Tuesday, August 20, 2019 Last Updated 0 Min 15 Sec ago English Edition
Todays E paper
Ads by Google
Wednesday 23 Jan 2019 03.23 PM

സങ്കീര്‍ണതകള്‍ ഒഴിവാക്കാം

''കാഴ്ചയെ പൂര്‍ണമായോ ഭാഗികമായോ നശിപ്പിക്കുന്ന ഡയബറ്റിക് റെറ്റിനോപ്പതി ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം. കൃത്യമായ പരിശോധകളിലൂടെ രോഗം സങ്കീര്‍ണമാകുന്നത് ഒഴിവാക്കാം''
uploads/news/2019/01/282682/eyeproblms2301119a.jpg

ജഗദീഷ് (പേര് സാങ്കല്പികം) 58 വയസ്. കഴിഞ്ഞ 20 വര്‍ഷമായി പ്രമേഹ രോഗിയാണ്. വിവാഹം കഴിഞ്ഞ് 30 വര്‍ഷം കഴിഞ്ഞിട്ടും കുട്ടികളില്ലാത്തത് അവരെ ഏറെ അലട്ടുന്നുണ്ട്. ഭാര്യയുമായി ചേര്‍ന്ന് നഗരത്തില്‍ ഗിഫ്റ്റ് ഷോപ്പ് നടത്തുകയാണ്. നിത്യചെലവുകള്‍ക്കുള്ള വരുമാനം ലഭിക്കുമെന്നതിനപ്പുറം കാര്യമായ സേവിങ്‌സ് ഒന്നും ഇതില്‍ നിന്നവര്‍ക്ക് ലഭിക്കുന്നില്ല. അപ്രതീക്ഷിതമായ അത്യാവശ്യഘട്ടങ്ങളെ അഭിമുഖീകരിക്കാനുള്ള നീക്കിയിരിപ്പൊന്നും ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുകളിലൂടെയാണ് അവരുടെ ജീവിതം മുന്നോട്ട് പോകുന്നത്.

പ്രയാസങ്ങളുണ്ടാകുമ്പോള്‍ ജീവിതത്തിന് തണലാകാന്‍ കുട്ടികള്‍ ഇല്ലെന്ന ദുഃഖവും അതിനെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. പ്രമേഹം അലട്ടുമ്പോള്‍ (38 -ാം വയസില്‍ തുടങ്ങിയത്) കൃത്യമായി മരുന്ന് കഴിക്കാനോ പതിവ് എന്‍ഡോക്രൈനോളജിസ്റ്റിനെ (പ്രമേഹവും അനുബന്ധ ഹോര്‍മോണ്‍ രോഗങ്ങളിലും സ്‌പെഷലൈസ് ചെയ്തിരിക്കുന്ന ഡോക്ടര്‍) കാണാനോ ജഗദീഷ് ശ്രദ്ധിച്ചിരുന്നില്ല. ഡോക്ടര്‍ ഇന്‍സുലിന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും വളരെ അപൂര്‍വമായി മാത്രമേ ജഗദീഷ് ഇന്‍സുലിന്‍ എടുത്തിരുന്നുള്ളൂ.

ഡോക്ടറുടെ നിര്‍ദേശാനുസരണം വീട്ടില്‍വച്ച് തന്നെ ചെയ്യേണ്ടിയിരുന്ന ബ്ലഡ് ഗ്ലൂക്കോസ് പരിശോധനയ്ക്കും ജഗദീഷ് വലിയ പ്രാധാന്യം നല്‍കിയില്ല . പ്രമേഹത്തെക്കുറിച്ച് അത്യാവശ്യം വേണ്ട ധാരണ തനിക്കുണ്ടെന്നും ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമൊക്കെ പറഞ്ഞ് ഡോക്ടര്‍ തന്റെ ജീവിതം വെറുതെ ദുരിതപൂര്‍ണമാക്കുകയാണ് എന്നാണ് ജഗദീഷ് വിശ്വസിച്ചിരുന്നത്. ജീവിതം ഇപ്പറഞ്ഞതു പോലെ ബുദ്ധിമുട്ടുകളിലൂടെ നീങ്ങുമ്പോഴാണ് ജഗദീഷിന്റെ ജീവിതത്തില്‍ ആ ദുരന്തം സംഭവിക്കുന്നത്.

തന്റെ കാഴ്ച ശക്തി മങ്ങുന്നതായും പഴയതുപോലെ കാണാന്‍ പറ്റുന്നില്ലെന്നുമുള്ള സത്യം അദ്ദേഹം മനസിലാക്കി. ഭര്‍ത്താവ് പലപ്പോഴും തട്ടി വീഴുന്നത് ഭാര്യയും ശ്രദ്ധിച്ചു തുടങ്ങി. കാഴ്ച തടസം മൂലം ബിസിനസ് പതുക്കെ താളം തെറ്റാന്‍ തുടങ്ങി എന്നുമാത്രമല്ല, എല്ലാ കാര്യങ്ങള്‍ക്കും ഭാര്യയെ ആശ്രയിക്കേണ്ട അവസ്ഥയിലുമെത്തി.

മങ്ങിത്തുടങ്ങുന്ന കാഴ്ച


ജഗദീഷിന്റെ കാഴ്ചശക്തി കുറഞ്ഞുകൊണ്ടേയിരുന്നു. മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍ പോലും കാണാന്‍ കഴിയാതെ വരികയും കോളുകള്‍ അറ്റന്‍ഡ് ചെയ്യാന്‍ സാധിക്കാതെ വരികയും അത് പ്രകടമായ നിരാശയിലേക്ക് അദ്ദേഹത്തെ നയിക്കുകയും ചെയ്തു. മുന്നിലുള്ള വസ്തുക്കളുടെ രൂപമോ വലിപ്പമോ മനസിലാകാത്ത വിധമുള്ള അവ്യക്തതയിലേക്ക് അദ്ദേഹത്തിന്റെ കാഴ്ച ശക്തി കുറഞ്ഞു. ഒടുവില്‍ എല്ലാ പിടിവാശികളും ഉപേക്ഷിച്ച് വൈദ്യസഹായം തേടാന്‍ അദ്ദേഹം തീരുമാനിച്ചു.

വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം അങ്ങനെ തന്റെ എന്‍ഡോക്രൈനോളജിസ്റ്റിനെ സന്ദര്‍ശിച്ചു . ആശുപത്രിയില്‍ അദ്ദേഹത്തിന്റെ പ്രമേഹത്തിന്റെ അളവ് മനസിലാക്കുന്നതിനുള്ള രക്ത പരിശോധനകള്‍ നടന്നു.

uploads/news/2019/01/282682/eyeproblms2301119b.jpg

വളരെ അപകടകരമായ രീതിയില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് പരിശോധനകളിലൂടെ വ്യക്തമായി. ഉടന്‍തന്നെ അദ്ദേഹത്തിനെ നേന്ദ്രരോഗവിദഗ്ധന്റെ അടുത്തേക്ക് പറഞ്ഞയച്ചു. വിശദമായ പരിശോധനകള്‍ക്ക് ശേഷം തനിക്ക് പ്രമേഹ സംബന്ധമായ നേത്രരോഗം പിടികൂടിയിരിക്കുന്നു എന്ന യാഥാര്‍ഥ്യം അദ്ദേഹം തിരിച്ചറിഞ്ഞു.

ഒഴിവാക്കാനാവുന്ന നേത്രരോഗം


ഇന്ത്യയില്‍ പ്രിവെന്റബിള്‍ ബ്ലൈന്‍ഡ്‌നെസിനുള്ള ഏറ്റവും പ്രധാന കാരണം പ്രമേഹ അനുബന്ധ നേത്രരോഗങ്ങളാണ്.
രണ്ടു വിധത്തിലാണ് പ്രമേഹം കണ്ണുകളുടെ ആരോഗ്യത്തെ ബാധിക്കുന്നത്. റെറ്റിനയിലേക്കുള്ള ചെറിയ രക്ത കുഴലുകളെ ഇത് നശിപ്പിക്കുന്നു. കാഴ്ചയെ സഹായിക്കുന്ന കൃഷ്ണമണിക്ക് പുറകിലുള്ള നേര്‍ത്ത പടലമാണ് റെറ്റിന. പ്രമേഹം മൂലം റെറ്റിനയുടെ ആരോഗ്യം തകരാറിലാകുന്നതിനെ ഡയബെറ്റിക്ക് റെറ്റിനോപ്പതി എന്നാണ് പറയുന്നത്.

പ്രമേഹ രോഗികള്‍ പതിവായി കണ്ണ് പരിശോധന നടത്തിയാല്‍ ഒരു പരിധി വരെ ഡയബറ്റിക്ക് റെറ്റിനോപ്പതി ഒഴിവാക്കാം. രോഗത്തിന്റെ സാന്നിധ്യം ഉണ്ടെന്നറിഞ്ഞാല്‍ കൂടുതല്‍ വിശദമായ പരിശോധനകള്‍ സമായാനുസൃതമായി നടത്തിയാല്‍ രോഗത്തിന്റെ തീവ്രത കൂടാതിരിക്കാന്‍ സഹായിക്കും. അള്‍ട്രാ സൗണ്ട് സ്‌കാന്‍ (ഒപ്റ്റിക്കല്‍ കോഹെറെന്‍സ് ടോമോഗ്രാഫി) അല്ലെങ്കില്‍ ഡൈ അടിസ്ഥാനമാക്കിയുള്ള പരിശോധനയിലൂടെ (ഫ്രീ ഫ്‌ളൂറസെന്‍ ആന്‍ജിയോഗ്രാഫി) ഇതറിയാന്‍ സാധിക്കും.

ഒരു തവണ രോഗത്തിന്റെ തീവ്രത പരിശോധിച്ചറിഞ്ഞാല്‍ അതനുസരിച്ച് ചികിത്സ ക്രമീകരിക്കാം. കണ്ണിനു പ്രത്യേകമായുള്ള വിറ്റാമിനുകളോ രോഗം ബാധിച്ച ഏരിയക്കുള്ള ലേസര്‍ ചികിത്സയോ (ഗ്രിഡ് ലേസര്‍ ഫോട്ടോകോഗുലേഷന്‍ ) ചെയ്യാം.

കുത്തിവയ്പ്പും സര്‍ജറിയും


രോഗത്തിന്റെ തീവ്രത അല്പം കൂടുതലായിട്ടുള്ള സാഹചര്യങ്ങളില്‍ നേരിട്ട് കണ്ണിനുള്ള കുത്തിവെയ്പുകളോ സര്‍ജറിയോ ആവശ്യമായി വന്നേക്കും. ഡയബറ്റിക്‌സ് അന്ധതയിലേക്ക് നയിക്കുന്ന മറ്റൊരു പ്രധാന കാരണം അത് കണ്ണുകളുടെ മുന്‍ഭാഗത്തെ ബാധിക്കുന്നതാണ്. ഇതാണ് തിമിരത്തിനും ഗ്ലൂക്കോമയ്ക്കും കാരണമാകുന്നത്. പ്രമേഹത്തിന്റെ ആരംഭ ഘട്ടത്തില്‍ തന്നെ തിമിരം ഉണ്ടാകാം.

സാധാരണ 60 വയസുള്ള ആളുകളിലാണ് ഇത് കാണപ്പെടുന്നതെങ്കില്‍ പ്രമേഹ രോഗികളില്‍ 40 വയസ്സില്‍ തന്നെ ഇത് വരാനുള്ള സാധ്യത കൂടുതലാണ്. പ്രമേഹ രോഗികളില്‍ കാണപ്പെടുന്ന തിമിരംഅല്പം വ്യത്യസ്തമാണ്. അതുകൊണ്ടുതന്നെ അത് ചികിത്‌സിച്ചു ഭേദമാക്കാനും ബുദ്ധിമുട്ടാണ്.

uploads/news/2019/01/282682/eyeproblms2301119c.jpg

പക്ഷേ, ഇത് നേരത്തെയുള്ള പരിശോധനകളിലൂടെ കണ്ടുപിടിക്കുകയാണെങ്കില്‍ ചികിത്‌സാരീതികള്‍ കൂടുതല്‍ എളുപ്പവും ഫലപ്രദവും ആയിരിക്കും. മറിച്ച് അവഗണിക്കുകയാണെങ്കില്‍ കാര്യമായ രീതിയില്‍ കാഴ്ചയെ ബാധിക്കുകയും പ്രായമായ രോഗികളില്‍ അപകടകരമായ രീതിയില്‍ വീഴ്ചയിലൂടെ പരിക്കേല്‍ക്കാനും സാധ്യതയുണ്ട്.

കാഴ്ച നഷ്ടമാകാതിരിക്കാന്‍


പ്രമേഹ രോഗികളുടെ കണ്ണുകളുടെ സമ്മര്‍ദ്ദം കൂടാന്‍ സാധ്യതയുണ്ട്. അതാണ് ഗ്ലൂക്കോമ എന്നറിയപ്പെടുന്നത്. ഈ അവസ്ഥയിലുള്ള രോഗികള്‍ക്ക് കണ്ണുകളില്‍ വേദന, തലവേദന, കാഴ്ച കുറവ് എന്നിവ ഉണ്ടായിരിക്കും. ഇത്തരം ലക്ഷണങ്ങളെ അവഗണിച്ചാല്‍ പൂര്‍ണ അന്ധതയ്ക്ക് വരെ അത് കാരണമാകും. ഇതിനെ കണ്ണിലൊഴിക്കുന്ന തുള്ളിമരുന്നുകളിലൂടെയോ അകത്തു കഴിക്കുന്ന മരുന്നുകളിലൂടെയോ സര്‍ജറിയിലൂടെയോ ഫലപ്രദമായി പരിഹരിക്കാന്‍ സാധിക്കും.

ജഗദീഷിന്റെ കാര്യത്തിലേക്ക് പോയാല്‍, അദ്ദേഹത്തിന് സംഭവിച്ചത് കണ്ണുകള്‍ ബ്ലീഡ് ചെയ്യുന്ന (വിട്രസ് ഹെമറേജ്) പ്രമേഹ സംബന്ധമായ ഗുരുതരാവസ്ഥയിലുള്ള നേത്രരോഗമാണ്.

തുടര്‍ന്നും കാഴ്ച കുറഞ്ഞുപോകാതിരിക്കാന്‍ അദ്ദേഹത്തിന് മുന്‍പിലുണ്ടായിരുന്ന ഏകവഴി സങ്കീര്‍ണമായ ഒരു സര്‍ജറി അല്ലെങ്കില്‍ കണ്ണിന് നേരിട്ടെടുക്കുന്ന ഇന്‍ജക്ഷന്‍ ആയിരുന്നു. ഏറ്റവും അവസാനഘട്ടത്തിലാണ് ജഗദീഷ് ചികിത്സ തേടിയതെന്നും കാഴ്ചശക്തി മെച്ചപ്പെടുത്താന്‍ ഇതല്ലാതെ വേറൊരു മാര്‍ഗമില്ലെന്നുള്ളതും ഡോക്ടര്‍ അദ്ദേഹത്തെ അറിയിച്ചു. അങ്ങനെ അവസാന പ്രതീക്ഷയായ സര്‍ജറിക്ക് അദ്ദേഹം വിധേയമായി.

ക്രമേണ അദ്ദേഹത്തിന്റെ കാഴ്ചശക്തിയില്‍ പുരോഗതി ഉണ്ടായി. കാണാന്‍ സാധിക്കുന്ന നിലയിലേക്കെത്തി. എല്ലാത്തിനുമുപരിയായി മൊബൈല്‍ ഫോണ്‍ സ്‌ക്രീന്‍ വ്യക്തമാവുകയും മുന്‍പത്തെ പോലെ കോളുകള്‍ കൈകാര്യം ചെയ്യാനും തുടങ്ങി. പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ, കഴിഞ്ഞ കുറച്ചു മാസങ്ങളായി ഒറ്റപ്പെട്ടു ജീവിച്ചിരുന്ന ജഗദീഷിന്റെ ജീവിതത്തില്‍ ഇത് വലിയൊരു വഴിത്തിരിവായി.

തന്റെ കാഴ്ചശക്തി തിരികെ നല്‍കിയ ഡോക്‌ടേഴ്‌സിനോട് അദേഹം ഹൃദയപൂര്‍വ്വം നന്ദി പറഞ്ഞു. ഇനി ഒരിക്കലും ഇക്കാര്യത്തില്‍ താന്‍ അവഗണന കാണിക്കില്ലെന്നും മരുന്നുകളും ചെക്കപ്പുകളും കൃത്യമായി ചെയ്യുമെന്നും അദ്ദേഹം ഉറച്ച തീരുമാനമെടുത്തു. തന്റെ കാഴ്ച തന്നെ ഇല്ലാതാക്കിയ പ്രമേഹത്തോട് താന്‍ കാണിച്ച അവഗണനയും സമീപനവും എത്ര നിരുത്തരവാദിത്തപരമായിരുന്നുവെന്ന് ലോകത്തോട് പറയണമെന്നും അദ്ദേഹം തീരുമാനിച്ചു.

uploads/news/2019/01/282682/eyeproblms2301119d.jpg

പരിശോധനയും ചികിത്സയും വൈകരുത്


ഇതുപോലുള്ള ഒരുപാട് ജഗദീഷുമാര്‍ നമുക്ക് ചുറ്റുമുണ്ട്. പക്ഷെ അവരുടെയെല്ലാവരുടെയും കഥകള്‍ ഇതുപോലെ സന്തോഷപര്യവസായിയല്ല. എന്നുമാത്രമല്ല, പലരും പലപ്പോഴും പൂര്‍ണാന്ധതയിലേക്കും എത്തിപ്പെടുന്നു. സങ്കടകരമായ സത്യമെന്താണെന്നു വെച്ചാല്‍, ഈ അവസ്ഥകളെല്ലാം നേരത്തെയും സമയത്തിനുമുള്ള പ്രമേഹ പരിശോധനകളിലൂടെയും (നേത്ര പരിശോധനകളുള്‍പ്പെടെയുള്ള) ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകളിലൂടെയും നിഷ്പ്രയാസം തടയാം എന്നുള്ളതാണ്.

ജഗദീഷിന്റെ അനുഭവത്തില്‍ നിന്നും മനസിലാക്കേണ്ടതെന്തെന്നാല്‍ നമ്മളെല്ലാവരും രോഗങ്ങളെ വളരെ നിസാരമായി കാണുകയും അങ്ങേയറ്റം ഗുരുതരാവസ്ഥയില്‍ എത്തുമ്പോള്‍ മാത്രമേ അത് തിരിച്ചറിയുകയുള്ളു എന്നതുമാണ്. സമയം വൈകുംതോറും പരിഹരിക്കാന്‍ ആകാത്തവിധമുള്ള തകരാറായിരിക്കും സംഭവിച്ചിട്ടുണ്ടാകുക.

ഫലപ്രദമായി പ്രമേഹം നിയന്ത്രിച്ചു കൊണ്ടുപോകുന്നതിന് കുടുംബത്തിന്റെ പിന്തുണയും വളരെ വലുതാണ്. അതുകൊണ്ടുതന്നെ കുടുംബാംഗങ്ങളും പ്രമേഹത്തെ കുറിച്ച് ബോധവാന്മാരായിരിക്കേണ്ടത് അനിവാര്യമാണ്. ചുരുക്കത്തില്‍ നിരന്തരമായ നേത്ര പരിശോധനയും നേരത്തെയുള്ള ചികിത്സകളും ഒരുപാട് വിലപ്പെട്ട കണ്ണുകളെ സംരക്ഷിക്കും.

ഡോ. ടോം ബാബു
കണ്‍സള്‍ട്ടന്റ് എന്‍ഡോക്രൈനോളജിസ്റ്റ്
സില്‍വര്‍ലൈന്‍ ഹോസ്പിറ്റല്‍, കൊച്ചി

Ads by Google
Ads by Google
Loading...
TRENDING NOW