Tuesday, August 20, 2019 Last Updated 6 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 12 Jan 2019 02.00 PM

തവിയിലെ മോഹക്കഞ്ഞി

മലയാളികള്‍ക്കെന്നും പ്രിയപ്പെട്ട കഞ്ഞി വിളമ്പുന്ന തവിയിലെ രുചി വൈവിധ്യങ്ങളിലൂടെ...
uploads/news/2019/01/279929/thavikanji120119f.jpg

തലേദിവസത്തെ ചോറിനൊരു മേക്കോവര്‍ നല്‍കിയാലോ? അതെന്ത് വിഭവം എന്നല്ലേ? സാക്ഷാല്‍ പഴങ്കഞ്ഞി. കഞ്ഞിയോ എന്നല്ലേ ആലോചിക്കുന്നത്? കഞ്ഞിയും തലേന്നത്തെ കുടംപുളിയിട്ട മീന്‍കറിയും കാന്താരിമുളക് ചേര്‍ത്ത് വേവിച്ച കപ്പയും നല്ല കൊഴുത്ത, പാകത്തിന് പുളിയുളള പുളിശ്ശേരിയും വറ്റല്‍മുളക് ചുട്ട് എടുത്ത് അരച്ച തേങ്ങ ചമ്മന്തിയും ചേര്‍ത്ത് ഒരു പിടി പിടിച്ചാലോ? ആഹാ വായില്‍ കപ്പലോടിക്കാം. എന്നാപ്പിന്നെ കഞ്ഞിയില്‍ തുടങ്ങാം.

കഞ്ഞി തേടിയുള്ള യാത്ര അവസാനിച്ചതോ കലൂര്‍ ദേശാഭിമാനി ജങ്ഷനിലെ തവി എന്ന നാടന്‍ ഭക്ഷണശാലയിലും. മെയിന്‍ റോഡില്‍ നിന്ന് അല്‍പം മാറിയാണ് കട.

ജങ്ഷനില്‍ ബസിറങ്ങുമ്പോഴേ കാണാം തവിയുടെ ബോര്‍ഡ്. ബോര്‍ഡ് നോക്കി തവിയിലെത്തി. മുളകൊണ്ട് നിര്‍മ്മിച്ച തവിയിലൊട്ടാകെ കാണാം ഒരു നൊസ്റ്റാള്‍ജിക് ടച്ച്.

ഭരണികളും കൂജകളും മണ്‍ചട്ടികളും പഴയകാലത്തെ ഗ്ലാസുകളുമൊക്കെയായി മനസുകൊണ്ട് പഴമയിലേക്കൊരു യാത്ര പോകുന്ന സുഖം. ഉച്ചസമയമായതുകൊണ്ടാവാം കടയില്‍ നല്ല തിരക്ക്. കൊച്ചിയിലെ ഫ്രീക്കന്മാരാണ് കൂടുതലും. വിവിധതരം കഞ്ഞികളുടെ ലിസ്റ്റ് കണ്ടതോടെ ഉറപ്പിച്ചു. ഇത് സംഭവം പൊളിക്കും ബ്രോ...

uploads/news/2019/01/279929/thavikanji120119b.jpg

കഞ്ഞിക്കൊരു മേക്കോവര്‍


സെലിബ്രിറ്റികള്‍ക്കുമാത്രമേ മേക്കോവര്‍ പരീക്ഷിക്കാവൂ എന്നില്ലല്ലോ? ഭക്ഷണങ്ങള്‍ക്ക് പ്രത്യേകിച്ച് നമ്മുടെ നാടന്‍ കഞ്ഞിക്കും മേക്കോവര്‍ നല്‍കാമെന്നാണ് സെലിബ്രിറ്റി മേക്കപ് ആര്‍ട്ടിസ്റ്റും തവിയുടെ ഉടമയുമായ ജെസീന കടവിലിന്റെഅഭിപ്രായം.

ജെസീനയുടെ മേക്കോവറില്‍ ഒരുക്കിയ കഞ്ഞികളെന്താണെന്നറിയേണ്ടേ? കാഴ്ചയിലും രുചിയിലും ആരെയും കൊതിപ്പിക്കുന്ന കഞ്ഞികളാണ് തവിയെ വ്യത്യസ്തമാക്കുന്നത്. ചുമ്മാ ഒരുപാത്രത്തിലല്ല നല്ല മണ്‍ചട്ടിയില്‍ കൂട്ടുകറികളും തൈരുമടക്കമുള്ള വിഭവങ്ങളുടെ അകമ്പടിയോടെയാണ് കഞ്ഞി വിളമ്പുന്നത്.

രാവിലെ പഴങ്കഞ്ഞി റെഡി


കഞ്ഞിയോടുള്ള ഇഷ്ടമാണ് ജെസീന കടവിലിനെ തവിയുടെ ഉടമയാക്കിയത്. ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ കഞ്ഞി അന്വേഷിച്ചുള്ള യാത്രയിലാണ് ജെസീനയ്ക്ക് ഒരു കാര്യം മനസിലാകുന്നത്.

വഴിനീളെ നാടന്‍ തട്ടുകടകളിലായി കഞ്ഞി ലഭിക്കുമെങ്കിലും ഉച്ചയ്ക്ക് രണ്ടുമണിയോടെ മിക്ക കടകളിലും കഞ്ഞി തീര്‍ന്നിട്ടുണ്ടാകും. അങ്ങനെയാണ് എപ്പോഴും കഞ്ഞി കിട്ടുന്ന കട എന്ന ആശയത്തിലേക്ക് ജെസീന എത്തുന്നത്. കഞ്ഞികളെക്കുറിച്ച് വിശദമായൊരു പഠനം തന്നെ നടത്തി. അതിനുശേഷമാണ് തവി ആരംഭിക്കുന്നത്.

രാവിലെ എട്ട് മുതല്‍ രാത്രി പത്തര വരെ ഇവിടെ കഞ്ഞി ലഭിക്കും. പഴങ്കഞ്ഞിയാണ് രാവിലത്തെ സ്പെഷ്യല്‍. രാവിലെ ഒന്‍പത് മണിയോടെ പഴങ്കഞ്ഞി റെഡിയാകും. 11 മണി മുതല്‍ സ്പെഷ്യല്‍ കഞ്ഞികളും തയാറാക്കും. നാടന്‍ പച്ചക്കറികള്‍ ഉപയോഗിച്ചുള്ള മെഴുക്കുവരട്ടിയും വൈവിധ്യമാര്‍ന്ന ചമ്മന്തികളുമാണ് കഞ്ഞിയ് ക്കൊപ്പം നല്‍കുന്നത്.

uploads/news/2019/01/279929/thavikanji120119a.jpg

വാഴപ്പിണ്ടി, വാഴക്കൂമ്പ്, കായത്തൊണ്ട് എന്നിവ കൊണ്ട് ഓരോ ദിവസവും വ്യത്യസ്തതരം വിഭവങ്ങളാണ് തവിയില്‍ ഒരുക്കുന്നത്. ഊബര്‍ ഈറ്റ്സിന്റെ സേവനം കൂടാതെ പാഴ്സല്‍ സര്‍വീസും ഇവിടെ ലഭ്യമാണ്.

സ്‌പെഷ്യല്‍


തവിയിലെ സ്‌പെഷ്യല്‍, കഞ്ഞി മാത്രമാണെന്ന് കരുതേണ്ട. സ്വാദിഷ്ടമായ മീന്‍ വിഭവങ്ങളും അച്ചാറുകളുമുണ്ട്. കൊഴുവ പറ്റിച്ചത്, കൊഴുവ വറുത്തത്, കണവ തോരന്‍ എന്നിങ്ങനെ നീളുന്നു മീന്‍ വിഭവങ്ങള്‍. ഇരുമ്പന്‍പുളി, നെല്ലിക്ക, ഉപ്പുമാങ്ങ എന്നിവ ചതച്ച് തയാറാക്കിയ അച്ചാറുകളും കൂടിയാകുമ്പോള്‍ ഊണ് കുശാല്‍.

നാല് മണി മുതല്‍ ചായയും പലഹാരങ്ങളും ലഭ്യമാണ്. നാലുമണിപ്പലഹാരങ്ങളിലുമുണ്ട് നാടന്‍ ടച്ച്. അവല്‍ നനച്ചത്, പച്ചമുളക് അരിഞ്ഞിട്ട സ്പൈസി കാരക്കൊഴുക്കട്ടയും ചമ്മന്തിയും, മധുരമുള്ള സുന്ദരിക്കൊഴുക്കട്ട, ഇലയട, ചക്ക അട എന്നിവയാണ് ഈവനിങ് സ്പെഷ്യല്‍. തേന്‍ നിലാവ്, എള്ളുണ്ട, കപ്പലണ്ടി മിഠായി, നാരാങ്ങാ മിഠായി എന്നീ തനി നാടന്‍ മിഠായികളുമുണ്ടിവിടെ.

തവിയിലെ സ്പെഷ്യല്‍ വിഭവങ്ങള്‍ ഒരിക്കല്‍ കഴിച്ചാല്‍ ആ രുചി നാവില്‍ നിന്ന് പോവുകയേ ഇല്ല. സോഷ്യല്‍ മീഡിയയിലും താരമാണീ നാടന്‍ കഞ്ഞിക്കട. ഓരോ തവണയും തവിയിലെത്തുന്നവര്‍ ഷെയര്‍ ചെയ്യുന്ന കഞ്ഞികളുടെ ഫോട്ടോകണ്ട് നൂറുകണക്കിന് ഭക്ഷണപ്രേമികളാണ് ദിവസവും തവിയിലെത്തുന്നത്.

uploads/news/2019/01/279929/thavikanji120119c.jpg

ജീരക കഞ്ഞി


മനസും ശരീരവും ഒരുപോലെ തണുപ്പിക്കുന്ന ജീരകക്കഞ്ഞിക്കും ഡിമാന്‍ഡ് കുറവൊന്നുമില്ല. വിശപ്പ് മാറ്റുന്നതിനൊപ്പം ആരോഗ്യത്തിനും ഈ കഞ്ഞി ബെസ്റ്റാണെന്നാണ് കഴിച്ചവരുടെ അഭിപ്രായം.

ആവശ്യമുള്ള സാധനങ്ങള്‍
മട്ട അരി - ഒരു കപ്പ്
തേങ്ങ - അരമുറി, ചുരണ്ടിയത്.
ചുവന്നുള്ളി - 8 എണ്ണം
ജീരകം - ഒരു ടീസ്പൂണ്‍
ഉലുവ - 8 മണി
ഉപ്പ് - പാകത്തിന്
മഞ്ഞള്‍ പൊടി - കാല്‍ ടീസ്പൂണ്‍
ആശാളി - 1/4 ടീസ്പൂണ്‍

തയാറാക്കുന്ന വിധം


അരി ആവശ്യത്തിന് വെള്ളം ഒഴിച്ച് മഞ്ഞള്‍പ്പൊടിയും ഉലുവയും ആശാളിയും ചേര്‍ത്ത് വേവിക്കുക. ഉള്ളി, ജീരകം,തേങ്ങ എന്നിവ അരച്ചെടുത്ത് കഞ്ഞി വേവാകുമ്പോള്‍ അതിലേക്ക് ചേര്‍ക്കുക. ഇനി കടുക് താളിച്ച് ചൂടോടെ വിളമ്പാം.
uploads/news/2019/01/279929/thavikanji120119d.jpg

ചീരക്കഞ്ഞി


കഞ്ഞികളുടെ കൂട്ടത്തില്‍ ന്യൂജെനാണ് ചീരക്കഞ്ഞി. പക്ഷേ രുചിയില്‍ ഒട്ടും പിന്നിലല്ല.

ആവശ്യമുള്ള സാധനങ്ങള്‍
മട്ട അരി - ഒരു കപ്പ്
ചീരത്തോരന്‍ - (നാടന്‍ രീതിയില്‍ പച്ചമുളകും ഉണക്കമുളകും ചെറിയുള്ളിയും തേങ്ങ ചിരകിയതും ചേര്‍ത്ത് കടുകു പൊട്ടിച്ച് തയാറാക്കിയത്)
കാരറ്റ്, തക്കാളി അരിഞ്ഞത്് - അലങ്കാരിക്കാന്‍

ഉപ്പ് - ആവശ്യത്തിന്
പുഴങ്ങിയ മുട്ട - ഒരെണ്ണം (നാലായി മുറിച്ചത്)

തയാറാക്കുന്ന വിധം


മട്ട അരി കഴുകി വൃത്തിയാക്കി പാകത്തിനു വെള്ളമൊഴിച്ച് വേവിച്ച് കഞ്ഞി തയാറാക്കുക. ഇനി തയാറാക്കി വച്ചിരിക്കുന്ന ചീരത്തോരന്‍ കഞ്ഞിയിലേക്ക് ഇടുക. പുഴുങ്ങിയ കോഴിമുട്ട നാലു കഷണങ്ങളാക്കി കഞ്ഞിക്ക് മുകളില്‍ വച്ച് അതിനൊപ്പം അല്‍പം ക്യാരറ്റും തക്കാളിയും ചെറുതായി അരിഞ്ഞതും ചേര്‍ക്കാം.

മോഹക്കഞ്ഞി


വിവിധതരം കഞ്ഞികളുണ്ടെങ്കിലും കപ്പതൈര് എന്നിവ ചേര്‍ത്ത മോഹക്കഞ്ഞിക്ക് ആവശ്യക്കാരേറെയാണ്. കപ്പ, തൈര്, ഇഞ്ചി, പച്ചമുളക് എന്നിവ പ്രത്യേക തരത്തില്‍ ചേര്‍ത്ത് തയാറാക്കുന്ന ഒരു ഒന്നൊന്നര വിഭവം. നാവില്‍ നാടന്‍ സ്വാദിന്റെ വെടിക്കെട്ടാണ് മോഹക്കഞ്ഞി സമ്മാനിക്കുന്നത്.
uploads/news/2019/01/279929/thavikanji120119e.jpg

തൈരിന്റെ പുളിയും പച്ച മുളകിന്റെ എരിവും നല്ല കുത്തരിയുടെയും കപ്പയുടെയും സ്വാദും കൂടിയാകുമ്പോള്‍ കഞ്ഞിപ്പാത്രം എപ്പോ കാലിയായെന്ന് ചോദിച്ചാല്‍ മതി. കഞ്ഞിയെ അണിയിച്ചൊരുക്കിയാണ് വിളമ്പുന്നതുപോലും. തക്കാളി അരിഞ്ഞതും കറിവേപ്പിലയുമൊക്കെ ഇട്ട് അലങ്കരിച്ച ഒരു സുന്ദരിയാണ് മോഹക്കഞ്ഞി.

ആവശ്യമുള്ള സാധനങ്ങള്‍
പാലക്കാടന്‍ മട്ടഅരി - ഒരു കപ്പ്
തൈര്- അര കപ്പ്
ഇഞ്ചി - ഒരു ചെറിയ കഷണം
പച്ചമുളക് - 4 എണ്ണം
കപ്പ വേവിച്ച് കടുക് താളിച്ചത് - അര കപ്പ്
ഉപ്പ് - പാകത്തിന്
കറിവേപ്പില - 4 ഇതള്‍
തക്കാളി അരിഞ്ഞത് - ഒരു തക്കാളിയുടെ പകുതി

തയാറാക്കുന്ന വിധം


മട്ട അരി കഴുകി വൃത്തിയാക്കി പാകത്തിനു വെള്ളമൊഴിച്ച് വേവിച്ച് കഞ്ഞി തയാറാക്കുക. തൈരില്‍ പച്ചമുളകും ഇഞ്ചിയും കറിവേപ്പിലയും ഇടിച്ചിട്ട് പാകത്തിന് ഉപ്പ് ചേര്‍ത്ത് വയ്ക്കുക. കഞ്ഞിയിലേക്ക് വേവിച്ച് വച്ചിരിക്കുന്ന കപ്പ ചേര്‍ക്കാം. ഇനി പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ഇടിച്ചു ചേര്‍ത്ത തൈര് ചേര്‍ക്കാം. അരിഞ്ഞുവച്ചിരിക്കുന്ന തക്കാളിയും കറിവേപ്പിലയും കൊണ്ട് അലങ്കരിച്ചാല്‍ ആരേയും മോഹിപ്പിക്കുന്ന മോഹക്കഞ്ഞി തയാര്‍.

അശ്വതി അശോക്

Ads by Google
Saturday 12 Jan 2019 02.00 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW