Tuesday, August 20, 2019 Last Updated 0 Min 43 Sec ago English Edition
Todays E paper
Ads by Google
Monday 14 Jan 2019 09.43 AM

കൂടെ കിടന്നുറങ്ങുന്നവരുടെ കളിയാക്കലിനും പങ്കാളിയുടെ അരിശത്തിനുമപ്പുറം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നതാണ് കൂര്‍ക്കം വലി; ഡോക്ടര്‍ പറയുന്നു

health problems

ആരും അങ്ങനെ അധികം കാര്യമായി എടുക്കാത്തെ ഒന്നാണ് കൂര്‍ക്കം വലി. എന്നാല്‍ ചിലപ്പോഴൊക്കെ ഇത് പലരുടെയും ജീവിതത്തെ തന്നെ മാറ്റി മറിക്കുന്ന ഒരു രോഗലക്ഷണമാകാം. ചിലരില്‍ കൂര്‍ക്കം വലി വിദഗ്ദ്ധ ചികിത്സ തേടേണ്ടി വരുന്ന ഗുരുതര രോഗാവസ്ഥയാകാറുണ്ട്. കൂര്‍ക്കം വലിയെ കുറിച്ച് ഡോക്ടര്‍ കുഞ്ഞാലിക്കുട്ടി എഴുതിയ ലേഖനമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.

കൂര്‍ക്കംവലിയും സ്ലീപ് അപ്നിയയും

മനുഷ്യന്‍ ഉണ്ടായ കാലം മുതലേ ഉണ്ടായതാവണം കൂര്‍ക്കം വലിയും. കൂര്‍ക്കംവലി കൊണ്ടെന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്ന് ചോദിച്ചാല്‍ എല്ലാ കൂര്‍ക്കംവലിയും പ്രശ്‌നമല്ല, പക്ഷെ ചിലപ്പോഴൊക്കെ പ്രശ്‌നമാകാറുമുണ്ട്. കൂടെ കിടന്നുറങ്ങുന്നവരുടെ കളിയാക്കലിനും പങ്കാളിയുടെ അരിശത്തിനുമപ്പുറം ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കാം. ഇങ്ങനെ പ്രശ്‌നകാരിയായ കൂര്‍ക്കംവലിക്ക് പറയുന്ന പേരാണ് ഒബ്‌സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ (obstructive sleep apnoea).

അതിഭീകര കൂര്‍ക്കം വലിക്കാരുടെ കൂടെ ഒരു മുറിയില്‍ കിടന്നുറങ്ങാനുള്ള ഭാഗ്യം സിദ്ധിച്ചവര്‍, ഉറക്കം എന്തായാലും പോയി, ഇനിയിപ്പോ ഇതിന്റെ ഒരു പാറ്റേണ്‍ ശ്രദ്ധിച്ചു കളയാം എന്ന് തീരുമാനിച്ചാല്‍ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. മിക്കവാറും പേരില്‍ ഈ കൂര്‍ക്കം വലി വളരെ താളാത്മകമായി, ചെറിയ പിച്ചില്‍ തുടങ്ങി പതിയെപ്പതിയെ ഉച്ചസ്ഥായിയിലെത്തി, പിന്നെ പഴയ ഫര്‍ഗോ ലോറി ചുരം കയറുന്ന ലെവലില്‍ ഭീകര ശബ്ദത്തോടെ, പക്ഷെ ശ്വാസം സമയമെടുത്ത് വലിച്ചു വലിച്ചു, അവസാനം പെട്ടെന്നങ്ങ് നില്‍ക്കും. ഒരു മുപ്പതു സെക്കന്‍ഡോ മറ്റോ നില്‍ക്കുമ്പോള്‍ നമ്മള്‍ കരുതും രക്ഷപ്പെട്ടു, ഇനിയൊന്നുറങ്ങാമല്ലോന്ന്....അപ്പോഴായിരിക്കും കക്ഷി ഒന്ന് മുരടനക്കി, പതിയെ അങ്ങോട്ടോ ഇങ്ങോട്ടോ ഒന്ന് തിരിഞ്ഞു, ഒരു രണ്ടു മിനിറ്റ് കഴിയുമ്പോ വീണ്ടും ചെറിയ പിച്ചില്‍ നേരത്തെ പറഞ്ഞ അതേ പരിപാടിയുടെ അടുത്ത സൈക്കിള്‍ തുടങ്ങുന്നത്. ഇത് രാത്രി മുഴുവന്‍ ആവര്‍ത്തിക്കും, നമ്മള്‍ അവസാനം ഇതിന് പൊരുത്തപ്പെട്ട്, ക്ഷീണിച്ച് എപ്പോഴോ ഉറങ്ങിപ്പോയിരിക്കും. രാവിലെ എണീറ്റ് മറ്റവനെ തെറി പറയും..നിന്നെക്കാരണം ഞാനിന്നലെ ഉറങ്ങിയില്ല, നീ നല്ല കൂര്‍ക്കം വലിച്ചുറങ്ങിയല്ലോ എന്നൊക്കെ.

പക്ഷെ സത്യത്തില്‍ എന്താണ് ഇവിടെ സംഭവിക്കുന്നത്? കൂര്‍ക്കം വലി ഉണ്ടാകുന്നത് തന്നെ ഉച്ഛ്വാസ വായു കടന്നു പോകുന്ന, തൊണ്ടയുടെ മുകള്‍ഭാഗത്തുള്ള തടസ്സം കാരണമാണ്. ഇവിടെയുള്ള ദശകളുടെ അമിതമായ വളര്‍ച്ച, എന്തെങ്കിലും അസുഖങ്ങള്‍ മൂലം ഇവിടെ ഉള്ള മസിലുകള്‍ക്ക് തകരാര്‍ ഉണ്ടാവുക (ഇത്തരക്കാര്‍ക്ക് ഉറങ്ങുമ്പോള്‍ മാത്രമല്ല, ഉണര്‍ന്നിരിക്കുമ്പോഴും ആഹാരം വിഴുങ്ങാന്‍ ശ്രമിക്കുമ്പോഴും ഒക്കെ പ്രശ്‌നങ്ങള്‍ കാണാം) തുടങ്ങിയവയൊക്കെയാണ് കാരണം. മിക്കവാറും പൊണ്ണത്തടി ഉള്ളവരിലാണ് അമിതമായ കൂര്‍ക്കം വലിയും അതിനോടനുബന്ധിച്ചുള്ള ഈ പ്രശ്‌നവും ഉണ്ടാകുന്നത്. പുറമെയുള്ള പൊണ്ണത്തടി പോലെ തന്നെ ശ്വാസനാളത്തിന്റെ തുടക്കത്തിലുള്ള ഭാഗത്തുള്ള ദശയും ഒക്കെ കൊഴുത്തു തടിച്ചിരിക്കും. നമ്മളെല്ലാവരും ഉറങ്ങുമ്പോള്‍ മസിലുകള്‍ റിലാക്‌സ് ചെയ്യും. അതുപോലെ ഇത്തരക്കാരില്‍ ഈ ദശകള്‍/മസിലുകള്‍ റിലാക്‌സ് ചെയ്യുമ്പോള്‍ ഇവ ശ്വാസനാളത്തെ മൂടുന്നത് മൂലമാണ് കൂര്‍ക്കംവലി ഉണ്ടാകുന്നത്. ഉറക്കത്തിന്റെ ആദ്യ സ്റ്റേജില്‍ ചെറുതായി റിലാക്‌സ് ചെയ്യുന്ന ഇവ കൂടുതല്‍ ഗാഢ ഉറക്കത്തിലേക്ക് ആള്‍ വീഴുമ്പോള്‍ കൂടുതല്‍ കൂടുതല്‍ റിലാക്‌സ് ആവുകയും അങ്ങനെ ശ്വാസനാളം കൂടുതല്‍ കൂടുതല്‍ അടയുകയും ചെയ്യുന്നത് മൂലമാണ് കൂര്‍ക്കംവലിയുടെ ശബ്ദം കൂടുന്നത്. ഏറ്റവും ഒടുവില്‍ ശ്വാസനാളം പൂര്‍ണ്ണമായും അടയുമ്പോഴാണ് കൂര്‍ക്കംവലി നില്‍ക്കുന്നതും നമ്മള്‍ ആശ്വാസം കൊള്ളുന്നതും.

എന്ത് കൊണ്ടാണ് ഇതിങ്ങനെ ഒരു സൈക്കിള്‍ ആയി റിപ്പീറ്റ് ചെയ്യപ്പെടുന്നത്?
ശ്വാസനാളം പൂര്‍ണ്ണമായും അടഞ്ഞു, ആള്‍ ശ്വാസം വലിക്കാതെ ഇരിക്കുന്ന അവസ്ഥയില്‍ രക്തത്തിലെ ഓക്‌സിജന്‍ അളവ് കുറയുകയും കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് കൂടുകയും ചെയ്യും. രക്തത്തിലെ ഓക്‌സിജന്റെ കുറവ്, തലച്ചോറിന്റെ താഴ്ഭാഗത്തുള്ള chemoreceptor tigger zone (CTZ) എന്ന, രക്തത്തിലെ കെമിക്കല്‍സിനെ മോണിറ്റര്‍ ചെയ്യുന്ന ഒരു ഭാഗത്തെ ഉത്തേജിപ്പിക്കും. ഇവിടെ നിന്നും തരംഗങ്ങള്‍ പാഞ്ഞു ചെല്ലും, റെസ്പിറേറ്ററി സെന്ററിലേക്ക് (RC). ഇവ കൂര്‍ക്കംവലിക്കാരന്റെ respiratory മസിലുകളിലേക്ക് ശക്തമായ മെസേജ് കൊടുക്കും, ആഞ്ഞു വലിക്കാന്‍. അപ്പോഴാണ് കൂര്‍ക്കംവലിക്കാരന്‍ ഉറക്കത്തില്‍ നിന്ന് ഒന്നുണരുന്നതും പിന്നെയും ശ്വാസം എടുക്കുന്നതും. ഈ സൈക്കിള്‍ ഉറക്കസമയം മൊത്തം റിപ്പീറ്റ് ചെയ്യും.

ഇങ്ങനത്തെ കൂര്‍ക്കംവലി കാരണം ആളിനെന്തെങ്കിലും പ്രശ്‌നമുണ്ടോ? ഉണ്ട്.

സാധാരണ മനുഷ്യര്‍ക്ക് ദിവസത്തില്‍ ഏഴെട്ടു മണിക്കൂര്‍ ഉറക്കം ആവശ്യമാണ്. ഇല്ലെങ്കില്‍ നമ്മുടെ തലച്ചോറിന് ശരിയായി പ്രവര്‍ത്തിക്കാനാവില്ല. ഈ കടുത്ത കൂര്‍ക്കംവലിക്കാരില്‍ പലര്‍ക്കും ഓരോ അഞ്ചു മിനിട്ടിലും ഉറക്കം മുറിയുന്നുണ്ട്. അടുത്ത ഗാഢനിദ്രയിലേക്ക് പോയി മുപ്പതു സെക്കന്റിലോ മറ്റോ പിന്നെയും ഞെട്ടിയുണരും. ഇവര്‍ പലപ്പോഴും പാതി ഉറക്കത്തിലായത് കാരണം ഇതേപ്പറ്റി ബോധവാന്മാരായിരിക്കില്ല. ഫലത്തില്‍, ഇവര്‍ക്കൊരിക്കലും നല്ലൊരു നിദ്രാനുഭവം കിട്ടുന്നില്ല. അതിന്റെ ഫലമായി പകല്‍ മുഴുവന്‍ ക്ഷീണം, ഇപ്പോഴും ഉറക്കം തൂങ്ങല്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, പ്രമേഹം ഒക്കെ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. വളരെയേറെ നാള്‍ ഈ പ്രശ്‌നം ഉള്ളവര്‍ക്ക് പ്രായമെത്തുന്നതിനു മുന്നേ തന്നെ മറവി പ്രശ്‌നങ്ങളും മറ്റും ഉണ്ടാകാറുണ്ടെന്നും പഠനങ്ങള്‍ ഉണ്ട്. ഡ്രൈവിംഗ് ഒക്കെ ചെയ്യുന്നവരില്‍ ഈ ഉറക്കംതൂങ്ങല്‍ പലപ്പോഴും അപകടങ്ങളിലേക്കും മറ്റും നയിക്കാറുമുണ്ട്.

എന്താണിതിന് ചികിത്സ? ഏറ്റവും ഫലപ്രദം പൊണ്ണത്തടി കുറയ്ക്കല്‍ തന്നെ. പക്ഷെ ഇത് പറയാനെളുപ്പവും പ്രായോഗികമാക്കാന്‍ ബുദ്ധിമുട്ടും ആണല്ലോ. പിന്നെ ശ്രമിച്ചു നോക്കാവുന്നത് വായില്‍ വെച്ചുറങ്ങാവുന്ന ചില ഡിവൈസുകളാണ്. പക്ഷെ പലരും ഇത് റ്റോളറേറ്റ് ചെയ്യാറില്ല. വളരെ കടുത്ത അവസ്ഥയിലുള്ള ആളുകളെ ഒരു സ്ലീപ് സ്റ്റഡി (ഒരു പ്രോബ് വിരലില്‍ ഘടിപ്പിച്ചു രക്തത്തിലെ ഓക്‌സിജന്റെ അളവ് വ്യത്യാസങ്ങള്‍ രേഖപ്പെടുത്തുകയും അതോടൊപ്പം തന്നെ ആളിന്റെ ഉറക്കത്തിന്റെ ഒരു കണ്ടിന്യുവസ് വീഡിയോ റെക്കോര്‍ഡിങ് എടുക്കുകയും അതില്‍ രോഗി ഉണരുന്ന സമയവും രക്തത്തിലെ ഓക്‌സിജന്റെ അളവും താരതമ്യം ചെയ്യുകയും ചെയ്യും- ലളിതമായി പറഞ്ഞതാണ്, മറ്റു പല പരിശോധനകളും ഇതോടൊപ്പം ചെയ്യാം) നടത്തി, അതിനു ശേഷം അവര്‍ക്ക് ആവശ്യമെങ്കില്‍ C-PAP (continuous positive airway pressure) എന്നൊരു മെഷീന്‍ ഘടിപ്പിച്ചു കൂര്‍ക്കം വലി ഇല്ലാതെയാക്കി, ഉറക്കം സുഖമാക്കാം. വായും മൂക്കും മൂടുന്ന ഒരു എയര്‍ ടൈറ്റ് മാസ്‌ക് (മൂക്ക് മാത്രം മൂടുന്ന മാസ്‌കും ഉണ്ട്) വെച്ച ശേഷം ഹൈപ്രഷറില്‍ ഒരു മെഷീനില്‍ കൂടെ വായു കടത്തി വിടുന്നത് മൂലം ശ്വാസനാളികള്‍ അടയാനുള്ള അവസരം ഇല്ലാതാക്കുന്നു എന്നതാണ് ഈ മെഷീന്‍ ചെയ്യുന്നത്. ഇതുപയോഗിക്കുന്ന രോഗികള്‍ പറയുന്നത് ഉപയോഗിച്ചു തുടങ്ങിയ ശേഷം ജീവിതം തന്നെ മാറിപ്പോയെന്നാണ്. പകല്‍ ഉറക്കം തൂങ്ങലില്ല, ജോലിയില്‍ കൂടുതല്‍ ശ്രദ്ധ, തകര്‍ച്ചയുടെ വക്കിലായിരുന്ന വിവാഹബന്ധങ്ങള്‍ ശരിയായി അങ്ങനെ പലതും. ഈ മെഷീന്‍ കൊണ്ടും ശരിയാകാത്തവര്‍ക്ക് സര്‍ജറി ചെയ്തു തൊണ്ടയിലെ ദശകളുടെ കട്ടി കുറയ്ക്കുക എന്നത് മാത്രമേ കരണീയമായിട്ടുള്ളൂ.

സ്ലീപ് സ്റ്റഡിക്ക് വരുന്ന രോഗികളെ നോക്കിയാലറിയാം, 99% പേരും കടുത്ത പൊണ്ണത്തടിയും, തടിച്ചു കുറുകിയ കഴുത്തും ഒക്കെ ഉള്ളവരായിരിക്കും. കഴുത്തിന്റെ പുറത്തുള്ള കൊഴുപ്പ് പോലെ തന്നെ അകത്തും ഉണ്ടാവും.

കടുത്ത കൂര്‍ക്കം വലി മൂലം ബുദ്ധിമുട്ടുന്ന ആളാണ് നിങ്ങളെങ്കില്‍, അതോടൊപ്പം പകല്‍ ഉറക്കം തൂങ്ങല്‍, മന്ദത, ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പറ്റാതെ വരുന്ന അവസ്ഥ ഇതൊക്കെ ഉണ്ടെങ്കില്‍ ഉടനെ തന്നെ ഒരു വിദഗ്ധ ഡോക്ടറെ കണ്ടു ആവശ്യമായ പരിശോധനകള്‍ ചെയ്യുക.

Ads by Google
Ads by Google
Loading...
TRENDING NOW