Tuesday, August 20, 2019 Last Updated 0 Min 1 Sec ago English Edition
Todays E paper
Ads by Google
Tuesday 22 Jan 2019 04.51 PM

പിതാവിന്റെ മദ്യപാനത്തില്‍ തകരുന്ന കുരുന്നുകള്‍

''സംസ്ഥാനത്ത് പതിനഞ്ച് ശതമാനം പേര്‍ സ്‌കൂള്‍ പഠനം നിര്‍ത്താന്‍ കാരണം പിതാവിന്റെമദ്യപാനശീലം മൂലം വീട്ടിലുണ്ടായ സംഘര്‍ഷങ്ങളെന്നു വിദ്യാഭ്യാസ വകുപ്പിന്റെ സര്‍വേ റിപ്പോര്‍ട്ട്. 2015-16, 2016-17 കാലയളവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍നിന്ന് പഠനം ഉപേക്ഷിച്ച് പോയ കുട്ടികളുടെ വീട്ടില്‍ നേരിട്ടെത്തിയായിരുന്നു സര്‍വേ'''
uploads/news/2019/01/282444/madhyapanam220119a.jpg

പഠിക്കാന്‍ മിടുക്കനായിരുന്നു അതുല്‍. അധ്യാപകരുടെ പ്രിയപ്പെട്ട വിദ്യാര്‍ഥി. കുറച്ചു നാളായി അതുലിന്റെ പെരുമാറ്റത്തില്‍ ചില വ്യത്യാസങ്ങള്‍ പ്രകടമായത് അധ്യാപകരും സഹപാഠികളും ശ്രദ്ധിച്ചിരുന്നു. പഠനത്തില്‍ ശ്രദ്ധിക്കുന്നില്ല.

കൂട്ടുകാരോട് സംസാരിക്കാറില്ല, എപ്പോഴും എന്തൊക്കെയോ ചിന്തിച്ച് ഒരേ ഇരിപ്പ്. ഇടയ്ക്കിടെ സ്‌കൂളില്‍ വരാതെയായപ്പോഴാണ് അധ്യാപകര്‍ വിവരമന്വേഷിച്ചത്. അച്ഛന്റെ മദ്യപാനവും അതേത്തുടര്‍ന്ന് ഉണ്ടായ സാമ്പത്തിക ഞെരുക്കവും അതുലിനെ മാനസികമായി തളര്‍ത്തിയിരുന്നു.

സംസ്ഥാനത്ത് പതിനഞ്ച് ശതമാനം പേര്‍ സ്‌കൂള്‍ പഠനം നിര്‍ത്താന്‍ കാരണം പിതാവിന്റെ മദ്യപാനശീലം മൂലം വീട്ടിലുണ്ടായ സംഘര്‍ഷങ്ങളെന്നു വിദ്യാഭ്യാസ വകുപ്പിന്റെ സര്‍വേ റിപ്പോര്‍ട്ട്. 2015-16, 2016-17 കാലയളവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളില്‍നിന്ന് പഠനം ഉപേക്ഷിച്ച് പോയ കുട്ടികളുടെ വീട്ടില്‍ നേരിട്ടെത്തിയായിരുന്നു സര്‍വേ.

സാമ്പത്തികമായി പിന്നാക്കമുള്ള കുടുംബങ്ങളിലെ അംഗങ്ങളാണ് പഠനം നിര്‍ത്തിയവരില്‍ 40 ശതമാനം പേരും. പിതാവിന്റെ മദ്യപാനവും അതേത്തുടര്‍ന്ന് വീട്ടിലുണ്ടാകുന്ന സംഘര്‍ഷങ്ങളും കുട്ടികളുടെ പഠനത്തെയും മാനസികാവസ്ഥയെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്.

കുട്ടികളുടെ പഠനത്തെ ബാധിക്കും


പിതാവിന്റെ മദ്യപാനം ഒരു കുടുംബത്തെ സാമ്പത്തികവും സാമൂഹികവും മാനസികവുമായി ബാധിക്കും. പ്രധാനമായും ഈ മൂന്നു തരത്തിലുള്ള ബുദ്ധിമുട്ടുകള്‍ മദ്യപാനം മൂലം കുടുംബത്തിലുള്ളവര്‍ക്ക് ഉണ്ടാകുന്നുണ്ട്. മദ്യപാനിയായ ഒരാളെ സംബന്ധിച്ച് അയാള്‍ക്ക് സാമ്പത്തികമായ ഞെരുക്കം ഉണ്ടാകും.

മദ്യത്തിനു അടിമയായിട്ടുള്ളയാള്‍ ദിവസവും നല്ലൊരു തുക മദ്യപിക്കുന്നതിനായി ചെലവാക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളെ സംബന്ധിച്ച് ഇതു വലിയൊരു ബാധ്യതയാണ്. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്ന കുടുംബങ്ങളെ അപേക്ഷിച്ച് ഗൃഹനാഥന്റെ വരുമാനം മാത്രമായിരിക്കും അവരുടെ സാമ്പത്തിക സ്രോതസ്.

വരുമാനത്തിന്റെ പകുതിയിലേറെയും മദ്യപാനത്തിനായി ചെലവാക്കുമ്പോള്‍ സാമ്പത്തികമായ അരക്ഷിതാവസ്ഥ ഉണ്ടാകും. സാമ്പത്തിക പരാധീനതകള്‍ കുടുംബത്തിലെ ഓരോ അംഗങ്ങളെയും ബാധിക്കുമെങ്കിലും കുട്ടികളുടെ പഠനത്തെയാണ് ദോഷകരമായി ബാധിക്കുക.

സമൂഹം എങ്ങനെ വിലയിരുത്തും


വീട്ടിലെ വഴക്കുകള്‍ സാമൂഹികപരമായി കുട്ടികളെ വളരെയേറെ വേദനിപ്പിക്കും. ദിവസവുമുണ്ടാകുന്ന വഴക്ക് സമൂഹം എങ്ങനെ വിലയിരുത്തും എന്നതു തന്നെ കുട്ടിയെ സ്വാധീനിക്കും. വീട്ടിലെ വഴക്ക് അയല്‍പക്കകാര്‍ അറിയുമെന്ന നാണക്കേടും അവര്‍ എങ്ങനെ വിലയിരുത്തുമെന്ന ഭയവും കുട്ടികളില്‍ ഉളവാകും. അച്ഛന്‍ മദ്യപാനിയാണെന്ന് സമൂഹം അറിയുമ്പോഴുള്ള നാണക്കേട് കുഞ്ഞുങ്ങള്‍ക്ക് താങ്ങാനായെന്നു വരില്ല.
uploads/news/2019/01/282444/madhyapanam220119b.jpg

അയല്‍പക്കകാരുടെ വിമര്‍ശനങ്ങളും കൂടി കേള്‍ക്കേണ്ടി വരുമ്പോള്‍ അതു കുട്ടികളെ തളര്‍ത്തും. ദിവസവും മദ്യപിച്ച് അച്ഛന്‍ വീട്ടില്‍ വന്നു ബഹളമുണ്ടാക്കുന്നത് കുട്ടികളുടെ പഠനത്തിനും തടസമാകും.

വഴക്കുകള്‍ക്കിടയില്‍ പഠനത്തില്‍ ശ്രദ്ധിക്കാനോ സ്വസ്ഥമായി പഠിക്കാനുള്ള മാനസികാവസ്ഥയോ ഇവര്‍ക്ക് ലഭിച്ചെന്നു വരില്ല. അച്ഛനും അമ്മയും തമ്മിലുള്ള വഴക്ക് ദിവസവും തുടരുന്നത് അയല്‍പക്കക്കാര്‍ അറിയുന്നതിലുള്ള ബുദ്ധിമുട്ട്, അവര്‍ ചോദിക്കുമ്പോള്‍ ഉണ്ടാകുന്ന പ്രയാസം ഇവയൊക്കെ കുട്ടികളെ സംബന്ധിച്ച് വേദനാജനകമാണ്.

കുട്ടികളെ ഒറ്റപ്പെടുത്തരുത്


വളര്‍ന്നു വരുന്ന പ്രായത്തില്‍ കുട്ടികള്‍ മാതാപിതാക്കളുടെ സ്‌നേഹം ആഗ്രഹിക്കും. സ്‌കൂളില്‍ നിന്നും വീട്ടിലെത്തുമ്പോള്‍ സമാധാനപൂര്‍ണമായ അന്തരീക്ഷമാണ്് അവര്‍ പ്രതീക്ഷിക്കുന്നത്. അച്ഛന്‍ വൈകിട്ട് എത്തുമ്പോള്‍ സ്‌നേഹത്തോടെ അടുത്ത് വിളിച്ച് സംസാരിക്കണമെന്ന് കുട്ടികളും ആഗ്രഹിക്കുന്നുണ്ടാകും. അവരെ സ്‌നേഹിക്കുകയും പഠനത്തില്‍ സഹായിക്കുകയും ചെയ്യേണ്ട സമയമായിരിക്കും അച്ഛനും അമ്മയും തമ്മിലുള്ള വഴക്കുകള്‍ ആരംഭിക്കുന്നത്.

മാതാപിതാക്കള്‍ പരസ്പരം കുറ്റപ്പെടുത്തുന്നതും മദ്യപിച്ചെത്തുന്ന അച്ഛന്‍ അമ്മയെ മര്‍ദ്ദിക്കുന്നതും കണ്ടുവളരുന്ന കുട്ടികളുടെ പഠനം അനിശ്ചിതത്വത്തിലാകും. അമ്മയെ ഉപദ്രവിക്കുമ്പോള്‍ അതു തടയാന്‍ കഴിയുന്നില്ലെന്ന വിഷമവും കുറ്റബോധവും കുട്ടികളെ അലട്ടും. പിതാവ് ദിവസവും മദ്യപിച്ച് വരുന്നതു കാണുന്നതു പോലും കുട്ടികളെ മനസികമായി ബാധിക്കും.

മുന്‍കാലങ്ങളില്‍ കൂട്ടുകുടുംബങ്ങളില്‍ കുട്ടികളെ ശ്രദ്ധിക്കാന്‍ മറ്റു കുടുംബാംഗങ്ങളുണ്ടായിരുന്നു. അണുകുടുംബത്തില്‍ കുട്ടികള്‍ക്ക് വേണ്ടത്ര പരിഗണനയും സ്‌നേഹവും കിട്ടാതെയാകുമ്പോള്‍ അവര്‍ തികച്ചും ഒറ്റപ്പെടും. വീട്ടിലെ പ്രശ്‌നങ്ങള്‍ പോലും അവര്‍ക്ക് ആരോടും തുറന്നു പറയാന്‍ സാധിക്കാറില്ല. ഈ ഘടകങ്ങളെല്ലാം തന്നെ കുട്ടിയുടെ പഠനത്തെ നേരിട്ടോ പരോക്ഷമായോ ബാധിക്കുന്നുണ്ട്.

ക്ലാസിലെ പെരുമാറ്റം


വീട്ടിലെ പ്രശ്‌നങ്ങള്‍ കുട്ടികളുടെ ക്ലാസ്‌റൂമിലെ പെരുമാറ്റത്തിലും പ്രതിഫലിക്കും. പിതാവിന്റെ മദ്യപാനവും അതേത്തുടര്‍ന്ന്് കുട്ടിക്കുണ്ടാകുന്ന മാനസിക സംഘര്‍ഷങ്ങളും ക്ലാസിലെ പെരുമാറ്റങ്ങളിലൂടെ ചിലപ്പോള്‍ പ്രകടിപ്പിച്ചേക്കാം. രണ്ടു തരത്തില്‍ കുട്ടികള്‍ ഇതു പ്രകടിപ്പിക്കും. ക്ലാസില്‍ ശ്രദ്ധിക്കാതെ എപ്പോഴും എന്തെങ്കിലുമൊക്കെ ചിന്തയില്‍ മുഴുകുന്ന കുട്ടികളെ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ക്ലാസില്‍ ശ്രദ്ധിക്കാത്തതിനു അവരെ ശകാരിക്കാതെ കുട്ടിയുടെ പ്രശ്‌നമെന്താണെന്നു അധ്യാപകര്‍ ചോദിച്ചറിയണം.
uploads/news/2019/01/282444/madhyapanam220119c.jpg

അധ്യാപകര്‍ സ്‌നേഹത്തോടെ ചോദിക്കുമ്പോള്‍ കുട്ടികള്‍ മനസുതുറക്കും. എന്നാല്‍ ചില കുട്ടികള്‍ മറ്റു കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന തരത്തില്‍ പെരുമാറും. മറ്റുള്ള കുട്ടികളെ ഉപദ്രവിക്കുക, അസഭ്യം പറയുക, സഹപാഠികളെ ആക്രമിക്കുക തുടങ്ങിയ പെരുമാറ്റങ്ങള്‍ പ്രകടിപ്പിച്ചേക്കാം. കുട്ടികളില്‍ സ്വഭാവമാറ്റങ്ങള്‍ തോന്നിയാല്‍ അധ്യാപകര്‍ക്ക് തീര്‍ച്ചയായും അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് ചോദിച്ചറിയാം.

കുട്ടികളുടെ ക്ലാസ്‌റൂമിലെ പെരുമാറ്റങ്ങളിലുള്ള വ്യത്യാസങ്ങള്‍ അധ്യാപകര്‍ ശ്രദ്ധിക്കണം. കുട്ടികളുടെ പഠനത്തിലും സ്വഭാവത്തിലും മാറ്റങ്ങള്‍ തോന്നിത്തുടങ്ങിയാല്‍ കുട്ടികളെ സ്‌നേഹത്തോടെ അടുത്തുവിളിച്ച് കാര്യങ്ങള്‍ അന്വേഷിക്കണം. വീട്ടിലെ പ്രശ്‌നങ്ങള്‍ കുട്ടികള്‍ക്ക് മറ്റാരോടും തുറന്നു പറയാന്‍ കഴിഞ്ഞെന്നു വരില്ല. കൂട്ടുകാര്‍ അറിഞ്ഞാല്‍ കളിയാക്കുമെന്ന പേടി കാരണം ഒന്നും തുറന്നു പറയാതെ വിഷമിക്കുന്നവരുമുണ്ടാകും.

ഭാവി നിര്‍ണയിക്കുന്നത് ജീവിതസാഹചര്യം


അച്ഛനും അമ്മയ്ക്കും വരുമാനമുള്ള കുടുംബമാണെങ്കില്‍ സാമ്പത്തികമായ പരാധീനതകള്‍ ഉണ്ടാകാന്‍ സാധ്യതയില്ല. അതേ സമയം സുഖമമായ സാമ്പത്തിക അടിത്തറ ഇല്ലാത്ത കുടുംബങ്ങളെ സംബന്ധിച്ച് പിതാവിന്റെ മദ്യപാനം കുട്ടികളുടെ പഠനത്തിനു തടസമുണ്ടാകും. അച്ഛന്റെ വരുമാനം കൊണ്ട് മാത്രം കഴിയുന്ന കുടുംബങ്ങളായിരിക്കും ഏറെയും. മാതാപിതാക്കള്‍ക്ക് വിദ്യാഭ്യാസവും കുറവായിരിക്കും.

അച്ഛന്റെ വരുമാനമല്ലാതെ അമ്മയ്ക്ക് ജോലിയോ മറ്റു വരുമാന മാര്‍ഗങ്ങളോ ഉണ്ടാകില്ല. കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സാമ്പത്തിക സ്രോതസ് ഇത്തരം കുടുംബങ്ങളില്‍ ഉണ്ടാകുന്നില്ല. ഇങ്ങനെയുള്ള കുടുംബങ്ങളിലെ ജീവിത സാഹചര്യങ്ങള്‍ കൂടി കുട്ടികളുടെ ഭാവിയെ സ്വാധീനിക്കും. ദിവസവും വീട്ടിലെ വഴക്ക് കാണുന്ന കുട്ടി കൂടുതല്‍ അന്തര്‍മുഖനാകും. പഠനത്തില്‍ ശ്രദ്ധിക്കാനാകാതെ വരും.

പരീക്ഷകളില്‍ പരാജയപ്പെടുമ്പോള്‍ അധ്യാപകരുടെയും സഹപാഠികളുടെയും പരിഹാസം സഹിക്കാനാകാത്തതിനാല്‍ സ്‌കൂളില്‍ പോകാതെയാകും. വീട്ടിലെ സാഹചര്യവും മറ്റു സാമ്പത്തിക സ്രോതസ് ഇല്ലാതാകുകയും ചെയ്യുമ്പോള്‍ കുട്ടികള്‍ തന്നെ ജോലിക്ക് പോകാന്‍ തയാറാകും. കുട്ടികളുടെ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സാമ്പത്തിക ഭദ്രത ഇല്ലാതാകുന്നതും കുട്ടികളുടെ പഠനത്തിനു തടസമാകും. കുട്ടികളുടെ പഠനവും മാനസികാരോഗ്യവും സംരക്ഷിക്കുന്നതില്‍ മാതാപിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കുണ്ട്.

uploads/news/2019/01/282444/madhyapanam220119d.jpg

മദ്യപാനം കുട്ടികളിലേക്കും


വീട്ടില്‍ അച്ഛന്‍ മദ്യപിക്കുന്നതു കണ്ട് കുട്ടികളും മദ്യത്തിനു അടിമപ്പെടാന്‍ സാധ്യതയുണ്ട്. അച്ഛന്റെ മദ്യപാനം കുട്ടികളെ രണ്ടു തരത്തില്‍ സ്വാധീനിക്കാം. ചില കുട്ടികള്‍ അച്ഛന്റെ മദ്യപാനശീലത്തിന്റെ ദോഷങ്ങള്‍ തിരിച്ചറിഞ്ഞ് മദ്യപാനം തെറ്റാണെന്ന തീരുമാനത്തിലെത്തും. അച്ഛന്‍ അമ്മയെ ഉപദ്രവിക്കുന്നതും മാതാപിതാക്കള്‍ തമ്മിലുള്ള വഴക്കുകളും കണ്ടുവളരുന്നതിനാല്‍ ഈ ദുശീലത്തിലേക്ക് പോകില്ലെന്ന തീരുമാനത്തിലെത്തും.

എന്നാല്‍ കൗമാരപ്രായത്തില്‍ ചെറിയൊരു വിഭാഗം കുട്ടികളിലെങ്കിലും അനുകരണ സ്വഭാവം പ്രകടമാകാം. അച്ഛന്റെ മദ്യപാനം കണ്ട് അതു അനുകരിക്കാന്‍ തയാറാകും. കൗമാരപ്രായത്തിലാണ് ഇത്തരം ദുശീലങ്ങളിലേക്ക് കുട്ടികള്‍ വഴിതെറ്റാന്‍ സാധ്യത കൂടുതല്‍. വീട്ടില്‍ നിന്നു തന്നെ ഇതിനു തുടക്കമാകും.

കൂട്ടുകാര്‍ക്കൊപ്പം കൂട്ടുകൂടി മദ്യപിക്കാന്‍ പ്രേരണയുണ്ടാകുന്നത് ഈ പ്രായത്തിലാണ്. വീട്ടില്‍ മദ്യമുണ്ടെങ്കില്‍ മദ്യത്തിന്റെ രുചിയറിയാന്‍ പരീക്ഷിക്കുന്നതുമാകാം. പാരമ്പര്യമായി മദ്യപാനം അടുത്ത തലമുറയിലേക്കും ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ കുട്ടികള്‍ മദ്യപാനത്തിലേക്ക് വഴിതെറ്റാനുള്ള സാധ്യതയേറെയാണ്.

ജിതിന്‍ ബാബു
കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്,
തിരുവനന്തപുരം

തയാറാക്കിയത്:
നീതു സാറാ ഫിലിപ്പ്

Ads by Google
Tuesday 22 Jan 2019 04.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW