Tuesday, August 20, 2019 Last Updated 0 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Jan 2019 04.28 PM

യാത്രയാകാം തിരികെ വരാനായി

''ദിവസവും വാഹനാപകടങ്ങളില്‍ ജീവന്‍ പൊലിയുമ്പോള്‍ ഇങ്ങനെ പലരുടെയും പ്രതീക്ഷകളാണ് അസ്തമിക്കുന്നത്. പ്രശസ്തരും അപ്രശസ്തരുമായി എത്രയോ ജീവനുകളാണ് അപകടങ്ങളിലൂടെ നഷ്ടമായിരിക്കുന്നത്''
uploads/news/2019/01/280961/Accidentcare160119.jpg

വേണ്ടപ്പെട്ടവര്‍ യാത്ര പുറപ്പെടാന്‍ വീട്ടില്‍നിന്നും ഇറങ്ങുമ്പോള്‍ പ്രിയപ്പെട്ടവരുടെ മനസില്‍ ഒരു പ്രതീക്ഷയുണ്ട്. യാത്ര കഴിഞ്ഞ് സുരക്ഷിതമായി അവര്‍ തിരികെയെത്തുമെന്ന പ്രതീക്ഷ...ദിവസവും വാഹനാപകടങ്ങളില്‍ ജീവന്‍ പൊലിയുമ്പോള്‍ ഇങ്ങനെ പലരുടെയും പ്രതീക്ഷകളാണ് അസ്തമിക്കുന്നത്.

പ്രശസ്തരും അപ്രശസ്തരുമായി എത്രയോ ജീവനുകളാണ് അപകടങ്ങളിലൂടെ നഷ്ടമായിരിക്കുന്നത്. ഏറ്റവുമൊടുവിലായി പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്റെയും മകളുടെയും മരണവും കേരളക്കരയെ വേദനിപ്പിച്ചു.

വാഹനാപകടത്തെത്തുടര്‍ന്നുള്ള അപകടങ്ങളും മരണങ്ങളും വര്‍ധിക്കുമ്പോള്‍ അപകടങ്ങള്‍ കുറയ്ക്കാനുള്ള മുന്‍കരുതലുകളെക്കുറിച്ചും ജാഗ്രത പുലര്‍ത്തണം.

അപകടങ്ങളേറെയും രാത്രിയില്‍


സംസ്ഥാനത്തുണ്ടാകുന്ന അപകടങ്ങളിലേറെയും രാത്രിയിലും പുലര്‍ച്ചെയുമാണുണ്ടാകുന്നതെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. വാഹനം ഓടിക്കുന്നയാള്‍ ഉറങ്ങി പോകുന്നതാണ് ഈ സമയങ്ങളില്‍ അപകടമുണ്ടാകാന്‍ കാരണം. ഡ്രൈവര്‍ ഉറങ്ങിപ്പോകുന്നതാണ് അപകടകാരണമെന്നു വ്യക്തമാണെങ്കിലും പലരും ഇതു തിരിച്ചറിയാനോ പരിഹരിക്കാനോ തയാറാകാറില്ല.

രാത്രി യാത്രകളില്‍ ഉറക്കം വരുന്നതായി തോന്നിയാല്‍ അല്‍പനേരം വണ്ടി നിര്‍ത്തി, ഉറങ്ങാം. അപകടങ്ങള്‍ ഉണ്ടാകുന്നതിലും നല്ലത് ഉറക്കം വരുമ്പോള്‍ കുറച്ചു സമയം ഉറങ്ങുന്നതു തന്നെയാണ്. അപകടങ്ങള്‍ ഒഴിവാക്കാനുള്ള മാര്‍ഗങ്ങള്‍ കണ്ടും കേട്ടും ഏറെ പരിചിതമാണെങ്കിലും യാത്രാ വേളകളില്‍ ഇവയൊന്നും പ്രയോഗിക്കാന്‍ നമ്മളില്‍ പലരും തയാറാകാറില്ല.

ഇതു അപകടങ്ങളിലേക്ക് എത്തിക്കും. ഹൈവേകളില്‍ വാഹനം പാര്‍ക്ക് ചെയ്യാന്‍ പ്രത്യേകം അനുവദിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ഉറങ്ങാവുന്നതേയുള്ളൂ. ഈ സമയങ്ങളില്‍ പാര്‍ക്ക്് ലൈറ്റുകള്‍ പ്രകാശിപ്പിക്കാന്‍ ശ്രദ്ധിക്കണമെന്നു മാത്രം.

അമിത വേഗത അരുത്


കേരളത്തില്‍ അപകടങ്ങള്‍ മൂലം ഒരു ദിവസം മരണമടയുന്നവരുടെ ശരാശരി എണ്ണം 12 ആണ്. വാഹനാപകടങ്ങളില്‍പെടുന്നവരില്‍ കൂടുതലും 15 വയസിനും 45 വയസിനും ഇടയില്‍ പ്രായമുള്ളവരാണ്. രാത്രിയില്‍ റോഡുകളില്‍ വാഹനങ്ങള്‍ കുറവായിരിക്കും. ട്രാഫിക് കുറവായതുകൊണ്ട് ഈ സമയം വാഹനങ്ങള്‍ക്ക് വേഗത കൂടും.

തിരക്കു കുറവാണെന്നു കരുതി അമിതവേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്നത് ഒഴിവാക്കണം. അമിതവേഗത കാരണം പെട്ടെന്നു വാഹനം നിയന്ത്രിക്കാന്‍ സാധിച്ചെന്നു വരില്ല. ഇതൊഴിവാക്കിയാല്‍ അപകടങ്ങള്‍ കുറയ്ക്കാ
നാകും.

റോഡുകളുടെ പുനര്‍ നിര്‍മാണം വരുമ്പോള്‍ സിസിടിവി ക്യാമറ പലയിടത്തും കൃത്യമായി പ്രവര്‍ത്തിക്കില്ല. ഇതു പലപ്പോഴും അമിതവേഗത്തില്‍ വാഹനമോടിക്കാന്‍ പലരേയും പ്രേരിപ്പിക്കാറുണ്ട്. റീ ടാറിങിനു ശേഷം പല സ്ഥലങ്ങളിലെയും ക്യാമറ സെന്‍സ് ചെയ്യാതെ വന്നിട്ടുണ്ട്. ഇത്തരത്തില്‍ അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്.

രാത്രി യാത്രകളില്‍ എതിര്‍ദിശയില്‍ നിന്നും വരുന്ന വാഹനങ്ങളുടെ പ്രകാശം അപകടങ്ങള്‍ വരുത്താറുണ്ട്. തീവ്രത കൂടിയ ലൈറ്റുകള്‍ വാഹനങ്ങളില്‍ ഘടിപ്പിക്കുന്നവര്‍ ധാരാളമുണ്ട്. ഇതു എതിര്‍ദിശയിലുള്ള വാഹനം ഓടിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും.

ഓരോ രീതിയിലുള്ള വാഹനങ്ങള്‍ക്കും ഹെഡ് ലൈറ്റിന്റെ തീവ്രത എത്രവരെയാകാമെന്നു കൃത്യമായ നിയമമുണ്ട്. ഇവ പാലിക്കാതെയാണ് മിക്കവാറും വാഹനങ്ങളില്‍ തീവ്രത കൂടിയ ഹെഡ് ലൈറ്റുകള്‍ ഘടിപ്പിക്കുന്നത്. പകല്‍ സമയങ്ങളില്‍ അമിത വേഗത പരമാവധി ഒഴിവാക്കുക.

ഉറക്കം മരണദൂതനാകുമ്പോള്‍


അപകടങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇരുചക്രവാഹനാപകടങ്ങളുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ വാഹനം ഉപയോഗിക്കുന്ന ചെറുപ്പക്കാരാണിന്ന് കൂടുതലും. പുതുതലമുറക്കാര്‍ വേഗത ഇഷ്ടപ്പെടുന്നവരാണ്. ഇരുചക്രവാഹനത്തില്‍ മൂന്ന് പേര്‍ ഒരുമിച്ച് യാത്ര ചെയ്യുന്നതൊക്കെ കൂടുതല്‍ അപകടങ്ങള്‍ വരുത്തുന്നുണ്ട്.

മുന്‍കാലങ്ങളിലെ വാഹനങ്ങളെ അപേക്ഷിച്ച് ഇപ്പോഴുള്ള വാഹനങ്ങളുടെ ഘടനയില്‍ പോലും ഒട്ടേറെ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ചെറിയ അപകടങ്ങള്‍ ആണെങ്കില്‍പോലും പരിക്കുകള്‍ നിസാരമായിരിക്കില്ല. ട്രാഫിക് സിഗ്നലുകളില്‍ പോലും നിയമം പാലിക്കാത്തവരുണ്ട്. ഇവയൊക്കെ വാഹനാപകടങ്ങള്‍ക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

നിലവിലുള്ള റോഡപകടങ്ങളില്‍ അഞ്ചില്‍ ഒന്നും വാഹനമോടിക്കുന്നയാളുടെ ക്ഷീണം കാരണമോ അല്ലെങ്കില്‍ ഉറങ്ങിപ്പോകുന്നതു മൂലമോ സംഭവിക്കുന്നതാണ്. രാത്രി 2 മണിക്കു ശേഷവും രാവിലെ 6 മണിക്കു മുന്‍പും ഉണ്ടാകുന്ന അപകടങ്ങള്‍ വാഹനമോടിക്കുന്നയാള്‍ ഉറങ്ങി പോകുന്നതുകൊണ്ട് ഉണ്ടാകുന്നു.

അമിതമായിട്ട് കോട്ടുവായിടല്‍, കണ്ണുകള്‍ക്ക് ഭാരം തോന്നുക, ക്ഷീണം എന്നീ ലക്ഷണങ്ങളിലൂടെ ഉറക്കം വരുന്നുണ്ടെന്നു തിരിച്ചറിയാനാകും. അപ്പോള്‍ തന്നെ വാഹനം സുരക്ഷിതമായ സ്ഥലത്ത് പാര്‍ക്ക് ചെയ്ത് കുറച്ച് സമയം ഉറങ്ങിയതിനു ശേഷം വാഹനമോടിക്കാം.

സുരക്ഷ ജീവനു വേണ്ടി


വാഹനമോടിക്കുമ്പോള്‍ സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ മടി വേണ്ട. ഇരുചക്രവാഹനമോടിക്കുന്നവര്‍ ഹെല്‍മറ്റും, കാര്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റും ധരിക്കാന്‍ ഉപേക്ഷ വിചാരിക്കരുത്. യാത്രയ്ക്കിടയിലെ പരിശോധനകള്‍ പേടിച്ച് മാത്രം സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ഉപയോഗിക്കുന്ന രീതിക്ക് മാറ്റമുണ്ടാകണം. ഹെല്‍മറ്റും സീറ്റ് ബെല്‍റ്റും ഉപയോഗിച്ചാല്‍ മരണവും പരിക്കുകളും ഒഴിവാക്കാന്‍ സാധിക്കും.

സീറ്റ് ബെല്‍റ്റ് ധരിച്ചാല്‍ ഡ്രൈവറുടെയും മുന്‍സീറ്റ് യാത്രക്കാരുടെയും മരണസാധ്യത കുറയും. ഗുരുതര പരിക്കും ഉണ്ടാകില്ല. കാറുകളിലെ എയര്‍ ബാഗ് പ്രവര്‍ത്തിക്കണമെങ്കില്‍ സീറ്റ് ബെല്‍റ്റ് ധരിച്ചിരിക്കണമെന്നത് പലര്‍ക്കും അറിയില്ല.

സീറ്റ് ബെല്‍റ്റ് ധരിച്ചെങ്കില്‍ മാത്രമേ അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ എയര്‍ബാഗ് സെന്‍സര്‍ ചെയ്യുകയുള്ളൂ. അതുകൊണ്ട് വാഹനമോടിക്കുമ്പോള്‍ തീര്‍ച്ചയായും സീറ്റ് ബെല്‍റ്റും ഹെല്‍മറ്റും ഉപയോഗിക്കണം. അപകടങ്ങളില്‍പ്പെടുമ്പോള്‍ ഗുരുതരമായ പരിക്കുകളില്‍ നിന്നും സുരക്ഷ നല്‍കാന്‍ സേഫ്റ്റി ഡിവൈസുകള്‍ക്കാകും.

ശ്രദ്ധ ഡ്രൈവിങില്‍ മാത്രം


വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ ശ്രമിക്കണം. ഒരാള്‍ വാഹനമോടിക്കുമ്പോള്‍ അയാളുടെ പഞ്ചേന്ദ്രിയങ്ങള്‍ പ്രവര്‍ത്തിക്കണം. ശ്രദ്ധ ഏറ്റവും കൂടുതല്‍ ആവശ്യമായി വരുന്നത് വാഹനം ഓടിക്കുമ്പോഴാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം, കണ്ണ്, ചെവി, കൈകാലുകള്‍ ഇവയെല്ലാം ഒരേ സമയം പ്രവര്‍ത്തിക്കണം. കാര്യങ്ങള്‍ തിരിച്ചറിയാനും മറ്റു വാഹനങ്ങള്‍, റോഡ് ഇവയെല്ലാം ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്. ഈ സമയം ഫോണ്‍ ഉപയോഗിക്കുന്നത് ശ്രദ്ധ മാറിപ്പോകാനും അപകടങ്ങള്‍ ഉണ്ടാകാനും കാരണമാകും.

അമിതവേഗതയും ലഹരിവസ്തുക്കളുടെ ഉപയോഗവും വാഹനം ഓടിക്കുമ്പോള്‍ ഒഴിവാക്കണം. ഇരുചക്രവാഹനങ്ങളില്‍ മൂന്ന്് പേര്‍ വരെ യാത്ര ചെയ്യുന്ന രീതി ഇന്നു യുവാക്കള്‍ക്കിടയിലുണ്ട്. ഇവയ്ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടാകണം. അമിതവേഗത, ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുക, മദ്യപിച്ച് വാഹനമോടിക്കുക എന്നിവ പിടിക്കപ്പെട്ടാല്‍ കര്‍ശനമായ ശിക്ഷരീതികള്‍ നിലവില്‍ വരേണ്ടതുണ്ട്.

അപകടം രാത്രി യാത്രയില്‍ വാഹനത്തിന്റെ ഹെഡ് ലൈറ്റിന്റെ പ്രകാശം കുറച്ച് എതിര്‍ ദിശയിലുള്ള വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ ശ്രദ്ധിക്കുക. ചെറിയ കുട്ടികള്‍ക്ക് ഇരിക്കാന്‍ സീറ്റ് ബെല്‍റ്റോടു കൂടിയ ബേബി സീറ്റുണ്ട്. സുരക്ഷ ബെല്‍റ്റോടു കൂടിയ ബേബി സീറ്റുകളില്‍ മാത്രം കുട്ടികളെ യാത്രാ വേളകളില്‍ ഇരുത്തുക.

വിവരങ്ങള്‍ക്ക് കടപ്പാട് :
ജിജി ജോര്‍ജ് , ആര്‍ടിഒ, പത്തനംതിട്ട

തയാറാക്കിയത്:
നീതു സാറാ ഫിലിപ്പ്

Ads by Google
Ads by Google
Loading...
TRENDING NOW