Tuesday, August 20, 2019 Last Updated 0 Min 28 Sec ago English Edition
Todays E paper
Ads by Google
Monday 21 Jan 2019 04.19 PM

കാഴ്ച കെടുത്തുന്ന ഡയബറ്റിക് റെറ്റിനോപ്പതി

''പ്രമേഹരോഗികളെ ബാധിക്കാനിടയുള്ള ആരോഗ്യപ്രശ്‌നമാണ് ഡയബറ്റിക് റെറ്റിനോപ്പതി. കാഴ്ചയെ കെടുത്തിക്കളയുന്ന ഈ രോഗാവസ്ഥ നേരത്തേ തിരിച്ചറിഞ്ഞ് ചികിത്സിച്ചാല്‍ പരിഹരിക്കാവുന്നതാണ്'''
uploads/news/2019/01/282173/eyesprblmdibites210119.jpg

പ്രമേഹം കണ്ണുകളെ ബാധിക്കുമോ? പലരും അല്പം ആശ്ചര്യം കലര്‍ത്തി ചോദിക്കാറുണ്ട്. ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളെയുംപോലെ കണ്ണുകളെയും പ്രമേഹം കീഴടക്കുന്നു. അന്ധതയ്ക്കുള്ള കാരണങ്ങളില്‍ പ്രഥമ സ്ഥാനമാണിതിന്. പ്രമേഹരോഗികളില്‍ സാധാരണ കണ്ടുവരുന്ന കാഴ്ച തകരാറുകളും അവയ്ക്കുള്ള ചികിത്സകളും.

ഡയബറ്റിക് റെറ്റിനോപ്പതി


പ്രമേഹംമൂലം റെറ്റിനയ്ക്കും കണ്ണിലെ ചെറു രക്തക്കുഴലുകള്‍ക്കും ഉണ്ടാകുന്ന വൈകല്യങ്ങളെയാണ് ഡയബറ്റിക് റെറ്റിനോപ്പതി (ഡി.ആര്‍.) എന്നു പറയുന്നത്. കാമറയിലെ ഫിലിമിനു തുല്യമാണ് റെറ്റിന. കാഴ്ച സാധ്യമാകുന്ന ഭാഗം. അതിനാല്‍ റെറ്റിനയിലും നേത്രനാഡിയിലും ഉണ്ടാകുന്ന ചെറിയ ക്ഷതങ്ങള്‍പോലും കാഴ്ചയെ തകരാറിലാക്കും.

ഇതുമൂലം റെറ്റിനയില്‍ കൃത്യമായ പ്രതിബിംബങ്ങള്‍ രൂപപ്പെടാതെവരികയും പ്രതിബിംബങ്ങള്‍ കൃത്യമായി തലച്ചോറിലെത്തിക്കാന്‍ സാധിക്കാതെ വരികയും ചെയ്യുന്നു. റെറ്റിനയിലെ പ്രശ്‌നങ്ങളുടെ തോതനുസരിച്ച് നേര്‍ത്ത അവ്യക്തത മുതല്‍ പൂര്‍ണ അന്ധത വരെ സംഭവിക്കാം.

മറ്റെല്ലാ ശാരീരികാവയവങ്ങളെയും പോലെ റെറ്റിനയും നേത്രനാഡിയും പോഷകങ്ങള്‍ സ്വീകരിക്കുന്നതു രക്തത്തില്‍നിന്നാണ്. പ്രമേഹത്തിന്റെ തോത് വര്‍ധിക്കുന്നതോടെ ഈ ഭാഗത്തേക്കുള്ള രക്തക്കുഴലുകള്‍ സങ്കോചിക്കുകയും രക്തപ്രവാഹം കുറയുകയും ചെയ്യുന്നു, പിന്നീട് രക്തചംക്രമണം പൂര്‍ണമായി നിലച്ചു കാഴ്ചയെ തകരാറിലാക്കുന്നു. രണ്ടു കണ്ണിലും രണ്ടു രീതിയിലായിരിക്കാം കാഴ്ച വ്യതിയാനം സംഭവിക്കുക.

ആരംഭം ഇങ്ങനെ


ഡയബറ്റിക് റെറ്റിനോപ്പതിയുടെ ആദ്യ ഘട്ടത്തില്‍ കണ്ണിലെ നേത്രാന്തരപടലത്തേയും (റെറ്റിന) കേന്ദ്രഭാഗമായ മാക്കുലയേയും ബാധിക്കുന്നത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ റെറ്റിനയിലെ രക്തക്കുഴലുകളില്‍നിന്ന് രക്തം ചോര്‍ന്ന് റെറ്റിനയ്ക്ക് ക്ഷതം സംഭവിക്കും. തുടര്‍ന്ന് പുതിയ രക്തക്കുഴലുകള്‍ വികസിച്ചുവരുന്നു. എന്നാല്‍ അവ ദുര്‍ബലവും പെട്ടെന്ന് പൊട്ടി പോകുന്നവയും ആയിരിക്കും. പ്രമേഹം പിടിപെട്ടാല്‍ ഉടന്‍തന്നെ ഡയബറ്റിക് റെറ്റിനോപ്പതി സംഭവിക്കുന്നില്ല. കാലക്രമേണയാണ് കണ്ണുകളെ കീഴ്‌പ്പെടുത്തുന്നത്.

ഉദാഹരണമായി 30 വയസിനു മുമ്പ് പ്രമേഹം വന്ന ഒരാള്‍ക്ക് 10 വര്‍ഷത്തിനുശേഷമായിരിക്കും ഡയബറ്റിക് റെറ്റിനോപ്പതി ഉണ്ടാകുന്നത്. അതിനാല്‍ പ്രമേഹം ബാധിച്ച വ്യക്തി ആരംഭത്തില്‍ ഡയബറ്റിക് റെറ്റിനോപ്പതി തിരിച്ചറിയപ്പെടാതെ പോകുന്നു. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടി പ്രമേഹരോഗികളിലാണ് ഡയബറ്റിക് റെറ്റിനോപ്പതി അധികമായും കാണപ്പെടുന്നത്. നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹം റെറ്റിനോപ്പതി നേരത്തെയാക്കുന്നു.

uploads/news/2019/01/282173/eyesprblmdibites210119a.jpg

മറ്റുരോഗങ്ങള്‍


ഗര്‍ഭത്തിന്റെ ആദ്യസമയത്തു കണ്ടുവരുന്ന പ്രമേഹം മിക്കവരിലും പ്രസവത്തോടെ മാറുന്നതായാണ് കണ്ടുവരുന്നത്. എന്നാല്‍ ഡയബറ്റിക് റെറ്റിനോപ്പതി വരാനുള്ള സാധ്യത ഗര്‍ഭാവസ്ഥയില്‍ പ്രമേഹം ബാധിച്ചവര്‍ക്ക് കൂടുതലാണ്. ഗര്‍ഭിണികളെകൂടാതെ ഉയര്‍ന്നതോതിലുള്ള രക്തസമര്‍ദം , അനീമിയ, നെേ്രഫാപതി എന്നിവയുള്ളവര്‍ക്കും ഡയബറ്റിക്‌റെറ്റിനോപ്പതി വരാനുള്ള സാധ്യതയുണ്ട്.

ലക്ഷണങ്ങള്‍


1. പെട്ടെന്ന് കാഴ്ചമങ്ങുക.
2. കണ്ണില്‍ കറുത്ത വരകള്‍ ഓടിനടക്കുന്നത് പോലെ കാണുക.
3. വെളിച്ചത്തിന് ചുറ്റും വൃത്തങ്ങള്‍ കാണുക.
4. കാഴ്ച കുറഞ്ഞുവരിക.

രോഗം പിടിമുറുക്കുന്നു


നോണ്‍ പ്രൊലിഫറേറ്റീവ് ഡയബറ്റിക് റെറ്റിനോപതി എന്ന ആരംഭഘട്ടത്തില്‍ റെറ്റിനയിലെ ചെറിയ രക്തക്കുഴലുകള്‍ക്ക് ക്ഷതംസംഭവിക്കുകയും അവിടെനിന്നും രക്തമോ മറ്റു ദ്രാവകങ്ങളോ ഒലിക്കുന്നു. 25 ശതമാനം പ്രമേഹരോഗികളിലും ഈ അവസ്ഥ കാണാറുണ്ട്.

ഇതിന്റെ ലക്ഷണങ്ങള്‍ റെറ്റിനയിലെ രക്തക്കുഴലുകള്‍ പല ഭാഗത്തായി തടിച്ചു വീര്‍ത്തിരിക്കുക, റെറ്റിനയില്‍ ചുവന്ന പാടുകളോ അടയാളങ്ങളോ പ്രത്യക്ഷപ്പെടുക എന്നിവയാണ് രക്തക്കുഴലുകളിലെ സ്രവങ്ങള്‍ പുറത്തുവന്ന് റെറ്റിനയെ നനവുള്ളതാക്കുന്നു.

തന്മൂലം റെറ്റിന വീങ്ങുകയും ഈ വീക്കം കേന്ദ്രഭാഗമായ മാക്കുലയെ ബാധിക്കുമ്പോള്‍ കാഴ്ച മങ്ങുകയും ചെയ്യുന്നു. ഇത്തരം സ്രവങ്ങള്‍ റെറ്റിനയുടെ മധ്യഭാഗത്ത് അടിഞ്ഞുകൂടുന്നു. വായിക്കുമ്പോഴും അടുത്തുള്ള വസ്തുക്കളെ നിരീക്ഷിക്കുമ്പോഴും കണ്ണിന് മങ്ങല്‍ അനുഭവപ്പെടും. പ്രമേഹം മാക്കുലയെ ബാധിക്കുന്ന അവസ്ഥയെ ഡയബറ്റിക് മാക്കുലോപ്പതി എന്നു പറയുന്നു.

പ്രൊലിഫറേറ്റിവ് ഡയബറ്റിക് റെറ്റിനോപ്പതി - റെറ്റിനയില്‍ വളരെയധികം രക്തക്കുഴലുകള്‍ക്ക് കേടുണ്ടാക്കുന്ന അവസ്ഥയാണിത്. രക്തക്കുഴലുകളുടെ പ്രവര്‍ത്തനം മന്ദീഭവിച്ച് റെറ്റിനയ്ക്ക് ആവശ്യത്തിന് പോഷണം ലഭിക്കാതെ വരുന്നു.

റെറ്റിനയുടെ ഉപരിതലത്തില്‍ നശിച്ചുപോയ ചെറിയ രക്തക്കുഴലുകള്‍ക്കു പകരം പുതിയ രക്തക്കുഴലുകള്‍ ഉണ്ടാകും. ഈ രക്തക്കുഴലുകള്‍ പൊട്ടി കണ്ണിനുള്ളില്‍ രക്തസ്രാവവും, റെറ്റിനയ്ക്ക് ചുളുക്കവും വലിവും സംഭവിക്കുന്നു. അവസാനഘട്ടത്തില്‍ വേദനയോടുകൂടിയ സമര്‍ദം രക്തകുഴലുകള്‍ക്കുചുറ്റും ഉണ്ടായി കാഴ്ച ശക്തി നശിക്കാം.

ചികിത്സ


പ്രമേഹം നിയന്ത്രണവിധേയമാക്കുകയെന്നതാണ് ഡയബറ്റിക് റെറ്റിനോപ്പതിക്കുള്ള നല്ല ചികിത്സ. പരിശോധനകളുടെ അടിസ്ഥാനത്തില്‍ ആവശ്യമെങ്കില്‍ ലേസര്‍ചികിത്സ ഗുണം ചെയ്യും. ശക്തിയേറിയ പ്രകാശരശ്മികള്‍ ഉപയോഗിച്ച് കേടുവന്ന കോശങ്ങള്‍ കരിയിച്ചുകളയുന്ന രീതിയാണിത്.

വേദനയോ മറ്റുപ്രശ്‌നങ്ങളോ ഉണ്ടാവുകയില്ല എന്നതിനൊപ്പം ആശുപത്രിയില്‍ കിടക്കേണ്ട എന്ന ഗുണവുമുണ്ട്. ലേസര്‍ ചെയ്തതിനുശേഷവും കൃത്യമായ ഇടവേളകളില്‍ പരിശോധന നടത്തുകയും ആവശ്യമെങ്കില്‍ വീണ്ടും ലേസര്‍ ചെയ്യണം. കണ്ണിനുള്ളില്‍ രക്തസ്രാവം ഉണ്ടാവുകയോ റെറ്റിനയ്ക്ക് വലിവുണ്ടായി കാഴ്ചക്കുറവ് സംഭവിക്കുകയോ ചെയ്താല്‍ വിട്രക്റ്റമി എന്ന ശസ്ത്രക്രിയയിലൂടെ പ്രശ്‌നം പരിഹരിക്കാവുന്നതാണ്.

വിട്രിയസ് നീക്കി ഫ്‌ളൂയിഡ് നിറയ്ക്കുകയാണ് ഈ ശസ്ത്രക്രിയയില്‍ ചെയ്യുന്നത്. നൂതന ചികിത്സാ രീതിയായ ആന്റി വാസ്‌കുലാര്‍ ഇന്‍ഞ്ചക്ഷന്‍ ഗുരുതരമായ അവസ്ഥയില്‍ ഫലപ്രദമാണ്.

ഡയബറ്റിക് റെറ്റിനോപതിയുടെ തീവ്രതയും വ്യാപനവും ആരംഭത്തിലേയുള്ള ചികിത്സകൊണ്ട് കുറയ്ക്കാന്‍ സാധിക്കും. പ്രമേഹം നിയന്ത്രിച്ചുനിര്‍ത്താന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ക്കു പ്രാധാന്യം കൊടുക്കണം. ചികിത്സ വൈകുംതോറും കണ്ണില്‍ രക്തസ്രാവം കൂടുകയും കാഴ്ചശക്തി പൂര്‍ണമായും നഷ്ടപ്പെടുന്നു. ചികിത്സകളിലൂടെ പീന്നീട് കാഴ്ചശക്തി വീണ്ടെടുക്കാന്‍ കഴിയില്ല.

മുന്‍കരുതലുകള്‍


1. പ്രമേഹം ഭക്ഷണക്രമീകരണത്തിലൂടെയും വ്യായാമത്തിലൂടെയും നിയന്ത്രിച്ചുനിര്‍ത്തുക.
2. പ്രമേഹ നിരക്ക് കൂടിയും കുറഞ്ഞുമിരിക്കുന്നത് റെറ്റിനോപ്പതിക്കുള്ള സാധ്യത വര്‍ധിപ്പിക്കും. 150 സ്ഥിരമായി നിര്‍ത്താന്‍ ശ്രദ്ധിക്കണം.
3. പ്രമേഹത്തിനൊപ്പം രക്തസമ്മര്‍ദ്ദം, അനീമിയ എന്നിവയുണ്ടെങ്കില്‍ അവയും നിയന്ത്രിച്ചുനിര്‍ത്തണം.
4. പുകവലി ഉപേക്ഷിക്കുക
5. പ്രമേഹരോഗികള്‍ 6-9 മാസം കൂടുമ്പോള്‍ നേത്രപരിശോധന നടത്തണം. നിയന്ത്രണവിധേയമല്ലാത്ത പ്രമേഹമുള്ളവര്‍ മൂന്ന് മാസം കൂടുമ്പോള്‍ പരിശോധിക്കണം. കാഴ്ചയ്ക്ക് മങ്ങല്‍ സംഭവിച്ചിട്ടില്ലെങ്കില്‍പോലും ഡയബറ്റിക് റെറ്റിനോപ്പതിയുടെ ഭാഗമായ കാഴ്ചക്കുറവ് ആരംഭത്തിലേ കണ്ടെത്തി തടയാന്‍ ഇത് സഹായിക്കും.
6. പാരമ്പര്യമായി പ്രമേഹരോഗമുള്ളവര്‍ നേരത്തെതന്നെ പരിേശാധന തുടങ്ങണം.
uploads/news/2019/01/282173/eyesprblmdibites210119b.jpg

തിമിരം


നിയന്ത്രണ വിധേയമല്ലാത്ത പ്രമേഹമുള്ളവരില്‍ തിമിരത്തിനുള്ള സാധ്യത കൂടുതലാണ്. പ്രായമായവരില്‍ ആണല്ലോ തിമിരം സാധാരണ കാണപ്പെടുന്നത.് എന്നാല്‍ പ്രമേഹരോഗികളില്‍ നേരത്തെ തിമിരം ഉണ്ടാകാം. ഇത് പെട്ടെന്ന് വ്യാപിക്കുന്നതിനും കാരണമാവാം. പാരമ്പര്യം ഇവിടെയും മുഖ്യ ഘടകമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രണ വിധേയമല്ലെ
ങ്കില്‍ കുട്ടികള്‍ക്കും തിമിരം ഉണ്ടാകാം.

ഡയബറ്റിക് റെറ്റിനോപ്പതിയില്ലെങ്കില്‍ ശസ്ത്രക്രിയയിലൂടെ തിമിരംമൂലം സംഭവിച്ച കാഴ്ചത്തകരാര്‍ വീണ്ടെടുക്കാം. ശസ്ത്രക്രിയയിലൂടെ നിറംമാറ്റം സംഭവിച്ച ലെന്‍സ് മാറ്റി പുതിയത് വയ്ക്കുന്നു. കാമറയുടെ ലെന്‍സ് മോശമാണെങ്കില്‍ മാറ്റിവയ്ക്കുന്നതുപോലെ. ഈ ശസ്ത്രക്രിയ ചെയ്ത് അന്നുതന്നെ വീട്ടില്‍ പോകാം. എന്നാല്‍ ചില ചിട്ടകള്‍ പാലിക്കണം. വിശ്രമം എടുക്കുക. കുറച്ചു ദിവസത്തേക്ക് തലനനച്ചു കുളിക്കരുത്. പൊടി അടിക്കരുത്.

ഗ്ലോക്കോമ


പ്രമേഹ രോഗികളില്‍ റെറ്റിനോപ്പതിയുടെ ഭാഗമായി ഗ്ലോക്കോമ ഉണ്ടാകാം. ഇവരില്‍ വശങ്ങളിലുള്ള കാഴ്ച കുറയുന്നു. അതിനാല്‍ രോഗി അത് അറിയാതെ പോകുന്നു. കണ്ണ് പരിശോധനയിലൂടെ ഈ രോഗം തിരിച്ചറിയാം. 50 വയസ് കഴിഞ്ഞാല്‍ കണ്ണ് പരിശോധന നിര്‍ബന്ധമാക്കണം.

കണ്ണിനുള്ളിലെ ദ്രാവകത്തിന്റെ സമര്‍ദം കൂടുമ്പോള്‍ കാഴ്ചയെ സഹായിക്കുന്ന നേത്രനാഡിക്ക് കേടുണ്ടാകുന്ന അവസ്ഥയാണ് ഗ്ലോക്കോമ. രോഗം ബാധിച്ച് വര്‍ഷങ്ങള്‍ക്കുശേഷം കാഴ്ചശക്തി പൂര്‍ണ്ണമായി നശിക്കുന്നു.

നേരത്തെ ഗ്ലോക്കോമ കണ്ടെത്താന്‍ സാധിച്ചാല്‍ രോഗത്തിന്റെ വളര്‍ച്ചയും തീവ്രതയും കുറയ്ക്കാമെന്നല്ലാതെ രോഗം പൂര്‍ണമായും ചികിത്സിച്ചു മാറ്റാന്‍ സാധ്യമല്ല. ഏതുതരം ഗ്ലോക്കോമയാണ് ബാധിച്ചിരിക്കുന്നത്, രോഗം ഏത് അവസ്ഥയിലാണ്, കണ്ണിനുള്ളില്‍ വരുത്തിയ കേടുപാടുകള്‍ എന്തൊക്കെയാണ്.

മനസിലാക്കിയശേഷമാണ് ഡോക്ടര്‍ ചികിത്സ നിര്‍ണയിക്കുന്നത്. അതിനാല്‍ വിദഗ്ദനായ നേത്രരോഗവിദഗ്ധന്റെ സേവനം ലഭ്യമാക്കണം. തലവേദന, ഛര്‍ദി, വെളിച്ചത്തിനുചുറ്റും നിറപ്പകര്‍ച്ച, കണ്ണില്‍ വേദനയും ചുവപ്പും എന്നിവയാണ് രോഗലക്ഷണങ്ങള്‍.

ഡോ. അലക്‌സ് ജോസഫ്
നേത്രരോഗവിദഗ്ധന്‍, തൃശൂര്‍

Ads by Google
Monday 21 Jan 2019 04.19 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW