത്തില്‍ സ്വരൂക്കൂട്ടി. 1990 കാലഘട്ടത്തില്‍ വിദേശത്തു നിന്നും വന്ന സുഹൃത്തുക്കളായ വൈദികര്‍ സമ്മാനമായി നല്‍കിയ സോണി കമ്പനിയുടെ 30 കാസറ്റുകളുമായി തന്റെ സ്വപ്‌നസഞ്ചാരം തുടര്‍ന്നു. അതാത്‌ ദിവസങ്ങളിലെ ദിനപത്രത്തിലൂടെ ഇന്നത്തെ പരിപാടി ശ്രദ്ധയോടെ പഠിച്ചാണ്‌ പ്രസംഗങ്ങളെ പിന്‍തുടര്‍ന്നിരുന്നത്‌.
2004 ജൂണ്‍ മാസത്തിലാണ്‌ അവസാനമായി അഴീക്കോടിന്റെ പ്രസംഗം റെക്കോര്‍ഡ്‌ ചെയ്‌ത് തന്റെ നിധിയായി കാത്തുസൂക്ഷിക്കുവാന്‍ ഫാ. ജില്‍സണ്‌ കഴിഞ്ഞത്‌. തേവര സേക്രട്ട്‌ ഹാര്‍ട്ട്‌ കോളേജില്‍ 16 വര്‍ഷം നീണ്ട സാമ്പത്തിക ശാസ്‌ത്ര അധ്യാപനവേളയില്‍ ഇവിടെയെത്തിയ അഴീക്കോടിനോട്‌ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ താന്‍ റെക്കോര്‍ഡ്‌ ചെയ്‌തു സൂക്ഷിക്കുന്ന വിവരം പങ്കുവച്ചിരുന്നു.
''ചിലര്‍ എന്നെ റെക്കോര്‍ഡ്‌ ചെയ്യുന്നുവെന്ന്‌ അറിയാം, എന്നാല്‍ ഒരു വൈദികന്‍ തന്റെ പ്രസംഗം റെക്കോര്‍ഡ്‌ ചെയ്യുന്നുവെന്ന്‌ അറിയുന്നത്‌ ഇപ്പോഴാണ്‌'' എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അഴീക്കോടിന്റെ പ്രസംഗവേദികളെല്ലാം തന്നെ വന്‍ജനാവലി മൂലം ലൗഡ്‌ സ്‌പീക്കറിന്റെ അടുത്തെത്തി കൃത്യമായി ശബ്‌ദം കുറ്റമറ്റ രീതിയില്‍ തന്റെ വാക്‌മാന്‍ റെക്കോര്‍ഡറില്‍ ശേഖരിക്കാന്‍ കഴിയാതെ വന്ന സന്ദര്‍ഭങ്ങളുമുണ്ട്‌. വിവിധ കേന്ദ്രങ്ങളില്‍ നിന്നും അഴീക്കോടിന്റെ പ്രസംഗം ശബ്‌ദരൂപത്തില്‍ തന്നെ പുനര്‍ക്രമീരിക്കാന്‍ അച്ചനെ സമീപിച്ചെങ്കിലും ഇതു മൂലം സാധ്യമായിരുന്നില്ല.

മംഗളം വഴിത്തിരിവായപ്പോള്‍

അഴീക്കോട്‌ പ്രസംഗങ്ങള്‍ പുസ്‌തകരൂപത്തില്‍ പ്രസിദ്ധീകരിക്കുവാനുള്ള ലക്ഷ്യമില്ലായിരുന്നെങ്കിലും അതിന്‌ തന്നെ പ്രേരിപ്പിച്ചത്‌ മംഗളം ദിനപത്രത്തിലെ വാര്‍ത്തയായിരുന്നുവെന്ന്‌ ഇദ്ദേഹം പറഞ്ഞു. അഴീക്കോടിന്റെ മരണത്തെ തുടര്‍ന്ന്‌ പിറ്റേന്ന്‌ മംഗളം പ്രസിദ്ധീകരിച്ച ഇനി കേരളം ആരെ കേള്‍ക്കും എന്ന തലക്കെട്ട്‌ വാര്‍ത്തയാണ്‌ ഏറെ ചിന്തിപ്പിച്ചത്‌. അങ്ങനെ തന്റെ നിധിശേഖരത്തിലെ വായ്‌മൊഴികളെ ഘട്ടം ഘട്ടമായി പകര്‍ത്തിയെഴുതുകയെന്ന യജ്‌ഞത്തിന്‌ തുടക്കം കുറിച്ചു. അഴീക്കോട്‌ ട്രസ്‌റ്റിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ പുസ്‌തക രൂപത്തിലാക്കുന്നതിനെക്കുറിച്ച്‌ നടന്ന ചര്‍ച്ചകളെ തുടര്‍ന്നാണ്‌ അഴീക്കോടിന്റെ ഒന്നാംചരമവാര്‍ഷിക ദിനത്തില്‍ കോട്ടയത്തു നടന്ന ചടങ്ങില്‍ സ്‌പീക്കര്‍ ജി. കാര്‍ത്തികേയന്റെ സാന്നിദ്ധ്യത്തില്‍ ട്രസ്‌റ്റ് ചെയര്‍മാന്‍ കൂടിയായ ജസ്‌റ്റീസ്‌ കെ.ടി തോമസിന്‌ പ്രസംഗത്തിന്റെ പകര്‍പ്പുകളില്‍ ചിലത്‌ കൈമാറിയത്‌.
മൂലമറ്റം സെന്റ്‌ ജോസഫ്‌ കോളേജില്‍ പ്രിന്‍സിപ്പലായി ജോലി നോക്കുന്നതിനിടെ 2013 ഏപ്രില്‍ മാസത്തിലാണ്‌ ആദ്യപുസ്‌തകം പ്രസിദ്ധീകരിച്ചത്‌. ഭാരതീയ സംസ്‌കാരം ഭിന്നമുഖങ്ങള്‍ എന്ന പേരിലിറക്കിയ ആദ്യ പുസ്‌തകത്തില്‍ നാലു പ്രസംഗങ്ങളാണ്‌ ഉള്ളടക്കം. പ്രസംഗശൈലികളോ സംസ്‌കൃത ശ്ലോകങ്ങളോ വാക്കുകളുടെ അര്‍ത്ഥങ്ങളോ അണുവിട ചോര്‍ന്നു പോകാതെയായിരുന്നു പിന്നീടിങ്ങോട്ടുള്ള ഓരോ പുസ്‌കതകങ്ങളും.
ഇതേ വര്‍ഷം തന്നെ ഡിസംബറില്‍ വിദ്യാഭ്യാസത്തിലൂടെ പുനഃസൃഷ്‌ടിയെന്ന പുസ്‌തകത്തില്‍ 1986-ന്‌ വാഴക്കുളത്തെ പ്രസംഗം മുതല്‍ 1997 സെപ്‌തംബര്‍ അഞ്ചിന്‌ ആലുവയില്‍ നടത്തിയ സംസ്‌ഥാനതല അധ്യാപകദിനത്തിലെ പ്രസംഗം ഉള്‍പ്പെടെ അഞ്ച്‌ പ്രഭാഷണങ്ങളാണ്‌ പകര്‍ത്തിയിട്ടുള്ളത്‌. അതേ മാസംതന്നെ സ്വാതന്ത്ര്യത്തിന്റെ കാണാപ്പുറങ്ങള്‍ എന്ന പ്രഭാഷണ പരമ്പരയില്‍ ആറു പ്രഭാഷണങ്ങളാണ്‌ മൂല്യചോര്‍ച്ചയില്ലാതെ തന്നെ പ്രസിദ്ധീകരിച്ചത്‌.
2015-ല്‍ ഡി.സി ബുക്‌സിലൂടെ നാലു പ്രഭാഷണ പരമ്പരകളിലായി 21 പ്രസംഗങ്ങള്‍ അടങ്ങുന്ന പുസ്‌തകങ്ങളാണ്‌ പ്രസിദ്ധീകരിക്കാനായത്‌. ഇതിലെ തത്ത്വമസി പ്രഭാഷണങ്ങളെന്ന പുസ്‌തകത്തില്‍ ആത്മാവിന്റെ നാദം, ആത്മവിദ്യയുടെ പാഠങ്ങള്‍, ശാന്തിയുടെ ഒരു വലിയ ലോകം, തത്ത്വമസിക്ക്‌ ഒരു വിശദീകരണം എന്നീ പ്രസംഗങ്ങള്‍ അണിനിരന്നു. കൂടാതെ രാഷ്‌ട്രത്തിന്റെ പുനര്‍ജന്മം, ഭാരതീയതയിലെ വിവിധ മാനങ്ങള്‍, ഗാന്ധിയന്‍ ആദര്‍ശത്തില്‍ ഉയരേണ്ട ഭാരതം എന്നീ പ്രഭാഷണ പരമ്പരകളാണ്‌ കാസറ്റില്‍ നിന്നും മറ്റുള്ള പുസ്‌തകത്താളുകളിലേക്ക്‌ മാറ്റപ്പെട്ടത്‌. 2017 ഏപ്രില്‍ മാസത്തില്‍ ദേശീയതയും നവഭാരതവും എന്ന പ്രഭാഷണ പരമ്പരയില്‍ അഴീക്കോടിന്റെ അഞ്ചു പ്രഭാഷണങ്ങള്‍ രംഗത്തിറങ്ങി. നിലവിലിറങ്ങിയ എട്ടു പ്രഭാഷണ പരമ്പരകള്‍ കൂടാതെ പരാജയപ്പെടുന്ന വിദ്യാഭ്യാസം, ഭാരതത്തിന്റെ അനശ്വര സമ്പത്ത്‌ എന്നീ പരമ്പരകള്‍ പുസ്‌തകരൂപത്തില്‍ അടുത്ത ദിവസം തന്നെ എത്തുമെന്നും ഫാ. ജില്‍സണ്‍ പറഞ്ഞു. അഴീക്കോട്‌ നിധിശേഖരത്തിലുള്ള ശബ്‌ദസമ്പത്ത്‌ പുസ്‌തകരൂപേണ പുതിയ തലമുറയ്‌ക്ക് കൈമാറാനുള്ള ഉറച്ച പരിശ്രമത്തിലാണ്‌ മികച്ച വാഗ്മിയും സാഹിത്യകാരനുമായ ഈ വൈദികന്‍. എന്റെ പുസ്‌തകങ്ങള്‍ എന്റെ പ്രാണന്റെ പ്രതിഫലനമാണെന്നും ഞാനില്ലാതെ പോയാലും എത്രയോ കാലം കഴിഞ്ഞാലും അത്‌ നിലനില്‍ക്കുമെന്നുമുള്ള അഴീക്കോടിന്റെ വാക്കുകള്‍ യാഥാര്‍ത്ഥ്യമാകുമെന്ന്‌ അഴീക്കോട്‌ സ്‌നേഹിയായ ഫാദര്‍ ഉറപ്പിക്കുന്നു. പ്രസംഗത്തിനിടെയുള്ള പരാമര്‍ശം കേരളക്കരയില്‍ വിവാദമായ ഘട്ടത്തില്‍ ഡോ. സുകുമാര്‍ അഴീക്കോട്‌ പയ്യന്നൂരില്‍ വച്ച്‌ മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞ വാക്കുകളായിരുന്നു അത്‌.

കര്‍മ്മനിരതനും വാഗ്മിയുമായ വൈദിക ശ്രേഷ്‌ഠന്‍

കര്‍മ്മനിരതനും കരിയര്‍ വിദഗ്‌ധനും തികഞ്ഞ മനുഷ്യസ്‌നേഹിയും സാമൂഹ്യ പ്രവര്‍ത്തകനുമായ ഫാ. ജില്‍സണ്‍ അഗ്രികള്‍ച്ചറല്‍ ഇക്കണോമിക്‌സില്‍ സ്വകാര്യ മേഖലയിലെ ഡയറി യൂണിറ്റും ഗ്രാമീണ സമ്പദ്‌ഘടനയില്‍ അവയുടെ പ്രത്യാഘാതവും എന്ന വിഷയത്തില്‍ ഗവേഷണ പ്രബന്ധം അവതരിപ്പിച്ച്‌ ഡോക്‌ടറേറ്റ്‌ കരസ്‌ഥമാക്കി. ഇംഗ്ലീഷ്‌ ഭാഷാ പണ്ഡിതനായ ഇദ്ദേഹം അന്താരാഷ്‌ട്ര പ്രസിദ്ധീകരണങ്ങളില്‍ വിദ്യാഭ്യാസപരമായ ഈടുറ്റ ലേഖനങ്ങളെ കൂടാതെ, വിവിധ വിഷയങ്ങളില്‍ ഇംഗ്ലീഷിലും മലയാളത്തിലും പുസ്‌തകങ്ങളും രചിച്ചിരുന്നു. ബൈബിള്‍ പാണ്‌്ഡിത്യത്തിന്റെ മികവ്‌ തെളിയിച്ച്‌ ഞായറാഴ്‌ചകളിലെ വചന പ്രഘോഷണം മാനേജ്‌മെന്റ്‌ കാഴ്‌ചപ്പാടില്‍ എന്ന പുസ്‌തകം കഴിഞ്ഞ വര്‍ഷം പ്രസിദ്ധീകരിച്ചു. കൂടാതെ ഇദ്ദേഹം എഴുതിയ അനുദിന വചന പ്രഘോഷണം വ്യത്യസ്‌ത കാഴ്‌ചപ്പാടില്‍ എന്ന ബ്രഹത്തായ പുസ്‌തകവും കഴിഞ്ഞ മാസമാണ്‌ റിട്ട. ഹൈക്കോടതി ചീഫ്‌ ജസ്‌റ്റിസ്‌ സി.എന്‍ രാമചന്ദ്രന്‍നായര്‍ പ്രകാശനം ചെയ്‌തത്‌.
ബാംഗ്ലൂര്‍ സര്‍വകലാശാലയില്‍ നിന്നും ബി.എയ്‌ക്ക് ഒന്നാം റാങ്ക്‌ ലഭിച്ച ഇദ്ദേഹം, 2017-ലെ സംസ്‌ഥാനത്തെ മികച്ച പ്രിന്‍സിപ്പലിനുള്ള അവാര്‍ഡിനു പിന്നാലെയാണ്‌ കോളജ്‌ പ്രിന്‍സിപ്പല്‍ സ്‌ഥാനത്തു നിന്നും വിരമിച്ചത്‌. കൂടാതെ യു.ജി.സിയുടെ നാക്‌ പിയര്‍ ടീം മെമ്പര്‍ കോ-ഓര്‍ഡിനേറ്റര്‍, സി.ബി.എസ്‌.ഇ സ്‌കൂള്‍ അഫിലിയേഷന്‍ നിരീക്ഷണ സമിതിയംഗം, മികച്ച വിദ്യാഭ്യാസ ഭരണ നിര്‍വാഹകന്‍ തുടങ്ങിയ നിലയിലുള്ള അംഗീകാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. വിദ്യാര്‍ത്ഥികളുടെ ശാക്‌തീകരണം, കോളജ്‌ അധ്യാപക ശേഷി വികസനം, ജീവിത വിജയത്തിനും തൊഴില്‍ വികസനത്തിനുമെല്ലാം ഉതകുന്ന തരത്തിലുള്ള വ്യത്യസ്‌ഥ പരിശീലന പരിപാടികളിലെല്ലാം തന്നെ മികച്ച സംഘാടക മികവ്‌ തെളിയിക്കാനും ഇദ്ദേഹത്തിനായി. തൊടുപുഴ വാഴക്കുളം പാറക്കടവ്‌ നെടുമരുതുംചാലില്‍ എന്‍.ജെ ജോണ്‍-ഏലിക്കുട്ടി ദമ്പതികളുടെ മകനാണ്‌ ഫാ.ഡോ.ജില്‍സണ്‍ ജോണ്‍. സഹോദരിമാര്‍ ഇരുവരും വിവാഹിതരാണ്‌. ഏകസഹോദരന്‍ ജസ്‌റ്റിനും ഭാര്യ ലിബീനയും മക്കളായ എയ്‌ഞ്ചലിന്‍ എലിസബത്ത്‌, ആവലിന്‍ മരിയ, ആല്‍വിന്‍ ജോണ്‍ എന്നിവരോടൊപ്പം ദോഹയില്‍ താമസിക്കുകയാണ്‌.

Ads by Google
Saturday 26 Jan 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW