Wednesday, August 21, 2019 Last Updated 33 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Jan 2019 07.25 PM

സഭയില്‍ കൂട്ടായ്മയ്ക്കുള്ള ആഹ്വാനം അവഗണിക്കരുത്: സീറോ മലബാര്‍ മീഡിയ കമ്മീഷന്‍

uploads/news/2019/01/282708/syro-malabar.jpg

കൊച്ചി: സീറോ മലബാര്‍ സഭയുടെ സിനഡിനു വേണ്ടി മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച സര്‍ക്കുലര്‍ സഭയൊന്നാകെ ഏകമനസോടെ സ്വീകരിച്ചെന്നു സഭയുടെ മീഡിയ കമ്മീഷന്‍ വിലയിരുത്തി. സഭയുടെ ചില തലങ്ങളില്‍ നഷ്ടമായിത്തുടങ്ങിയ അച്ചടക്കം വീണ്ടെടുക്കാന്‍ സിനഡ് കൈക്കൊണ്ട തീരുമാനങ്ങള്‍ക്കു വൈദികരും സന്യസ്തരും നല്‍കിയ പിന്തുണ ഏറെ സ്വാഗതാര്‍ഹമാണ്.

സിനഡ് നിര്‍ദേശിച്ച നടപടികള്‍ സഭയുടെ നിയമങ്ങളെയും നാളിതുവരെയുള്ള നിലപാടുകളെയും ഓര്‍മിപ്പിക്കുന്നതും തികച്ചും സമയോചിതവുമായിരുന്നെന്നു വിവിധ സന്യാസ സമൂഹങ്ങളുടെ നേതൃത്വം വിലിയിരുത്തിയിട്ടുണ്ട്. അച്ചടക്കത്തിനു മാതൃകയാകേണ്ടവരായ സന്യസ്തര്‍ക്കു വ്യക്തമായ ദിശാബോധം നല്‍കാന്‍ സിനഡിന്റെ നടപടികള്‍ പര്യാപ്തമാണെന്ന് അവര്‍ വിലയിരുത്തി. സഭയുടെ അല്മായ സംഘടനകളെല്ലാം സിനഡിന്റെ നിര്‍ദേശങ്ങളെ സന്തോഷപൂര്‍വം സ്വാഗതം ചെയ്തു എന്നതും ശ്രദ്ധേയമാണ്. സുചിന്തിതവും കാലഘട്ടത്തിന്റെ ആവശ്യവുമായിരുന്ന നടപടികള്‍ സഭയില്‍ സമാധാനവും അച്ചടക്കവും പുനസ്ഥാപിക്കുമെന്നും അല്മായ സംഘടനകള്‍ വിലയിരുത്തി.

അച്ചടക്കരാഹിത്യം സഭയുടെ സുവിശേഷസാക്ഷ്യത്തെ പൊതുസമൂഹത്തിനു മുമ്പില്‍ അപഹാസ്യമാക്കുകയാണ്. സഭയില്‍ തിരുത്തലുകളും ആത്മവിമര്‍ശനങ്ങളും ആവശ്യമാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ സഭയ്ക്കുള്ളില്‍ നടക്കേണ്ട ചര്‍ച്ചകളും വിലയിരുത്തലുകളും തെരുവിലും മാധ്യമങ്ങളിലും നടത്തുന്നതിലാണു സഭാവിശ്വാസികള്‍ അസ്വസ്ഥരായിരുന്നത്. സഭാധികാരികള്‍ക്കെതിരെ ഉന്നയിക്കപ്പെടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനും നീതിപൂര്‍വം പരിഹരിക്കാനും സഭാനിയമം അനുശാസിക്കുന്നതു പോലെ ഒരു ഉന്നതാധികാര ട്രിബ്യൂണല്‍ സഭയില്‍ നിലവിലുണ്ട്.

സഭയിലെ വ്യവസ്ഥാപിത മാര്‍ഗങ്ങളെ അവഗണിച്ചു മാധ്യമശ്രദ്ധയ്ക്കായി മാത്രം നടത്തുന്ന പ്രതികരണങ്ങളെ ഒരു കാരണവശാലും അംഗീകരിക്കാനാവില്ല. സഭാതലവന്റെ സര്‍ക്കുലറിനെതിരെ ഒരു സന്യാസവൈദികന്‍ പരസ്യമായി നിലപാടു സ്വീകരിച്ച് ഓണ്‍ലൈന്‍ പത്രത്തില്‍ ലേഖനമെഴുതിയതു ഗുരുതരമായ അച്ചടക്കലംഘനമാണ്. തിരുസഭയുടെ നിയമങ്ങള്‍ക്കുപരിയായി സ്വയം പ്രതിഷ്ഠിക്കാനുള്ള പ്രലോഭനം വൈദികരും സന്യസ്തരും ഉപേക്ഷിക്കേണ്ടതാണ്. നാളിതുവരെയുള്ള തങ്ങളുടെ തന്നിഷ്ടങ്ങള്‍ക്കു തടസം വരുമോ എന്ന ആശങ്കയാണ് ഇത്തരം വിലകുറഞ്ഞ പ്രതികരണങ്ങള്‍ക്കു കാരണമാകുന്നത് എന്നു സംശയിക്കേണ്ടിയിരിക്കുന്നു. സാമൂഹ്യപ്രവര്‍ത്തനങ്ങളിലൂടെ നേടിയെടുത്ത പൊതു സ്വീകാര്യതയെ മറയാക്കി സഭയില്‍ അരാജകത്വം സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ കുറ്റകരമാണെന്നു പറയാതെ തരമില്ല.

സഭയെ സമൂഹമധ്യത്തില്‍ അധിക്ഷേപിക്കാന്‍ അവസരം പാര്‍ത്തിരിക്കുന്ന മാധ്യമങ്ങള്‍ നല്‍കുന്ന പിന്തുണയില്‍ ആരും വഴിതെറ്റാന്‍ ഇടവരരുത്. സഭയൊന്നാകെ ഒരേ ഹൃദയത്തോടും ഒരേ മനസോടെയും കൂട്ടായ്മയിലേക്കു നീങ്ങാന്‍ പരിശ്രമിക്കുമ്പോള്‍, അപസ്വരങ്ങള്‍ ഉയര്‍ത്തി സ്വയം അപഹാസ്യരാകാതിരിക്കാന്‍ കൂട്ടായ പരിശ്രമം വേണം. സഭയുടെ കൂട്ടായ്മ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ സഭാവിരുദ്ധരുടെ കൈകളിലെ പാവകളായി മാറുന്ന അപകടം ഒഴിവാകേണ്ടതാണെന്നും മീഡിയ കമ്മീഷന്‍ ഓര്‍മിപ്പിച്ചു.

Ads by Google
Ads by Google
Loading...
TRENDING NOW