Tuesday, August 20, 2019 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Thursday 24 Jan 2019 05.09 PM

ചിന്താവൈകല്യങ്ങള്‍ പരിഹരിക്കാം

''ചിന്താവൈകല്യങ്ങള്‍ മനുഷ്യനെ അടിമുടിി മാറ്റും. മനസില്‍ കയറിക്കൂടിയ അശുദ്ധ ചിന്തകള്‍ മുന്നോട്ടുള്ള യാത്രകളെ തടയും. ചിലര്‍ കടുത്ത വിഷാദരോഗത്തിനും അടിമപ്പെടും. ചിന്താവൈകല്യങ്ങളെ എങ്ങനെ ഫലപ്രദമായി നേരിടാമെന്നതിനെക്കുറിച്ച് ഡോ. അരുണ്‍ ബി. നായര്‍'''
uploads/news/2019/01/282959/mentlprobls240119.jpg

പത്തൊന്‍പതുകാരിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ഥി എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ടു ദിവസം കിഞ്ഞ് ആരോഗ്യം വീണ്ടെടുത്തതിനെത്തുടര്‍ന്ന് കൗണ്‍സിലിങിനായി മനോരോഗവിദഗ്ധന്റെയടുത്ത് അവള്‍ എത്തിച്ചേര്‍ന്നു.

ഉദ്യോഗസ്ഥരായ മാതാപിതാക്കളോെടാപ്പമെത്തിയ പെണ്‍കുട്ടി ഏറെ ദുഃഖിതയായി കാണപ്പെട്ടു. ഒപ്പം വന്ന മാതാപിതാക്കളും ഏറെ അസ്വസ്ഥരായിരുന്നു. സംസാരിക്കാന്‍ നന്നേ പ്രയാസപ്പെട്ട പെണ്‍കുട്ടിയെ മാറ്റിയിരുത്തി, അല്‍പനേരം മാതാപിതാക്കളോട് വിവരങ്ങള്‍ ആരാഞ്ഞു. ആദ്യം സംസാരിച്ചത് പെണ്‍കുട്ടിയുഴടെ അമ്മയാണ്. ''സാറേ അവള്‍ എഞ്ചിനീയറിംഗിനു ചേര്‍ന്നതു മുതല്‍ ഭയങ്കര ഉഴപ്പായിരുന്നു. ഒരക്ഷരം വായിച്ചു പഠിക്കില്ല. എത്ര നിര്‍ബന്ധിച്ചാലും ശരി പുസ്തകം മണപ്പിച്ചു പോലും നോക്കത്തില്ല.

പറഞ്ഞു പറഞ്ഞു ഞാന്‍ തളര്‍ന്നു. ഞാന്‍ നിര്‍ബന്ധിച്ചാല്‍, എന്നെ ചാടിക്കടിക്കാന്‍ വരും ഇവള്‍. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കുഴപ്പമില്ലാതെ പഠിച്ചിരുന്നതാണ്. ഇടയ്‌ക്കൊക്കെ ഉഴപ്പുമെന്നേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ കോളജില്‍ കയറിയതു മുതല്‍ ഒരു രക്ഷയുമില്ലാത്ത ഉഴപ്പായിരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ ഒന്നാം വര്‍ഷ പരീക്ഷയില്‍ എല്ലാ വിഷയത്തിനും ഇവള്‍ തോറ്റു തൊപ്പിയിട്ടു. അതിന്റെ മനോവിഷമത്തിലാ ഇവള്‍ ചാകാന്‍ പോയത്''. അമ്മ പറഞ്ഞു നിര്‍ത്തി.

അമ്മയുടെ വിവരണം കേട്ട് കുട്ടിയുടെ അച്ഛന്‍ അവരുടെ മുഖത്തേക്ക് ഇടയ്ക്കിടെ പാളി നോക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന് എന്തൊക്കെയോ കൂട്ടിച്ചേര്‍ക്കണമെന്നുണ്ടെന്ന് ആ മുഖഭാവം സൂചിപ്പിക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ നേര്‍ക്കു നോക്കി. 'താങ്കള്‍ക്ക് എന്തെങ്കിലും പറയാനുണ്ടോ' എന്നാരാഞ്ഞു. അദ്ദേഹം എന്തോ പറയാന്‍ തുടങ്ങിയപ്പോള്‍ ഉടന്‍തന്നെ ഭാര്യയുടെ തീ പാറുന്ന ഒരു നോട്ടം അദ്ദേഹത്തെ തടഞ്ഞു. ആകെ പതറിപ്പോയ അദ്ദേഹം ഇത്രമാത്രം പറഞ്ഞൊപ്പിച്ചു.''എനിക്കൊന്നും പറയാനില്ല''.

വിവരങ്ങള്‍ പറഞ്ഞിട്ട് ആ ദമ്പതികള്‍ പുറത്തേക്ക് പോകാന്‍ തുടങ്ങിയപ്പോള്‍ മുറിയിലേക്ക് മൂന്നു പെണ്‍കുട്ടികള്‍ കടന്നു വന്നു. ആ വരവ് കുട്ടിയുടെ അമ്മയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ലെന്ന് അവരുടെ മുഖഭാവം വ്യക്തമാക്കി. 'നിങ്ങളെന്തിനാ ഇങ്ങോട്ടു വന്നത്?''. അവര്‍ ആ കുട്ടികളോട് ചോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ആ ചോദ്യത്തെ അവഗണിച്ചുകൊണ്ട് ആ മൂന്നു പെണ്‍കുട്ടികളും ഡോക്ടറുടെ മുന്നിലെത്തി.

''ഡോക്ടര്‍ ഞങ്ങള്‍ക്ക് ചില കാര്യങ്ങള്‍ പേഴസ്ണലായി സംസാരിക്കാനുണ്ട്.'' ഉറച്ച സ്വരത്തില്‍ അവരില്‍ ഒരാള്‍ പറഞ്ഞു. ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടിയുടെ അച്ഛനമ്മമാര്‍ ആ മുറിയില്‍നിന്നുമിറങ്ങിപ്പോകും വരെ അവര്‍ നിശബ്ദരായിരുന്നു.

''സര്‍, ഞങ്ങള്‍ ഈ ആത്മഹത്യശ്രമം നടത്തിയ കുട്ടിയുടെ സഹപാഠികളാണ്.'' അവര്‍ സംസാരിച്ചു തുടങ്ങി. ''സര്‍ അവള്‍ക്ക് കോളജില്‍ ഒരു പ്രണയമുണ്ടായിരുന്നു. ഞങ്ങളുടെ സഹപാഠിയായ ഒരു ആണ്‍കുട്ടിയോട്. പരീക്ഷയ്ക്ക് ഒരു മാസം മുമ്പ് അവര്‍ തമ്മില്‍ വഴക്കിട്ടു. ഒന്നും രണ്ടും പറഞ്ഞ് തല്ലിപ്പിരിഞ്ഞു. അതുകഴിഞ്ഞതോടെ ഇവള്‍ ഭയങ്കര ഡെസ്പായിരുന്നു.

ഒന്നും പഠിക്കുന്നുണ്ടായിരുന്നില്ല. രാത്രിയില്‍ ഒട്ടും ഉറക്കമില്ലായിരുന്നു. ഭക്ഷണം കഴിക്കാനും മടിയായിരുന്നു. 'എനിക്ക് മരിക്കണം' എന്നൊക്കെ ഇടയ്ക്കിടെ പറയുമായിരുന്നു. ഹോസ്റ്റലില്‍ അവളുടെ റൂംമേറ്റ് ഞാനായിരുന്നു.

ഞാനീ വിവരം ഇവളുടെ അമ്മയെ വിളിച്ചു പറഞ്ഞു. എത്രയും പെട്ടെന്ന് ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കാന്‍ ഞാന്‍ പറഞ്ഞതാണ്. എന്നാല്‍ അവര്‍ക്ക് അതൊക്കെ വലിയ അപമാനമായിരുന്നു. അവര്‍ ഒരു ഡോക്ടറെയും കാണിക്കാന്‍ തയാറായില്ല. ഒന്നും പഠിക്കാതെയാണ് അവള്‍ പരീക്ഷ എഴുതിയത്. അവള്‍ എല്ലാ വിഷയത്തിലും തോല്‍ക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പായിരുന്നു.

അതു കൂടെയായപ്പോള്‍ അവളുടെ വിഷാദം കുറച്ചുകൂടി രൂക്ഷമായി. അതാ അവള്‍ മരിക്കാന്‍ ശ്രമിക്കാനുള്ള കാരണം.''
കൂട്ടുകാരുടെ വിശദീകരണം കേട്ടതോടെ പുതിയൊരു വശം കൂടി വ്യക്തമായി. പരീക്ഷാപരാജയത്തോടൊപ്പം പ്രണയനൈരാശ്യം കൂടിയായതോടെ രണ്ടു പ്രശ്‌നങ്ങള്‍ വിഷാദത്തിനു
കാരണമായി ഉണ്ടെന്ന് നമുക്ക് മനസിലാക്കാന്‍ കഴിഞ്ഞു. ''ഇതു കഴിഞ്ഞതോടെയാണ് ആത്മഹത്യാശ്രമം നടത്തിയ കുട്ടിയോട് നേരിട്ടു സംസാരിക്കാന്‍ കഴിഞ്ഞത്.

വികല ചിന്തകള്‍ വിളയാടുമ്പോള്‍


പത്തൊന്‍പതുകാരിയായ ആ പെണ്‍കുട്ടി മടിച്ചുമടിച്ചാണ് സംസാരിച്ചു തുടങ്ങിയത്. ''ഡോക്ടര്‍ എന്റെ ജീവിതത്തിലിന്നുവരെ സന്തോഷം എന്താണെന്ന് ഞാന്‍ അറിഞ്ഞിട്ടില്ല. എന്റെ അച്ഛനും അമ്മയും കുട്ടിക്കാലം മുതലേ എന്നെ കുറ്റപ്പെടുത്തി മാത്രമേ സംസാരിച്ചിട്ടുള്ളൂ. മറ്റുള്ളവരുടെ മുന്നില്‍ എന്നെ കൊച്ചാക്കി സംസാരിക്കാനായിരുന്നു അവരുടെ താല്‍പര്യം.

അവര്‍ക്ക് എന്നേക്കാള്‍ കൂടുതലിഷ്ടം രണ്ടു വയസു മൂത്ത ചേച്ചിയെ ആയിരുന്നു. ചേച്ചി പഠിക്കാന്‍ വളരെ മിടുക്കിയായിരുന്നു. ഇക്കാരണം കൊണ്ട് എന്നെയും ചേച്ചിയേയും പരസ്പരം താരതമ്യം ചെയ്ത് എന്നെ കൊച്ചാക്കിക്കാണിക്കുകയായിരുന്നു അവരുടെ സ്ഥിരം പരിപാടി.

'നിനക്കവളെപ്പോലെ പഠിച്ചു കൂടേ..? നിനക്ക് അവളേപ്പോലെ നടന്നുകൂടേ...?' എന്നിങ്ങനെ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുമായിരുന്നു. വീട്ടുകാര്‍ പറയുന്നതു കേട്ടിട്ട് മറ്റ് ബന്ധുക്കളും അയല്‍വാസികളുമൊക്കെ ഇങ്ങനെ പറയാന്‍ തുടങ്ങി. എല്ലാവരും കൂടെ ഇങ്ങനെ പറയാന്‍ തുടങ്ങിയപ്പോള്‍ എനിക്കും തോന്നി, എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന്. ഇവള്‍ എവിടെച്ചെന്നാലും ഗതിപിടിക്കില്ല' എന്ന് അച്ഛന്‍ ഇടയ്ക്കിടെ ശപിക്കുമായിരുന്നു.

uploads/news/2019/01/282959/mentlprobls240119a.jpg

'ഇവളെ സഹിക്കാന്‍ ആരെക്കൊണ്ടും പറ്റില്ല. എന്നായിരുന്നു അമ്മ പലപ്പോഴും പറഞ്ഞുകൊണ്ടിരുന്നത്. ഇതൊക്കെ കേട്ടുകേട്ടു എന്റെ മനസിലും വല്ലാത്ത അപകര്‍ഷതാ ബോധം തോന്നിത്തുടങ്ങി. പതിയെപ്പതിയെ ഈ യാഥാര്‍ഥ്യവുമായി ഞാന്‍ പൊരുത്തപ്പെട്ടു. കുറച്ചു നല്ല സുഹൃത്തക്കളെ
യൊക്കെ കിട്ടിയതോടെ ഞാന്‍ വീട്ടുകാരുടെ ശകാരം പതിയെ മറച്ചു തുടങ്ങി.''

''ഞാന്‍ പഠിക്കാന്‍ അത്ര വലിയ മിടുക്കിയൊന്നുമല്ലായിരുന്നെങ്കിലും ഹൈസ്‌കൂള്‍ ക്ലാസുകളിലെത്തിയതോടെ നന്നായി പഠിക്കാന്‍ തുടങ്ങി. ചില നല്ല സുഹൃത്തുക്കളെ കിട്ടിയതോടെ അവരുടെ പിന്തുണയോടെ ഞാന്‍ പഠിക്കാന്‍ തുടങ്ങി. ഞങ്ങള്‍ നാലുപേര്‍ ചേര്‍ന്ന് കംബൈന്‍ന്‍ഡ് സ്റ്റഡിയൊക്കെ തുടങ്ങിയതോടെ പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങാന്‍ തുടങ്ങി. പത്തും പന്ത്രണ്ടുമൊക്കെ നല്ല മാര്‍ക്ക് വാങ്ങിത്തന്നെയാണ് ഞാന്‍ പാസായത്. പന്ത്രണ്ടാം ക്ലാസില്‍ വച്ച് ഇടയ്ക്ക് ക്ലാസ് പരീക്ഷകള്‍ക്ക് കണക്കിന് മാര്‍ക്ക് വളരെകുറഞ്ഞെങ്കിലും അടുത്ത പരീക്ഷയ്ക്ക് കൂട്ടുകാരുമായി കംബൈന്‍ഡ് സ്റ്റഡി നടത്തി. ഞാന്‍ നല്ല മാര്‍ക്ക് വാങ്ങി.

പ്ലസ് ടു കഴിഞ്ഞ് ഫാഷന്‍ ഡിസൈനിംഗ് പഠിക്കാന്‍ പോകാനായിരുന്നു എന്റെ ആഗ്രഹം. എന്റെ രണ്ടു നല്ല കൂട്ടുകാരും ഈ കോഴ്‌സ് എടുക്കാന്‍ തന്നെയാണ് ഇഷ്ടപ്പെട്ടിരുന്നത്. ആദ്യമാന്നും വീട്ടുകാരും എതിര്‍പ്പൊന്നും പറഞ്ഞിരുന്നില്ല. പ്ലസ്ടു പരീക്ഷ കഴിഞ്ഞതോടെ ഞങ്ങള്‍ കൂട്ടുകാര്‍ ആലോചിച്ച് പഠിക്കാന്‍ പോകേണ്ട കോളജിനെക്കുറിച്ചൊക്കെ തീരുമാനിച്ചു. ഇക്കാര്യം പറഞ്ഞപ്പോഴും വീട്ടുകാര്‍ക്ക് എതിര്‍പ്പൊന്നും ഇല്ലായിരുന്നു. എന്നാല്‍ പ്ലസ് ടുവിന്റെയും അതുകഴിഞ്ഞ് ഞാന്‍ വെറുതേ പോയെഴുതിയ എഞ്ചിനീയറിങ് എന്‍ട്രന്‍സിന്റെയും ഫലം വന്നതോടെ വീട്ടുകാര്‍ നിലപാടുമാറ്റി.

ഞാന്‍ എഞ്ചീനിയറിങ്ങിനു പോകണമെന്ന് അച്ഛനും അമ്മയ്ക്കും ഒരേ നിര്‍ബന്ധം. ഞാനാണെങ്കില്‍ കാര്യമായി പഠിക്കാതെ പോയെഴുതിയതുകൊണ്ട് എഞ്ചിനീയറിങ് എന്‍ട്രന്‍സിനു റാങ്ക് വളരെ കുറവായിരുന്നു. ഫാഷന്‍ ഡിസൈനിങിനു പോകണമെന്നു പറഞ്ഞപ്പോള്‍, എന്റെ അച്ഛന്‍ പറഞ്ഞത് അതൊന്നും കുടുംബത്തില്‍ പിറന്ന പിള്ളേര്‍ക്ക് പഠിക്കാന്‍ പറ്റിയ കോഴ്‌സല്ല' എന്നാണ്. ഫാഷന്‍ ഡിസൈനിങ് പഠിക്കാന്‍ പോകുന്നത് ആണുങ്ങളുമായി അഴിഞ്ഞാടി നടക്കുന്ന പെണ്ണുങ്ങളാണ് എന്നായിരുന്നു അമ്മയുടെ അഭിപ്രായം.

ഫാഷന്‍ ഡിസൈനിങ്ങിന് പോകണമെന്നു ഞാനെത്ര പറഞ്ഞിട്ടും അവര്‍ സമ്മതിച്ചില്ല. എഞ്ചിനീയറിങ്ങിന് പോകണമെന്നായിരുന്നു അവരുടെ തീരുമാനം. എനിക്കാണെങ്കില്‍ കണക്കിനോട് വലിയ താല്‍പര്യം ഇല്ലാത്തതുകൊണ്ട് എഞ്ചിനീയറിങ്ങിനു പോകാന്‍ ഒട്ടും ഇഷ്ടമുണ്ടായിരുന്നില്ല.. എന്നാല്‍ എന്റെ അഭിപ്രായങ്ങള്‍ക്കു തെല്ലും വില കല്‍പ്പിക്കാതെ അച്ഛന്‍ വീടുനടുത്തുള്ള സ്വാശ്രയ എഞ്ചിനീയറിങ് കോളജില്‍ എന്നെ ചേര്‍ത്തു.

വളരെ മടിച്ചു മടിച്ചാണ് ഞാന്‍ ആ കോളജില്‍ പോയിത്തുടങ്ങിയത്. എനിക്കാ കോളജിലെ അന്തരീക്ഷം ഒട്ടും ഇഷ്ടപ്പെട്ടില്ല. പുതിയതായി തുടങ്ങിയ കോളജായിരുന്നു. സൗകര്യങ്ങള്‍ വളരെ പരിമിതം. പഠിപ്പിക്കാന്‍ പരിയചസമ്പന്നരായ അധ്യാപകരില്ല. എന്റെ പഴയ കൂട്ടുകാരാരും ആ കോളജില്‍ ചേര്‍ന്നതുമില്ല. അങ്ങനെ ആകെ ബോറടിച്ചാണ് ഞാനാ കോളജില്‍ ദിവസങ്ങള്‍ തള്ളിനീക്കിയത്.

ഒട്ടും ഇഷ്ടമില്ലാത്ത വിഷയങ്ങള്‍ പുസ്തകങ്ങള്‍ തുറന്നു നോക്കാന്‍ പോലും താല്‍പര്യമില്ലാതായി. സ്‌കൂളിലെ കൂട്ടുകാരികളൊക്കെ പ്ലാന്‍ ചെയ്തതുപോലെ ഫാഷന്‍ ഡിസൈനിങ് പഠിക്കാന്‍ ഹൈദരാബാദിലേക്ക് പോയി. അവര്‍ അവധിക്കു നാട്ടില്‍ വന്നപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടതോടെ എനിക്കാകെ സങ്കടമായി. ഞാന്‍ വീട്ടില്‍ വന്ന് അച്ഛന്റെയും അമ്മയുടെയുമടുത്ത് കുറേനേരം കരഞ്ഞു. അവരോടു കുറേ വഴക്കിട്ടു. എന്നിട്ടും അവര്‍ ഞാന്‍ പറഞ്ഞതൊന്നും കാര്യമായിട്ടെടുത്തില്ല.

''ആകെ ബോറിടിച്ച് ഒരു ലക്ഷ്യബോധവുമില്ലാതെ ജീവിതം ഇങ്ങനെ മുന്നോട്ടു പോയിക്കൊണ്ടിരുന്നപ്പോഴാണ് ഞാന്‍ നിതിനെ പരിചയപ്പെട്ടത്. എന്റെ ക്ലാസില്‍തന്നെയാണ് അവനും പഠിച്ചിരുന്നത്. എന്നെപ്പോലെ തന്നെ, മാതാപിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവനും എഞ്ചിനീയറിങ്ങിനു ചേര്‍ന്നത്. ഞങ്ങള്‍ തമ്മില്‍ ഒരുപാട് കാര്യങ്ങളില്‍ സാമ്യമുണ്ടെന്നു തോന്നി.

എന്നെ നന്നായി മനസിലാക്കാന്‍ അവനു കഴിയുന്നുണ്ടെന്നും മനസിലായി. അങ്ങനെയാണ് ഞങ്ങള്‍ തമ്മില്‍ ഇഷ്ടത്തിലായത്. ബോറായ ക്ലാസുകളിലൊന്നും ഞങ്ങള്‍ രണ്ടുപേരും കയറാറില്ലായിരുന്നു. ആ സമയത്ത്, കാന്റീനിലോ, കാംപസിലെ മരങ്ങള്‍ക്കു താഴെയോ പോയിരിക്കും.

അവധി ദിവസങ്ങളില്‍ അവനോടോപ്പം കടല്‍ത്തീരത്തും പാര്‍ക്കുകളിലും സിനിമയ്ക്കും പോയി കറങ്ങി നടക്കുമായിരുന്നു. ജീവിതത്തിലെ നഷ്ടപ്പെട്ട സന്തോഷം പതിയെ തിരിച്ചുവരുന്നതായി തോന്നി. അവന്റെ കൂടെ നടക്കുമ്പോള്‍ മറ്റെല്ലാ കാര്യങ്ങളും ഞാന്‍ മറന്നിരുന്നു. പഠനവും അമ്മയുമായി വഴക്കിടുന്നതും കോളജില്‍ അധ്യാപകര്‍ വഴക്കുപറയുന്നതുമൊക്കെ മറന്നിരുന്നു. എന്നാല്‍ പരീക്ഷയടുത്തതോടെയാണ് അവിടെയും പ്രശ്‌നമായത്. എനിക്ക് യാതൊന്നു പഠിച്ചിട്ട് മനസിലാകുന്നില്ല. അവനാണെങ്കില്‍ പരീക്ഷയടുത്തതോടെ കാര്യമായി പഠനം തുടങ്ങി.

വൈകിട്ട് കറങ്ങാനൊന്നും വരാതെയായി. ഞാന്‍ വിളിച്ചാല്‍ വൈകിട്ട് ഫോണ്‍ പോലും എടുക്കാതെയായി. ഇതിനെച്ചൊല്ലി ഞങ്ങള്‍ തമ്മില്‍ വഴക്കിട്ടു. അപ്പോള്‍ അവന്‍ പറയുകയാ 'എനിക്ക് പഠിച്ച് എങ്ങനെയെങ്കിലും പരീക്ഷ ജയിച്ചു രക്ഷപ്പെട്ടാല്‍ മാത്രമേ പറ്റൂ' എന്ന്. 'അപ്പോള്‍ എന്റെ കാര്യമോ?' എന്നു ഞാന്‍ ചോദിച്ചപ്പോള്‍ 'നീയും പഠിച്ച് രക്ഷപെടാന്‍ നോക്ക്' എന്നായിരുന്നു അവന്റെ മറുപടി. എല്ലാ ഉഴപ്പും മാറ്റിവച്ച് അവന്‍ കാര്യമായി പഠനം തുടങ്ങി. എനിക്കോ എത്രവായിച്ചിട്ടും ഒന്നും മനസിലാകുന്നുമില്ല.

uploads/news/2019/01/282959/mentlprobls240119b.jpg

ഞാനിടയ്ക്കിടെ അവനെ ഫോണ്‍ ചെയ്യുമ്പോഴൊക്കെ ഫോണെടുക്കാന്‍ പോലും തയാറായിരുന്നില്ല. ഇക്കാര്യം പറഞ്ഞ് ഞാനും അവനും തമ്മില്‍ വഴക്കായി. ഒടുവില്‍ 'നിന്നെ എനിക്ക് കാണണ്ട' നമ്മള്‍ തമ്മില്‍ ഇനി ഒരു ബന്ധവുമില്ല. നീ എവിടെയെങ്കിലും പോയി തുലയ്' എന്നു പറഞ്ഞ് നടന്നുപോയി. അതിനുശേഷം എന്നെ കണ്ടാല്‍പോലും അവന്‍ മിണ്ടാതെയായി. എന്നെ വാട്‌സ് ആപ്പിലും ഫേസ്ബുക്കിലും ഫോണിലുമൊക്കെ ബ്ലോക്ക് ചെയ്തു. നേരിട്ടു കണ്ടപ്പോള്‍ എന്നെ അകറ്റി.''

പരീക്ഷ തുടങ്ങാന്‍ ഒരാഴ്ചയുള്ളപ്പോഴാണ് ഞങ്ങള്‍ തമ്മില്‍ വേര്‍പിരിഞ്ഞത്. പിന്നീട് എങ്ങനെയൊക്കെ പഠിക്കാന്‍ ശ്രമിച്ചിട്ടും എനിക്ക് പറ്റിയില്ല. രാത്രിയില്‍ ഉറക്കമില്ലാതെയായി. പഠിക്കാന്‍ പുസ്തകം തുറന്നാലുടന്‍ അവന്റെ ഓര്‍മ്മ വരും. അതോടെ ആകെ മൂഡ് ഓഫാകും. അങ്ങനെ എന്റെ പഠനം ആകെ പ്രശ്‌നമായി. പഠനം നിര്‍ത്തി വീട്ടിലേക്ക് പോയാലോ എന്നു ഞാന്‍ ചിന്തിച്ചു. എന്നാല്‍ അതു കഴിഞ്ഞ് എന്തുചെയ്യും എന്ന ചോദ്യം എന്നെ വല്ലാതെ അലട്ടി. ജീവിതം അവസാനിപ്പിച്ചാലോ എന്നു തോന്നിപ്പോയി.

പലതവണ മരിക്കാനൊരുങ്ങിയതാ. പക്ഷേ, അപ്പോഴൊക്കെ എന്റെ റൂംമേറ്റ്‌സ് ആണ് എന്നെ പിന്തിരിപ്പിച്ചത്. ഒടുവില്‍ യാതൊന്നും പഠിക്കാതെ പരീക്ഷ എഴുതി. തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു. അതു തന്നെ സംഭവിച്ചു. എല്ലാ വിഷയങ്ങള്‍ക്കും ദയനീയമായി ഞാന്‍ തോറ്റു. പരീക്ഷാഫലം വന്നതോടെ അച്ഛനും അമ്മയും എന്നെ വീണ്ടും കുറ്റം പറയാന്‍ തുടങ്ങി. ഉറക്കവും വിശപ്പുമൊക്കെ നഷ്ടപ്പെട്ട് സങ്കടപ്പെട്ടിരുന്ന എനിക്ക് ഒട്ടും സഹിക്കാന്‍ വയ്യാതായിരുന്നു.

''പരീക്ഷാ ഫലം വന്നതിന്റെ പിറ്റേന്നുതന്നെ അമ്മ എന്നെയും കൂട്ടി ഒരു ജ്യോത്സനെ കാണാന്‍ പോയി. ജ്യോത്സ്യന്‍ പറഞ്ഞത് എനിക്ക് ഏഴരയാണ്ടു ശനിക്കു മുകളില്‍ കണ്ടകശനി പിടിപെട്ടിരിക്കുകയാണെന്നാണ്. ഇക്കാലത്ത് തൊടുന്നതെല്ലാം പ്രശ്‌നമാകുമെന്ന് അയാള്‍ പറഞ്ഞു. വാഹനാപകടം, ഹൃദയാഘാതം, രക്തസ്രാവം തുടങ്ങി മരണം വരെ സംഭവിക്കാമെന്നു അയാള്‍ പറഞ്ഞു. ഇതു കൂടി കേട്ടതോടെ ഞാനാകെ മാനസികമായി തളര്‍ന്നുപോയി. ഇതു പരിഹരിക്കാനായി കുറേ പൂജകള്‍ ചെയ്യണമെന്ന് അദ്ദേഹം പറയുകയും ചെയ്തു.

ജ്യോത്സ്യനെ കണ്ടു വീട്ടിലെത്തിയതോടെ എന്റെ ടെന്‍ഷന്‍ വല്ലാതെ കൂടി. ഭക്ഷണം കഴിച്ചിട്ട് വെറുതേയിരിക്കുമ്പോള്‍, നെഞ്ചിന്റെ ഭാഗത്ത് ചെറിയൊരു എരിച്ചില്‍ അനുഭവപ്പെട്ടു. ജ്യോത്സ്യന്‍ പറഞ്ഞത് എന്റെ മനസില്‍ തെളിഞ്ഞു. എനിക്ക് ഹൃയദഘാതം വരികയാണെന്നു തന്നെ കരുതി. പരിഭ്രമിച്ചു. ഞാന്‍ കുഴഞ്ഞുവീണുപോയി.

ഇത്രയും പറഞ്ഞ ആ പെണ്‍കുട്ടി ഒന്നു നിര്‍ത്തിയ ശേഷം വീണ്ടും സംസാരിച്ചു തുടങ്ങി. ''ഞാനിനി പഠിക്കുന്നില്ല. ഞാന്‍ പഠനം നിര്‍ത്താന്‍ പോകുന്നു. എന്റെ അച്ഛന്‍ പണ്ടു പറഞ്ഞതു ശരിയാ. എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല. അതുകൊണ്ടാണല്ലോ ഞാന്‍ പരീക്ഷയില്‍ എല്ലാ വിഷയത്തിനും തോറ്റുപോയത്. എന്റെ അമ്മ പറഞ്ഞിരുന്നു. എന്നെ സഹായിക്കാന്‍ ആരെക്കൊണ്ടും പറ്റില്ല എന്ന്. അതും ശരിയാണ്. അതുകൊണ്ടു എന്നെ ഇഷ്ടപ്പെട്ടിരുന്ന പയ്യന്‍ വഴക്കിട്ട് എന്നെ കളഞ്ഞിട്ട് പോയത്. ഞാനിനി പരീക്ഷ എഴുതിയിട്ടും കാര്യമില്ല. ഞാന്‍ ജയിക്കാന്‍ പോകുന്നില്ല.'' അവള്‍ പറഞ്ഞു നിര്‍ത്തി.

ചെറുപ്പകാലത്തുണ്ടാകുന്ന ജീവിതാനഭവങ്ങളെത്തുടര്‍ന്ന് മനസില്‍ വേരുറയ്ക്കുന്ന ശക്തമായ ചില വികലചിന്തകളുണ്ട്. അവയെ 'പ്രാഥമിക വികല ചിന്തകള്‍' എന്നു പറയുന്നു. ഇവിടെ, മൂത്ത സഹോദരിയുമായി, രക്ഷിതാക്കളും ബന്ധുക്കളും നടത്തിയ നിരന്തര താരതമ്യം മൂലം 'തന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല എന്ന ചിന്താഗതി പ്രാഥമിക ചിന്തയായി അവളുടെ മനസില്‍ രൂപംകൊണ്ടു. ഇത് അവളുടെ ആത്മവിശ്വാസത്തെ ഗുരുതരമായി ബാധിച്ചു.

('ചിന്താവൈകല്യങ്ങളെ എങ്ങനെ പ്രതിരോധിക്കാം' എന്നതിനെക്കുറിച്ച് ...... തുടരും.)

ഡോ. അരുണ്‍ ബി. നായര്‍
അസിസ്റ്റന്റ് പ്രൊഫസര്‍
സൈക്യാട്രി വിഭാഗം
മെഡിക്കല്‍ കോളജ്, തിരുവനന്തപുരം

Ads by Google
Thursday 24 Jan 2019 05.09 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW