Tuesday, August 20, 2019 Last Updated 20 Min 51 Sec ago English Edition
Todays E paper
Ads by Google
നീതു വര്‍ഗ്ഗീസ്‌
Sunday 13 Jan 2019 04.42 PM

അവര്‍ തടയില്ലെന്നു തന്നെയാണ് പ്രതീക്ഷ: അഗസ്ത്യാര്‍കൂടം കയറുന്നത് ഓരോ സ്ത്രീക്കും വേണ്ടി!

Dhanya Sanal, Agastyarkoodam

അഗസ്ത്യാര്‍കൂടം മലമുകളില്‍ കാല്‍ കുത്തുന്ന ആദ്യ വനിതയുടെ എക്‌സൈറ്റ്‌മെന്റ് ആ വാക്കുകളില്‍ നിന്ന് അറിയാനായി വിളിക്കുമ്പോള്‍ അവര്‍ അവസാന വട്ട ഒരുക്കത്തിലായിരുന്നു. പ്രതിരോധവക്താവ് കൂടിയായ ധന്യ സനല്‍ ബാഗ് പായ്ക്ക് ചെയ്തുകൊണ്ട് സംസാരിച്ചു തുടങ്ങി..

തിരക്കിനിടയില്‍ ഈ 'ചോദ്യംചെയ്യല്‍' അനുചിതമാകുമോ എന്ന് മനസിലോര്‍ത്ത് മടിച്ചുകൊണ്ട് ചോദ്യം ചോദിക്കാന്‍ ഒരുങ്ങുന്നതിനു മുമ്പേ തന്നെ 'ചരിത്രയാത്ര' യുടെ (എ ടൂ ) വിവരം പറഞ്ഞ് ആദ്യം എന്റെയും ത്രില്ല് കൂട്ടി., അതിസാഹസികതകള്‍ ഒരുപാടിഷ്ടമായവള്‍, ആഴ്ചയില്‍ രണ്ടു തവണ വരെ ട്രക്കിംഗ് നടത്തിയും ആഗ്രഹം സഫലമാക്കുന്നവള്‍, പക്ഷെ ഏറ്റവും കാത്തിരുന്ന് എതിര്‍പ്പുകളെ മറികടന്ന് നടത്തുന്ന അഗസ്ത്യാര്‍കൂടം യാത്രയുടെ ത്രില്ല് ഓരോ വാക്കുകളിലും എനിക്കും ഫീല്‍ ചെയ്യുന്നുണ്ടായിരുന്നു.

നാളെ രാവിലെ അഞ്ചു മണിക്ക് തിരിക്കും. ഏഴു മണിക്ക് ബോണക്കാട് ഫോറസ്റ്റ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. അവിടെ നിന്ന് 13.5 കിലോമീറ്റര്‍ നടന്നു വേണം അതിരുമല ബേസ് ക്യാമ്പിലെത്താന്‍. രാവിലെ തുടങ്ങുന്ന യാത്ര വൈകിട്ടോടെ മാത്രമെ അതിരുമല ബേസ് ക്യാമ്പിലെത്തുകയുള്ളു. രാത്രി ബേസ് ക്യാമ്പില്‍ തങ്ങിയതിനു ശേഷം ചൊവ്വാഴ്ച രാവിലെയാണ് അഗസ്ത്യാര്‍കൂടത്തിലേക്ക് യാത്ര തുടങ്ങുന്നത്. 6.5 കിലോമീറ്റര്‍ ദുഷ്‌കരമായ പാതയിലൂടെ വേണം അഗസ്ത്യാര്‍കൂടത്തിലേക്ക് എത്താന്‍. യാത്രികരുടെ ശാരീരികക്ഷമതയനുസരിച്ച് രണ്ട്, മൂന്ന് ദിവസങ്ങള്‍ എടുത്താണ് യാത്ര പൂര്‍ത്തിയാക്കുന്നത്.

എന്തുകൊണ്ട് അഗസ്ത്യാര്‍കൂടം..

100 ശതമാനം എക്‌സൈറ്റ്‌മെന്റിലാണ്. ഒരുപാട് നാള്‍ ആഗ്രഹിച്ചതായിരുന്നു അഗസ്ത്യാര്‍കൂടം ട്രക്കിംഗ്. അഗസ്ത്യാര്‍കൂടം യാത്ര ഓരോ യുവതികള്‍ക്കും വേണ്ടിയെന്ന് വിശ്വസിക്കുന്നു..

ട്രക്കിങ്ങിനെക്കുറിച്ച്...

സാധാരണയായി ട്രക്കിംഗ് നടത്തുന്നയാളാണ് ഞാന്‍. എന്റെ ട്രക്കിംഗ് ഓരോ മൂഡ് അനുസരിച്ചാണ്. ചിലപ്പോള്‍ ആഴ്ചയില്‍ രണ്ട് തവണ ട്രക്ക് ചെയ്യും. മാസത്തില്‍ മൂന്നോ നാലോ തവണ ട്രക്ക് ചെയ്യും. ട്രക്കിംഗ് എനിക്ക് പുതിയ ഒരു അനുഭവം അല്ല. പക്ഷെ ഓരോ ട്രക്കും എനിക്ക് ഭയങ്കര എക്‌സൈറ്റ്‌മെന്റാണ്.

കാണി സമുദായത്തിന്റെ എതിര്‍പ്പ്..

അവരുമായിട്ട് ഒരു വഴക്കിനു ഞാനില്ല. അവരുടെ അനുമതി കിട്ടുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. വനംവകുപ്പ് ഉള്‍പ്പെടെ അവരുടെ അനുമതിക്ക് വേണ്ടിട്ട് ശ്രമം നടത്തുകയാണ്. നാളെ ഞാന്‍ ഒറ്റ സ്ത്രീ മാത്രമാണുള്ളത്. അതുകൊണ്ട് അവര്‍ എന്നെ തടയുമെന്ന് വിചാരിക്കുന്നില്ല. കൊല്ലാന്‍ വരുന്ന രീതിയില്‍ എതിര്‍ത്താല്‍ എനിക്ക് മടങ്ങുക മാത്രമേ എന്റെ മുന്നിലുള്ളു. അവരുടെ അനുമതി ഇല്ലാതെ വലിഞ്ഞുകേറില്ല. പക്ഷെ ഈ യാത്ര കാണി സമുദായത്തിന്റെ അനുമതിയോടുകൂടി പൂര്‍ത്തിയാക്കുമെന്നാണ് വിശ്വാസം.

കാട് എന്നാല്‍ എനിക്ക്..

കാടിനെ ഞാന്‍ വളരെ പവിത്രതയോടു കൂടിയാണ് കാണുന്നത്. ഗ്രോ ഗ്രീന്‍ എന്ന മിഷന്‍ പോലെയാണ് എന്റെ മനസില്‍ കൊണ്ടുപോകുന്നത്. എന്റെ വീടിനോടുള്ള സമീപനം തന്നെയാണ് കാടിനോടും. ഒരു മാലിന്യവും വലിച്ചെറിയാതെ, അവിടെ മാലിന്യം കിടക്കുന്നത് കണ്ടാല്‍ അത് പോലും തിരികെ എടുത്തുകൊണ്ട് വന്ന് കളയണമെന്നതാണ് എന്റെ കാഴ്ചപ്പാട്. എന്റെ കാലടികള്‍ അവിടെ അവശേഷിപ്പിച്ച്, ഞാന്‍ അവിടെ നിന്ന് എടുക്കുന്നത് മെമ്മറീസ് മാത്രമാണ്.

ശബരിമല യുവതി പ്രവേശം...

ഇല്ല.. ഇല്ലില്ല.. ഭക്തിയായിട്ട് കൂട്ടിക്കുഴയ്ക്കല്ലേ. അഗസ്ത്യാര്‍കൂടത്തിലേക്ക് പോകുന്നത് ട്രക്ക് ചെയ്യാന്‍ മാത്രമാണ്. മറ്റൊരു മേഖലയിലും താല്‍പര്യമില്ല. അതിസാഹസികതകള്‍ മാത്രമാണ് ലക്ഷ്യം..

സാഹസികത ഇഷ്ടപ്പെട്ടു തുടങ്ങിയത്..

അവസരം കൂടിയപ്പോള്‍ ഇഷ്ടപ്പെട്ടു തുടങ്ങി. നാട്ടില്‍ ഇത്തരത്തിലൊരു അവസരവും ഉണ്ടായിരുന്നില്ല. ജോലി കിട്ടിയതിനു ശേഷം പല സ്ഥലങ്ങളില്‍ മാറി മാറി പോകേണ്ടി വന്നു. ഒരുപാട് പേരുമായി ഇടപഴകി. സാഹസികതകള്‍ ഇഷ്ടപ്പെടുന്ന സുഹൃത്തുക്കള്‍.. സുഹൃത്തുക്കള്‍ക്കാപ്പമാണ് പോയി തുടങ്ങുന്നത്. അത് മനസിലുണ്ടാക്കുന്ന സന്തോഷം.. പോസിറ്റീവ് എനര്‍ജി, ഇതെല്ലാം ഇതിലേക്ക് എന്നെ വീണ്ടും വീണ്ടും കൊണ്ടെത്തിക്കുന്നു. നാളെ അഗസ്ത്യാര്‍കൂടം യാത്ര വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ അതിനു ശേഷം അതിലും വലിയ ടാര്‍ഗറ്റ് സെറ്റ് ചെയ്ത് അതിനു പിന്നാലെ പോകും. ഒരു ലക്ഷ്യത്തിന്റെ വിജയ പൂര്‍ത്തീകരണം തരുന്ന പ്രചോദനമാണ് അടുത്ത ലക്ഷ്യത്തിലേക്ക് നയിക്കുന്നത്.

ഭക്ഷണക്രമം.. പരിശീലനം..

പതിവായി പത്തു കിലോമീറ്റര്‍ നടത്തം. ഒന്നര മണിക്കൂര്‍ വര്‍ക്ക് ഔട്ട് പക്ക. ഓഫീസ് കഴിഞ്ഞുള്ള സമയം നടത്തവും ഓട്ടവും നിര്‍ബന്ധം. ട്രക്കിനു പോകുന്ന സമയത്ത് ഡ്രൈഫ്രൂട്ട്‌സ്, ഡേറ്റ്‌സ്, ചോക്ലേറ്റ് ബാര്‍സ് എന്നിവ മാത്രമാണ് എടുക്കുന്നത്. ഒരു ലിറ്റര്‍ വെള്ളം മാത്രമേ എടുക്കു. കൂടുതല്‍ ആവശ്യത്തിനായി കാടിനുള്ളിലെ അരുവികളെ ആശ്രയിക്കും.

കുടുംബം..

സിംഗിള്‍ വുമണ്‍ ആണ്. അച്ഛനും അമ്മയും 22-ാം വയസ്സില്‍ മരിച്ചു.

അഗസ്ത്യാര്‍കൂടം യാത്രയൂടെ ത്രില്ലിങ്ങ് അനുഭവങ്ങള്‍ പങ്കുവെയ്ക്കാമെന്ന ഉറപ്പില്‍ 'ചോദ്യംചെയ്യലിന്' ശുഭാന്ത്യം.!

സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി സ്ത്രീകള്‍ക്ക് അഗസ്ത്യാര്‍കൂടത്തേക്കുള്ള പ്രവേശന വിലക്ക് റദ്ദാക്കി കഴിഞ്ഞ നവംബര്‍ 30 നാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. വിധി വന്നതിനു ശേഷമുള്ള ആദ്യ യാത്രയാണ് നാളെ തുടങ്ങുന്നത്. അഗസ്ത്യാര്‍കൂടം ട്രക്കിംഗിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന 100 വനിതകളില്‍ ആദ്യ ദിവസം മല കയറുന്ന ഏക വനിതയാണ് തിരുവനന്തപുരത്തെ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥയായ ധന്യ. നഴ്‌സിങ്ങ് ജോലിയില്‍ നിന്നാണ് ധന്യ സനലിന്റെ ചുവടുമാറ്റം 2012 ഐഐഎസ്( ഇന്ത്യന്‍ ഇന്‍ഫോര്‍മേഷന്‍ സര്‍വീസ്) ഉദ്യോഗസ്ഥയായ ധന്യ സനല്‍ അതിസാഹസികതകളിലേക്ക് ഓരോ ചുവടും വെയ്ക്കുകയാണ്..

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW